'വിഗ്രഹം'- സച്ചിദാനന്ദന്‍ എഴുതിയ കവിത

സ്വര്‍ണ്ണംകൊണ്ട് ഞാന്‍ നിന്റെ വിഗ്രഹം നിര്‍മ്മിച്ചുസ്വര്‍ണ്ണം ഉരുകിപ്പോയി
'വിഗ്രഹം'- സച്ചിദാനന്ദന്‍ എഴുതിയ കവിത

സ്വര്‍ണ്ണംകൊണ്ട് ഞാന്‍ നിന്റെ വിഗ്രഹം നിര്‍മ്മിച്ചു
സ്വര്‍ണ്ണം ഉരുകിപ്പോയി

വെള്ളികൊണ്ട് ഞാന്‍ നിന്റെ വിഗ്രഹം നിര്‍മ്മിച്ചു
വെള്ളി മെഴുകായി മാറി

കല്ലുകൊണ്ട് ഞാന്‍ നിന്റെ വിഗ്രഹം നിര്‍മ്മിച്ചു
കല്ല് മണ്ണായി പൊടിഞ്ഞു

ഞാന്‍ മണ്ണായി മാറി നിന്നെ ആശ്ലേഷിച്ചു
നമ്മില്‍നിന്ന് ഒരു പുതിയ വൃക്ഷം കിളിര്‍ത്തുവന്നു
അതിന് സ്വര്‍ണ്ണത്തിന്റെ ഇലകളും
വെള്ളിയുടെ പൂക്കളും ഉണ്ടായിരുന്നു. 
കല്ലുകള്‍ കിളികളായി മാറി
മണ്ണിന്റെ പാട്ടുകളുമായി
അതില്‍ പറന്നിരുന്നു.

പാട്ടുകള്‍കൊണ്ട് ഞാന്‍
നിന്റെ വിഗ്രഹം നിര്‍മ്മിച്ചു
നീ വരികള്‍ക്കിടയിലെ മൗനമായി
ആ മൗനംകൊണ്ട് 
ഞാന്‍ ഈ ഭാഷയുണ്ടാക്കി
തുഴഞ്ഞു മറുകരെ എത്തി.
നീ അവിടെ  ഒരു  വൃക്ഷത്തിനു കീഴില്‍
എന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു.

ഒരു നക്ഷത്രത്തെ  തോളിലേന്തിയ
മേഘംപോലെ.

ഈ കവിത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com