'ഒരു കാടോര്‍മ്മ' (എസ്. ജോസഫിന്)- അന്‍വര്‍ അലി എഴുതിയ കവിത

ഇരിങ്ങോള്‍ക്കാവില്‍ യുവകവിസംഘമായ് പണ്ട്കറങ്ങാന്‍ നമ്മള്‍ പോയ  ദിവസം ഓര്‍മ്മയുണ്ടോ?
'ഒരു കാടോര്‍മ്മ' (എസ്. ജോസഫിന്)- അന്‍വര്‍ അലി എഴുതിയ കവിത

രിങ്ങോള്‍ക്കാവില്‍ യുവ
കവിസംഘമായ് പണ്ട്
കറങ്ങാന്‍ നമ്മള്‍ പോയ  
ദിവസം ഓര്‍മ്മയുണ്ടോ?

യാത്രയില്‍ ദാഹം തീര്‍ക്കാന്‍ 
കരുതും വെള്ളമൊപ്പം
നീ ചൊല്ലാന്‍ വച്ച കാവ്യം 
കപികള്‍ കൊണ്ടുപോയി

ഓര്‍മ്മയില്‍ തപ്പിത്തപ്പി-
പ്പാതി നീ ചൊല്ലി, ബാക്കി-
പ്പാതി വാനരദാഹ
ഗാഥയ്ക്കു ശമനിയായ്

സൂര്യന്റെ കൂരമ്പൂര്‍ന്ന
ചോലക്കാടലഞ്ഞൂ നാം
തമ്പകച്ചോട്ടില്‍ നിന്നൂ
ഉപ്പന്റെ കൂവല്‍ കേട്ടൂ

രവങ്ങള്‍ നമ്മില്‍ ചരാ-
ചരകാവ്യങ്ങളായി
കുയിലും പുള്ളും കാ,റ്റാ-
ലിലയും കൂടെപ്പാടി

'പ്രാചീനപദ്യംപോലെ
ബലിഷ്ഠം' എന്ന വീമ്പില്‍
പണ്ടെന്നോ മറിഞ്ഞൊരു
മരത്തിലിരുന്നൊരാള്‍

ഇരുന്നുകഴിയും മു-
മ്പൊടിഞ്ഞുവീണൂ പൊള്ള;
ഇരുന്ന കവിയും - വെണ്‍
ചിതലിന്‍ തൊല്‍ക്കാപ്പിയം!

തെളിഞ്ഞൂ തിണയഞ്ചും
കവികള്‍ക്കെല്ലാം; അവര്‍
ചിരിച്ചൂ പൊട്ടിപ്പൊട്ടി
വെയിലിന്‍ ചുള്ളിക്കാട്ടില്‍

കത്തിജ്ജ്വലിച്ചൂ കാവ്
അകവാങ്മയം നീറി
എത്തി, അയ്യപ്പന്‍ മഞ്ഞ-
പ്പുലിതന്‍ പുറത്തേറി

തര്‍ക്കങ്ങള്‍ ചേക്കേറിയ
കാഞ്ഞിരക്കയ്പ്പന്‍ചില്ല
നോക്കി നീര്‍ച്ചാലും നാമും
എപ്പൊഴോ മയങ്ങിപ്പോയ്

വൈകിട്ട്, കത്തിത്തീര്‍ന്നോ-
രിരിഞ്ഞോള്‍വെയ്ലില്‍നിന്ന്,
വൈകിട്ട്, ഓര്‍ക്കുന്നുണ്ടോ?
മടങ്ങീ നമ്മളന്ന്

കവിസംഘമായ് തന്നെ 
മടങ്ങീ നമ്മളന്ന്; 
കാടോര്‍മ്മശ്ശവം - ഇന്ന്
നമ്മുടെ കൂട്ടായ്മകള്‍.

ഈ കവിത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com