

കൊവിഡ് 19 ലോകത്ത് പടര്‍ന്നുപിടിച്ചതോടെ പരിസ്ഥിതിയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. വ്യവസായ ശാലകള്‍ അടഞ്ഞതും വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തതും മറ്റും അന്തരീക്ഷത്തിലെ മാലിന്യത്തെ കുറച്ചു. സമുദ്രങ്ങളും നദികളും ശുദ്ധിയായി. ആള്‍പെരുമാറ്റംകൂടി കുറഞ്ഞതോടെ പ്രകൃതിയും മറ്റു ജീവികളും അതിന്റെ സ്വാഭാവികതയിലേക്ക് പലയിടങ്ങളിലും തിരിച്ചെത്തി.
കൊവിഡ് 19 വന്നതിനുശേഷമുള്ള പരിസ്ഥിതിയുടെ കാര്യമാണിത്. എന്നാല്‍, പ്രകൃതിക്കേല്‍പ്പിക്കുന്ന ആഘാതവും വന്യജീവികളോടുള്ള ക്രൂരതയുമാണ് ഇതുപോലുള്ള കൊലയാളി വൈറസുകള്‍ മനുഷ്യരിലെത്താന്‍ കാരണം എന്നതുകൂടി കാണേണ്ടതുണ്ട്.
ലോകത്ത് മനുഷ്യരെ കൊന്നൊടുക്കാന്‍ പാകത്തിലുള്ള മഹാമാരി വൈറസുകളില്‍ കൂടുതലും വന്യജീവികളില്‍നിന്നുമുണ്ടായതാണ്. കൊവിഡ് 19 വൈറസിന്റേയും പ്രാഥമിക ഉറവിടം മൃഗങ്ങളില്‍നിന്നാവാം എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ചൈനയിലെ വുഹാനിലെ വന്യജീവി-മാംസ വിപണന കേന്ദ്രത്തിലാണ് കൊവിഡ് 19 രോഗം ആദ്യമുണ്ടായത്. വന്യജീവികളേയും പ്രകൃതിയേയും ഇനിയും ഉപദ്രവിക്കരുത് എന്ന സന്ദേശമാണ് കൊവിഡ് 19 പകര്‍ച്ച വ്യാധിയിലുടെ മനുഷ്യന്‍ മനസ്സിലാക്കേണ്ടത് എന്നാണ് ലോകത്തിലെ പ്രശസ്തരായ ജൈവശാസ്ത്രജ്ഞരും പരിസ്ഥിതിവാദികളും സംഘടനകളും ഇപ്പോള്‍ പറയുന്നത്.
ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവും വ്യാപകമായ വന്യജീവി ഉപഭോഗവും വൈറസുകള്‍ മനുഷ്യരിലേക്ക് എത്താന്‍ കാരണമാകുകയാണ്. ലോകം മുഴുവന്‍ മനുഷ്യരില്‍ ദുരന്തം വിതയ്ക്കുന്ന കൊവിഡ് 19 വൈറസിനൊപ്പം പ്രകൃതിയുടെ ഒരു സന്ദേശം കൂടിയുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ എന്‍വയേണ്‍മെന്റ് പ്രോഗ്രാം മേധാവി ഇന്‍ഗര്‍ ആന്‍ഡേര്‍സന്‍ പറഞ്ഞത്. നിലവിലുള്ള കാലാവസ്ഥാ പ്രതിസന്ധിയിലേക്കുള്ള ഒരു ചൂണ്ടുവിരല്‍ കൂടിയാണത്. മനുഷ്യര്‍ മരിച്ചൊടുങ്ങുന്ന മഹാവിപത്തായതിനാല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് ഇപ്പോഴത്തെ പ്രഥമപരിഗണന. എന്നാല്‍, ആവാസവ്യവസ്ഥയും ജൈവവൈവിധ്യവുമായിരിക്കണം അതിനുശേഷമുള്ള നമ്മുടെ ആലോചനയും പ്രവര്‍ത്തനവും എന്ന് ആന്‍ഡേഴ്സണ്‍ ഓര്‍മ്മിപ്പിക്കുന്നു.
