

പുതുവര്‍ഷത്തില്‍ പ്രതീക്ഷകളുടെ ഭാരമില്ലാതെ ചിന്തിച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും മോശം സമയമാണ് 2024 എന്ന് നിസ്സംശയം പറയാനാകും. മോദി ഭരണകൂടം അധികാരത്തില്‍ വന്ന 2014 മുതല്‍തന്നെ ജനാധിപത്യത്തിന്റെ എല്ലാ അടിത്തറകളും ഇളകിത്തുടങ്ങിയെങ്കിലും അതൊരു നോര്‍മലൈസ്ഡ് പ്രക്രിയയായി മാറിത്തുടങ്ങിയത് സമീപകാലത്താണ്. പ്രതിജ്ഞകളെല്ലാം പാലിച്ചെന്നവകാശപ്പെട്ട്, യുദ്ധം വീണ്ടും ജയിച്ചുവരുമെന്ന് അമിത ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്ന 'ചക്രവര്‍ത്തിസാമ്രാട്ടായി' നരേന്ദ്ര മോദി മാറുമ്പോള്‍ പൗരസ്വാതന്ത്ര്യത്തിന്റേയും അവകാശത്തിന്റേയും ജനാധിപത്യമതേതരത്വത്തിന്റേയും മരുഭൂവായി ഇന്ത്യ മാറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
ജനാധിപത്യത്തേയും ഇന്ത്യന്‍ ഭരണഘടനയേയും ഔദ്യോഗികമായിത്തന്നെ അയോഗ്യമാക്കാനുള്ള നീക്കങ്ങള്‍ ഏതാണ്ട് വിജയിച്ച അവസ്ഥയിലാണ് ഇന്ന്. സമഗ്രാധിപത്യത്തിലേക്കുള്ള പാതയിലാണ് ഇന്ന് ബി.ജെ.പി. നാലു മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോദി വീണ്ടും അധികാരത്തിലേക്കെത്തുന്നതോടെ ആ പാതയിലെ വലിയ മുന്നേറ്റം അവര്‍ക്കു സാധ്യമാകുകയും ചെയ്യും. 2023-ലെ യൂറോപ്യന്‍ എസ്സെ അവാര്‍ഡ് പുരസ്‌കാരം സ്വീകരിച്ച ചടങ്ങില്‍ അരുന്ധതി റോയ് പറഞ്ഞത് പ്രസക്തമാകുന്നത് ഇതുകൊണ്ടാണ്. ആദ്യം ഭൂരിപക്ഷാധിപത്യത്തിലേക്കും പിന്നീട് പൂര്‍ണാര്‍ത്ഥത്തിലുള്ള ഫാസിസത്തിലേക്കുമുള്ള ഇന്ത്യയുടെ വീഴ്ചയാണ് ഇതെന്നാണ് അന്നവര്‍ പറഞ്ഞത്.
ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം എന്നീ പദങ്ങള്‍ക്ക് ഇപ്പോള്‍ എന്ത് അര്‍ത്ഥമാണുള്ളതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അധ്യക്ഷന്‍ തന്നെ പരസ്യമായി ചോദിക്കുന്നു. അങ്ങനെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഭരണഘടനയേയും ഇന്ത്യന്‍ ജനാധിപത്യത്തേയും അവര്‍ മറ്റിയെഴുതിക്കഴിഞ്ഞു.
