ലഹരിയില്‍ കിറുങ്ങി കേരളം

സംസ്ഥാന നര്‍ക്കോട്ടിക് സെല്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ലഹരി ഉപയോഗത്തിന്റെ വ്യാപനം ബോധ്യപ്പെടും.
ലഹരിയില്‍ കിറുങ്ങി കേരളം
Updated on
8 min read

നിരോധനവും ബോധവത്കരണവും ഒരു വശത്ത് നടക്കുമ്പോഴും സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും അതു സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളും ഗുരുതരമായ നിലയില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം തിരുവനന്തപുരത്ത് യുവാവിനെ ഒരു കൂട്ടം ചെറുപ്പക്കാര്‍ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയത് ലഹരിമാഫിയയുടെ സ്വാധീനം വ്യക്തമാക്കിയ സംഭവമായിരുന്നു. നാര്‍ക്കോട്ടിക്സ് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരം സംസ്ഥാന നര്‍ക്കോട്ടിക് സെല്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വ്യാപനം ബോധ്യപ്പെടും. 2008ല്‍ 508 കേസുകളാണ് സംസ്ഥാനത്ത് ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തത്. പത്തുവര്‍ഷം കഴിയുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 8700. മുന്‍പത്തേക്കാള്‍ കൂടുതല്‍ മയക്കുമരുന്ന് ഇടപാടുകള്‍ കേരളത്തില്‍ നടക്കുന്നു എന്നതിന്റെ തെളിവ് എന്ന നിലയിലാണ് ഇതിനെ കാണാനാവുക. 2009ല്‍ 646 കേസുകളും  2010ല്‍ 769 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2011ല്‍ 693, 2012ല്‍ 696, 2013ല്‍ 974 എന്നിങ്ങനെ കേസുകളുടെ എണ്ണം കൂടി. കഴിഞ്ഞ അഞ്ചു വര്‍ഷമായി കേസുകളുടെ എണ്ണം പലമടങ്ങായി വര്‍ധിച്ചു. 2014ല്‍ 2,239 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2015ല്‍ 4,103, 2016ല്‍ 5,924. 2017ല്‍ ഇത് 9,244 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മാത്രമാണ് നേരിയ കുറവുണ്ടായത്.

കേന്ദ്ര സര്‍ക്കാരിന്റെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ എല്ലാ മാസവും സംസ്ഥാനങ്ങളിലെ മയക്കുമരുന്നു കേസുകള്‍ അവലോകനം ചെയ്യാറുണ്ട്. എല്ലാം സംസ്ഥാനങ്ങളിലേയും മയക്കുമരുന്നു കേസുകള്‍ താരതമ്യം ചെയ്യുന്നതിനും ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടയിടങ്ങളില്‍ അത് ഉറപ്പാക്കുന്നതിനുമാണ്  ഇത്. പക്ഷേ, ഇതൊന്നും ഫലം കാണുന്നില്ലെന്നു മാത്രം. കഴിഞ്ഞവര്‍ഷം മാത്രം എക്സൈസ് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് കേസുകള്‍ 7,785 ആണ്. 2018ല്‍ എക്സൈസ് 1941 കിലോ കഞ്ചാവും 53873 ഗ്രാം ഹാഷിഷും 61 ഗ്രാം ഹെറോയിനും 377 ഗ്രാം ബ്രൗണ്‍ ഷുഗറും 26163 ഗ്രാം എം.ഡി.എം.എയും പിടിച്ചു. ചരസ്, ഓപ്പിയം, മാജിക് മഷ്റൂം തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളെല്ലാം സംസ്ഥാനത്തേക്ക് നിര്‍ബാധമെത്തുന്നുണ്ടെന്നാണ് പൊലീസിന്റേയും എക്സൈസിന്റേയും ഈ രേഖകള്‍ വ്യക്തമാക്കുന്നത്. കൊഡെയ്ന്‍ ഫോസ്ഫേറ്റ്, ഡയസപാം, ബപ്രനോര്‍ഫിന്‍, പ്രൊമെത്താസിന്‍, ലോറസെപാം, മാക്സ്ഗോളിന്‍, നൈട്രാസെപാം, സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ്, അല്‍പ്രാസൊലം എന്നീ ഗുളികകളും എക്സൈസിന്റേയും പൊലീസിന്റേയും മയക്കുമരുന്നു വേട്ടകളില്‍ പിടിച്ചെടുത്തവയിലുണ്ട്. കഴിഞ്ഞ വര്‍ഷം എക്സൈസ് മാത്രം പിടിച്ചത് 36571 ഗുളികകളാണ്. 

തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും മാത്രം കഴിഞ്ഞ വര്‍ഷം 1113 എന്‍.ഡി.പി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ആന്റി നാര്‍ക്കോട്ടിക് സെല്‍ 1,148 പേരെ അറസ്റ്റു ചെയ്തു. ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 295 കേസുകള്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ തിരുവനന്തപുരത്ത് 69 കേസുകളാണുള്ളത്. ഈ വര്‍ഷം അതേ മാസം 126 കേസായി വര്‍ധിച്ചു. ഈ കാലയളവില്‍ തന്നെയാണ് എക്സൈസ് വകുപ്പ് വിമുക്തി ലഹരി വര്‍ജ്ജന മിഷന്‍ തുടങ്ങിയതും ലഹരി വിമുക്ത ക്യാംപസ് യാഥാര്‍ത്ഥ്യമാക്കാന്‍ പൊലീസ് ആന്റി നാര്‍ക്കോ ക്ലബ്ബുകള്‍ തുടങ്ങിയതും. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ താര സാന്നിധ്യത്തില്‍ വിമുക്തി മിഷന്‍ തുടങ്ങിയത് 2016 ഒക്ടോബറിലാണ്. ആന്റി നാര്‍ക്കോ ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു.  എക്സൈസ് ഇന്റലിജന്‍സ് ശക്തിപ്പെടുത്തും എന്നത് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ മാത്രമൊതുങ്ങി. മാറിവരുന്ന എല്ലാ എക്സൈസ് മന്ത്രിമാരും ലഹരി ഉപയോഗം കുറയ്ക്കുമെന്നു പ്രഖ്യാപിക്കാറുണ്ട്. പക്ഷേ, അത് പ്രായോഗികമാകാറില്ലെന്നു മാത്രം. കോഴിക്കോട്ട് രണ്ടു മാസം മുന്‍പ് സിറ്റി പൊലീസ് ആരംഭിച്ച ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് അബ്യൂസ് പ്രിവെന്‍ഷന്‍ ടാസ്‌ക് (എ.ഡി.എ.പി.റ്റി), ഡിസ്ട്രിക്റ്റ് ആന്റി നാര്‍ക്കോട്ടിക്‌സ് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡി.എ.എന്‍.എസ്.എ.എഫ്) എന്നിവ മിന്നല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. അതൊക്കെ ചെറിയ ചുവടുവയ്പ്പുകളായി ഒതുങ്ങുകയാണെന്നു മാത്രം. 

ലഹരിമരുന്ന് ഉപയോഗിച്ചാല്‍ മദ്യത്തെപോലെ വേഗം കണ്ടെത്താന്‍ കഴിയില്ലെന്നതാണ് പൊലീസിനെയും എക്സൈസിനെയും വലയ്ക്കുന്നത്. ഗുജറാത്ത് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളില്‍ ലഹരിമരുന്നുകളുടെ ഉപയോഗം തിരിച്ചറിയുന്ന കിറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഹെറോയിന്‍, കൊക്കൈയ്ന്‍, ഓപ്പിയം, കഞ്ചാവ് തുടങ്ങിയവയുടെ ഉപയോഗം ഈ കിറ്റുകളുടെ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയും. ഈ കിറ്റുകള്‍ കേരളത്തിലും  ഉപയോഗിക്കുന്നതിനുള്ള സാധ്യത തേടി കോട്ടയം ജില്ലാ പൊലീസ് മുന്‍ മേധാവി റിട്ട. ഐപിഎസ് ഓഫിസര്‍ എന്‍. രാമചന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതു സംബന്ധിച്ച് നല്‍കിയ കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ച കോടതി സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, എക്സൈസ് കമ്മിഷണര്‍ തുടങ്ങിയവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 
കണ്ണീരിന്റെ അനുഭവങ്ങള്‍

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വിമുക്തിയുടെ തിരുവനന്തപുരത്തെ കൗണ്‍സിലര്‍ക്ക് ഒരു അമ്മയുടെ ഫോണ്‍ കോള്‍ വരുന്നത്. മകന്റെ മയക്കുമരുന്ന് ഉപയോഗം കാരണം ആത്മഹത്യയല്ലാതെ തനിക്കു വഴിയില്ല എന്നാണ് അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞത്. ഭര്‍ത്താവ് നേരത്തേ മരിച്ച അവര്‍ക്ക് പ്ലസ് വണ്ണിന് പഠിക്കുന്ന മകനേയുള്ളൂ. മകനുമായി കൗണ്‍സലിംഗിന് എത്തിയ ആ അമ്മയ്ക്ക് അവന്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാതെ ഇനി കണ്ണീരടങ്ങില്ല. മറ്റൊന്ന്, അച്ഛന്‍ ഉപേക്ഷിച്ചുപോയ കുടുംബത്തിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ അനുഭവമാണ്. അമ്മ വീട്ടുജോലിക്കു പോയാണ് വീടു നോക്കുന്നത്. രണ്ട് വയസ്സിനു മൂത്ത ചേച്ചിക്ക് അമ്മ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുത്തു. ചേച്ചി എപ്പോഴും അതിലാണെന്നും താന്‍ ഒറ്റയ്ക്കാണെന്നും പറഞ്ഞ് അവന്‍ കൗണ്‍സിലറുടെ മുന്നില്‍ വിതുമ്പി. 

മയക്കു ഗുളികകള്‍ പരീക്ഷിച്ചു നോക്കി അതിന് അടിപ്പെട്ടുപോയവരും ലഹരി കലര്‍ന്ന പുകയില ഇനങ്ങള്‍ പരീക്ഷിച്ചവരും രക്ഷിതാക്കള്‍ക്കൊപ്പം കൗണ്‍സലിംഗിനു വരാറുണ്ട്. സിനിമകളുടെ സ്വാധീനത്തേക്കാള്‍ സൗഹൃദങ്ങളുടെ സ്വാധീനമാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടുന്നത് എന്ന് തിരുവനന്തപുരത്തെ വിമുക്തിയുടെ കൗണ്‍സിലര്‍ ഡോ. ലിഷ പറയുന്നു. ഡീ അഡിക്ഷന്‍ ചികിത്സ കഴിഞ്ഞു സിനിമയിലെ പുകവലി കണ്ടാല്‍പ്പോലും പ്രലോഭനം ഉണ്ടാകുന്നുവെന്നു പറഞ്ഞവരുണ്ട്. ഓര്‍മ്മശക്തി വര്‍ധിക്കും എന്ന തെറ്റായ ഉപദേശം കേട്ട് കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങി പിന്മാറാന്‍ കഴിയാതെ വന്ന കുട്ടികളുണ്ട്. മയക്കുമരുന്നിന് അടിപ്പെട്ടവരുടെ അമ്മയോ ഭാര്യയോ ആണ് കൂടുതലായി 'ഇര'യ്ക്കൊപ്പം വരുന്നത്. അവരാണ് ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍. സാമൂഹിക തിന്മയുടെ പരോക്ഷ ഇരയായി സ്ത്രീ മാറുന്ന അനുഭവങ്ങളാണ് ഇതൊക്കെ. 

