'ചിത്രപ്രദര്‍ശനം'- രമ്യ തുറവൂര്‍ എഴുതിയ കവിത

ചിത്രത്തിനുള്ളില്‍തിരക്കേറിയ ഒരുത്സവപ്പറമ്പ്ഫ്രെയിമിന്റെ ഇടതുവശത്തായികൊലുസ്സ് വില്‍ക്കുന്നൊരു പെണ്‍കുട്ടി
'ചിത്രപ്രദര്‍ശനം'- രമ്യ തുറവൂര്‍ എഴുതിയ കവിത
Updated on
1 min read

ചിത്രത്തിനുള്ളില്‍
തിരക്കേറിയ ഒരുത്സവപ്പറമ്പ്
ഫ്രെയിമിന്റെ ഇടതുവശത്തായി
കൊലുസ്സ് വില്‍ക്കുന്നൊരു പെണ്‍കുട്ടി
അവളുടെ മുഖം കണ്ടാലറിയാം
ഒറീസ്സയിലോ ഗുജറാത്തിലോ ബീഹാറിലോ നിന്നായിരിക്കണം
അവളുടെ ചെമ്പന്‍ മുടിയും
കടലിനോളം ആഴമുണ്ടായേക്കാവുന്ന
നീലക്കണ്ണുകളും
കുറച്ചുകൂടി കടുപ്പിക്കാമെന്നെനിക്ക് തോന്നി
ഒരു കാല്‍ ഉള്ളിലേയ്ക്ക് മടക്കിയും
മറ്റേക്കാല്‍ താഴേയ്ക്ക് വളച്ചും
മുകളിലേയ്ക്ക് നോക്കിയിരിക്കുകയാണവള്‍
അവള്‍ക്ക് മുന്നിലായി 
പലനിറങ്ങളിലുള്ള കല്ലുപതിപ്പിച്ച കൊലുസ്സുകള്‍
നിരത്തിവെച്ചിരിക്കുന്നു
അവള്‍ക്ക് ചുറ്റും
കുറച്ച് സ്ത്രീകളും കുട്ടികളുമുണ്ട്.

നോക്കി നോക്കി നില്‍ക്കെ
അവളുടെ ബ്ലൗസിന്റെ മൂന്നാമത്തെ കുടുക്കില്‍നിന്നും
മറ്റൊരുവള്‍ ഇറങ്ങിവരുന്നു
പെട്ടെന്ന് എന്റെ ചൂണ്ടുവിരലൊരു
മാന്ത്രികബ്രഷാകുന്നു
എനിക്ക് മാത്രം കാണാനാവുന്ന 
ഒരു കാന്‍വാസിലേയ്ക്ക് ഞാന്‍
രണ്ടാമത്തവളെ വരയ്ക്കാന്‍ തുടങ്ങുന്നു.
അവളുടെ കറുത്ത നിറത്തെ
നിഴലുകളും നീല മൂടല്‍മഞ്ഞും
ഇഴപിരിഞ്ഞതുപോലെ ലയിപ്പിച്ചു
നെറ്റിയിലേയ്ക്ക് പാറിവീണ മുടിയിഴകള്‍,
മെലിഞ്ഞ ഉടല്‍ അതിനെ പൊതിഞ്ഞ പച്ചയുടുപ്പ്
അതൊക്കെയും വരയ്ക്കുകയാണ്.
എത്ര വരച്ചിട്ടും അവളുടെ കണ്ണുകള്‍ മാത്രം ശരിയാകുന്നില്ല.
അവളുടെ കണ്ണിന്റെ വലത്തേക്കോണില്‍നിന്നും
അരികിലേയ്ക്ക് പടരുന്ന വേദനയുടെ കാട്
അതിനുള്ളില്‍നിന്നും പുറത്തേയ്ക്ക് കുതിക്കുന്ന 
മറവിയുടെ ആട്ടിന്‍പറ്റങ്ങള്‍ 
എനിക്ക് പിടിതരാതെ കുതറിക്കൊണ്ടിരുന്നു.
അവളുടെ ഇരുകൈകളിലും നെഞ്ചോടടുക്കിപ്പിടിച്ച
തിളങ്ങുന്ന വെള്ളിനിറമുള്ള കൊലുസ്സ്
അത്രയേറെ ശ്രദ്ധയോടെ പകര്‍ത്തി വരയ്ക്കുമ്പോഴാണ്
അവളുടെ ഇടതുകാല്‍ ഭാഗത്തെ ശൂന്യത കണ്ണില്‍പെട്ടത്
കൊലുസ്സ് വില്‍ക്കുന്നവള്‍
അവളില്‍നിന്നിറങ്ങി വന്നവളേയും 
എന്നേയും  അദൃശ്യമായ ചിത്രത്തേയും 
മാറി മാറി നോക്കുന്നുണ്ട്
ഇറങ്ങിവന്നവളിപ്പോള്‍
വലതുകാല്‍ മാത്രമൂന്നി ആകാശത്തേയ്ക്ക് നോക്കി
ഒറ്റക്കാലില്‍ കുതിക്കുന്നൊരു കറുത്ത ശില്പം
കടുപ്പിച്ചും മായ്ചും
അവളുടെ ചുവടുകളും ദൂരങ്ങളും 
ഒരു ഭൂപടം കണക്കെ  കാല്‍ചുവട്ടില്‍ വരച്ചുചേര്‍ത്തിട്ടും 
അവളുടെ കൊലുസ്സ് മാത്രം പാകമാകാതെ. 
ശൂന്യതയില്‍ നിന്നിറങ്ങി
അടുത്ത ചിത്രത്തിലേയ്ക്ക്
നടക്കുകയാണ് ഞാന്‍.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com