എഴുത്തുകാരനില്‍ മുഴുകിനിന്ന അക്ബര്‍

ഉറങ്ങുന്നതിനു മുന്‍പ് ടി.വി. ഓണ്‍ ചെയ്തു വെക്കണം, 'അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു' എന്ന് സ്‌ക്രോള്‍ ചെയ്യുന്നതു കാണണം എന്ന് ടി.പി. രാജീവനോട് പറഞ്ഞുവത്രേ  രാത്രിയുറങ്ങലിനു മുന്‍പായി അക്ബര്‍
എഴുത്തുകാരനില്‍ മുഴുകിനിന്ന അക്ബര്‍
Updated on
3 min read

ക്ബര്‍ കക്കട്ടില്‍ എന്നത് ഒരതിശയകരമായ വാര്‍ത്താത്തലക്കെട്ടല്ലേ? ലിന്‍ പിയാവോ ചെര്‍പ്പുളശ്ശേരിയില്‍ എന്ന ഒ.വി. വിജയന്‍ കാര്‍ട്ടൂണിന്റെ പിന്‍ചിരിയില്‍ മുഖമൊളിപ്പിച്ച് ഞാന്‍ അക്ബറോട് ചോദിച്ചു. അക്ബര്‍ ദുരൂഹമായി ചിരിച്ചു. കക്കട്ടിലില്‍ എന്നുവേണം ആ അത്ഭുതം സംഭവിക്കാന്‍ എന്ന വയ്യാകരണച്ചിരിയായിരുന്നോ അത്? വല്ലപ്പോഴും മാത്രം നാട്ടിലുണ്ടാവുന്ന താന്‍ കക്കട്ടിലില്‍ കാണപ്പെടുമ്പോഴൊക്കെ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആ അത്ഭുതം ഉണ്ടാകാറുണ്ട് എന്ന ചിരിയായിരുന്നോ? അക്ബര്‍ മിക്കപ്പോഴും പുറത്തായിരുന്നു. അപ്പോഴൊക്കെ വാക്കിലും നോക്കിലുമൊക്കെ കക്കട്ടിലുമായിരുന്നു. നല്ല നര്‍മ്മബോധമുള്ള ആ നാട്ടിന്റെ നര്‍മ്മം നിറയെ കായ്ചു നില്‍ക്കുന്ന മരമായിരുന്നു അക്ബര്‍. താന്‍ താനായിരുന്നാല്‍ മതി, കേരളത്തിലെ ഒരു വലിയ വ്യത്യസ്തതയായിത്തീരാന്‍ എന്ന് അക്ബററിഞ്ഞു. വീട്ടിലും നാട്ടിലും ക്ലാസ്സിലും സ്റ്റാഫ്റൂമിലും ഒക്കെയുള്ള നര്‍മ്മം അയാളെ കഥകളിലേക്കുള്ള വഴികാട്ടിക്കൊണ്ടിരുന്നു. നര്‍മ്മത്തിന്റെ അകത്തും പുറത്തുമുള്ള അന്തരീക്ഷം അക്ബറെ എപ്പോഴും പ്രസാദവാനാക്കി.

ഉറങ്ങുന്നതിനു മുന്‍പ് ടി.വി. ഓണ്‍ ചെയ്തു വെക്കണം, 'അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു' എന്ന് സ്‌ക്രോള്‍ ചെയ്യുന്നതു കാണണം എന്ന് ടി.പി. രാജീവനോട് പറഞ്ഞുവത്രേ, മൂന്നു വര്‍ഷം മുന്‍പൊരു സാഹിത്യസമ്മേളനത്തില്‍ രാത്രിയുറങ്ങലിനു മുന്‍പായി അക്ബര്‍. അക്ബര്‍ കക്കട്ടില്‍ എന്ന എഴുത്തുകാരന്റെ പ്രശസ്തികള്‍ കേട്ടുകൊണ്ട് നടക്കുന്ന ഒരദൃശ്യനായ അക്ബറാവാന്‍ അദ്ദേഹം വളരെയേറെ ആഗ്രഹിച്ചുവോ? കക്കട്ടിലില്‍ തടിച്ചുകൂടിയ അനേകര്‍ എങ്കില്‍ ആ ആഗ്രഹത്തിനും പുഷ്പചക്രമര്‍പ്പിച്ചു.

