'പച്ച' (വിജയലക്ഷ്മിക്ക്)- ലോപാമുദ്ര എഴുതിയ കവിത

ഉടയും സ്‌നേഹോജ്ജ്വലമാം ജലകിരീടങ്ങള്‍പിടയും മൗനത്തിന്റെ ഭാഷ ചുംബിക്കും വിരല്‍,തൊടുത്തു നീയെയ്തിട്ടതേതൊക്കെ വികാരങ്ങള്‍മറഞ്ഞേയൊഴുകുന്നൊരാര്‍ദ്രജീവനകലേ
'പച്ച' (വിജയലക്ഷ്മിക്ക്)- ലോപാമുദ്ര എഴുതിയ കവിത

ടയും സ്‌നേഹോജ്ജ്വലമാം ജലകിരീടങ്ങള്‍
പിടയും മൗനത്തിന്റെ ഭാഷ ചുംബിക്കും വിരല്‍,
തൊടുത്തു നീയെയ്തിട്ടതേതൊക്കെ വികാരങ്ങള്‍
മറഞ്ഞേയൊഴുകുന്നൊരാര്‍ദ്രജീവനകലേ

കര്‍മ്മകാണ്ഡത്തിന്‍ കാട്ടുപാതയില്‍ കാല്‍ തെറ്റാതെ-
യുന്നമിച്ചിടും ധന്യകവിതേ തഥാഗതേ

ക്ഷണികപ്രശംസതന്‍- പ്രാസാദമുപേക്ഷിച്ച 
വ്രണിതാര്‍ദ്രമാം വാക്കേ, വിങ്ങുന്ന മുറിപ്പാടേ

മഴതന്‍ സമ്മോഹനമാം മുഖം, പ്രിയങ്ങളെ
വെടിയാനൊക്കാതെന്നും ചൂഴുന്ന തായ്വേരുകള്‍

ചിത്തമാം ചെതുക്കിച്ച-തടിയെക്കൊത്തിക്കൊത്തി
ശില്പമാക്കിടും നേര്‍ത്ത വാക്കിന്റെ പൊന്‍ വീതുളി

കുതറിച്ചാടുന്നതാം തൃഷ്ണകള്‍, നരയ്ക്കുന്ന 
കരളില്‍ കുടിപാര്‍ക്കും അമ്ലതീക്ഷ്ണമാം സ്‌നേഹം

പതിവായ് ശീലിച്ച സ്വാദ്ധ്യായ വിദ്യയാല്‍  മുള്ളും-
ചെളിയും വഴങ്ങുന്ന യോഗ നിര്‍ഭയാനന്ദം

ഉള്‍ക്കാടിന്‍ മരങ്ങളില്‍ മുറ്റിയ തേന്‍ പോല്‍ ചുറ്റു-
പാടുകള്‍ മധുരിപ്പിച്ചെടുക്കും തുടുവാക്ക്

ഒക്കെ നിന്‍ പേനത്തുമ്പു വിന്യസിക്കുമ്പോള്‍ നോക്കി-
യത്ഭുതം കൂറാറുണ്ടെന്‍ വായന പണ്ടേ പണ്ടേ...

തപിച്ചു നീറിടുമെന്‍ കാമന ചേക്കേറുന്ന
തണുത്ത കൂട്, നെഞ്ച്, നിന്റെ-തേന്മാവിന്‍ ചില്ല

എഴുതാനിരിക്കുമ്പോള്‍ പതറും വിരല്‍ തൊട്ടേ
വഴികാണിക്കും ജ്ഞാനവജ്ര-മോതിരം,  ദീപം 

സ്ഥിതചിത്ത  നീ സരസ്വതിയായ് ഉള്ളിന്നുള്ളില്‍
ഒഴുകുന്നതിനാലേ പൊടിപ്പൂ എന്നില്‍ പച്ച.

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com