കൃഷിക്കും ഖനനത്തിനും വീടും മറ്റു കെട്ടിടങ്ങളുമുണ്ടാക്കാനും പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ വന്യജീവികളുടെ ആവാസ വ്യവസ്ഥകള്‍ ഇല്ലാതാകുകയും ഇവ കൂടുതല്‍ മനുഷ്യരുമായി ഇടപഴകാന്‍ അവസരമുണ്ടാകുകയും ചെയ്യുന്നു. സ്വാഭാവിക ഇടങ്ങളും ഭക്ഷണവും നഷ്ടമാകുന്നതോടെ മനുഷ്യരുടെ ഇടയിലേക്ക് ഇവയെത്തുന്നു. വന്യജീവികളുമായി മനുഷ്യന്‍ ബന്ധപ്പെടുന്നതിലൂടെ വൈറസ് പകരുന്നത് എളുപ്പമാകും. മാരകമായ വൈറസ് വാഹകരാണ് പല വന്യജീവികളും. അതിനു പുറമെയാണ് ഇവയെ വേട്ടയാടി പിടിക്കുന്നതും വിപണനം ചെയ്യുന്നതും ഭക്ഷണമായി ഉപയോഗിക്കുന്നതും. ലോകത്ത് പലയിടങ്ങളിലും ഇത്തരം ആനിമല്‍ മാര്‍ക്കറ്റുകളുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലുമാണ് ഇതു കൂടുതല്‍. ആഗോളതലത്തില്‍ നിയമപരമായും അല്ലാതെയും വന്യജീവികളെ കടത്തുന്നതും വ്യാപകമാണ്. മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു പല വൈറസുകളും പടരുകയും മഹാ ദുരന്തങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ടെങ്കിലും വന്യജീവികളുടെ സംരക്ഷണം എന്നതു പലപ്പോഴും ചര്‍ച്ചകളിലൊതുങ്ങി. ഏറ്റവും ഒടുവില്‍ ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങള്‍ പോലും പകച്ചുനില്‍ക്കുന്ന കൊവിഡ് 19 വൈറസില്‍ വരെ കാര്യങ്ങള്‍ എത്തി. അതുകൊണ്ടുതന്നെയാണ് ഭാവിയില്‍ ഇനിയും അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ജൈവൈവിധ്യത്തെ സംരക്ഷിച്ചു നിര്‍ത്തേണ്ടതും വന്യജീവികളെ അവരുടെ ഇടങ്ങളില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ലോകത്തിന്റെ പലയിടങ്ങളിലുമുള്ള വിദഗ്ദര്‍ അഭിപ്രായപ്പെട്ടുതുടങ്ങിയത്.
ജീവിക്കാനുള്ള സ്ഥലം നഷ്ടപ്പെടുന്നതിനൊപ്പമാണ് മനുഷ്യന്റെ ഭക്ഷണരീതിക്കു വേണ്ടിയും വന്യജീവികള്‍ ഇരയാക്കപ്പെടുന്നത്. ഇവയെ കശാപ്പ് ചെയ്തു വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ ചൈനയില്‍ വ്യാപകമാണ്. വുഹാനിലെ ഇത്തരമൊരു മാര്‍ക്കറ്റില്‍നിന്നാണ് കൊവിഡ് 19-ന്റെ ഉദ്ഭവം എന്നാണ് ചൈനീസ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്കുള്ള ദീര്‍ഘദൂര യാത്രയും ഇടുങ്ങിയ കൂടുകളില്‍ കുത്തിനിറച്ചിടുന്നതും ഇത്തരം ജീവികളില്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുന്നു. ഈ സമയങ്ങളില്‍ പുറപ്പെടുവിക്കുന്ന സ്രവങ്ങളാണ് മാരകമായ അണുവാഹകരായി മാറുന്നത്. അതുവഴി മാര്‍ക്കറ്റില്‍ ഈ ജീവികളെ കൈകാര്യം ചെയ്യുന്നവരിലേക്കും വാങ്ങാനെത്തുന്നവരിലേക്കും വൈറസുകള്‍ പടരാനുള്ള സാധ്യതകള്‍ ഏറെയാണ്. കൊവിഡ് 19 വ്യാപകമായതോടെ വന്യജീവികളുടെ വിപണനവും ഉപഭോഗവും ചൈന നിരോധിച്ചു. ഇത്തരം മാര്‍ക്കറ്റുകളും ഫാമുകളും റസ്റ്റോറന്റുകളും പൂട്ടി. 20,000 ഫാമുകളാണ് പൂട്ടിയത്. ചൈനയിലെ വന്യജീവി വിപണന കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണ്. പല ജീവികളേയും പിടിക്കുന്നതും വില്പന നടത്തുന്നതും ചൈനയുടെ വന്യജീവിസംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. എന്നാല്‍, വന്യജീവികളുടെ പേര് മാറ്റിയും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചും ഇത്തരം കേന്ദ്രങ്ങള്‍ രാജ്യത്ത് യഥേഷ്ടം പ്രവര്‍ത്തിച്ചിരുന്നു. രാജ്യത്തിന്റെ നിയമത്തിനു കീഴില്‍ എല്ലാത്തരം വന്യജീവികളും ഉള്‍പ്പെടുന്നുമില്ല. വവ്വാല്‍, പാമ്പ്, പന്നി, ഈനാംപേച്ചി, മരപ്പട്ടി എന്നിവയൊക്കെയാണ് മാര്‍ക്കറ്റിലെ പ്രധാന ഇനങ്ങള്‍. ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലുമാണ് ഇത്തരം മാര്‍ക്കറ്റുകള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ളതാണ് ചൈനയുടെ വന്യജീവി മാര്‍ക്കറ്റ്. ഇത്തരം വിഭവങ്ങള്‍ വില്‍ക്കുന്ന രാജ്യത്തെ ഹോട്ടലുകളും ചൈനീസ് സര്‍ക്കാര്‍ പൂട്ടി.