ഞാനറിയുന്ന ആദ്യ അക്ബര്‍ കോഴിക്കോട്ടെ രാമകൃഷ്ണാശ്രമത്തിന്റെ ഗെയ്റ്റ് കടന്ന് കുഞ്ഞുണ്ണി മാഷുടെ മുറിയിലേക്ക് വരുന്ന മെലിഞ്ഞു നീണ്ട ചെറുപ്പക്കാരനാണ്. എല്ലാവരുമറിയുന്ന ഒരെഴുത്തുകാരന്റെ ശരീര ചലനങ്ങളോടെയാണയാള്‍ വരിക. അതിലതിശയമില്ല, സമീക്ഷ പോലെ കൃതഹസ്തരും ബുദ്ധിജീവികളുമെഴുതുന്ന മലയാളി ഭാവുകത്വത്തിന്റെ നെറുകയായ സമീക്ഷയില്‍ ആ കുഞ്ഞുപ്രായത്തില്‍ എഴുതിയ ആളാണ്. മാതൃഭൂമി ബാലപംക്തിയില്‍ സ്ഥിരമായെഴുതുന്നയാളാണ്. എം.ടിയെ വാസ്വേട്ടാ എന്നു ധൈര്യമായി വിളിക്കും. മേലോട്ട് നോക്കി പപ്പേട്ടാ എന്നും വിളിക്കും. എഴുത്തുകാരനു ചെല്ലാവുന്ന എവിടെയും എത്തും. നേരിയ പരിചയം വലിയ പരിചയമാക്കി മാറ്റുന്ന കലയില്‍ അയാള്‍ പ്രവീണന്‍. തന്റെ എഴുത്തിനേക്കാള്‍ വലുതാണ് താനെന്ന എഴുത്തുകാരന്‍ എന്ന മതിപ്പ് സ്വയം പുലര്‍ത്തുന്ന ആള്‍. എഴുത്തുകാരന്റെ ജാതിയില്‍ മാത്രം വിശ്വസിക്കുന്ന ജാത്യതീതനായ ഒരാള്‍. ഭര്‍ത്താവായപ്പോഴും മാഷായപ്പോഴും അച്ഛനായപ്പോഴും എഴുത്തുകാരനായ ഭര്‍ത്താവും എഴുത്തുകാരനായ മാഷും എഴുത്തുകാരനായ അച്ഛനും ആയ ഒരാളുടെ ആദ്യ രൂപത്തെയാണ് ഞാന്‍ പരിചയപ്പെട്ടത്. എഴുത്തുകാരന്‍ എന്ന ചുമതലയും എഴുത്തുകാരുടെ ചുമതലയുമൊക്കെ ലാഘവത്തോടെ വഹിച്ച പില്‍ക്കാല സാഹിത്യ അക്കാദമി ഭരണാധികാരി ജലത്തില്‍ മത്സ്യംപോലെ സമ്മേളനങ്ങളില്‍നിന്നു സമ്മേളനങ്ങളിലേക്ക് നീങ്ങി. ഇത്രയേറെ വേദിയില്‍, സമ്മേളനങ്ങളില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരെഴുത്തുകാരനുമില്ല. എഴുത്തുകാരനില്‍ അക്ബര്‍ മുഴുകി നിന്നു.

ജനകീയനായ ഒരെഴുത്തുകാരന് അക്ബറുടെ ഛായയാവും മലയാളിയായ ഒരു ചിത്രകാരന്‍ കൊടുക്കുക.

