എന്‍.എ.എസ്. ലക്ഷ്മണന്‍ വിസ്മൃതിയില്‍ മറഞ്ഞ ചരിത്രം

കേണല്‍ എന്‍.എ.എസ്. ലക്ഷ്മണന്‍, ആകാശവാണിയുടെ കേരളീയനായ ആദ്യത്തെ ഡയറക്ടര്‍ ജനറല്‍ (1948-'52). തിരുവനന്തപുരം സ്വദേശി. തിരുവിതാംകൂറിലെ കൊട്ടാരം ഫിസിഷ്യനായിരുന്ന പീറ്റര്‍ ലക്ഷ്മണന്റെ മകന്‍
എന്‍.എ.എസ്. ലക്ഷ്മണന്‍ വിസ്മൃതിയില്‍ മറഞ്ഞ ചരിത്രം

കേണല്‍ എന്‍.എ.എസ്. ലക്ഷ്മണന്‍, ആകാശവാണിയുടെ കേരളീയനായ ആദ്യത്തെ ഡയറക്ടര്‍ ജനറല്‍ (1948-'52). തിരുവനന്തപുരം സ്വദേശി. തിരുവിതാംകൂറിലെ കൊട്ടാരം ഫിസിഷ്യനായിരുന്ന പീറ്റര്‍ ലക്ഷ്മണന്റെ മകന്‍.

മലയാളി റേഡിയോയെക്കുറിച്ച് വായിച്ചു മാത്രം അറിഞ്ഞിരുന്ന കാലത്ത്, 1936-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ മുംബൈ ആള്‍ ഇന്ത്യ റേഡിയോ നിലയത്തിന്റെ ഡയറക്ടറായി നിയമിച്ചു. സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. അന്ന് സെന്‍ട്രല്‍ പ്രോവിന്‍സില്‍ (ഇന്നത്തെ മദ്ധ്യപ്രദേശ്) സൈന്യത്തില്‍ കേണല്‍ പദവിയുള്ള ഇന്‍സ്ട്രക്ടറായിരുന്നു, അദ്ദേഹം. കണ്‍ട്രോളര്‍ ഓഫ് ബ്രോഡ്കാസ്റ്റിങ്ങ്, ലയണല്‍ ഫീല്‍ഡനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഒപ്പം എ.എ. അദാനിയേയും നിയമിച്ചു. ഉര്‍ദുവില്‍ കവിതകളെഴുതിയിരുന്നു, ലക്ഷ്മണന്‍.

ഇസഡ്.എ. ബുക്കാരിയെ തുടര്‍ന്ന്, 1938 ജനുവരിയില്‍ അദ്ദേഹം ഡല്‍ഹി സ്റ്റേഷന്‍ ഡയറക്ടറായി; തുടര്‍ന്ന്, ലക്നൗ സ്റ്റേഷന്റെ ഡയറക്ടറും. സര്‍ദാര്‍ പട്ടേല്‍ തന്നെയായിരുന്നു, അന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റേയും ചുമതല വഹിച്ചത്. 1946-ല്‍ അദ്ദേഹം പി.സി. ചൗധരിയെ ഡയറക്ടര്‍ ജനറലായി നിയമിച്ചു. ഒപ്പം, അഡീഷണല്‍ ഡയറക്ടര്‍ ജനറലായി ലക്ഷ്മണനേയും.

ഇന്ത്യാ വിഭജനകാലത്ത് ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും പങ്കാളിയാവാനും എന്‍.എ.എസ്. ലക്ഷ്മണനു സാധിച്ചതങ്ങനെയാണ്.

എൻഎഎസ്
ലക്ഷ്മണൻ.
മലയാളിയായ
ആദ്യ
ഡയറക്ടർ ജനറൽ

1947 ജൂണ്‍ 3 

ഡല്‍ഹിയിലെ ആകാശവാണി നിലയമായ ബ്രോഡ്കാസ്റ്റിങ്ങ് ഹൗസില്‍ നാല് വി.ഐ.പികളെത്തി: ഇന്ത്യ രണ്ടായി വിഭജിക്കപ്പെടുന്നത് രാഷ്ട്രത്തെ അറിയിക്കാന്‍.