ഇരുന്ന ഇരിപ്പില്‍ എപ്പോഴാണ് മക്കളെ കാണാതാകുക എന്ന് അറിയാത്ത സ്ഥിതി പല രക്ഷിതാക്കളും കൗണ്‍സലിംഗിന് എത്തുമ്പോള്‍ പറയും. ഉത്സാഹമില്ലാതെ മുറിയിലോ ടിവിയുടെ മുന്നിലോ ഒക്കെ ഇരിക്കുന്നതു കാണാം. പക്ഷേ, അമ്മ അടുക്കള വരെയൊന്നു പോയി വരുമ്പോള്‍ ആളുണ്ടാകില്ല. തിരിച്ചുവരുമ്പോള്‍ ഭാവം വേറെയായിരിക്കും. മകനെ അമ്മപോലും ഭയക്കുന്ന ഭാവം. ശാസിച്ചാല്‍ കണ്ണില്‍ കാണുന്ന എന്തും എറിഞ്ഞുടയ്ക്കും, ബഹളം വയ്ക്കും. ചിലപ്പോള്‍ നിശ്ശബ്ദം കരയും. കൗമാരത്തിന്റെ പരീക്ഷണ വൈഭവവും ജിജ്ഞാസയും വിനിയോഗിക്കുന്നതു ദുരന്തത്തിലേക്ക് സ്വയം ഓടിയടുക്കാനാകരുത് എന്ന് ഉപദേശിച്ചു വിടുക മാത്രമേ കൗണ്‍സിലര്‍ക്കു ചെയ്യാനുള്ളു. ''മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികളുടെ അടഞ്ഞ പെരുമാറ്റവും ഹെയര്‍സ്‌റ്റൈലും അശ്രദ്ധമായ വസ്ത്രധാരണ രീതിയുമൊക്കെ സമൂഹത്തെ അവരില്‍നിന്ന് അകറ്റുന്നു. പക്ഷേ, ആ കോലം മാത്രമേയുള്ളു, അവര്‍ പാവങ്ങളാണ്; പെട്ടുപോകുന്നവരാണ്. അവരെ നമുക്കു തിരിച്ചുകൊണ്ടുവരികതന്നെ വേണം'' -ഡോ. ലിഷ പറയുന്നു. 

വിമുക്തി മിഷനു കീഴില്‍ 14 ജില്ലകളിലും ഓരോ ഗവണ്‍മെന്റ് ആശുപത്രികളില്‍ ഡീ അഡിക്ഷന്‍ കേന്ദ്രവും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോ കൗണ്‍സലിംഗ് കേന്ദ്രവുമുണ്ട്. തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ ആകെയുള്ള പത്ത് കിടക്കകളിലും രോഗികള്‍ തികഞ്ഞ ശേഷം ഊഴം കാത്ത് രോഗികള്‍ 'ക്യൂ'വിലാണ്. ഫോണിലും നേരിട്ടും കൗണ്‍സലിംഗ് നല്‍കാന്‍ ഓരോ കേന്ദ്രത്തിലും ഓരോ സൈക്യാട്രിസ്റ്റും സോഷ്യോളജിസ്റ്റുമുണ്ട്. കൗണ്‍സലിംഗിലൂടെ പരിഹരിക്കാന്‍ കഴിയാത്തവരെയാണ് ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നത്. തുടക്കക്കാര്‍ക്കു മാത്രമേ കൗണ്‍സലിംഗ് കൊണ്ട് ഫലം ഉണ്ടാകാറുള്ളു. സര്‍ക്കാരിന്റെ കൗണ്‍സലിംഗ് കേന്ദ്രങ്ങളിലും ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളിലും എത്തുന്നതില്‍ കൂടുതല്‍ പതിനാറിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ്, അതും കഞ്ചാവിന് അടിമകളായിട്ട്. സ്വകാര്യ കൗണ്‍സലിംഗ് കേന്ദ്രങ്ങളിലേയും സ്ഥിതി ഇതുതന്നെയാണ് എന്ന് തൃശൂരിലെ പുനര്‍ജന ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ജോണ്‍സണ്‍ ഇടയാറന്മുള പറയുന്നു. 

വില്ലന്‍ കഞ്ചാവോ? 
ലഹരി ഉപയോഗിച്ചു തുടങ്ങിയവര്‍ തന്നെയാണ് കാരിയര്‍മാര്‍. വിതരണശൃംഖലയ്ക്ക് അവരെ കാരിയര്‍മാരാക്കാന്‍ എളുപ്പമാണ്. ഒരേ സമയം പണവും ലഹരിയും കിട്ടുന്നു. ഇതില്‍നിന്നു രക്ഷ ആഗ്രഹിച്ച് എത്തുന്നവരില്‍ ഏറെയും രസത്തിനു തുടങ്ങി സ്ഥിരമാവുകയും പിന്നീട് കാരിയര്‍മാരായി മാറുകയും ചെയ്തവരാണ്. പൊതുവേ മക്കള്‍ മയക്കുമരുന്നിന് അടിമയാണ് എന്നോ അടിമയായിക്കൊണ്ടിരിക്കുകയാണ് എന്നോ സമ്മതിക്കാന്‍ രക്ഷിതാക്കള്‍ക്കു മടിയായിരിക്കും. വേറെ വഴിയില്ല എന്നു വരുമ്പോഴാണ് കൗണ്‍സിലിംഗിന്റെ മാര്‍ഗം തേടുന്നത്. അതേസമയം വിദ്യാര്‍ത്ഥികളില്‍ ചെറിയ ശതമാനം മാത്രമേ ആസ്വദിച്ചു പരീക്ഷിക്കാന്‍ തുടങ്ങുന്നുള്ളൂ എന്നും ബഹുഭൂരിപക്ഷം കുട്ടികളും സമാധാനമില്ലാത്ത കുടുംബാന്തരീക്ഷത്തില്‍ നിന്നു വരുന്നവരാണ് എന്നുമാണ് കൗണ്‍സലിംഗ് രംഗത്തെ മിക്കവരുടേയും അനുഭവം. കുട്ടികള്‍ക്കു രക്ഷിതാക്കള്‍ കൊടുക്കുന്ന അമിത സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുമുണ്ട്. മയക്കുമരുന്നില്‍നിന്നു മുക്തരാകുന്നവര്‍ക്കു ജോലി ലഭിക്കാനോ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനോ കഴിയുന്ന സാഹചര്യം ഇല്ലെങ്കില്‍ വീണ്ടും മയക്കുമരുന്നിലേക്കു പോകുന്ന സംഭവങ്ങളുമുണ്ട്. ഇപ്പോള്‍ നടക്കുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കു പരിമിതിയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എക്സൈസ് വകുപ്പില്‍നിന്നു ബോധവല്‍ക്കരണ പരിപാടികള്‍ മാറ്റി സാമൂഹികനീതി വകുപ്പിനേയോ ആരോഗ്യ വകുപ്പിനേയോ ഏല്പിക്കണം എന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സമീപകാലത്ത് ഹൈക്കോടതിയില്‍ വന്നിരുന്നു. മദ്യം കച്ചവടം ചെയ്യുന്ന അതേ വകുപ്പ് ലഹരിവിരുദ്ധ പ്രചാരണം നടത്തുന്നതിലെ വൈരുധ്യമാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍, അത് കോടതി തള്ളി. ലഹരിക്കെതിരെ അവര്‍ പറയുന്നത് അവര്‍ ആരും ആത്മാര്‍ത്ഥമായാണെന്നു വിശ്വസിക്കില്ലെന്നും അവര്‍ നിയമനടപടികള്‍ മാത്രം നിര്‍വ്വഹിക്കട്ടെ എന്നുമാണ് ഹര്‍ജിക്കാരന്‍ വാദിക്കാന്‍ ശ്രമിച്ചത്.

കുറ്റകൃത്യങ്ങളിലേക്ക് ഒരു വാതില്‍ 
മയക്കുമരുന്ന് കൊണ്ടുചെന്ന് എത്തിക്കുന്ന അടുത്ത ലോകം കുറ്റകൃത്യങ്ങളുടേതാണ്. തുടക്കത്തില്‍ത്തന്നെ തിരുത്താന്‍ കഴിയാത്ത കുട്ടികള്‍ വലിയ കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയോ സ്വന്തം നിലയില്‍ത്തന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നു. മറ്റുള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഇവരുടെ തലയില്‍ വച്ചു യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുന്ന സംഭവങ്ങളുമുണ്ട്. പതിവായി മയക്കുമരുന്ന് ഉപയോഗിക്കുകയും ആ മേഖലയിലെ മിക്കവരുമായും ഈ ആവശ്യത്തിനുവേണ്ടി ഫോണില്‍ ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥി ഇങ്ങനെ മ്ലാവ് ഇറച്ചി കടത്തു കേസില്‍ പിടിയിലായ സംഭവമുണ്ട് അടുത്തകാലത്ത്. ആ കുട്ടിക്ക് അതുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. വാട്സാപ്പിലേക്ക് മ്ലാവിന്റെ ചിത്രം ആരോ അയച്ചു. അയച്ചയാളായിരുന്നു യഥാര്‍ത്ഥ പ്രതി. പൊലീസ് പിടിക്കുമെന്നു വന്നപ്പോള്‍ അതിനു പിന്നില്‍ വേറെയും ആളുകളുണ്ടെന്നു വരുത്താനാണ് ചിത്രം വാട്സാപ്പ് ചെയ്തത്. പൊലീസിനു നിരപരാധിത്വം ബോധ്യപ്പെട്ടെങ്കിലും അതുവരെ ആ കുട്ടിയും കുടുംബവും ഒരുപാടു വട്ടം ചോദ്യം ചെയ്യലിനും മാനസിക പീഡനത്തിനും വിധേയരായി. പഠനത്തെ ബാധിച്ചു.

കുടുംബബന്ധങ്ങള്‍ തകരാറിലായി. മാരകമായ മയക്കുമരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘാംഗങ്ങളില്‍ ബഹുഭൂരിപക്ഷവുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മയക്കുമരുന്നു പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ആരെയും എന്തും ചെയ്യാനുള്ള 'ധൈര്യം' കൈവരുന്നു. 

മയക്കുമരുന്നു വ്യാപാരശൃംഖലയില്‍ പെടുകയും കാരിയറായി മാറുകയും ചെയ്തു ജീവിതം ചെറുപ്രായത്തില്‍ത്തന്നെ അഴിക്കുള്ളിലായ നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. എറണാകുളത്തിനും കോട്ടയത്തിനും ഇടയ്ക്കുള്ള ഒരു ചെറുപട്ടണത്തില്‍ ബിരുദവിദ്യാഭ്യാസം കഴിഞ്ഞ പെണ്‍കുട്ടി കാരിയറായി പ്രവര്‍ത്തിക്കുന്നുണ്ട്. കുറച്ചുമുന്‍പ് പൊലീസ് പിടിച്ചു. വാര്‍ത്തയും വന്നു. പക്ഷേ, കേസ് കടുപ്പിക്കാനോ റിമാന്‍ഡിലയയ്ക്കണമെന്ന് കോടതിയോട് ആവശ്യപ്പെടാനോ കഴിയാത്ത വിധത്തില്‍ ദുര്‍ബ്ബലമായ കേസാണെടുത്തത്. ഒരു കിലോയില്‍ താഴെ കൈവശംവച്ചാല്‍ ജാമ്യം കിട്ടുന്ന കേസാണ്. അതിന്റെ ആനുകൂല്യത്തിലാണ് കേസ് ദുര്‍ബ്ബലമായത്. പെണ്‍കുട്ടിയാണ് എന്ന ആനുകൂല്യം പൊലീസ് നല്‍കി. 

മയക്കുമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരും യുവാക്കളും വേഗംതന്നെ ലഹരി കടത്തുകാരായി മാറുന്നു. മയക്കുമരുന്ന് സൗജന്യമായോ കുറഞ്ഞ വിലയ്‌ക്കോ കിട്ടുന്നതും മറ്റ് ആവശ്യങ്ങള്‍ക്ക് പണം ലഭിക്കുന്നതും ഈ കാരിയര്‍ ജോലി ആകര്‍ഷകമാക്കി മാറ്റുന്നു. പൊലീസിന്റേയോ എക്സൈസിന്റേയോ പിടിയിലാകുന്നതുവരെ ഇതു തുടരും. സമീപ സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലെത്തിക്കുക മാത്രമല്ല, വില്പനക്കാരായും മാറിയവരുണ്ട്. രക്ഷിതാക്കള്‍ അറിയുന്നില്ല. ഓരോ ദിവസം ചെല്ലുന്തോറും കഞ്ചാവിനപ്പുറം മാരകമായ മയക്കുമരുന്നുകള്‍ കേരളം പരിചയപ്പെടുകയാണ്. ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും മറ്റും ചെയ്യുന്നതിനേക്കാള്‍ കൃത്യമായും കാര്യക്ഷമമായും ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നവരുമുണ്ട്. മൊബൈലിലെ ഫോണ്‍ ബാങ്കിംഗ് ആപ് മുഖേന നിമിഷങ്ങള്‍ക്കുള്ളില്‍ പണം കൈമാറുന്നു, അതിലും വേഗം സാധനം എത്തേണ്ടിടത്ത് എത്തുന്നു. 

ചാരായ നിരോധനം മുതലാണ് കേരളത്തില്‍ മയക്കുമരുന്നു വ്യാപിച്ചത് എന്നാണ് ജോണ്‍സണ്‍ ഇടയാറന്മുളയുടെ നിരീക്ഷണം. ചാരായം നിരോധിച്ചപ്പോള്‍ സര്‍ക്കാര്‍ ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചു. ബിയര്‍ കഴിക്കുന്നത് മദ്യപാനമല്ല എന്ന ചിന്താഗതി വ്യാപകമായി. ബിയര്‍ പാര്‍ലറുകള്‍ നല്ല ഭക്ഷണവും കൊടുത്തു. ഫലത്തില്‍ ഈ പാര്‍ലറുകള്‍ നഴ്സറിപോലെയായി. മദ്യപാന പരിശീലന കേന്ദ്രം. ഒരേ അഭിരുചിക്കാര്‍ ഒത്തുചേരുന്ന പാര്‍ലറുകളില്‍ ബിയറിനൊപ്പം രണ്ടു പുകയുമാകാം എന്ന മനോഭാവം രൂപപ്പെടുത്താന്‍ മയക്കുമരുന്നു സംഘങ്ങള്‍ ആസൂത്രിതമായും എന്നാല്‍, അറിയാത്ത വിധവും ഇടപെട്ടു. അതിന് അനുകൂല സാഹചര്യവും ഉണ്ടായി. കഞ്ചാവിന്റെ പ്രധാന പ്രശ്‌നം അതിന്റെ ദുര്‍ഗന്ധമാണ്. ലഭ്യതയും പ്രശ്‌നമായി. അങ്ങനെയാണ് മയക്കു ഗുളികകളിലേക്കുള്ള വാതില്‍ തുറന്നത്. മണമില്ല, ഉപയോഗിക്കുന്നത് ആരും അറിയില്ല, കൊണ്ടുനടക്കാനും എളുപ്പം. അതിന്റെ തുടര്‍ച്ചയായി ഇതിനേക്കാളൊക്കെ കൂടുതല്‍ ലഹരി കിട്ടുന്ന കേരളം അന്നേവരെ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടില്ലാത്ത പലതരം മയക്കുമരുന്നുകള്‍ എത്തിത്തുടങ്ങി. 


എത്തുന്നത്
ആന്ധ്രയില്‍ നിന്ന് 

കേരളത്തിലേക്ക്, പ്രത്യേകിച്ചും തിരുവനന്തപുരത്തേക്കു പ്രധാനമായും മയക്കുമരുന്ന് എത്തുന്നത് ആന്ധ്രപ്രദേശില്‍നിന്നാണ്. ആന്ധ്രയില്‍ കഞ്ചാവ് കൃഷി വ്യാപകമായ പ്രദേശങ്ങളുണ്ട്. ഉദാഹരണം മദുക്കര. അടുത്തയിടയ്ക്ക് നേമത്തുനിന്ന് എട്ടു കിലോ കഞ്ചാവുമായി നാലുപേരെ പിടിച്ചപ്പോള്‍ ആന്ധ്ര ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. മയക്കുമരുന്നു ശൃംഖല സംബന്ധിച്ച് നാര്‍ക്കോട്ടിക് സെല്‍ വ്യക്തമായ ഒരു രൂപരേഖയുണ്ടാക്കുകയാണ് ഇപ്പോള്‍. പിടിക്കപ്പെടുന്നവരുടെ വ്യക്തിവിവരങ്ങള്‍ പൂര്‍ണ്ണമായും തയ്യാറാക്കി പഠിച്ച് കൂടുതല്‍ കണ്ണികളിലേക്ക് എത്താനാണ് ശ്രമം. പ്രതിയുടെ കുടുംബം, നാട്, പൊലീസ് സ്റ്റേഷന്‍ പരിധി, പശ്ചാത്തലം തുടങ്ങിയ സാധാരണ വിവരങ്ങള്‍ മാത്രമല്ല, ബന്ധങ്ങളും സമൂഹമാധ്യമ ബന്ധങ്ങളും രാഷ്ട്രീയ ബന്ധങ്ങളും ഉള്‍പ്പെടെ ഇതില്‍പ്പെടും. 
കേരളത്തില്‍നിന്ന് ആന്ധ്രയില്‍ പോയി സ്ഥിരത്താമസമാക്കി കഞ്ചാവ് കൃഷി ചെയ്യുന്നവരുണ്ട്. അവിടെനിന്നു വിശാഖപട്ടണത്താണ് എത്തിക്കുന്നത്. പിന്നീട് തമിഴ്നാട്ടിലെ മധുര ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലേക്ക്. തിരുവനന്തപുരത്തും തെക്കന്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ളത് നാഗര്‍കോവിലില്‍ എത്തിക്കുന്നു. കോട്ടയം, എറണാകുളം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ളത് തേനിയില്‍നിന്നു കുമളി വഴിയാണ് എത്തുന്നത്. പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തുന്നത് കോയമ്പത്തൂര്‍ വഴി. നാഗര്‍കോവില്‍ മയക്കുമരുന്നു കടത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ആവശ്യക്കാര്‍ക്ക് അഞ്ചു കിലോയും പത്തു കിലോയും മറ്റുമുള്ള പാക്കറ്റുകളാക്കി എത്തിച്ചു നല്‍കുന്ന ഏജന്റുമാര്‍ ആന്ധ്രയിലും തമിഴനാട്ടിലുമുണ്ട് എന്നാണ് പിടിക്കപ്പെട്ടവര്‍ പൊലീസിനോടു പറഞ്ഞത്. ഉദാരമാണ് ഇത്തരം കച്ചവടക്കാരുടെ രീതികള്‍. എത്തിക്കുന്നതിന്റെ 'ഗുണനിലവാരം' അവിടെവച്ചുതന്നെ വേണമെങ്കില്‍ പരിശോധിച്ചു നോക്കാം. തൃപ്തിപ്പെട്ടെങ്കില്‍ മാത്രം പണം നല്‍കി വാങ്ങിയാല്‍ മതി. കേരളത്തില്‍ ചെറുപൊതികളാക്കി വില്‍ക്കാന്‍ ഇത്തരം 'വ്യാപാരി'കളോട് കഞ്ചാവ് വാങ്ങുന്നവരില്‍ പലരും 'ഗുണനിലവാരം' പരിശോധിച്ച് ഉറപ്പുവരുത്താന്‍ പറ്റിയവരെ കൂടെ കൂട്ടാറുണ്ട്. 

രണ്ടുകിലോയുടെ ഒരു പൊതിക്ക് ഒരു പാഴ്സല്‍ എന്നാണ് കഞ്ചാവു കച്ചവടക്കാര്‍ക്കിടയിലെ പേര്. കൃത്യമായിരിക്കും തൂക്കം. ഹോളോബ്രിക്‌സ് രൂപത്തില്‍ ഇടിച്ചു കട്ടയാക്കി മാറ്റി ബ്രൗണ്‍ കടലാസില്‍ പൊതിഞ്ഞു ഗന്ധം പുറത്തുവരാതിരിക്കാനുള്ള മുന്‍കരുതലായി സുഗന്ധദ്രവ്യം പൂശിയാണ് പാഴ്സല്‍ തയ്യാറാക്കുന്നത്. എയ്ഷര്‍ ലോറിയുടെ പ്ലാറ്റ്ഫോമിന് അടിയില്‍ പ്രത്യേക അറകളുണ്ടാക്കിയാണ് കൊണ്ടുവരുന്നത് എന്നാണ് നേമത്തു പിടിയിലായവര്‍ പറഞ്ഞത്. കാലി ലോറിയില്‍ കുറച്ചു സിമന്റും തൂവിയിരിക്കും. പിടിച്ചാല്‍ സിമന്റ് ലോഡ് ഇറക്കിയിട്ടു വരുന്നു എന്നു പറഞ്ഞ് രക്ഷപ്പെടും. ലോഡുമായി വരുന്ന ലോറികളാണ് ചെക്ക് പോസ്റ്റുകളിലും സാധാരണഗതിയില്‍ പരിശോധിക്കാറുള്ളത്. സ്വാഭാവികമായും കാലി ലോറികള്‍ രക്ഷപ്പെടുന്നു. മയക്കുമരുന്ന് അപ്പുറത്തുനിന്ന് ഇപ്പുറത്ത് സുഗമമായി എത്തുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി ലോഡ് കടത്തിക്കഴിഞ്ഞു. ഇപ്പോള്‍ ഇവരെ പിടിച്ചത് ട്രെയിനില്‍ കഞ്ചാവ് കടത്തുമ്പോഴാണ്. ട്രെയിന്‍, ദീര്‍ഘദൂര ബസ്, ലോറി, സ്‌കൂട്ടര്‍ തുടങ്ങി സാഹചര്യത്തിന് അനുസരിച്ച് ഏതു ചക്രത്തിനു മുകളിലും ലഹരി കയറിയിറങ്ങി ലക്ഷ്യസ്ഥാനത്തെത്തുക തന്നെ ചെയ്യുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും പിടിക്കപ്പെടുമ്പോള്‍ അവര്‍ പിടിക്കപ്പെടാതെ നടത്തിയ 'സാഹസിക' യാത്രകളുടെ കഥ പറയുന്നു;  ''മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും നിയമവിരുദ്ധ ഉല്പാദനവും വിതരണവും വില്‍പ്പനയും തടയുന്നതിന് ജില്ലാ, താലൂക്ക് തലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ദൗത്യസംഘം രൂപീകരിച്ചിരിക്കുന്നു'' എന്ന് എറണാകുളം സിറ്റി പൊലീസ് മാധ്യമങ്ങളെ അറിയിച്ചത് 2018 മാര്‍ച്ച് രണ്ടാം വാരത്തിലാണ്. പക്ഷേ, എറണാകുളം ഇപ്പോഴും മയക്കുമരുന്നു സംഘങ്ങളുടെ ഇഷ്ടകേന്ദ്രമായിത്തന്നെ തുടരുന്നു. 

