നിങ്ങള്‍ക്ക് ഇതു തരാനേ നിവൃത്തിയുള്ളൂ എന്നു സര്‍ക്കാര്‍ പറഞ്ഞാല്‍ പിന്നെന്തു ചെയ്യും?

1997-ല്‍ ആണ് ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ തുടങ്ങിയത്. 2003 മുതല്‍ 2011 വരെ സര്‍വ്വശിക്ഷാ അഭിയാ(എസ്.എസ്.എ)ന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചിരുന്നു
നിങ്ങള്‍ക്ക് ഇതു തരാനേ നിവൃത്തിയുള്ളൂ എന്നു സര്‍ക്കാര്‍ പറഞ്ഞാല്‍ പിന്നെന്തു ചെയ്യും?

നുകൂലമായും എതിര്‍ത്തും കേരളം ഏറെ ചര്‍ച്ച ചെയ്ത ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി (ഡി.പി.ഇ.പി)യുടെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ തുടങ്ങിയ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ക്ക് 25 വയസ്സ് തികയാനിരിക്കെ സില്‍വര്‍ ജൂബിലി ആഘോഷമല്ല, അടച്ചുപൂട്ടലിന്റെ സങ്കടങ്ങളും തരംതാഴ്ത്തലിന്റെ പരാതികളുമാണ് ചര്‍ച്ചയില്‍. ഈ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ എടുത്ത തീരുമാനം നടപ്പാക്കുകയാണ് ഇപ്പോള്‍. ജോലി നഷ്ടപ്പെടുന്ന അദ്ധ്യാപകര്‍ മറ്റൊരു സ്‌കൂളില്‍ അദ്ധ്യാപകരാകുന്നില്ല. പകരം കിട്ടുന്നത് തൂപ്പു ജോലി. കൊവിഡ് മഹാമാരിയെ പേടിച്ച് രണ്ടു വര്‍ഷമായി അടച്ചിടേണ്ടിവന്ന പൊതുവിദ്യാലയങ്ങള്‍ ഈ അദ്ധ്യയന വര്‍ഷാരംഭത്തില്‍ പ്രവേശനോത്സവം നടത്തി തുറന്നപ്പോള്‍ സമാന്തരമായി ഇതും സമൂഹശ്രദ്ധയില്‍ വന്നത് സ്വാഭാവികം. സമൂഹമാധ്യമ വിമര്‍ശനങ്ങളിലും ചര്‍ച്ചകളിലും ഇവരുടെ സങ്കടങ്ങള്‍ക്കൊപ്പം അര്‍ദ്ധസത്യങ്ങളും അതിശയോക്തികളും കൂടി നിറഞ്ഞു. 11 ജില്ലകളിലായി 270 ഏകാദ്ധ്യാപക വിദ്യാലയങ്ങളില്‍ 344 അദ്ധ്യാപകരും 3818 വിദ്യാര്‍ത്ഥികളുമാണ് ഉണ്ടായിരുന്നത്. 27 വിദ്യാലയങ്ങള്‍ നിലനിര്‍ത്തി ബാക്കിയുള്ളവ അടച്ചുപൂട്ടാനാണ് തീരുമാനം. വേറെ വഴിയില്ലാത്തതുകൊണ്ട് അവരുടെ കൂടി സമ്മതത്തോടെയാണ് ഇപ്പോഴത്തെ മാറ്റം എന്ന് സര്‍ക്കാരും തങ്ങളുടെ സേവനവും അനുഭവ സമ്പത്തും വേണ്ടവിധം പരിഗണിക്കപ്പെട്ടില്ലെന്ന് അദ്ധ്യാപകരും പറയുന്നു. ഇതുവരെ ലഭിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളം, തൊഴില്‍ സ്ഥിരത, ക്രമേണ മറ്റു സര്‍വ്വീസ് ആനുകൂല്യങ്ങള്‍ തുടങ്ങിയവയാണ് സര്‍ക്കാരിന്റെ ഉറപ്പ്. പക്ഷേ, സമൂഹത്തിന്റെ കണ്ണില്‍ ഒറ്റ ദിവസംകൊണ്ട് തങ്ങള്‍ താഴെയായതും ഇതുവരെ ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍നിന്നു ദൂരെ പോയി ജോലി ചെയ്യേണ്ടിവരുന്നതും ഉള്‍പ്പെടെ പറയുന്നതും പറയാത്തതുമായ വിഷമങ്ങളിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. അതിനിടയില്‍, പുതിയ നിയമന കാര്യത്തില്‍ത്തന്നെ ബഹുഭൂരിപക്ഷം പേരും അനിശ്ചിതത്വത്തിലാണ്. എപ്പോള്‍, എവിടെ ജോലി കിട്ടുമെന്ന് ഒരു നിശ്ചയവും ഇല്ല. സ്‌കൂള്‍ തൂത്തുവാരുന്നത് ഒരു മോശം ജോലിയാണെന്ന് ഈ അദ്ധ്യാപകരില്‍ ഒരാള്‍പോലും കരുതുന്നില്ല. അദ്ധ്യാപികയായിരിക്കുമ്പോഴും അതു ചെയ്തിട്ടുണ്ട്. പക്ഷേ, പേര് വിദ്യാ വോളണ്ടിയര്‍ എന്നാണെങ്കിലും പത്തിരുപത്തിനാലു വര്‍ഷം അദ്ധ്യാപക ജോലി ചെയ്തിട്ട് ഈ ജോലിയിലേക്കു മാറേണ്ടിവന്നതാണ് വിഷമം. പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആയി മാറുകയും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോടെ മികവിന്റെ കേന്ദ്രങ്ങളായി മാറുകയും ചെയ്തപ്പോള്‍ ഒരു സൗകര്യവും ഇല്ലാത്ത ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും ഇക്കാര്യങ്ങള്‍ ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറയുന്നു: ''ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ വിദ്യാ വോളണ്ടിയര്‍മാരെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ 23000-50200 ശമ്പള സ്‌കെയിലില്‍ മുഴുവന്‍ സമയ, ഭാഗിക സമയ തൂപ്പുകാരായി എഫ്.ടി.എം/പി.സി.ടി.എം തസ്തികയില്‍ സ്ഥിരനിയമനം നടത്തി ജോലി സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ചെയ്തത്. അവര്‍ക്ക് ആദ്യം നിയമനം നല്‍കിയത് സീനിയോറിറ്റിയുടേയും അവരുടെ സമ്മതത്തിന്റേയും അടിസ്ഥാനത്തിലാണ്.'' എന്നാല്‍, ഓള്‍ട്ടര്‍നേറ്റീവ് സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എ.എസ്.ടി.യു), ഓള്‍ട്ടര്‍നേറ്റീവ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (എ.എസ്.ടി.എ) എന്നീ സംഘടനകള്‍ക്കും ഈ മേഖലയിലെ അദ്ധ്യാപകര്‍ക്കും വ്യത്യസ്തമായ ചിലതു കൂടിയുണ്ട് പറയാന്‍.