ലോര്‍ഡ് മൗണ്ട്ബാറ്റണ്‍, ജവഹര്‍ലാല്‍ നെഹ്രു, മുഹമ്മദലി ജിന്ന, ഇടക്കാല മന്ത്രിസഭയിലെ പ്രതിരോധ മന്ത്രി ബല്‍ദേവ് സിങ്ങ്.

ആകാശവാണി ഡയറക്ടര്‍ ജനറല്‍ പി.സി. ചൗധരി അവരെ സ്വീകരിച്ചിരുത്തി. ആ ചരിത്രമുഹൂര്‍ത്തത്തിനുള്ള ഒരുക്കങ്ങളുമായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്‍.എ.എസ്. ലക്ഷ്മണനടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.

ആദ്യം മൗണ്ട്ബാറ്റണ്‍, പിന്നെ നെഹ്രു... ഓരോരുത്തരും മുന്‍കൂട്ടി തയ്യാറാക്കിയ ഇംഗ്ലീഷ് പ്രഭാഷണങ്ങള്‍ വായിച്ചു. പിന്നെ അനൗണ്‍സര്‍മാര്‍, അതിന്റെ ഹിന്ദി പരിഭാഷയും. പക്ഷേ, നെഹ്രു അതിനു സമ്മതിച്ചില്ല. പരിഭാഷ താന്‍ തന്നെ വായിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആകാശവാണി തയ്യാറാക്കിയ ഹിന്ദി സ്‌ക്രിപ്റ്റ് അദ്ദേഹത്തിനു തീരെ ഇഷ്ടമായില്ല. ഇംഗ്ലീഷ് പ്രഭാഷണത്തിന്റെ സ്‌ക്രിപ്റ്റ് മുന്നില്‍ വച്ച്, തത്സമയം ഹിന്ദി പ്രഭാഷണം നടത്തി, നെഹ്രു.

1948 ആദ്യമാണ് എന്‍.എ.എസ്. ലക്ഷ്മണന്‍ ആകാശവാണി ഡയറക്ടര്‍ ജനറലാകുന്നത്. സംഭവബഹുലമായ നാലു വര്‍ഷം. പക്ഷേ, 1952-ല്‍ അദ്ദേഹം സസ്പെന്റ് ചെയ്യപ്പെട്ടു. അതിലേക്കു നയിച്ച കാരണങ്ങള്‍ ചില ചരിത്രരേഖകളില്‍നിന്ന് ഈ ലേഖകന്‍ കണ്ടെടുത്തതിങ്ങനെയാണ്: 

അദ്ദേഹം ചുമതലയേറ്റ് ഒരു വര്‍ഷത്തിനകം തന്നെ ഏഴു പുതിയ നിലയങ്ങള്‍ തുടങ്ങി. ഫ്രെഞ്ച് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ വിദേശ പ്രക്ഷേപണം ആരംഭിക്കുകയും മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളില്‍ ഡല്‍ഹിയില്‍നിന്ന് വാര്‍ത്താ പ്രക്ഷേപണം തുടങ്ങുകയും ചെയ്തു. ഗ്രാമങ്ങളിലെ പൊതുസ്ഥലങ്ങളില്‍ റേഡിയോ സെറ്റുകള്‍ സ്ഥാപിച്ച് വിദൂരസ്ഥസ്ഥലങ്ങളിലെ ജനങ്ങളിലേക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും വാര്‍ത്തകളുമെത്തിച്ചു. ചുരുങ്ങിയ കാലംകൊണ്ട് ഓള്‍ ഇന്ത്യ റേഡിയോ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രക്ഷേപണ ശൃംഖലയായി. തിരുവിതാംകൂര്‍ ഉള്‍പ്പെടെയുള്ള നാട്ടുരാജ്യങ്ങളിലെ റേഡിയോ നിലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും ഇദ്ദേഹത്തിന്റെ കാലത്താണ്. യുനെസ്‌കോ ടെക്നിക്കല്‍ നീഡ്സ് കമ്മിഷന്റെ പാരീസില്‍ നടന്ന യോഗം, മെക്‌സിക്കോയിലെ അന്താരാഷ്ട്ര സെമിനാര്‍ തുടങ്ങിയ രാജ്യാന്തര വേദികളില്‍ അദ്ദേഹം പ്രസംഗിച്ചതായി 1948, '49 വര്‍ഷങ്ങളില Foreign Commerce Weekly, India News എന്നീ പ്രസിദ്ധീകരണങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ കാണുന്നുണ്ട്.

അന്ന്, വാര്‍ത്താ ബുള്ളറ്റിനുകളുടെ ചുമതലയും ഡയറക്ടര്‍ ജനറലിനായിരുന്നു. ഹിന്ദി വാര്‍ത്തകളില്‍ ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് വലിയ വിവാദങ്ങളുയര്‍ന്ന കാലമായിരുന്നു, അത്. സര്‍ദാര്‍ കെ.എം. മുന്‍ഷി, സക്കീര്‍ ഹുസൈന്‍, രാജ്കുമാരി അമൃത് കൗര്‍, ഹുമയൂണ്‍ കബീര്‍ തുടങ്ങിയര്‍ അംഗങ്ങളായ ഹിന്ദുസ്ഥാനി ഉപദേശക സമിതി 1947 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചു. ശാസ്ത്ര - സാങ്കേതിക പദങ്ങള്‍ ഉള്‍പ്പെടെയുള്ളവ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ത്തന്നെ കൊടുക്കണമെന്നായിരുന്നു, സമിതിയുടെ നിലപാട്. പാര്‍ലമെന്ററി സ്റ്റാന്റിങ്ങ് കമ്മിറ്റിയും ഇംഗ്ലീഷ് വാക്കുകള്‍ക്ക് പകരം ഹിന്ദി വാക്കുകള്‍ തന്നെ വാര്‍ത്തകളില്‍ വേണമെന്ന നിലപാടാണെടുത്തത്. പക്ഷേ, സര്‍ദാര്‍ പട്ടേല്‍ ഇത് അംഗീകരിച്ചില്ല.

ഇംഗ്ലീഷിലുള്ള ശാസ്ത്ര - സാങ്കേതിക പദങ്ങള്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തേണ്ടതില്ലെന്ന ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു. രാഷ്ട്രീയരംഗത്തെ വാക്കുകള്‍ക്ക് പത്രങ്ങളുപയോഗിക്കുന്ന ഹിന്ദി വാക്കുകള്‍ വാര്‍ത്തകളില്‍ കൊടുക്കാം. അപ്പോഴും കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി, സെക്യൂരിറ്റി കൗണ്‍സില്‍ തുടങ്ങിയവയ്ക്ക് പകരം ഹിന്ദി വാക്കുകള്‍ ആവശ്യമില്ല. ''ആകാശവാണി ഒരു സാഹിത്യ ക്ലബ്ബല്ല: സാഹിത്യ ഭാരദ്വേഹനഹന വേദിയുമല്ല'', 1948 ഏപ്രില്‍ 27-ന് അദ്ദേഹം വാര്‍ത്താവിതരണ വകുപ്പ് സെക്രട്ടറിക്കെഴുതി. ജനങ്ങളുടെ സാമാന്യ ബുദ്ധിയെ മാനിക്കണമെന്നായിരുന്നു, അദ്ദേഹത്തിന്റെ പക്ഷം.

തന്റെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഈ നിലപാട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതില്‍ അദ്ദേഹത്തിന് അസന്തുഷ്ടിയുണ്ടായിരുന്നു.

ആദ്യം അഡീഷണല്‍ ഡയറക്ടര്‍ ജനറലായും തുടര്‍ന്ന് ഡയറക്ടര്‍ ജനറലായും ഈ ഭാഷാപ്രശ്‌നം കൈകാര്യം ചെയ്യേണ്ട ചുമതല ലക്ഷ്മണനായിരുന്നു. വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ ലഭിച്ചപ്പോള്‍, വിശദീകരണം തേടി അന്നത്തെ വകുപ്പ് സെക്രട്ടറി എന്‍.സി. മേത്തക്കയച്ച കത്തിന് (16-5-'48) അദ്ദേഹം നല്‍കിയ മറുപടിയില്‍ ലക്ഷ്മണന്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്ന് കുറ്റപ്പെടുത്തിയിരുന്നു. വാര്‍ത്താ ബുള്ളറ്റിനുകളിലെ ഹിന്ദി കൈകാര്യം ചെയ്യാന്‍ ഒരു ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലിനെ നിയമിച്ചു. ഇതോടെ, ഏതാണ്ട് മുഴുവന്‍ ഇംഗ്ലീഷ് വാക്കുകള്‍ക്കും പകരം ഹിന്ദി വാക്കുകള്‍ സ്ഥാനം പിടിച്ചു.

അക്കാലത്ത്, ലക്ഷ്മണന്‍ മുന്‍കൈ എടുത്ത് ശ്രോതാക്കളുടെ അഭിപ്രായം തേടി. 100 ഇംഗ്ലീഷ് വാക്കുകളുടെ ഹിന്ദി, ഉര്‍ദു പരിഭാഷകള്‍ വിവിധ സംസ്ഥാനങ്ങളിലെ 5000 ശ്രോതാക്കള്‍ക്ക് അയച്ചുകൊടുത്തു.

ഡല്‍ഹിയിലെ ഉന്നതവൃന്ദങ്ങളിലെല്ലാം ലക്ഷ്മണന് സുഹൃദ്ബന്ധങ്ങളുണ്ടായിരുന്നു. അദ്ദേഹം രാത്രിസല്‍ക്കാരങ്ങളൊരുക്കുക പതിവായിരുന്നു. ഖുഷ്വന്ത് സിങ്ങ് തന്റെ 'The vintage Sardar','Big book of malice' എന്നീ ഗ്രന്ഥങ്ങളില്‍ എഴുത്തുകാരന്‍ നിരാദ് സി. ചൗധരിയെക്കുറിച്ചുള്ള ലേഖനത്തില്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്. 'കേണല്‍ ലക്ഷ്മണന്‍' ഡല്‍ഹിയിലൊരുക്കിയ ഇത്തരമൊരു കോക്ക്‌ടെയ്ല്‍ പാര്‍ട്ടിയില്‍ നിരാദ് സി. ചൗധരിയെത്തിയത് ഭാര്യയ്ക്കും കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കുമൊപ്പം. അദ്ദേഹം ഒരുക്കിയ 'ഷെറി' മദ്യം രചിച്ചു നോക്കി, ഫലം പറഞ്ഞത് ചൗധരിയുടെ 13-കാരന്‍ മകന്‍!

1947 ജൂൺ 3: ആകാശവാണിയുടെ ഡൽഹി സ്റ്റുഡിയോയിൽ, മുഹമ്മദലി ജിന്ന, പാകിസ്ഥാന്റെ രൂപീകരണം പ്രഖ്യാപിക്കുന്നു
1947 ജൂൺ 3: ആകാശവാണിയുടെ ഡൽഹി സ്റ്റുഡിയോയിൽ, മുഹമ്മദലി ജിന്ന, പാകിസ്ഥാന്റെ രൂപീകരണം പ്രഖ്യാപിക്കുന്നു

1952-ല്‍ എന്‍.എ.എസ്. ലക്ഷ്മണന്‍ അപമാനിതനായി, ആകാശവാണിയില്‍നിന്നു പടിയിറങ്ങേണ്ടിവന്നു. തനിക്കെതിരായ നടപടിക്കെതിരെ ലക്ഷ്മണന്‍ രാഷ്ട്രപതിക്ക് അപ്പീല്‍ നല്‍കിയിരുന്നു. കുറച്ചുകാലം ഡല്‍ഹിയില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ജി.പി.എസ്. നായര്‍, അദ്ദേഹത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നതിന്റെ സംഗ്രഹമിതാണ്:

''ശുചിത്വത്തിലും അച്ചടക്കത്തിലും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മാതൃകയായിരുന്നു, ലക്ഷ്മണന്റെ ഭരണകാലത്തെ ആകാശവാണി ഭവനം. ഇക്കാര്യം ഒരവസരത്തില്‍ പ്രധാനമന്ത്രി നെഹ്രു തന്നെ അഭിനന്ദനപൂര്‍വ്വം പ്രസ്താവിക്കുകയുണ്ടായി.''

നിഷ്പക്ഷമായും കാര്യക്ഷമമായും ആകാശവാണിയെ നയിച്ച ലക്ഷ്മണന്‍ വകുപ്പിലെ സെക്രട്ടറിമാരെയൊന്നും വകവച്ചിരുന്നില്ല. അദ്ദേഹത്തെ സര്‍ക്കാര്‍ ആ പദവിയില്‍നിന്ന് സസ്പെന്റ് ചെയ്തു. കാരണം, മദ്യപാനം. ''അസൂയയുടെ കോമരങ്ങളായ ചില സഹപ്രവര്‍ത്തകര്‍'' നടത്തിയ ഗൂഢാലോചനക്കിരയാകുകയായിരുന്നു, അദ്ദേഹം.'' പിന്നീട്, ഇതില്‍ മനഃസ്താപം തോന്നിയതിനാലാകാം, നെഹ്രു തന്നെ ലക്ഷ്മണന് മറ്റൊരു നല്ല പദവി നല്‍കി. എന്നാല്‍, ''മദ്യപാനം ആ നല്ല മനുഷ്യന്റെ ജീവനെ അകാലത്തില്‍ അപഹരിച്ചുകളഞ്ഞു.''

സര്‍ദാര്‍ പട്ടേലിന്റെ പെട്ടെന്നുള്ള മരണത്തിനുശേഷം, അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം തുടങ്ങിയ പട്ടേല്‍ സ്മാരക പ്രഭാഷണം നടത്തുന്നതിന് എന്‍.എ.എസ്. ലക്ഷ്മണനെ ക്ഷണിക്കുന്നതില്‍ ഉപദേശം തേടി നെഹ്രു, പ്രസിഡന്റ് ഡോ. ബാബുരാജേന്ദ്ര പ്രസാദിനു 1945-ല്‍ കത്തെഴുതിയതായി കാണുന്നുണ്ട് (Dr. Rajendraprasad documents).  സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് 20 വര്‍ഷത്തോളം നീണ്ട സേവനത്തിനുശേഷം അദ്ദേഹം പിരിയാന്‍ പോകുകയാണെന്നു വ്യക്തമാക്കി, ആകാശവാണി നടത്തുന്ന ആ പരിപാടിയില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കുന്നതിന് പ്രസിഡന്റ് അനുമതി നല്‍കിയില്ല. (ആ പ്രഭാഷണം നടത്തിയത് സി. രാജഗോപാലാചാരി. ഡോ. വി.കെ. നാരായണ മേനോനും പട്ടേല്‍ സ്മാരക പ്രഭാഷണം നടത്തിയിട്ടുണ്ട്). അന്വേഷണത്തില്‍ കളങ്കിതനല്ലെന്ന് കണ്ടെത്തിയ ലക്ഷ്മണനെ മറ്റേതെങ്കിലും വകുപ്പില്‍ നിയമിക്കുന്നതില്‍ വിരോധമില്ലെന്നും അതിനു കഴിയാത്തപക്ഷം മാനുഷിക പരിഗണനയില്‍ പെന്‍ഷന്‍ അനുവദിക്കാവുന്നതാണെന്നും ഡോ. രാജേന്ദ്ര പ്രസാദ്, നെഹ്രുവിന് ഉപദേശം നല്‍കി.

1956 മാര്‍ച്ചില്‍ കേണല്‍ ലക്ഷ്മണനെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്തയിലെ ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറായി നിയമിച്ചതായി പാര്‍ലമെന്റ് രേഖകളില്‍ കാണുന്നു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ലെന്നാണ് ജി.പി.എസ്. നായരുടെ ആത്മകഥയില്‍നിന്നു മനസ്സിലാകുന്നത്.

അങ്ങനെ, ഇന്ത്യന്‍ റേഡിയോ പ്രക്ഷേപണത്തിലും ചരിത്രത്തിലും തന്റേതായ ഒരദ്ധ്യായമെഴുതിച്ചേര്‍ത്ത്, വിസ്മൃതിയില്‍ മറഞ്ഞു, എന്‍.എ. എസ്. ലക്ഷ്മണന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com