ലളിതമധുരമായ നാട്ടുഭാഷയില്‍ അക്ബറെഴുതി. വിജയങ്ങളെപ്പറ്റി എഴുതുന്നതിനേക്കാള്‍ അമളികളെപ്പറ്റി എഴുതാനായിരുന്നു കൂടുതലിഷ്ടം. കഥയിലാണെങ്കില്‍ ഇബ്രായിംക്കുട്ടി മാഷെപ്പോലെയുള്ളവരായി വേഷം കെട്ടാനാണിഷ്ടം. മാര്‍ക്ക്ട്വയ്ന്‍ എന്നത് ശരിയായ പേരാണോ തൂലികാനാമമാണോ എന്നു ചോദിച്ചപ്പോള്‍ സംഘര്‍ഷത്തിലായ ഇബ്രായിക്കുട്ടി മാഷ് പറഞ്ഞത് നാമമാണ് എന്നാണ്. അടുത്ത ദിവസം, സാമുവല്‍ ലോഗ് ഹൊണ്‍ ക്ലമന്‍സിന്റെ തൂലികാനാമമാണ് അതെന്ന് ഡാഡി പറഞ്ഞുവല്ലോ എന്നു ചോദിച്ചപ്പോള്‍ വിഡ്ഢിത്തത്തില്‍ ബിരുദമെടുത്ത മാഷ് അതല്ലേ കുഞ്ഞേ നാമമാണെന്നു പറഞ്ഞത്, അല്ലെങ്കില്‍ പേരാണ് എന്നല്ലേ പറയുക എന്ന ഉത്തരമാണ് പറഞ്ഞത്. അക്ബറിന് സൗഹൃദ സംഭാഷണത്തിലുമതെ, പൊങ്ങച്ചമില്ല, വീരവാദങ്ങളില്ല, പറ്റിയ അബദ്ധങ്ങളെക്കുറിച്ചുള്ള വര്‍ണ്ണനകളാണധികവും. പരനെ സുഖിപ്പിക്കാനുള്ള വഴി തന്നെ ഇകഴ്ത്തുകയാണെന്ന് അഹം ഭാരമില്ലാത്ത ഈ രസികന്‍ നേരത്തെ അറിഞ്ഞു. ചൂടനാവാനറിഞ്ഞുകൂട, എതിരാളി ഇല്ല, കോണ്‍സ്സുകാരനാണെങ്കിലും കമ്യൂണിസ്റ്റ് വിരോധമില്ല. എഴുത്തുകാരില്‍ മികച്ച എഴുത്തുകാരോടേ താല്പര്യമുള്ളു എന്നില്ല, ഏതെഴുത്തുകാരനും തന്റെ മനസ്സില്‍ ഒരേ സ്ഥാനം. എന്റേയും അക്ബറിന്റേയും ചുമതലയിലുള്ള ഒരു സാഹിത്യ ക്യാമ്പ് മധുസൂദനന്‍ നായരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചാലോ എന്നു ചോദിച്ചപ്പോള്‍ ഞാനുടക്കി. സംഗീതപരിപാടിയല്ലാത്തതിനാല്‍ എനിക്കതില്‍ താല്പര്യമില്ലെന്നു പറഞ്ഞു. അക്ബര്‍ ചിരിച്ചു മറഞ്ഞു. അക്ബറെ സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ തോളും പിണറായിയുടെ തോളും ഒരേ ഉയരത്തില്‍. നാട്ടുവഴിയും ബീഡിപ്പുകയും ചായപ്പീടികയും തമാശക്കഥകളും ഒരേ കയ്യകലത്തില്‍. കേട്ട തമാശക്കഥകളൊക്കെ ഒന്നുകൂടി തമാശയുള്ളതാക്കി മാറ്റിപ്പറയും. രസിക്കാവുന്ന ഘടനയിലേക്ക് വിവര്‍ത്തനം ചെയ്‌തേ കിട്ടിയത് കൊടുക്കൂ. തമാശയ്ക്കുവേണ്ടി ഏത് റിസ്‌ക്കുമെടുക്കും, വഴിവിട്ടും സഞ്ചരിക്കും. വീട് കഴിഞ്ഞാലും നടക്കും.

ഒരഭിമുഖകാരന്‍ അക്ബറോട് ചോദിച്ചു: സാഹിത്യത്തിലെ ശ്രീനിവാസനാണോ അക്ബര്‍? അല്ലല്ല, അക്ബര്‍ പറഞ്ഞു.

