'മുടന്തന്റെ ഘടികാരം'- അജിത് എം. പച്ചനാടന്‍ എഴുതിയ കവിത

തിടുക്കം മിടിപ്പിക്കുന്നജാഗ്രതാ സൂചിയുള്ളഘടികാരമുണ്ട് മുടന്തന്
'മുടന്തന്റെ ഘടികാരം'- അജിത് എം. പച്ചനാടന്‍ എഴുതിയ കവിത

തിടുക്കം മിടിപ്പിക്കുന്ന
ജാഗ്രതാ സൂചിയുള്ള
ഘടികാരമുണ്ട് മുടന്തന്.
-പരിമിതിയെ 
സദാ 
ആയുധംപോലെ
മൂര്‍ച്ചപ്പെടുത്തുന്ന ക്വാര്‍ട്സ്-

അതിന്റെ അക്ഷമക്കാലുകള്‍
വൈകാതിരിക്കാന്‍ കിതയ്ക്കും.
മുന്നൊരുക്കങ്ങള്‍കൊണ്ടു
ചുറ്റുമുള്ള സ്വാഭാവിക ചലനങ്ങളെ
അന്ധാളിപ്പിക്കും വിധം
കലിപ്പടിപ്പിക്കും.

എല്ലായിടത്തും
കൃത്യത പാലിക്കാന്‍
ഊണു  പാതിയില്‍ നിര്‍ത്തി
കൈകഴുകും,

മുടന്തന്‍,
ഗതാഗതതടസ്സം 
ലക്ഷ്യത്തെ
വൈകിപ്പിക്കുന്നതിനെപ്പറ്റി കുതിക്കും.
സിഗ്‌നലില്‍
പച്ചവെളിച്ചത്തിനു കാത്ത
നേരം 
പതിയെയോടുന്ന വാച്ചുപോലെ
ക്ലേശിച്ചു ചിമ്മും

സ്‌നേഹക്കണക്കിന്റെ
പറ്റുബുക്കില്‍
അവശേഷിക്കുന്ന പൂജ്യം
മുടന്തനെ ദുഃഖിയാക്കുമെന്നതിനാല്‍;
നിര്‍വ്വികാരമായ നിശ്ശബ്ദതയെ പ്രണയിച്ചത്
'സ്വാര്‍ത്ഥന്‍' എന്നു പഴിയാകും.

മുടന്തന്‍ പൊസസ്സീവായാല്‍
'അപകര്‍ഷവാദിയായ സംശയാലു'
എന്നു ശപിച്ച്
ഡിലീറ്റ് ബിന്നില്‍
പ്രണയിനിയുടെ 
പ്രസക്തമല്ലാത്ത  അടയാളങ്ങള്‍
മാഞ്ഞുപോയതായി 
ശേഷിക്കും.

ഭാഗം വെച്ചപ്പോള്‍
കിട്ടിയത്
കല്ലുവെട്ടാങ്കുഴിക്കടുത്ത് ഇത്തിരിമണ്ണ്.

പെണ്ണും പുള്ളേമില്ലാത്തോന് 
എന്തിനു സ്വത്തും പ്രമാണോമെന്ന്
വിജ്ഞരുടെ തുല്യംചാര്‍ത്തല്‍

എണ്ണുമ്പോള്‍ മാത്രം
കണക്കൊപ്പിച്ച മുടന്തന്റെ തല
ഭിത്തിയിലെ മാന്‍കൊമ്പുപോലെ
അപ്രസക്ത സാന്നിധ്യമായി.
വേട്ടക്കാരന്റെ ചെയ്വനകളുടെ
രക്തക്കറയായി...

മുടന്തന്റെ അലാം
അയാളുടെ തന്നിഷ്ടത്തിന്റെ
സൈറണായി
ദൂരവും നേരവും കാല്‍ചിറകിലളക്കുന്ന
എല്ലാവരേയും ചിരിപ്പിച്ചു.

ഒറ്റക്കാലന്‍ കാക്ക
എച്ചില്‍കൂനയില്‍
ഒറ്റയ്ക്കു മാത്രം തീറ്റതേടി.
പറന്നുചെന്ന്
വൈദ്യുതക്കമ്പിയിലിരുന്നപ്പോള്‍
നിലതെറ്റി.

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com