ഭരണഘടനാസ്ഥാപനങ്ങളായ തെരഞ്ഞെ ടുപ്പ് കമ്മിഷന്‍, സി.എ.ജി എന്നിവ കൂടി നിയന്ത്രണത്തിലാക്കാന്‍ 2023-ല്‍ മോദിക്കും കൂട്ടര്‍ക്കും കഴിഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളായി വിശേഷിപ്പിക്കുന്ന നിയമനിര്‍മ്മാണസഭകള്‍, നീതിന്യായവ്യവസ്ഥ, നിര്‍വ്വഹണവിഭാഗം, മാധ്യമങ്ങള്‍ എന്നിവയ്ക്കു പുറമേയുള്ള സ്വതന്ത്ര ഭരണഘടനാസ്ഥാപനമായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍. അപവാദങ്ങളുണ്ടെങ്കിലും പാര്‍ലമെന്ററി ജനാധിപത്യത്തെ സംരക്ഷിക്കുന്നതില്‍ ഇലക്ഷന്‍ കമ്മിഷന്‍ അതിന്റെ അസ്തിത്വവും കരുത്തും  കാട്ടിയിരുന്നു. ലോക്സഭയിലെ ഭൂരിപക്ഷം മുതലെടുത്ത് പാസ്സാക്കിയ പുതിയ നിയമനിര്‍മ്മാണത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അസ്തിത്വം അവര്‍ ഇല്ലാതാക്കി. 
തെരഞ്ഞെടുപ്പ്
കമ്മിഷന്‍ ഇനിയെന്ത്?
പ്രതിപക്ഷനിരയുടെ അഭാവത്തില്‍, ഇക്കഴിഞ്ഞ മാസമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, കമ്മിഷന്‍ അംഗങ്ങള്‍ എന്നിവരുടെ നിയമനരീതി മാറ്റുന്ന ബില്ല് ലോക്സഭ പാസ്സാക്കിയത്. തെരഞ്ഞെടുപ്പ് സമിതിയില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തുന്ന  വ്യവസ്ഥയുള്ളതാണ് ബില്‍. ഇത് നേരത്തെ തന്നെ ശബ്ദവോട്ടോടെ രാജ്യസഭ പാസ്സാക്കിയിരുന്നു.  പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് ഇതുപ്രകാരം സമിതിയിലുണ്ടാവുക.  ഇതോടെ രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും മേല്‍നോട്ടം വഹിക്കേണ്ട കമ്മിഷന്റെ സ്വാതന്ത്ര്യം ഇല്ലാതാകും. ഇതിനു പുറമെ ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അന്തസ്സത്തയും ചോര്‍ത്തും. 
ഫലത്തില്‍ കേന്ദ്രസര്‍ക്കാരിനു താല്പര്യമുളള ആളുകളായിരിക്കും ഇനി മുതല്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരാകുക. പുതിയ ബില്‍ അനുസരിച്ച് കേന്ദ്രസര്‍ക്കാരിനു തെരഞ്ഞെടുപ്പ് സമിതിയില്‍ ഭൂരിപക്ഷമുണ്ടാവുകയും സര്‍ക്കാരിനു താല്പര്യമുള്ളവരെ, പ്രതിപക്ഷ നേതാവിന്റെ എതിര്‍പ്പ് അവഗണിച്ചു നിയമിക്കാനും സാധിക്കും.
ഈ വര്‍ഷം മാര്‍ച്ച് രണ്ടിന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളുടെ നിയമനം സംബന്ധിച്ച് സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. അനുപ് ബരന്‍സ്വാല്‍ X യൂണിയന്‍ ഓഫ് ഇന്ത്യ കേസിലായിരുന്നു വിധി. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ്, പാര്‍ലമെന്റ് വ്യക്തമായ നിയമം പാസ്സാക്കുന്നതുവരെയുള്ള കാലയളവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളെ നിയമിക്കേണ്ടതെന്നായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. അതുവരെ സര്‍ക്കാരിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളെ നിയമിച്ചത്. ഇതാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മാറ്റിയത്.
1991-ല്‍ ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ആക്ട് സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും അത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാലാവധി സംബന്ധിച്ചുള്ളതായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 324 ആണ് തെരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് വിശദീകരിക്കുന്നത്. 324(2) അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്നത് സംബന്ധിച്ച് നിയമം പാര്‍ലമെന്റ് കൊണ്ടുവരണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, അത്തരത്തില്‍ ഒരു നിയമനിര്‍മ്മാണവും നടന്നില്ല. ഇതാണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇടപെടാനും ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് ഒടുവില്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും കാരണമായത്.
