'കാല്‍ക്കുലേറ്റര്‍'- അസീം താന്നിമൂട് എഴുതിയ കവിത

അയാളുടെയാഅടങ്ങാത്ത ആധിയിലീഞാനും...!
'കാല്‍ക്കുലേറ്റര്‍'- അസീം താന്നിമൂട് എഴുതിയ കവിത

യാളുടെയാ
അടങ്ങാത്ത ആധിയിലീ
ഞാനും...!

അത്രമേല്‍ കരുതലോടെ 
പോറ്റിവളര്‍ത്തിയ
അയാളുടെ കോഴികളെയൊക്കെ 
ആരോ വിഷം കൊടുത്തു 
കൊന്നുകളഞ്ഞിരിക്കുന്നു.

ആ 
ജഡങ്ങള്‍ക്കരികില്‍
അയാള്‍ 
ആകെ തളര്‍ന്ന 
നിലയിലാണിപ്പോള്‍.

എത്ര ശ്രദ്ധയോടെയാണ് 
അയാളവയെ പോറ്റിവളര്‍ത്തിയതെന്ന്
എനിക്കറിയാം.
അവയുടെ തുടുതുടുത്ത
ഉടലുകളിലുണ്ടാ കരുതല്‍.

അവയ്ക്കരികില്‍
നെഞ്ചുതകര്‍ന്നുള്ള 
ഈ ഇരിപ്പിനോളം പോന്ന
മറ്റൊരു തകര്‍ച്ച ഞാന്‍
മുന്‍പു കണ്ടിട്ടേയില്ല.

അയാള്‍ക്കാ 
കോഴികളായിരുന്നു എല്ലാം;
ഊണിലും ഉറക്കത്തിലും.

കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്
ഞാനയാളോടു 
അന്നുതന്നെ പറഞ്ഞിരുന്നു;
കാല്‍ക്കുലേറ്ററില്‍   
ധൃതിയില്‍ വിരലോടിച്ച് 
മനസ്സില്‍ പിഴച്ച ഏതോ 
കണക്കിനു പരിഹാരം 
കാണുകയായിരുന്നു 
അപ്പോളയാള്‍.

പന്‍സാരെ വെടിയേറ്റു വീണദിവസം
ഞാന്‍ പനിപിടിച്ചു കിടപ്പിലായിരുന്നു.
പഴമ്പൊരിയുമായി
അയാളെന്നെ കാണാന്‍ വന്നിരുന്നു.
കൊല്ലപ്പെടലുകള്‍ക്കു പിന്നിലെ 
കണക്കുകൂട്ടലുകളെ കുറിച്ച്
ഞങ്ങള്‍ കുറേ സംസാരിച്ചിരുന്നു.

ഗൗരിലങ്കേഷ് കൊല്ലപ്പെട്ട വാര്‍ത്ത
ഞങ്ങളൊരുമിച്ചിരുന്നാണ് കേട്ടത്.
അന്നയാള്‍, കോഴികള്‍ക്കു 
കൊക്കി നിറയെ തീറ്റകൊടുക്കുന്ന
ഉത്സാഹത്തിലായിരുന്നു...

1ആസിഫയെക്കുറിച്ചുകൂടി
എന്തെങ്കിലും സംസാരിക്കാം 
എന്നു കരുതി ചെന്ന ദിവസം
അയാള്‍ 
കാല്‍ക്കുലേറ്ററുകളെ കുറിച്ച് 
വല്ലാതെ വാചാലനായി 
എന്റെ വിഷയത്തെത്തന്നെ 
മാറ്റി മറിച്ചു കളഞ്ഞു.

കൊല്ലപ്പെടലുകള്‍ 
പുത്തരിയല്ലാതായതിനാല്‍ 
മറ്റെന്തിനെ കുറിച്ചെങ്കിലും
കുറച്ചു സംസാരിക്കാമെന്നു 
കരുതിയാണ്
അന്നയാളെ കാണാന്‍ ചെന്നത്.

എങ്ങനെ സംസാരിക്കും..!?
ഇത്രമേല്‍ തകര്‍ന്നുപോയ 
അവസ്ഥയില്‍
ഞാനയാളെ മുന്‍പു കണ്ടിട്ടേയില്ല.

എന്നെ കണ്ട മാത്രയില്‍ തന്നെ
കയ്യിലിരുന്ന കാല്‍ക്കുലേറ്റര്‍
നിലത്തു വലിച്ചെറിഞ്ഞ് 
അയാളെന്നെ
കെട്ടിപ്പിടിച്ചു വാവിട്ടു കരഞ്ഞു...

പലതും പറഞ്ഞു 
സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും 
ഫലമുണ്ടായില്ല. 
ഏറെ അസ്വസ്ഥനായാണ്
മടങ്ങിപ്പോന്നത്.

ജീവനുള്ളതിനോടുണ്ടായിരുന്ന
കണക്കുകൂട്ടലുകളൊക്കെ 
പാടേപാളിയതിനാലാകാം

പിറ്റേന്നു ചെല്ലുമ്പോള്‍
അയാള്‍ 
തന്റെ പൗള്‍ട്രിഫാം 
എന്നെന്നേക്കുമായി
അടച്ചു പൂട്ടിയശേഷം 
മകനോടൊപ്പം യൂട്യൂബില്‍
2'വെപ്പണ്‍ ഷോപ്പ് ഡി ഒമാസ്സെ'
കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

..........................................................................

   ആസിഫ- കഠ്വയില്‍ 
ബലാത്സംഗത്തിനിരയായി 
കൊല്ലപ്പെട്ട നാടോടി പെണ്‍കുട്ടി
2    യോഷിയുകി ഹിറായി എഴുതിയ 
ഒരു കോമഡി റിഥം ജെ.ആര്‍.പി.ജി

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com