അമ്പൂരിയിലെ കുന്നത്തുമലയിൽ ഏകാധാപക വിദ്യാലയത്തിൽ കുട്ടിക​ൾക്കൊപ്പം ഉഷാകുമാരി ടീച്ചർ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
അമ്പൂരിയിലെ കുന്നത്തുമലയിൽ ഏകാധാപക വിദ്യാലയത്തിൽ കുട്ടിക​ൾക്കൊപ്പം ഉഷാകുമാരി ടീച്ചർ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

അനിശ്ചിതത്വം 

1997-ല്‍ ആണ് ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ തുടങ്ങിയത്. 2003 മുതല്‍ 2011 വരെ സര്‍വ്വശിക്ഷാ അഭിയാ(എസ്.എസ്.എ)ന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളെ (എം.ജി.എല്‍.സി) പ്രൈമറി സ്‌കൂളുകളാക്കി മാറ്റണം എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ ശുപാര്‍ശ നിലനില്‍ക്കെയാണ്, 2012-ല്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയത്. അപ്പോള്‍ ഈ വിദ്യാലയങ്ങളെ പ്രൈമറി സ്‌കൂളുകളാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം നടപ്പായില്ല. 354 എം.ജി.എല്‍.സികളുടേയും അന്നുണ്ടായിരുന്ന 11000-ല്‍പരം വിദ്യാര്‍ത്ഥികളുടേയും കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നു. ആ സ്‌കൂളുകള്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങളായിത്തന്നെ തുടരുകയും ചെയ്തു. ആദിവാസി മേഖലകള്‍ കൂടുതലുള്ള തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് പ്രധാനമായും ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശ നടപ്പാക്കാന്‍ സാധിക്കില്ല എന്ന് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിനും ബോധ്യം വന്നു. എങ്കിലും 2020-ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ (എന്‍.ഇ.പി) വ്യവസ്ഥകളാണ് ഇവയുടെ നിലനില്‍പ്പിനു പെട്ടെന്നു ഭീഷണി ഉയര്‍ത്തിയത്. 30-ല്‍ താഴെ കുട്ടികളുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടാനാണ് എന്‍.ഇ.പി നിര്‍ദ്ദേശിക്കുന്നത്. ഭൂരിഭാഗം എം.ജി.എല്‍.സികളേയും ഈ മാനദണ്ഡം ബാധിച്ചു. അതോടെയാണ് ഇവ അടച്ചുപൂട്ടി കുട്ടികളെ മറ്റു സ്‌കൂളുകളിലേക്കു മാറ്റുക എന്ന ആശയം സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ രൂപപ്പെട്ടത്. പക്ഷേ, അദ്ധ്യാപകര്‍ക്കു നിയമനം നല്‍കാന്‍ പ്രായോഗിക തടസ്സങ്ങള്‍ നിലനിന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനം പി.എസ്.സി വഴിയാണ് എന്നതും പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ട് എന്നതും പ്രധാന തടസ്സമായി. ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകരെ പ്രൈമറി സ്‌കൂളുകളില്‍ നിയമിച്ചേക്കും എന്ന പ്രതീതി വന്നപ്പോള്‍ത്തന്നെ അവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ആ സാഹചര്യത്തില്‍ അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഏകാദ്ധ്യാപക സംഘടനകളുമായും മറ്റും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്‌കൂളുകള്‍ പൂട്ടാനും അദ്ധ്യാപകരെ മറ്റു സ്‌കൂളുകളില്‍ ഓഫീസ് അസിസ്റ്റന്റ് ഉള്‍പ്പെടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തസ്തികകളില്‍ നിയമിക്കാനും തീരുമാനിച്ചത്. ആ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിനു തൊട്ടു മുന്‍പ്, 2021 ഫെബ്രുവരിയില്‍ ഉത്തരവും ഇറക്കി. ഉത്തരവില്‍ പക്ഷേ, മുഴുവന്‍ സമയ, ഭാഗിക സമയ തൂപ്പുകാരായി നിയമിക്കും എന്നുതന്നെയാണ് ഉണ്ടായിരുന്നത്. ഉത്തരവിനു തുടര്‍ നടപടിയുണ്ടായില്ല; അതുകൊണ്ട് വാര്‍ത്തയുമായില്ല. 2022 ഫെബ്രുവരിയില്‍ അതേ ഉത്തരവ് പുതുക്കി ഇറക്കി. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ പൂട്ടുന്നതും അദ്ധ്യാപകര്‍ക്ക് സ്വീപ്പര്‍ നിയമനം നല്‍കിയതും. ഇതു പ്രകാരം, തൊട്ടടുത്ത പ്രൈമറി സ്‌കൂളുകളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റേയും പട്ടികവര്‍ഗ്ഗ വകുപ്പിന്റേയും സഹായത്തോടെ സ്‌കൂളുകളില്‍ ചേര്‍ക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. തൊട്ടടുത്ത എല്‍.പി സ്‌കൂളുകളില്‍ കുട്ടികളെ എത്തിക്കാന്‍ കഴിയും എന്ന് ഉറപ്പു വരുത്തിയിട്ടാണ് നടപടി തുടങ്ങിയതെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 243 ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ പൂട്ടാനും കുട്ടികളെ മറ്റു സ്‌കൂളുകളില്‍ എത്തിക്കാന്‍ സൗകര്യമില്ലാത്ത ബാക്കി 27 എണ്ണം തുടര്‍ന്നുപോകാനും ഗവണ്‍മെന്റ് തീരുമാനിച്ചു. പക്ഷേ, പൂട്ടിയ ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകരില്‍ അറുപതോളം പേര്‍ക്കു മാത്രമാണ് നിയമനം കിട്ടിയത്. മറ്റുള്ളവര്‍ നിയമനം കാത്തിരിക്കുന്നു. വിവിധ ജില്ലകളിലെ ഒഴിവുകള്‍ കണക്കാക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കിയുള്ളവര്‍ക്കും നിയമനം ലഭിക്കുക. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഓരോ ദിവസത്തെ സീനിയോറിറ്റിയും പ്രധാനമാണ് എന്നിരിക്കെ, ഡി.ഡി.ഇമാരുടെ റിപ്പോര്‍ട്ട് വൈകുന്നതും അതിനനുസരിച്ച് തങ്ങളുടെ നിയമനം വൈകുന്നതും ഇവരെ വിഷമിപ്പിക്കുന്നുണ്ട്. കിട്ടുന്ന ജോലി ഏതായാലും സ്വീകരിക്കാന്‍ തയ്യാറായവരെ ഇനിയും ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നു ഞങ്ങള്‍ സംസാരിച്ച അദ്ധ്യാപകരില്‍ മിക്കവരും ചൂണ്ടിക്കാട്ടി. പേര് പ്രസിദ്ധീകരിക്കരുത് എന്ന ആ അദ്ധ്യാപകരുടെ അഭ്യര്‍ത്ഥന മാനിക്കുന്നു. പക്ഷേ, ഇടതുമുന്നണി സര്‍ക്കാരായതുകൊണ്ടാണ് ഇതെങ്കിലും കിട്ടിയത് എന്നു പറയുന്ന ഇടുക്കി ജില്ലയിലെ മണിപ്പാറ സ്‌കൂളിലെ അദ്ധ്യാപികയും എ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റുമായ ലിസി ജോസഫിനും കാര്യങ്ങള്‍ക്കു വേഗത വേണമെന്ന അഭിപ്രായമുണ്ട്. അവര്‍ക്കും പകരം നിയമനം കിട്ടിയിട്ടില്ല. അതിനിടെ, ഒഴിവുകള്‍ കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്ത ജില്ലകളില്‍ സമീപ ജില്ലകളില്‍നിന്നുള്ളവരെ നിയമിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപികയായിരുന്ന ഉഷാകുമാരിയുടെ സ്കൂളിലേക്കുള്ള ഓരോ ദിവസത്തെ യാത്രയും ഇങ്ങനെയായിരുന്നു
ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപികയായിരുന്ന ഉഷാകുമാരിയുടെ സ്കൂളിലേക്കുള്ള ഓരോ ദിവസത്തെ യാത്രയും ഇങ്ങനെയായിരുന്നു