മാര്‍ച്ചിലെ വിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അതാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ വിരമിക്കും. പുതിയ സംവിധാനപ്രകാരമായിരിക്കും അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്തുക. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനെപ്പോലുള്ളവരുടെ അഭിപ്രായം അനുസരിച്ച് ഈ നിയമനിര്‍മ്മാണം സുപ്രീംകോടതി തടയണമെന്നാണ്. എന്നാല്‍ ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍പോലും പരിമിതമാണ്. 
നിശ്ശബ്ദമാക്കപ്പെട്ട
സി.എ.ജി
രണ്ട് മാസം മുന്‍പാണ് ഗുജറാത്ത് കേഡര്‍ ഓഫീസറായ ഗിരീഷ് മുര്‍മുവിനെ സി.എ.ജിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. ഇതോടെ സി.എ.ജി പ്രത്യക്ഷത്തില്‍ത്തന്നെ ഇല്ലാതായി. മോദിയുടെ ഏറ്റവും വിശ്വസ്തനായി അറിയപ്പെടുന്ന മുര്‍മു അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നയാളാണ്. ഏഴു മുതിര്‍ന്ന ഉദ്യോഗസ്ഥരെ മറികടന്നാണ് അദ്ദേഹത്തിന്റെ നിയമനം. അമിത്ഷായുടെ വിശ്വസ്തനുമാണ് ഗിരീഷ്. 2002-ലെ ഗുജറാത്ത് കലാപസമയത്തും കലാപാനന്തരവും കേസുകള്‍ കൈകാര്യം ചെയ്യാന്‍ മുര്‍മുവിനെയാണ് മോദി ചുമതലപ്പെടുത്തിയത്. ആ സമയത്ത് അമിത്ഷാ ജയിലിലായിരുന്നു. അമിത്ഷായുടെ കേസുകളും മുര്‍മുവാണ് കൈകാര്യം ചെയ്തത്.
കലാപക്കേസില്‍ മാത്രമല്ല, ഇസ്രത്ത് ജഹാന്‍ കേസിലും ബി.ജെ.പിക്കുവേണ്ടി ഇടപെട്ടുവെന്ന് നിരവധി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് അന്വേഷിച്ച നാനാവതി കമ്മിഷനില്‍ തെളിവുകൊടുക്കാന്‍ പോയവരെ സാക്ഷി പറഞ്ഞുപഠിപ്പിച്ചതും മുര്‍മുവായിരുന്നുവെന്ന് പറയപ്പെടുന്നു. 2011-ല്‍ അമിക്കസ് ക്യൂറിയായിരുന്ന രാജു രാമചന്ദ്രന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗുജറാത്ത് കലാപക്കേസ് അന്വേഷിച്ച നാനാവതി കമ്മിഷനില്‍ തെളിവു നല്‍കാന്‍ ഉദ്യോഗസ്ഥരെ പഠിപ്പിച്ചതും ഉപദേശിച്ചതും മുര്‍മുവായിരുന്നുവെന്ന് 1971 ഗുജറാത്ത് കാഡറിലെ മലയാളിയായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ആര്‍.ബി. ശ്രീകുമാറും നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്കാലത്തെ മുതിര്‍ന്ന പല ഐ.എ.എസ് ഉദ്യോഗസ്ഥരേക്കാള്‍ മുര്‍മുവിന് അധികാരത്തില്‍ സ്വാധീനവുമുണ്ടായിരുന്നു. 
ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലയില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ഒത്തുചേര്‍ന്ന രഹസ്യചര്‍ച്ചയില്‍ മുര്‍മു പങ്കെടുത്തുവെന്ന് ആരോപിച്ച് അദ്ദേഹത്തെ സി.ബി.ഐ 2013-ല്‍ ചോദ്യം ചെയ്തിരുന്നു. ഇസ്രത്ത് ജഹാന്‍ കേസ് അട്ടിമറിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നതിന്റെ വിവരങ്ങള്‍ കഴിഞ്ഞവര്‍ഷം തെഹല്‍ക്കയും പുറത്തുവിട്ടിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാകും  ഇനി മുര്‍മുവിന്റെ നീക്കം. ഇതിനുപുറമേ മോദി ഭരണകൂടം അഴിമതിരഹിതമണെന്നു വരുത്തുകയും ഇദ്ദേഹത്തിന്റെ ലക്ഷ്യമാണ്. ആയുഷ്മാന്‍ ഭാരത്, ദ്വാരക എക്സ്പ്രസ് ഹൈവേ എന്നീ വന്‍പദ്ധതികള്‍ നടപ്പാക്കിയതിലെ ക്രമക്കേടുകളും  അഴിമതികളും അടുത്തിടെ പുറത്തുവന്നിരുന്നു. 2019-നും 2023-നുമിടയില്‍ 22 റിപ്പോര്‍ട്ടുകള്‍(ഹിന്ദു) മാത്രമാണ് സി.എ.ജി സമര്‍പ്പിച്ചത്. മോദിക്കു മുന്‍പ് ഇത് 40 ഓളം വരുമായിരുന്നു. സി.എ.ജിയുടെമേല്‍ പ്രധാനമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്നതിന് ഇതിലും വലിയ തെളിവുകള്‍ വേറെ വേണ്ട.
പാര്‍ലമെന്റില്‍
നടക്കുന്നത്
ഇന്ത്യന്‍ ജനാധിപത്യം ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണ് ഇത്തവണത്തെ സഭാസമ്മേളനത്തിലുണ്ടായത്. പ്രതിപക്ഷ എം.പിമാരെ ഒന്നാകെ സസ്പെന്‍ഡ് ചെയ്ത നടപടി അപൂര്‍വമാണ്. പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത്ഷായും പ്രധാനമന്ത്രിയും പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതിന്റെ പേരിലാണ് ഇരുസഭകളിലുമായി ഇതുവരെ 150 പ്രതിപക്ഷ എം.പിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ലോക്സഭയില്‍ ആകെയുള്ള പ്രതിപക്ഷ 'ഇന്ത്യ' മുന്നണി എം.പിമാരില്‍ ഭൂരിഭാഗം പേരെയും പുറത്താക്കി. രാജ്യസഭയിലെ 98 പേരില്‍ 46 പേരെയും.
ഒരുപക്ഷേ, ചരിത്രത്തിലാദ്യമായിട്ടാവും ഇത്രയേറെപ്പേര്‍ക്ക് പാര്‍ലമെന്റില്‍നിന്ന് ഒരേസമയം സസ്പെന്‍ഷന്‍ ലഭിക്കുന്നത്. വിയോജിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിലുണ്ട്. ചോദ്യങ്ങള്‍ ചോദിക്കാനാണ് ജനം തെരഞ്ഞെടുത്ത് പ്രതിനിധികളെ അയക്കുന്നതും. പാര്‍ലമെന്റിലെ അതിക്രമത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെടുന്നത് എങ്ങനെയാണ് കുറ്റകരമാവുന്നതെന്ന പ്രതിപക്ഷ എം.പിമാരുടെ ചോദ്യത്തിനു സര്‍ക്കാരിനോ സഭാധ്യക്ഷനോ ഉത്തരമില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന ന്യായമായ ചോദ്യങ്ങള്‍ക്കു സര്‍ക്കാരില്‍നിന്നു മറുപടി ഉറപ്പാക്കാന്‍ ഇരുസഭകളുടേയും അധ്യക്ഷര്‍ക്കു ഭരണഘടനാബാധ്യതയുമുണ്ട്. ഇതെല്ലാം ലംഘിക്കപ്പെട്ടു.
