'പുറത്തായ പെങ്ങള്‍'- കെ. രാജഗോപാല്‍ എഴുതിയ കവിത

പെങ്ങളും ഞാനുംഒരേ നേരത്തു പിറന്നവര്‍.ഈറ്റുനോവിന്റെ സൂചി    തറഞ്ഞ് കുന്തളി,ച്ചമ്മമേലോട്ടു പോകുന്നേരത്തവള്‍;താഴുമ്പോള്‍ ഞാനും
'പുറത്തായ പെങ്ങള്‍'- കെ. രാജഗോപാല്‍ എഴുതിയ കവിത

പെങ്ങളും ഞാനും
ഒരേ നേരത്തു പിറന്നവര്‍.

ഈറ്റുനോവിന്റെ സൂചി    
തറഞ്ഞ് കുന്തളി,ച്ചമ്മ
മേലോട്ടു പോകുന്നേരത്തവള്‍;
താഴുമ്പോള്‍ ഞാനും.

തകരക്കാര്‍ ഊരുതെണ്ടി
നാടുനീളെ നടപ്പുണ്ട്
തവണച്ചിട്ടിക്കു സ്‌നേഹം 
വെച്ചുനീട്ടുന്നവരുണ്ട്
കല്ലുകൊത്താനായി വന്ന് 
കത്തി രാകുന്നവരുണ്ട്
പെണ്ണൊരുത്തി കണ്ണുവാലി-
ട്ടെഴുതുന്ന പ്രായമാണേ
ചുറ്റുമോരോ കണ്ണുവേണേ,
ചുഴിപ്പുള്ള കാതു വേണേ.
-അമ്മയെന്നെ കാവലാക്കി.

അടുപ്പിനു ശ്വാസംകിട്ടാ-
തരി വെന്തുപുകയല്ല്;
ഉരിയാടാ പ്രാണികളില്‍
നിന്ന് ശാപം വരുത്തല്ല്,
പുല്ലുവട്ടി നിറയ്ക്കാനും
പയ്യിനു കാടി വെയ്ക്കാനും
കോഴി-താറാക്കളെ കീരി
പിടിക്കാതോടിക്കുവാനും 
മറക്കല്ല്, മഴയത്തും
വെയിലത്തും മറിയല്ല്.
-പെങ്ങളെല്ലാം കേട്ടുമൂളി.

-വിലക്കിന്റെ വളയിട്ട്
വളര്‍,ന്നവള്‍ അതിവേഗം.
വിളിയും ചൊല്ലുമില്ലാതെ
വളര്‍ന്നൂ ഞാന്‍ അവള്‍ക്കൊപ്പം.

ഒരിക്കല്‍ പെങ്ങളും ഞാനും
പുറത്തായതു,മൊരുപോലെ.

ബയോളജി ക്ലാസുതീര്‍ന്ന്
വെളിക്കുവിട്ട നേരത്തു-
ണ്ടവള്‍ കുനിഞ്ഞിരിക്കുന്നു,
അടിവയര്‍ ഞെരിക്കുന്നു;
വെയിലത്തു*തെരമാങ്ങാക്കളി
പോലെ വിളറുന്നു.

തിരണ്ട പെങ്ങളെ കൂട്ടി
വീട്ടില്‍ വന്നൊരു കൂട്ടുകാരി.
പനിറൊട്ടി മണക്കുന്നോ-
രവളുടെ മുഖംനോക്കി
ഞറുക്കീലായ് കിത,പ്പള്ളി
പ്പിടിച്ചമാറിടം നോക്കി
കൊതിനീരു വിഴുങ്ങുമ്പോള്‍
മുഖമട,ച്ചവള്‍ ആട്ടി;
-പടിക്കു ഞാന്‍ പുറത്തായി.

വെയില്‍ പോയി, പരമ്പിലെ 
തെരമാങ്ങാക്കളി-വറ്റല്‍
ഉറുമ്പരിച്ചിരിക്കുന്നു.

അന്നുരാത്രി 
അടുക്കളയടയും മുന്‍പ്
അകത്തു ഞാന്‍,
പനിച്ച റൊട്ടിമേല്‍ പതി-
ഞ്ഞുണക്കമുന്തിരിപോലെ.

മഞ്ഞളും സ്വര്‍ണ്ണവും തൊട്ട-
ന്നതിലേറെ മധുരിച്ചോള്‍
-പെങ്ങളിന്നും പുറത്താണ്! 

* മാമ്പഴച്ചാറ്- ചതച്ചുപിഴിഞ്ഞെടുത്ത് പരമ്പില്‍ തളിച്ച് വെയിലത്തുണക്കി സൂക്ഷിക്കാറുണ്ടായിരുന്നു.

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com