തലമുറകളുടെ കണ്ണാടി 

2021-ലെ ഉത്തരവില്‍ പത്തു വര്‍ഷം പൂര്‍ത്തിയായവര്‍ക്കു മാത്രം പുനര്‍നിയമനം എന്നായിരുന്നു പറഞ്ഞിരുന്നത്. പുതിയ ഉത്തരവില്‍ അതൊഴിവാക്കി കിട്ടിയതിലെ സന്തോഷം അദ്ധ്യാപകര്‍ക്കുണ്ട്. മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. ആരും പുറത്തുപോകില്ല. ''അദ്ധ്യാപന ജോലി ചെയ്തവരെ അദ്ധ്യാപകരായി നിലനിര്‍ത്താന്‍ സാധിക്കാത്ത സ്ഥിതിയുണ്ടെങ്കില്‍ തുല്യമായ മറ്റെന്തെങ്കിലും തസ്തികയില്‍ നിയമിച്ചു ഗവണ്‍മെന്റിനു സംരക്ഷിക്കാമായിരുന്നു. പക്ഷേ, തന്നത് തൂപ്പു ജോലിയാണ്. ആ ജോലി മോശമാണെന്ന് ഒരിക്കലും പറയില്ല. പക്ഷേ, സര്‍ക്കാര്‍ സര്‍വ്വീസിലെ ഏറ്റവും അവസാനത്തെ ഗ്രേഡാണല്ലോ. അതില്‍ താഴെ വേറൊരു ജോലിയില്ല. വലിയ ഒരു വിഷമം എന്താണെന്നു വച്ചാല്‍, ഞങ്ങള്‍ പഠിപ്പിച്ചു വിട്ട കുട്ടികള്‍ അദ്ധ്യാപകരായ സ്ഥാപനങ്ങളും നാലാം ക്ലാസ്സ് കഴിഞ്ഞ് ഈ സ്‌കൂളില്‍നിന്നു പോയ കുട്ടികള്‍ അഞ്ചു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന സ്‌കൂളുകളുമുണ്ട്. അവിടെപ്പോയി തൂപ്പു ജോലി ചെയ്യേണ്ടിവരുമ്പോള്‍ ഞങ്ങള്‍ക്കു മാനസികമായി പ്രയാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്'' -എ.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. വിജയകുമാരന്‍ പറയുന്നു. അദ്ദേഹം പറയുന്ന മറ്റൊരു പ്രശ്‌നം ജില്ലയിലെത്തന്നെ ദൂരെ സ്ഥലങ്ങളിലും മറ്റു ജില്ലകളിലും നിയമിക്കുന്നതാണ്. മലപ്പുറം ജില്ലയിലെ നെടുങ്കയം സ്‌കൂളിലാണ് വിജയകുമാരന്‍ ജോലി ചെയ്യുന്നത്. അടച്ചുപൂട്ടാന്‍ തീരുമാനിച്ചവയുടെ കൂട്ടത്തില്‍ ഈ സ്‌കൂളില്ല. പക്ഷേ, ജില്ലയിലെത്തന്നെ മറ്റു പല സഹപ്രവര്‍ത്തകരുടേയും ജോലി പോയി. പലര്‍ക്കും ദൂരെയാണ് നിയമനം. ''നിലമ്പൂരില്‍ വീടിനടുത്തു ജോലി ചെയ്തിരുന്നവരെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി ഭാഗത്തെ സ്‌കൂളുകളില്‍ നിയമിച്ചാല്‍ പോക്കുവരവ് വലിയ ബുദ്ധിമുട്ടാണ്. പാര്‍ട്ട് ടൈം സ്വീപ്പര്‍ക്കു 12000 രൂപയാണ് ശമ്പളം. അതില്‍നിന്നു യാത്രക്കൂലിയായി നല്ലൊരു തുക പോകും. മുഴുവന്‍ സമയ സ്വീപ്പുകാര്‍ക്ക് സ്വന്തം ജില്ലയില്‍ ഒഴിവില്ലെങ്കില്‍ സമീപ ജില്ലയില്‍ നിയമിക്കും. മലപ്പുറം ജില്ലക്കാരെ പാലക്കാട്ട് നിയമിക്കാനാണ് തീരുമാനം.'' തിരുവനന്തപുരം ജില്ലയില്‍ 40 ഒഴിവുകളുണ്ട്; എന്നാല്‍, 17 പേര്‍ക്കാണ് നിയമനം ലഭിക്കേണ്ടത്. എറണാകുളത്ത് 21 ഒഴിവുകളുണ്ട്, അഞ്ചു പേരേ ഉള്ളൂ. സ്വാഭാവികമായും മറ്റു ജില്ലകളില്‍നിന്നുള്ളവരെ നിയമിക്കും. ജില്ല വിട്ടുപോയി ജോലി ചെയ്യുമ്പോഴുണ്ടാകാവുന്ന സാമ്പത്തികം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ അഭിമുഖീകരിക്കാനിരിക്കുന്നു. എങ്കിലും വൈകിപ്പിക്കാതെ നിയമിക്കാന്‍ കഴിഞ്ഞാല്‍ ഒരു ശമ്പളവുമില്ലാതെ പ്രതിസന്ധിയിലാകുന്നത് ഒഴിവാകും. മെയ് വരെ ശമ്പളം കിട്ടിയവരില്‍ ബഹുഭൂരിപക്ഷം ജൂണ്‍ മുതല്‍ ശമ്പളമില്ലാത്തവരായി. 2022 ഫെബ്രുവരിയില്‍ പുതുക്കിയ ഉത്തരവ് ഇറക്കിയ ശേഷവും നടപടികള്‍ ഇഴഞ്ഞതാണ് കാരണം. 