മോദിയുടെ ഭരണകാലയളവില്‍ 71 തവണയാണ് പ്രതിപക്ഷ എം.പിമാരെ സസ്പെന്‍ഡ് ചെയ്തതും പുറത്താക്കിയതും. ഈ ശീതകാലസമ്മേളനത്തില്‍ എല്ലാ ദിവസവും അച്ചടക്കം ലംഘിക്കുന്നവരുടെ പട്ടിക സ്പീക്കര്‍  തയ്യാറാക്കി പേരുകള്‍ പ്രഖ്യാപിക്കുന്നതായിരുന്നു രീതി. അതായത് മുന്‍കൂട്ടി തീരുമാനിച്ചുറച്ചപോലെയായിരുന്നു ഭരണപക്ഷത്തിന്റേയും സ്പീക്കറിന്റേയും നടപടി. രസകരമായ മറ്റൊരു വസ്തുത, അവധിയിലായിരുന്ന എം.പിയുടെ പേരു പോലും ഈ സസ്പെന്‍ഡ് ചെയ്ത എം.പിമാരുടെ പട്ടികയിലുണ്ടെന്നതാണ്. തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ പിന്നീട് സ്പീക്കര്‍ തിരുത്തുകയായിരുന്നു. 
തൊഴിലില്ലായ്മ, മണിപ്പൂര്‍ കലാപം അടക്കമുള്ള പ്രശ്‌നങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കാനാണ് യുവാക്കള്‍ പാര്‍ലമെന്റില്‍ കടന്നുകയറിയത്. പ്രധാനമന്ത്രിയെ ഇവിടെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്കുള്ള പ്രതിഫലം സ്വിസ് ബാങ്ക് നല്‍കുമെന്നും അവര്‍ വിതരണം ചെയ്ത ലഘുലേഖങ്ങളില്‍ പറയുന്നു. എന്നാല്‍, മോദി ഭരണകൂടത്തിന്റെ കീഴിലായ മുഖ്യധാരാ മാധ്യമങ്ങളുടെ സഹായത്തോടെ ഇതെല്ലാം മാറ്റിക്കളയാന്‍ ബി.ജെ.പിക്കും മോദി സര്‍ക്കാരിനും കഴിഞ്ഞു. 
പാര്‍ലമെന്റില്‍ കടന്നുകയറിയവര്‍ക്കെതിരെ ഭീകരനിയമമായ യു.എ.പി.എ ചുമത്തിയപ്പോള്‍ അവര്‍ക്ക് പാസ് നല്‍കിയ ഭരണപക്ഷ എം.പി ഒഴിവാക്കപ്പെട്ടു.  2001 ഡിസംബറില്‍ പാര്‍ലമെന്റ് ആക്രമണമുണ്ടായപ്പോള്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും വിശദീകരണം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വാജ്‌പേയ്, ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി എന്നിവര്‍ സഭകളിലെത്തി അന്വേഷണം എവിടെവരെയെത്തിയെന്നു വിശദീകരിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ രണ്ട് സഭകളിലും ചുരുങ്ങിയ സമയത്തേക്കെങ്കിലും ചര്‍ച്ചകളും അനുവദിച്ചു. പിന്നീട് കല്‍ക്കരിപ്പാടം അനുവദിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ പാര്‍ലമെന്റ് ആഴ്ചകളോളം സ്തംഭിച്ചു. അന്ന് ബി.ജെ.പിയായിരുന്നു പ്രതിപക്ഷത്ത്. എന്നാല്‍, ജനാധിപത്യരീതിയിലുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഒരു ശ്രമവും അക്കാലത്തുണ്ടായില്ല. മോദി മന്ത്രിസഭയിലെ രണ്ട് മുതിര്‍ന്ന മന്ത്രിമാരായ സുഷമ സ്വരാജും അരുണ്‍ ജയ്റ്റ്‌ലിയും 2012-ല്‍ ജനാധിപത്യരീതിയില്‍ പാര്‍ലമെന്റ് തടസപ്പെടുത്തുമെന്നു വ്യക്തമാക്കിയവരാണ്. രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പില്ല.
