ദിവാകരന്‍ വിഷ്ണുമംഗലം എഴുതിയ കവിത കരുണക്കാതല്‍

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ദിവാകരന്‍ വിഷ്ണുമംഗലം എഴുതിയ കവിത കരുണക്കാതല്‍
Updated on: 
1 min read

ഉപഗുപ്തമഹാസ്വാമിൻ,

സമയമായെന്നു താങ്കൾ

കുറച്ചുനേരത്തെത്തന്നെ

ചൊന്നിരുന്നെങ്കിൽ

മതികെട്ടു മയങ്ങുമെൻ

മനോതലത്തിലേക്കൊരു

കുടിലാന്ധകാരം നീക്കും

മഹസ്സായേനെ!

എനിക്കെന്റെ തമസ്സാർന്ന

ജീവിതത്തിൻ വഴിനീളെ

ജ്വലിക്കുന്ന വെട്ടമായ് നീ

വന്നിരുന്നെങ്കിൽ,

ഒരുവേളയാശിപ്പൂ ഞാൻ;

വരുംവരായ്കകൾ ചൊല്ലാൻ

വരും വരുമെന്നു പാർത്തു

കിടന്നില്ലേ ഞാൻ?

കൃപാകര, പ്രിയസഖേ,

യീ സമാധിസമയത്തിൽ

എനിക്കെന്തു പ്രയോജനം

നിന്നുപദേശം!

ഉദയത്തിൽ തളിരില -

ത്തിണർപ്പുമായ്‌ കാത്തു ഞാനെൻ

ഹരിതകത്തുടിപ്പുമായ്

പടർന്നുകേറാൻ

സമയമായില്ലയെന്നെൻ,

അകം കാണാതന്നു നീയും;

അകന്നുപോയ്, നട്ടുച്ചയെൻ

ശിരസ്സു നീറ്റി,

കഴിഞ്ഞുപോയ് വിലയേറും

മഹനീയജീവിതത്തിൻ

മൃദുഭാവലതയെല്ലാം

കരിഞ്ഞുപോയി!

ഉദരത്തിലൂഷരമായ്,

പരമ്പരയ്ക്കകം നെയ്യും

അനുരാഗപരിമളം

തുളുമ്പുമണ്ഡം

അനുകമ്പാദീപ്തമാം നിൻ

കൺമുനയിൽനിന്നുയിർക്കും

ശരണരശ്മിയാലെന്റെ -

യകം തപിപ്പൂ!

നറുമണ്ണിൻ ഗന്ധമാർന്ന

പുതുമുള കാക്കുമുയിർ

ശമിക്കുന്നു, വ്യോമദീപം

അണഞ്ഞുപോകെ

തലതല്ലിയാർത്തു കടൽ

നിലവിളി നുരചിന്നി

ശമിക്കുന്നു വിഷാദത്താൽ

കരകൾ തോറും

കൊടുംശാന്തമംബരത്തിൽ

നിറയുന്നുസാന്ധ്യവർണ്ണം;

പടരുന്നൊരിരുൾ ചുറ്റും

പതുങ്ങിനിൽക്കെ,

ഭയമാണെന്നകം; മാംസ -

ബന്ധിതമാമനുരാഗം

ചിലമ്പിച്ച തന്ത്രിയെന്നിൽ

നിലച്ചുപോയി!

ദിവാകരന്‍ വിഷ്ണുമംഗലം എഴുതിയ കവിത കരുണക്കാതല്‍
ആദി എഴുതിയ കവിത‘ദായമ്മക്കൈ’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com