കഷണ്ടിയോ കോങ്കണ്ണോ ഒരധമബോധവും എനിക്കുണ്ടാക്കിയിട്ടില്ല. ഭാര്യയാണെങ്കില്‍ ചികിത്സിച്ച് കോങ്കണ്ണ് മാറ്റിയാല്‍ തന്നെ ഉപേക്ഷിക്കുമെന്നാണ് പറയുന്നത്. കോങ്കണ്ണ് ഒരദ്ധ്യാപകന് എത്ര പ്രയോജനകരമാണെന്ന് പറയേണ്ടതുണ്ടോ? ഓനാരേയാണ് നോക്കുന്നതെന്ന് രാശിവെച്ച് നോക്കിയാലും അറിയാന്‍ പറ്റില്ല, പടക്കളത്തിലെ അഭിമന്യൂവിലെ കുഞ്ഞിക്കണ്ണേട്ടന്‍ മാഷ് വരെ പറഞ്ഞേക്കാം. എന്നാലും ആ ചോദ്യത്തിലൊരു സത്യമുണ്ട്. മുഖ്യധാരാ മലയാള സിനിമ മണ്ണില്‍ച്ചവിട്ടി നടന്നത് ശ്രീനിവാസനിലൂടെയാണ്. തളത്തില്‍ ദിനേശനും വിജയന്‍ മാഷുമുള്‍പ്പെടെ എത്ര കഥാപാത്രങ്ങള്‍, സത്യവും അതിനാല്‍ നര്‍മ്മഭാസുരവുമായ (ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും) എത്ര സന്ദര്‍ഭങ്ങള്‍. അക്ബറും ഗ്ലൗസ്സിട്ട കൈകൊണ്ടല്ല എഴുതിയത്. ചെറിയ അബൂബക്കര്‍ മുസലിയാരെപ്പോലൊരു കഥാപാത്രത്തിനെ അക്ബറിനല്ലാതെ ആവിഷ്‌കരിക്കാനാവുമോ? എവിടെയൊക്കെയോ ചെന്നിരുന്ന് ആ താരതമ്യങ്ങള്‍ കുശലം പറഞ്ഞു ചിരിക്കുന്നുണ്ട്.

അക്ബറേ മധുരിച്ചേ കണ്ടിട്ടുള്ളു. കയ്ക്കുന്ന തന്നെ അക്ബര്‍ മറച്ചുവെച്ചു. തനിക്ക് കാന്‍സറാണെന്നും അപകടനില തരണം ചെയ്യാനാവില്ലെന്നും അറിഞ്ഞിട്ടും അതിയായ ധീരതയോടെ അക്ബറത് സകലരില്‍നിന്നും മറച്ചുവെച്ചു. മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് എന്റെ മകന്റെ കല്യാണത്തിനു വീട്ടില്‍ വന്ന് എപ്പോഴത്തേയും സരസനും പ്രസന്നനുമായ അക്ബറായി ഉണ്ടു; കുശലം പറഞ്ഞു; ഫോട്ടോകളില്‍ പോസ് ചെയ്തു. അഡ്മിറ്റ് ചെയ്ത, കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലെ ഡോക്ടറോട് അക്ബര്‍ പറഞ്ഞു: എനിക്ക് എവിടെ വേണമെങ്കിലും അഡ്മിറ്റാവാം, ഇവിടെ വന്നത് സ്വകാര്യത ലഭിക്കാനാണ്. ഞാനിവിടെ ഉള്ള വിവരം ഒരാളും അറിയരുത്. ആരും അറിഞ്ഞില്ല, അക്ബറുടെ സ്ഥിതിയെന്താണെന്ന് മരണം വരെ. അക്ബറില്‍ നമ്മളറിയാത്ത ഒരക്ബര്‍ ഒളിച്ചു താമസിച്ചിരുന്നോ? ഈ ചിരിമറയ്ക്കപ്പുറം അയാള്‍ ഒളിച്ചിരുന്നുവോ?

''ഇതുപോലോരോന്നോര്‍ക്കേ, ഓര്‍ക്കാതെയിരുന്നാലും/പൊതുവെയീ ജീവിതം ഒരു സങ്കടം സത്യം'' എന്ന് അക്ബറെ എഴുതാന്‍ പ്രേരിപ്പിച്ചത് എന്താവാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com