മറ്റൊരു പ്രധാന കാര്യം വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ടതാണ്. വിദ്യാ വോളണ്ടിയര്‍മാരായി നിയമിക്കുമ്പോഴത്തെ അടിസ്ഥാന യോഗ്യത പത്താം ക്ലാസ്സ് ആയിരുന്നു. എങ്കിലും ബി.എഡും ടി.ടി.സിയും ജയിച്ചവരും കെടെറ്റ്, സെറ്റ് തുടങ്ങിയ അധിക അദ്ധ്യാപന യോഗ്യതകള്‍ നേടിയവരുമുണ്ട്. തൂപ്പുജോലി തന്നതിനെതിരെ സമരം ചെയ്യുകയോ ചേരാതിരിക്കുകയോ ചെയ്താല്‍ അത് ഏതുവിധത്തിലുള്ള പ്രതികരണമാണ് മറ്റ് അദ്ധ്യാപകരില്‍ ഉണ്ടാക്കുക എന്ന ആശങ്ക ചേര്‍ന്നവര്‍ക്കുണ്ട്. ഈ ജോലിയെങ്കില്‍ അത്, നഷ്ടപ്പെടുത്തേണ്ട എന്നു ചിന്തിക്കുന്ന അദ്ധ്യാപകരുണ്ടെങ്കില്‍ തങ്ങളുടെ പ്രതിഷേധം അവര്‍ക്കു ബുദ്ധിമുട്ടാകരുത് എന്നു വിചാരിക്കുകയാണ് മറ്റ് അദ്ധ്യാപകര്‍. പലരും തങ്ങളുടെ പുതിയ ജോലിയെക്കുറിച്ച് ആരോടും പറഞ്ഞിരുന്നുപോലുമില്ല. മാധ്യമങ്ങളില്‍ വന്നതോടെ എല്ലാവരും അറിഞ്ഞു; അതും വിഷമമായി. ഏതു ജോലിയും മാന്യതയുള്ളതു തന്നെയാണ് എന്നതു നിഷേധിച്ചുകൊണ്ടൊന്നുമല്ല അവര്‍ സംസാരിക്കുന്നത്. പലര്‍ക്കും ഇനി രണ്ടോ മൂന്നോ വര്‍ഷമൊക്കെയാണ് സര്‍വ്വീസ് ബാക്കിയുള്ളത്. പെന്‍ഷനെങ്കിലും ശരിയായി കിട്ടിയാല്‍ മതി എന്നു പറയുന്നു അവരില്‍ പലരും. പക്ഷേ, ജോലിയില്‍ പ്രവേശിക്കുന്ന അന്നു മുതലുള്ള ശമ്പളമല്ലാതെ മുന്‍കാല പ്രാബല്യമോ സീനിയോറിറ്റിയോ ഒന്നും ഇപ്പോഴത്തെ ജോലിയുടെ ഉത്തരവില്‍ പറയുന്നില്ല. നേരത്തെ 18,500 രൂപ ഓണറേറിയമാണ് കിട്ടിയിരുന്നത്. ഇനിയിപ്പോള്‍ കയ്യില്‍ കിട്ടുന്നത് എത്രയായിരിക്കും എന്ന് ഈ മാസത്തെ ശമ്പളം കിട്ടുമ്പോള്‍ അറിയാം എന്ന സ്ഥിതി. 

പാര്‍ട്ട് ടൈം ആയോ മുഴുവന്‍സമയ ജോലിയായോ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നു. പാര്‍ട്ട് ടൈം സ്വീപ്പര്‍ ആയവര്‍ക്കു വേതനം കുറവാണ്. പറഞ്ഞുവിടുന്നതിനു പകരം ഇതെങ്കിലും തന്നല്ലോ എന്നു പറയുന്ന അദ്ധ്യാപകരേയും കണ്ടു. പക്ഷേ, അവരുടെ കണ്ണിലും നിസ്സഹായതയുടെ മങ്ങലുണ്ട്; അല്ലെങ്കില്‍ കണ്ണീര്‍ത്തിളക്കം. ഡി.പി.ഇ.പിയുടെ കാലത്ത് പ്രോവിഡന്റ് ഫണ്ടില്‍ ഇവരെ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ അതുമില്ല. 

ഇതുവരെയുള്ള സര്‍വ്വീസ് പരിഗണിക്കില്ലെന്നും പുതിയ ജോലിക്കു കയറുന്നതു മുതലുള്ള സര്‍വ്വീസ് മാത്രമേ പരിഗണിക്കൂ എന്നും ഉത്തരവില്‍ കൃത്യമായി പറയുന്നുണ്ട്. പത്തു വര്‍ഷത്തെയെങ്കിലും സര്‍വ്വീസ് നീട്ടിത്തരണം എന്നാണ് വിരമിക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രമായവരുടെ ആവശ്യം. എങ്കില്‍ മാത്രമേ പെന്‍ഷന്‍ കിട്ടുകയുള്ളൂ. അതൊരു മാനുഷിക പരിഗണനയായി കണക്കാക്കണം എന്നാണ് അഭ്യര്‍ത്ഥന.