75 ശതമാനം പകര്‍ച്ചവ്യാധികളും വന്യജീവികളില്‍നിന്നും മനുഷ്യരിലേക്ക് എത്തുന്നതാണ് എന്നാണ് പഠനം. എബോള, നിപ, പക്ഷിപ്പനി, മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം), സാര്‍സ് (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), വെസ്റ്റ് നൈല്‍ വൈറസ്, സിക്ക വൈറസ് തുടങ്ങി അടുത്തകാലങ്ങളില്‍ ആളെക്കൊല്ലിയായെത്തിയ വൈറസ് രോഗങ്ങളെല്ലാം മൃഗങ്ങളില്‍നിന്നു മനുഷ്യരിലെത്തിയതാണ്. കൊവിഡ് 19 എത്തിയത് അപ്രതീക്ഷിതമാണെങ്കിലും സാര്‍സുമായി ബന്ധപ്പെട്ട് നടന്ന പഠനങ്ങളില്‍ ഇത്തരം സൂചനകള്‍ ഉള്ളതായി സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനിലെ പ്രൊഫസര്‍ ആന്‍ഡ്രൂ കന്നിങ്ഹാം ചൂണ്ടിക്കാട്ടുന്നു. 2002-2003 കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാര്‍സ് രോഗവുമായി ബന്ധപ്പെട്ട് 2007-ല്‍ പുറത്തിറങ്ങിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രത്യേകതരം വവ്വാലുകളില്‍ സാര്‍സ്, കോവി വൈറസുകളുടെ വലിയ സാന്നിധ്യം ഉള്ളതായി കണ്ടെത്തിയിരുന്നു. ചൈനയുടെ ചില പ്രദേശങ്ങളില്‍ പലതരം സസ്തനികള്‍ ഭക്ഷണശീലമായതിനെ അതീവ ഗുരുതരമായി കാണണമെന്നും ഇതില്‍ പറയുന്നു. കൊവിഡ് 19-ന്റെ വ്യാപനം ഈ പഠനവുമായി കൂട്ടിവായിക്കാവുന്നതാണ്.
ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചെങ്കിലും മറ്റ് വൈറസ് ബാധയെക്കാള്‍ മരണനിരക്ക് കുറവാണ് കൊറോണ വൈറസിന്. നിപ വൈറസ് 75 ശതമാനവും എബോള 50 ശതമാനവും ആണ് മരണസാധ്യത. അത്രത്തോളം അപകടകാരിയല്ല കൊവിഡ് 19. എബോള, നിപ, സാര്‍സ് തുടങ്ങിയവയെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചതുകൊണ്ട് പല രാജ്യങ്ങളിലേക്കും ഈ രോഗങ്ങള്‍ എത്തിയില്ല. മറിച്ചായിരുന്നെങ്കില്‍ കൊവിഡ് 19 മൂലമുള്ളതിനേക്കാള്‍ എത്രയോ മടങ്ങായിരിക്കും ആള്‍നാശം. അതുകൊണ്ട് തന്നെയാണ് ഈ ദുരന്തം ഒരു താക്കീതായി പരിഗണിക്കപ്പെടേണ്ടതാണെന്നു ശാസ്ത്രഞ്ജരും പരിസ്ഥിതിവാദികളും പറയുന്നത്. ഇനിയും ഇതുപോലുള്ള വൈറസുകള്‍ മനുഷ്യരിലേക്ക് എത്താം. മനുഷ്യന്‍ മാറാന്‍ തയ്യാറല്ലെങ്കില്‍ ഭാവിയില്‍ സ്ഥിതി ഗുരുതരമാകും. ഇതിനു മുന്‍പ് സാര്‍സ് പടര്‍ന്ന് പിടിച്ചപ്പോള്‍ ലോകം കുറെയെങ്കിലും മാറുമെന്നു പലരും പ്രതീക്ഷിച്ചെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും എല്ലാം പഴയപടിയായി. പ്രകൃതിയുമായി പലതരത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നതാണ് മനുഷ്യന്റെ ജീവിതം. പ്രകൃതിയെ നമ്മള്‍ സംരക്ഷിച്ചില്ലെങ്കില്‍ നമുക്കു നമ്മളേയും രക്ഷിക്കാന്‍ കഴിയില്ല.
(ലേഖനം കടപ്പാട്: ദ ഗാര്‍ഡിയന്‍
ഡാമിയന്‍ കാരിംഗ്ടന്‍-ദ ഗാര്‍ഡിയന്റെ പരിസ്ഥിതി എഡിറ്റര്‍)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates