പി. ബാലചന്ദ്രന്‍; അരങ്ങില്‍ ആ പ്രകാശം എപ്പോഴും ഉണ്ടാവും

എണ്‍പതുകളില്‍ വഴിത്തിരിവ് സൃഷ്ടിച്ച മലയാള നാടകവേദിയുടെ ചരിത്രത്തില്‍ പി. ബാലചന്ദ്രനു വലിയ ഇടമാണുള്ളത്. അടുത്തിടെ വിടപറഞ്ഞ തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി. ബാലചന്ദ്രനെക്കുറിച്ച്
പി ബാലചന്ദ്രൻ/ ഫെയ്സ്ബുക്ക്
പി ബാലചന്ദ്രൻ/ ഫെയ്സ്ബുക്ക്
Updated on
2 min read

ണ്‍പതുക്കളുടെ അവസാനമാണ് ഞാന്‍ പി. ബാലചന്ദ്രനെ ആദ്യം നേരില്‍ കാണുന്നത്. അതിനുമുന്‍പ് മാവേലിക്കര രവിവര്‍മ്മ സ്‌കൂളിന്റെ അങ്കണത്തില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അവതരിപ്പിച്ച 'കറുത്തദൈവത്തെ തേടി' എന്ന നാടകത്തില്‍ അഭിനയിക്കുന്നതിനു സാക്ഷിയായിട്ടുണ്ട്. ജി. ശങ്കരപിള്ളയേയും എസ്. രാമാനുജത്തേയും ആദ്യം കാണുന്നതും അവിടെവെച്ചാണ്. നാടകത്തെക്കുറിച്ചുള്ള പുതിയ ദിശാബോധം കണ്ടെത്തിയതും ആ നാടകക്കാഴ്ചയിലൂടെയാണ്. എണ്‍പതുകളില്‍ കലാലയ നാടകമത്സരങ്ങളില്‍ പി. ബാലചന്ദ്രന്റെ ഏകാങ്കനാടകങ്ങള്‍ ഉണ്ടാവും. കോളേജ് തലത്തില്‍നിന്നും സര്‍വ്വകലാശാലാതലം വരെ ആ നാടകങ്ങള്‍ അവതരിപ്പിക്കപ്പെടും. പലരും നാടകകൃത്തിന്റെ പേരുപോലും അറിയാതെയാണ് ആ നാടകങ്ങള്‍ അവതരിപ്പിച്ചത്. സമയപരിധിക്കുള്ളില്‍നിന്നുകൊണ്ട് പ്രമേയം സമഗ്രമായി ആവിഷ്‌കരിക്കാന്‍ ആ നാടകങ്ങള്‍ക്കു കഴിഞ്ഞു. മാത്രമല്ല, അഭിനയസാധ്യതകള്‍ക്കുള്ള സന്ദര്‍ഭങ്ങളും ഒരുക്കിയിരുന്നു. എണ്‍പതുകളിലെ കാമ്പസ് നാടകചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു അധ്യായം പി. ബാലചന്ദ്രന്റേതാണ്.

എന്റെ നാട്ടിന്‍പുറത്ത് ഒരു നാടകക്കളരി നടത്തുന്നതിന്റെ ഭാഗമായാണ് ബാലചന്ദ്രനെ ആദ്യം നേരില്‍ കാണുന്നത്. തിരുവനന്തപുരത്ത് തൈക്കാട്ട് ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിന്റെ വീട്ടില്‍ വെച്ച്. പുതിയ നാടകാവതരണ രീതികളെക്കുറിച്ച് അന്നു വിശദമായി സംസാരിച്ചു. അത്ര പരിചയമില്ലെങ്കിലും ഞങ്ങളുടെ ഉത്സാഹം കണ്ടപ്പോള്‍ വരാമെന്നു സമ്മതിച്ചു. ഞങ്ങള്‍ ആദ്യമായി സംഘടിപ്പിക്കുന്ന നാടകക്കളരിയുടെ രൂപഘടന എന്താവണമെന്നും നിര്‍ദ്ദേശിച്ചു. നാടകക്കളരിക്ക് എത്തിയപ്പോള്‍ അന്നു സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നു പഠിച്ചു പുറത്തിറങ്ങിയ മുകുന്ദന്‍, കുക്കു പരമേശ്വരന്‍ എന്നിവരേയും കൂട്ടിയിരുന്നു. നാട്ടിന്‍പുറത്തെ പരിമിതികള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ ഞങ്ങളോടൊപ്പം കുറച്ചു ദിവസം താമസിച്ചു. നാട്ടിലെ ഒരു തലമുറയ്ക്ക് പുതിയ നാടകവെളിച്ചം പകരാന്‍ ആ നാടകക്കളരിക്കായി. അതിന്റെ തുടര്‍ച്ചകള്‍ പിന്നീടും ഉണ്ടായി. അന്നു തുടങ്ങിയ സൗഹൃദം എപ്പോഴും നിലനിന്നു.