കുട്ടികൾക്കൊപ്പം ഉഷാകുമാരി ടീച്ചർ
കുട്ടികൾക്കൊപ്പം ഉഷാകുമാരി ടീച്ചർ

നിലനില്‍പ്പിന്റെ പ്രശ്‌നങ്ങള്‍ 

ഏകാദ്ധ്യാപക സ്‌കൂളുകളിലെ അദ്ധ്യാപക നിയമനം കരാര്‍ അടിസ്ഥാനത്തിലാണ് എന്നു പറഞ്ഞിരുന്നെങ്കിലും ഒരു കരാറും ഒരു കടലാസും ഇല്ലാത്തവരും ഉണ്ടായിരുന്നു. എസ്.എസ്.എയുടെ കാലത്ത് കരാറടിസ്ഥാനത്തിലായിരുന്നു നിയമിച്ചിരുന്നത്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തപ്പോള്‍ ചിലയിടങ്ങളില്‍ കരാര്‍ ഉത്തരവ് നല്‍കി, ചിലയിടത്തു നല്‍കിയില്ല. ഉത്തരവ് കിട്ടാത്തവരും കരാറടിസ്ഥാനത്തിലാണ് എന്നു വാക്കാല്‍ പറഞ്ഞു. അന്നുമുതല്‍ ഇന്നുവരെ അതു കേട്ടു തുടരുന്നവരുമുണ്ട്. എങ്കിലും ഒരു സ്ഥിരം ജോലി വേണം എന്നത് ഈ അദ്ധ്യാപകരുടെ മുഴുവന്‍ ആഗ്രഹമായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരും പിന്നീട് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരും ഇവരുമായി നടത്തിയ ചര്‍ച്ചകളില്‍ ഓഫീസ് അസിസ്റ്റന്റ് (ഒ.എ) ആയി നിയമിക്കുന്നത് പരിഗണിക്കാമെന്നും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള നിയമനങ്ങള്‍ പരിഗണിക്കാമെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നു. അതൊന്നും ഉണ്ടായില്ല. സംഘടനകളുടെ സമ്മതത്തോടെയാണ് ഇപ്പോഴത്തെ തീരുമാനമെടുത്തത് എന്ന് മന്ത്രി വി. ശിവന്‍കുട്ടി പറയുന്നതു ശരിയാണെന്ന് സി.പി.എം അനുകൂല സംഘടനയായ എ.എസ്.ടി.യു ശരിവയ്ക്കുന്നു. പക്ഷേ, കോണ്‍ഗ്രസ് അനുകൂല എ.എസ്.ടി.എ ഇതു നിഷേധിക്കുകയാണ്. തങ്ങള്‍ക്കു പറയാനുള്ളത് കേള്‍ക്കാന്‍ ഒരവസരം തരണം എന്ന ആവശ്യം സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല എന്നാണ് ടി.കെ. വിജയകുമാരന്‍ പറയുന്നത്. 3000 രൂപയില്‍നിന്നു ശമ്പളം 5000 ആക്കിത്തരണം എന്നു പറഞ്ഞിട്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് തിരിഞ്ഞുനോക്കിയില്ല എന്ന പരാതി കോണ്‍ഗ്രസ് അനുകൂല സംഘടനയായിട്ടും എ.എസ്.ടി.എ മറച്ചുവയ്ക്കുന്നുമില്ല. മന്ത്രിയുടെ പിന്നാലെ പോയിട്ട് കാര്യമില്ല എന്നു മനസ്സിലാക്കി കോണ്‍ഗ്രസ് നേതാക്കളുടെ സഹായത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടശേഷമാണ് അയ്യായിരമായി വര്‍ദ്ധിപ്പിച്ചത്. അയ്യായിരത്തില്‍നിന്നു പതിനായിരമാക്കിയാണ് ആ സര്‍ക്കാര്‍ പോയത്. അതിനു പക്ഷേ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍ വേണ്ടിവന്നു. പിന്നീട്, കഴിഞ്ഞ സര്‍ക്കാര്‍ അത് 17,325 രൂപയായും 18,500 രൂപയായും വര്‍ദ്ധിപ്പിച്ചു. 

ഒന്നും ഇല്ലാതിരിക്കുന്നതിനേക്കാള്‍ നല്ലത് സ്വീപ്പര്‍ തസ്തികയിലെങ്കിലും നിയമനം കിട്ടുന്നതാണ് എന്ന പൊതുവികാരത്തിലേക്ക് പാവപ്പെട്ട ഈ അദ്ധ്യാപകര്‍ (അവരില്‍ ബഹുഭൂരിപക്ഷവും അദ്ധ്യാപികമാര്‍) എത്തി എന്നതാണ് വസ്തുത. നിങ്ങള്‍ക്ക് ഇതു തരാനേ നിവൃത്തിയുള്ളൂ എന്നു സര്‍ക്കാര്‍ പറഞ്ഞാല്‍ പിന്നെന്തു ചെയ്യും എന്നാണ് ചോദ്യം. ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്കു പല മാസങ്ങളിലെ ശമ്പളം ഒന്നിച്ചാണ് കിട്ടിയിരുന്നത്. കഴിഞ്ഞ ഒക്ടോബറിനുശേഷം ശമ്പളം കിട്ടിയത് ഈ മാര്‍ച്ചിലാണ്. എത്ര കുറഞ്ഞ ശമ്പളമാണെങ്കിലും അതു കൃത്യമായി കിട്ടാത്തത് അദ്ധ്യാപകരെ കുറച്ചൊന്നുമല്ല വലച്ചത്. ഇനി തടസ്സമില്ലാതെ എല്ലാ മാസവും ശമ്പളം കിട്ടും എന്ന ഉറപ്പാണ് ഇപ്പോഴത്തെ തസ്തിക സ്വീകരിക്കുന്നതിലെ ഒരു ആകര്‍ഷണം. 

