കണുവായ്* ചുടുകാട്ടില്‍- ദുര്‍ഗ്ഗാപ്രസാദ് എഴുതിയ കവിത

കണുവായ്ച്ചുടുകാടി,രുട്ടിനേപ്പകരുകയാണൊരു ചില്ലുഗ്ലാസില്‍ ഞാന്‍പെരിയോരെരിയുന്ന പട്ടടയ്ക്കരികിലിരുന്നൊരുപാതിരാത്രിയില്‍
കണുവായ്* ചുടുകാട്ടില്‍- ദുര്‍ഗ്ഗാപ്രസാദ് എഴുതിയ കവിത

ണുവായ്ച്ചുടുകാടി,രുട്ടിനേപ്പക
രുകയാണൊരു ചില്ലുഗ്ലാസില്‍ ഞാന്‍
പെരിയോരെരിയുന്ന പട്ടടയ്ക്കരികി
ലിരുന്നൊരുപാതിരാത്രിയില്‍

എരിചേര്‍ത്തു പുഴുങ്ങിവച്ചതാം 
കടല ചവച്ചു ചിരിച്ചിടുന്ന നീ
ഭയമോടെഴുന്നേറ്റുനോക്കി, നായ്
ക്കുരയുയരുന്നു വടക്കുകാട്ടിലായ്

കുതികൊണ്ടൊരു രാജപാളയം
തിരയുകയാണിരയാര്? നമ്മളോ?
വിളമാന്തിയ കാട്ടുപന്നിയോ?
തിരുടാനെത്തിയ നാട്ടുമക്കളോ?

ഉടലാകെ മുറിഞ്ഞപോലെ, പൂ 
ങ്കുലകള്‍ വിടര്‍ത്തിയ കാട്ടുതെച്ചികള്‍ 
മറയാക്കി മറഞ്ഞിരുന്നു, കാല്‍ 
പെരുമാറ്റങ്ങളടുത്ത മാത്രയില്‍

ഉരുവത്തെയിരുട്ടിലാഴ്ത്തിടാം,
മണമോ? പമ്മിയൊളിച്ചിരിക്കിലും
ഇരുളിന്റെ കിതച്ച നാവ് നീണ്ട 
രികെ വരുന്നു, വിറച്ചു കാലുകള്‍

ഇടതിങ്ങിയ വാഴകള്‍ക്കിടയ്ക്കി
രുകുഴല്‍ നീട്ടിയ നാട്ടുതോക്കുമായ്
തിരുനെറ്റിയിലുള്ള കണ്‍തുറ 
ന്നൊളി ചിതറും മരണം വരുന്നുവോ?

വിരലൂന്നിയിരുന്നു നീങ്ങി, 
മാങ്കരിയിലപോലുമുണര്‍ന്നിടാതെ,മുള്‍ 
ച്ചെടി മാന്തിയ നീറ്റലേറ്റിറ
ങ്ങുകയാണാകെയുരഞ്ഞ മേലുമായ്.

ഇഴയുന്നു കറുത്ത ചോല തൊട്ടരികില്‍,
അനക്കമകന്നുപോയതായ്
കരുതീ,മതി പോകലാം, വലം
പുരികം പൊക്കിയടുത്തുവന്നു നീ

അവസാനമൊഴിച്ചുവെച്ച പെഗ്ഗൊ 
രുവലികൊണ്ടു കുടിച്ചു, നാം തിരി
ച്ചൊഴുകീ, വെടിയൊച്ച പിന്നില്‍, നീ
തുള തിരയുന്നു പിടച്ച നെഞ്ചിലായ്

ഭയമോടെ തിരിഞ്ഞു ഞാന്‍,കനല്‍ 
പൊരിചിതറീ പുകയും ചിതയ്ക്കുമേല്‍,
തലയോട്ടി ചിരിച്ചു, തീപടര്‍ന്നിളകി,
കിഴക്കു ചിലച്ചു പക്ഷികള്‍

* കണുവായ്  കോയമ്പത്തൂരിലെ ഒരു പ്രദേശം

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com