പുതിയ പാര്‍ലമെന്റ് ശരിക്കും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശവപ്പറമ്പായി മാറി. ശൂന്യമായ പ്രതിപക്ഷ ബെഞ്ചുകളെ സാക്ഷിയാക്കി മന്ത്രിമാര്‍ വരുന്നു, ബില്ലുകള്‍ അവതരിപ്പിക്കുന്നു, പാസ്സാക്കുന്നു. ചര്‍ച്ചയോ സംവാദമോ ഇല്ല. ക്രിമിനല്‍ ജസ്റ്റിസ് നിയമത്തെ ബാധിക്കുന്ന മൂന്നു ബില്ലുകളാണ് അമിത്ഷാ അവതരിപ്പിച്ച് ശബ്ദവോട്ടോടെ പാസ്സാക്കിയത്. ക്രിമിനല്‍ ജസ്റ്റിസ് നിയമത്തെ ബാധിക്കുന്ന മൂന്നു ബില്ലുകള്‍ അമിത്ഷാ അവതരിപ്പിച്ച് ശബ്ദവോട്ടോടെ പാസ്സാക്കിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളുടെ നിയമനം, ടെലികമ്യൂണിക്കേഷന്‍ ബില്‍, പ്രസ്സ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍ എന്നിങ്ങനെ പ്രാധാന്യമുള്ള ബില്ലുകളെല്ലാം പാസ്സാക്കിയത് ചര്‍ച്ച കൂടാതെ പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ്. പി.ആര്‍.എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചിന്റെ കണക്ക് അനുസരിച്ച് 17-ാം ലോക്സഭയിലെ പകുതിയിലധികം ബില്ലുകളും പാസ്സാക്കിയത് രണ്ട് മണിക്കൂറില്‍ താഴെ ചര്‍ച്ച നടത്തിയാണ്. 16 ശതമാനം ബില്ലുകള്‍ മാത്രമാണ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്കു വിട്ടത്. പതിനഞ്ചാം ലോക്സഭയില്‍ ഇത് 72 ശതമാനമായിരുന്നു. 17-ാം ലോക്സഭയില്‍ അത് 16 ശതമാനമായി ചുരുങ്ങി.
തീവ്രഹിന്ദുത്വത്തിന്റെ പതാകവാഹകനായ മോദിയെ എതിരിടാന്‍ പ്രതിപക്ഷ മുന്നണിക്ക് ഒരു മുഖമില്ലെന്നതാണ് വസ്തുത.
പാര്‍ട്ടിയുടെ മാത്രമല്ല, ജനാധിപത്യത്തിന്റെ അടിത്തറയാകെ ഇളകിയെന്ന് ഇനിയും കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടില്ല. അത് അടുത്തറിയുമ്പോഴേക്കും ഇന്ത്യ വംശീയ മേധാവിത്വത്തിന്റെ ജനാധിപത്യമായി മാറിയേക്കും. ഏകകക്ഷി ഭരണം നിര്‍ണ്ണയിക്കുന്ന അവര്‍ക്കു മേധാവിത്വമുള്ള ഒരു ഭരണവ്യവസ്ഥ ഇവിടെ പൂര്‍ണാര്‍ത്ഥത്തില്‍ ചലിക്കും. എതിര്‍സ്വരങ്ങളോ ജനാധിപത്യത്തിന്റെ കണികയോ അവശേഷിക്കില്ലെന്നുമാത്രം.
ഈ ലേഖനം കൂടി  വായിക്കാം
ശാന്തിവനത്തിന് പിന്നീട് എന്ത് പറ്റി?
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
 ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
