'വര്‍ത്തുളചത്വരം'- ഒ.പി. സുരേഷ് എഴുതിയ കവിത

ഒരാളെ വഞ്ചിക്കാതെമറ്റൊരാളെ സ്‌നേഹിക്കാനാവുമോഎന്ന പരീക്ഷണത്തിനൊടുവില്‍നമ്മള്‍ പ്രണയിക്കാന്‍ തുടങ്ങുന്നു 
'വര്‍ത്തുളചത്വരം'- ഒ.പി. സുരേഷ് എഴുതിയ കവിത

രാളെ വഞ്ചിക്കാതെ
മറ്റൊരാളെ സ്‌നേഹിക്കാനാവുമോ
എന്ന പരീക്ഷണത്തിനൊടുവില്‍
നമ്മള്‍ പ്രണയിക്കാന്‍ തുടങ്ങുന്നു 

കിഴക്കുദിക്കുന്ന സൂര്യന്‍
പടിഞ്ഞാറ് അസ്തമിക്കുന്നു,
പിന്നെയും കിഴക്കുദിക്കുന്നു.
ലോകത്തിന് മാറ്റമൊന്നുമില്ലെങ്കിലും 
ഓരോ നിമിഷത്തിലും മാറുന്നു, മാറ്റുന്നു.
നമ്മള്‍ പ്രണയിക്കുന്നു,
മറ്റെല്ലാം മറക്കുന്നു.

മറക്കുന്നത് മാത്രം
കൂടുതല്‍ തെളിച്ചത്തില്‍
ഓര്‍മ്മിക്കുന്നവരാണ് മനുഷ്യര്‍.
നമുക്ക് മുന്‍പേ 
നമ്മെ വലയം ചെയ്ത സ്‌നേഹങ്ങള്‍,
അവയുടെ മൃദുവും സ്വാഭാവികമായ
തലോടലുകള്‍,
നിഷേധിക്കാനാവാത്ത
അവയുടെ ജന്മാവകാശങ്ങള്‍...

എന്നിട്ടും നമ്മള്‍ പ്രണയിച്ചുകൊണ്ടിരുന്നു,
അവരറിയാതെ,നമ്മളറിയാതെ,
നമ്മെത്തന്നെ നിഷേധിക്കുംവിധം.

പരസ്പരം ആവശ്യമുള്ളവരല്ല നമ്മള്‍,
ശത്രുക്കളാവാനുള്ള അടുപ്പം പോലുമില്ല,
എന്നിട്ടും അടുത്ത്‌കൊണ്ടിരുന്ന
രണ്ടു ധ്രുവങ്ങളുടെ ആകര്‍ഷണത്തെ
വളരാന്‍ അനുവദിക്കുകയല്ലാതെ
ഭൂമി മറ്റെന്ത് ചെയ്യും

അലൗകികമാണ്, ആകസ്മികമാണ്
എന്നതൊക്കെ ശരി,
ഇനി നമ്മുടെ വിളകളും കളകളും
നമ്മുടെ മാത്രം ഉത്തരവാദിത്വങ്ങള്‍...

ഈ കവിത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com