ബാലചന്ദ്രന്റെ നാടക ജീവിതം തുടങ്ങുന്നത്, മലയാള നാടകവേദിയുടെ സംക്രമണകാലത്തു തന്നെയാണ്. അരങ്ങില്‍ ആധുനികതയുടെ വെളിച്ചം പകര്‍ന്നത് അറുപതുകളില്‍ തുടങ്ങിയ നാടകക്കളരികളാണ്. സംവിധാനം, അഭിനയം, രംഗവിതാനം തുടങ്ങി ഓരോ കാര്യങ്ങളെക്കുറിച്ചും പഠിക്കാനും പഠിപ്പിക്കാനും തുടങ്ങിയത് ഈ നാടകക്കളരികളോടെയാണ്. തനതു നാടകം എന്ന സങ്കല്പവും രൂപപ്പെട്ടത് ഈ കൂട്ടായ്മയിലൂടെയാണ്. 1967ലാണ് ആദ്യ നാടകക്കളരി ശാസ്താംകോട്ടയില്‍ നടന്നത്. അന്ന് പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയായ ബാലചന്ദ്രന്‍, കളരിയുടെ മുഖ്യ സംഘാടകനായിരുന്ന ജി. ശങ്കരപ്പിള്ളയുടെ പ്രത്യേക അനുമതിയോടെ നിരീക്ഷകനായി പങ്കെടുത്തു. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ അദ്ധ്യാപകനായിരുന്ന ജി. ശങ്കരപ്പിള്ള, ബാലചന്ദ്രന്റെ നാടക താല്പര്യം തിരിച്ചറിഞ്ഞിരുന്നു; അങ്ങനെയാണ് ബാലചന്ദ്രന് കളരിയില്‍ പ്രവേശനം ലഭിച്ചത്. ഏറ്റവും പ്രായംകുറഞ്ഞ അംഗം ബാലചന്ദ്രനായിരുന്നു.

ബാലചന്ദ്രനില്‍ നവീന നാടകാവബോധം സൃഷ്ടിച്ചത് ഈ നാടകക്കളരിയാണ്. അന്ന് സജീവമായിരുന്ന പശ്ചാത്യനാടക സമ്പ്രദായത്തിന്റെ പരിമിതികള്‍ മനസ്സിലാക്കാനും പുതിയ നാടകഭാഷയുടെ സാധ്യതകള്‍ കണ്ടെത്താനും പ്രേരണ നല്‍കി. എം. ഗോവിന്ദന്‍, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, അയ്യപ്പപ്പണിക്കര്‍, ജി. ശങ്കരപ്പിള്ള തുടങ്ങിയവരുടെ ക്ലാസ്സുകള്‍ പുതിയ വഴി തുറന്നുകൊടുത്തു. ആ അനുഭവങ്ങളാണ് പിന്നീട് ജി. ശങ്കരപ്പിള്ളയുടെ ശിഷ്യനാവാനും സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാനും കാരണമായത്. പില്‍ക്കാലത്ത് എഴുതിയ നാടകങ്ങളില്‍ നവീന നാടക സങ്കല്പം പടര്‍ന്നിരുന്നു. മകുടി, പാവം ഉസ്മാന്‍, മായാസിതാങ്കം തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. അതുപോലെ ഏകാകി, ലഗോ, ഒരു മധ്യവേനല്‍ പ്രണയരാവ് തുടങ്ങിയ ധാരാളം നാടകങ്ങള്‍ സംവിധാനം ചെയ്തു. എണ്‍പതുകളില്‍ വഴിത്തിരിവ് സൃഷ്ടിച്ച മലയാള നാടകവേദിയുടെ ചരിത്രത്തില്‍ പി. ബാലചന്ദ്രനു വലിയ ഇടമാണുള്ളത്. രചയിതാവ്, അഭിനേതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രതിഭ തെളിയിച്ചു. നാടകകലയുടെ ജൈവസാന്നിധ്യം സൃഷ്ടിക്കാനാണ് എപ്പോഴും ശ്രമിച്ചത്. സംവേദനത്തിന്റെ യാന്ത്രികത ആ നാടകങ്ങളില്‍ ഉണ്ടായില്ല. അരങ്ങിനെ സര്‍ഗ്ഗാത്മകമാക്കുകയാണ് ചെയ്തത്.