ഓയില്‍ മാലിക്ക്; 
ഗുളിക മലയാളിക്ക് 

ഹാഷിഷ് പോലെ കൂടുതല്‍ മാരകമായ മയക്കുമരുന്നുകള്‍ കേരളത്തില്‍ എത്തിച്ച് മാലിദ്വീപു വഴി അന്താരാഷ്ട്ര വിപണിയിലേക്കു കടത്തുന്ന സംഘങ്ങള്‍ സജീവമാണെന്ന് തിരുവനന്തപുരം സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സന്തോഷ് കുമാര്‍ പറയുന്നു. കുറച്ചു മുന്‍പ് തിരുവനന്തപുരത്തു പിടിയിലായ അഞ്ചംഗ ഹാഷിഷ് കടത്തു സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടു മാലി സ്വദേശികളില്‍നിന്നാണ് ഈ ശൃംഖലയ്ക്ക് കേരളത്തിനു പുറത്തുള്ള വ്യാപ്തി വ്യക്തമായത്. ആ അഞ്ചുപേരും ജയിലിലാണ്. പല കടമ്പകള്‍ കടക്കുമ്പോള്‍ വില കൂടിക്കൂടി വരുന്നു എന്നതാണ് ഹാഷിഷ് ഓയില്‍ പോലുള്ളവയുടെ പ്രത്യേകത. ആന്ധ്രപ്രദേശിലെ ഉല്പാദകരില്‍നിന്നു ലഭിക്കുന്നത് കിലോഗ്രാമിന് പതിനായിരങ്ങള്‍ക്കാണെങ്കില്‍ അതേ ഹാഷിഷ് ഓയിലിന് കേരളത്തില്‍ വില ഒരു ലക്ഷം രൂപ. അത് മാലിയിലെത്തുമ്പോള്‍ വില ഒരു കോടിക്ക് അടുത്താകും. ഡാല്‍ഡ ടിന്നില്‍നിന്ന് ഡാല്‍ഡ നീക്കിയ ശേഷം അതില്‍ ഹാഷിഷ് ഓയില്‍ നിറച്ചാണ് മാലിയിലേക്ക് കടത്തുന്നത്. അങ്ങനെ നൂറു കണക്കിനു ടിന്‍ 'ഡാല്‍ഡ' കടത്തിക്കഴിഞ്ഞപ്പോഴാണ് പിടിവീണത്. അതിനുശേഷവും ഡാല്‍ഡ എന്ന പേരിലും മറ്റു പല പേരുകളിലും ഹാഷിഷ് ഓയില്‍ കടത്തുന്നതിന് കേരളം ഇടത്താവളമാകുന്നു എന്ന് പൊലീസിന് അറിയാം. പക്ഷേ, എത്ര കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നാലും വഴുതിപ്പോകുന്ന അനുഭവങ്ങളുണ്ട്. മാലിയെയാണ് അന്താരാഷ്ട്ര സംഘങ്ങള്‍ ആശ്രയിക്കുന്നത്. വേറെ എവിടെ കിട്ടുന്നതിനേക്കാള്‍ കൂടിയ വിലയും കിട്ടും. സ്ഥിരം വിപണിയുടെ സ്വാഭാവിക ചിട്ടവട്ടങ്ങള്‍ ഉള്ളതിനാല്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും മാലിയില്‍ റിസ്‌ക് കുറവാണ് എന്നതാണ് പ്രധാന കാരണം. 250 ഗ്രാമിന് 50 ലക്ഷം രൂപ വരെ വില വരുന്ന വേറെ എം.ഡി.എം.എ പോലുള്ള ഇനങ്ങളുമുണ്ട്. പ്രത്യേക ലബോറട്ടറിയില്‍ ഉല്പാദിപ്പിക്കുന്ന എം.ഡി.എം.എ വാങ്ങി ഉപയോഗിക്കാന്‍ ശേഷിയുള്ളവര്‍ കേരളത്തില്‍ കുറവാണ്. അത് ഇവിടെ വന്നു മറ്റിടങ്ങളിലേക്കു പോവുക മാത്രം ചെയ്യുന്നു. എവിടെയോ ആരുടേയോ രക്തത്തിനും തലച്ചോറിനും തീപിടിക്കുമ്പോള്‍ ലാഭത്തിലൊരു വിഹിതം മലയാളി ഇടനിലക്കാര്‍ക്കും കിട്ടുന്നു. 

മയക്കുമരുന്നു മാഫിയ കൊച്ചിയിലെപ്പോലെ തിരുവനന്തപുരത്ത് ഇല്ല എന്നാണ് പൊലീസും എക്സൈസും ഈ രംഗത്തെ പതിവുകാരും പറയുന്നത്. പക്ഷേ, കൊച്ചിയിലേക്കാള്‍ രഹസ്യക്കടത്ത് കൂടുതല്‍ തിരുവനന്തപുരം വഴിയാണെന്ന് കൊച്ചിയിലെ പൊലീസും മയക്കുമരുന്നു ശൃംഖലയെക്കുറിച്ച് അറിയാവുന്നവരും പറയുന്നു. പാലക്കാട്ടും കോഴിക്കോടും കണ്ണൂരും നിന്ന് കൊച്ചിയില്‍ എത്തിച്ച് കപ്പലിലും വിമാനത്തിലും കടത്തുന്ന സംഘങ്ങളുണ്ട് എന്നാണ് വിവരം. ലഹരിമരുന്ന് ഉപയോഗിച്ചശേഷം തിരുവനന്തപുരത്ത് യുവാവിനെ ഒരു കൂട്ടം ചെറുപ്പക്കാര്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത് സംസ്ഥാനത്തെ ലഹരിമാഫിയയുടെ സ്വാധീനം വ്യക്തമാക്കുന്ന സംഭവമായിരുന്നു.  മൂന്നാഴ്ചയ്ക്കിടെ തലസ്ഥാനത്തെ ലഹരി സംഘം അതിക്രൂരമായി കൊലപ്പെടുത്തിയത് രണ്ടു യുവാക്കളെയായിരുന്നു. മാര്‍ച്ച് മൂന്നിന് ചിറയിന്‍കീഴില്‍ വിഷ്ണു എന്ന യുവാവ് കൊല്ലപ്പെട്ടു. കരമന തളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അനന്തു ഗിരീഷിനെ അതിക്രൂരമായാണ് ലഹരി മാഫിയ കൊലപ്പെടുത്തിയത്. പ്രതികളെല്ലാം 19നും 25 വയസിനും ഇടയിലുള്ളവരായിരുന്നു. 'ഓപ്പറേഷന്‍ കോബ്ര' എന്നപേരില്‍ നടത്തിയ നീക്കത്തിലൂടെ നഗരത്തിലെ ഗുണ്ടാവേട്ടയില്‍ വലിയ വിഭാഗം ക്രമിനലുകളെയും ലഹരി സംഘങ്ങളെയും അമര്‍ച്ച ചെയ്തെന്നായിരുന്നു പോലീസിന്റെ നേരത്തെയുള്ള അവകാശവാദം. ഇതിന് പിന്നാലെയാണ് നാടിനെ നടുക്കി രണ്ട് കൊലപാതകങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ കൊല്ലം കോവളത്ത് വിദേശി സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നിലും ഇത്തരം സംഘങ്ങളുടെ പങ്ക് സംശയിക്കപ്പെട്ടിരുന്നു.


മാക്സ് ജെല്ലി എക്സ്റ്റസി
വിലപിടിച്ച മയക്കുമരുന്ന് 

ലോകത്തെ ഏറ്റവും വിലപിടിച്ച മയക്കുമരുന്നാണ് കൊച്ചിയില്‍ നിന്ന് കഴിഞ്ഞയാഴ്ച എക്സൈസ് സംഘം പിടിച്ചെടുത്തത്. എം.ഡി.എം.എ എന്നറിയപ്പെടുന്ന ഈ ലഹരി ഒരു മൈക്രോ ഗ്രാം ഉപയോഗിച്ചാല്‍ പോലും 48 മണിക്കൂറോളം ഉന്മാദാവസ്ഥയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അളവും ഉപയോഗക്രമവും തെറ്റിയാല്‍ മരണം സംഭവിക്കാനും കാരണമാകും.  ഈ ഇനത്തില്‍പ്പെട്ട അരഗ്രാം ലഹരിമരുന്ന് കയ്യില്‍വച്ചാല്‍ പോലും പത്തുവര്‍ഷം കഠിന തടവു ശിക്ഷ ലഭിക്കും.  ഏറ്റവും വിഷമുള്ള മാക്സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് 'മാക്സ് ജെല്ലി എക്സ്റ്റസി' എന്നറിയപ്പെടുന്നത്. മിക്ക രാജ്യങ്ങളിലും എം.ഡി.എം.എക്ക് നിരോധനമുണ്ട്. മെഡിക്കല്‍ ഉപയോഗങ്ങള്‍ക്കും ഇതുപയോഗിക്കാന്‍ വിലക്കുണ്ട്. നിലവില്‍ ഗവേഷണങ്ങള്‍ക്ക് മാത്രമാണ് പല രാജ്യങ്ങളും ഇളവു നല്‍കാറ്. 1912ലാണ് എം.ഡി.എം.എ ആദ്യമായി നിര്‍മിക്കപ്പെട്ടത്. യഥാര്‍ത്ഥ പേര് Methylsafrylaminc. ആദ്യം മനോരോഗ വിദഗ്ധരാണ് ഇതുപയോഗിച്ചിരുന്നത്. 1980കളില്‍   വന്‍പ്രചാരമാണ് ഇതിനു ലഭിച്ചത്. ഡാന്‍സ് പാര്‍ട്ടികളിലും ആഘോഷങ്ങളിലുമൊക്കെ സ്ഥിരം സാന്നിധ്യവുമായി. പക്ഷേ മനുഷ്യരിലെ ഉപയോഗത്തിന് എഫ്.ഡി.എ അടക്കമുള്ള സംവിധാനങ്ങളുടെ അനുമതി ലഭിച്ചിരുന്നില്ല. 2016ലെ കണക്ക് അനുസരിച്ച് ലോകജനസംഖ്യയുടെ 0.3 ശതമാനം ആള്‍ക്കാര്‍ ഇതുപയോഗിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com