എഴുപതുകളില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന സാമൂഹിക  സാംസ്‌കാരിക പ്രസ്ഥാനങ്ങളോടൊപ്പവും ബാലചന്ദ്രന്‍ ഉണ്ടായിരുന്നു. അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, നരേന്ദ്ര പ്രസാദ്, വിനയചന്ദ്രന്‍ എന്നിവരുടെ സൗഹൃദസംഘത്തില്‍ കൂട്ടുകൂടി. നാടകത്തിന് അപ്പുറത്ത് കവിതയും സിനിമയുമൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആ കാലത്തിന്റെ എല്ലാ സവിശേഷ അടയാളങ്ങളും ബാലചന്ദ്രന്റെ ജീവിതത്തിലും പതിഞ്ഞിരുന്നു. സര്‍ഗ്ഗാത്മകതയുടേയും ധൈഷണികതയുടേയും പാരസ്പര്യം ആ പ്രതിഭയില്‍ ഉണ്ടായിരുന്നു. സിനിമയില്‍ ചേക്കേറിയപ്പോഴും നാടകം തന്നെയായിരുന്നു പ്രധാന തട്ടകം. കൊറോണക്കാലം തുടങ്ങുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഒരു വീഡിയോ കാണുകയുണ്ടായി. അത് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍വെച്ച് ചിത്രീകരിച്ചതാണ്. കൊവിഡ് കാലത്തിന്റെ അനിശ്ചിതത്വത്തെ സാമുവല്‍ ബെക്കറ്റിന്റെ ഗോദോയെ കാത്തുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യുന്നതാണത്. വര്‍ത്തമാനകാലത്തെ മനുഷ്യന്റെ ദീര്‍ഘമായ ഈ കാത്തിരുപ്പ് ഗോദോയുടെ വരവ് പ്രതീക്ഷിക്കുന്നതുപോലെയാണന്നു ബാലചന്ദ്രന്‍ പറയുന്നു. ജീവിതത്തേയും കാലത്തേയും നാടകത്തിലേക്കു വിവര്‍ത്തനം ചെയ്യാനാണ് എപ്പോഴും ശ്രമിച്ചത്.

കുറേക്കാല മുന്‍പ് മലയാളം വാരികയില്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയിരുന്നു. ഞാന്‍ ഓരോ ലക്കവും ആകാംക്ഷയോടെയാണ് വായിച്ചത്. ഒരുകാലത്തെക്കുറിച്ചുള്ള നിരവധി അറിവുകള്‍ ആ കുറിപ്പുകളില്‍നിന്നും കിട്ടി; ചിലതൊക്കെ ഓര്‍ക്കാനും അവസരം ഉണ്ടാക്കി. ആദ്യ ലക്കങ്ങളില്‍ ചില വസ്തുതാപരമായ തെറ്റുകള്‍ കടന്നുകൂടിയിരുന്നു. അതെല്ലാം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് വളരെ ജാഗ്രതയോടെയാണ് ഓരോ ഭാഗവും എഴുതിയത്. ഒരിക്കല്‍ എന്നോട് പറഞ്ഞു: 'നിന്റെ ഫോണ്‍ വരുമ്പോള്‍ എനിക്ക് പേടിയാ, എന്തെങ്കിലും കൊനഷ്ട് കണ്ടുപിടിച്ചിട്ടാണ് വിളിക്കുന്നതെന്നറിയാം.' എഴുതാന്‍ ഒരുപാട് ബാക്കിവെച്ചിരുന്നുവെന്നറിയാം. മധ്യതിരുവിതാംകൂറുകാരനായ ഒരു നാട്ടിന്‍പുറത്തുകാരന്റെ, ഔപചാരികതകള്‍ ഇല്ലാത്ത, നാട്ടുമൊഴി വഴക്കത്തിലൂടെയാണ് സംബോധന ചെയ്തതും സംസാരിച്ചതും. അതില്‍ നിറഞ്ഞ സ്‌നേഹസ്പര്‍ശം ഉണ്ടായിരുന്നു. കരുതലും കരുതിയിരുന്നു. ആ ജീവിതത്തിനു തിരശ്ശീല വീണു. പക്ഷേ, അരങ്ങില്‍നിന്ന് ആ പ്രകാശം അണയുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com