സര്‍ക്കാരും സമൂഹവും മനസ്സിലാക്കേണ്ട ഒരു കാര്യം, ഡി.പി.ഇ.പിയുടേയും എസ്.എസ്.എയുടേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും നിരന്തര പരിശീലനം കിട്ടിയ അദ്ധ്യാപകരാണ് ഇവര്‍ എന്നതാണ്. ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷത്തെ അദ്ധ്യാപന അനുഭവസമ്പത്ത് ഉള്ളവര്‍. സര്‍ക്കാരിന് ആ വൈദഗ്ദ്ധ്യവും കഴിവും ഉപയോഗിക്കാന്‍ കഴിയേണ്ടതാണ്. ഏഴാം ക്ലാസ്സ് യോഗ്യതമാത്രം ആവശ്യമുള്ള ജോലിയാണ് സ്വീപ്പറുടേത്. ഇവരെ തൂപ്പുകാരാക്കി മാറ്റുമ്പോള്‍ ഉപയോഗിക്കപ്പെടാതെ പോകുന്നത് അനുഭവസമ്പത്തിന്റെ വലിയ കലവറയാണ്.

ഉഷാകുമാരി ടീച്ചര്‍ ഒരു പ്രതീകം

അടച്ചുപൂട്ടിയ അമ്പൂരി കുന്നത്തുമല ഏകാദ്ധ്യാപക വിദ്യാലയത്തില്‍നിന്ന് പേരൂര്‍ക്കട പി.എസ്.എന്‍.എം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് നിയമിതയായ കെ.ആര്‍. ഉഷാകുമാരി ടീച്ചറാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴത്തെ മാറ്റത്തിന്റെ പ്രതീകമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ തുടങ്ങും മുന്‍പേ, നന്നേ ചെറുപ്രായത്തില്‍ സാമൂഹിക ജീവിതത്തിലേക്കു വന്ന ഉഷാകുമാരി നേടിയ പുരസ്‌കാരങ്ങളും മാധ്യമശ്രദ്ധയും ഇതിനു കാരണമായി മാറുകയും ചെയ്തു. തനിക്ക് ഈ തൂപ്പുജോലികൊണ്ട് ഒരു അഭിമാനപ്രശ്‌നവുമില്ലെന്നു പറയുന്നു, ഉഷാകുമാരി ടീച്ചര്‍. എന്തെങ്കിലും ഒരു ജോലി ചെയ്യണം, ജീവിക്കണം. ഇപ്പോള്‍ തുടങ്ങിയതാണ് ഈ ചിന്തയെന്നും ഒരു പ്രായം കഴിയുമ്പോഴാണ് അങ്ങനെയൊക്കെ ചിന്തിക്കാന്‍ കഴിയുന്നതെന്നുംകൂടി അവര്‍ തുറന്നു പറയുന്നു: ''തൂപ്പുജോലി എന്നതൊരു കുറഞ്ഞ ജോലിയല്ല. പക്ഷേ, അദ്ധ്യാപകരായിരുന്നവര്‍ തൂപ്പുജോലി ചെയ്യുമ്പോഴാണ് വിഷമം. ഇന്നലെ ഒരു ടീച്ചര്‍ വിളിച്ചു സങ്കടം പറഞ്ഞു, നിങ്ങളുടെ ഭാര്യയെയൊക്കെ പിരിച്ചുവിട്ട് തൂപ്പുജോലി കൊടുത്തു അല്ലേ എന്നു ഭര്‍ത്താവ് റേഷന്‍ വാങ്ങാന്‍ ചെന്നപ്പോള്‍ ആരോ ചോദിച്ചു. ഭര്‍ത്താവ് വീട്ടില്‍ വന്നു വലിയ വിഷമത്തോടെയാണത് പറഞ്ഞത്. ഞങ്ങള്‍ക്കു പ്രശ്‌നമില്ല, പക്ഷേ, സമൂഹത്തിന് അംഗീകരിക്കാന്‍ പറ്റുന്നില്ല.''

തലസ്ഥാന ജില്ലയില്‍ തന്നെയുള്ളതെങ്കിലും പേരൂര്‍ക്കടയും അമ്പൂരിയും തമ്മില്‍ വളരെ ദൂരമുണ്ട്. പോയി വരാനുള്ള സൗകര്യത്തിനു സ്‌കൂളില്‍നിന്ന് അധികം അകലെയല്ലാതെ കരകുളത്ത് വീടു വാടകയ്‌ക്കെടുത്ത് അങ്ങോട്ടു മാറിത്താമസിച്ചു. നാട്ടില്‍ത്തന്നെ നില്‍ക്കാതെ താമസം മാറിയത് ആളുകളുടെ ചോദ്യം ഒഴിവാക്കാന്‍ കൂടിയാണ്. ഫോട്ടോഗ്രാഫറായ മകള്‍ രേഷ്മ മോഹന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ രേഷ്മയെ പരിചയമില്ലാത്ത ചിലര്‍ ഈ അദ്ധ്യാപകരുടെ പുതിയ നിയമനത്തെക്കുറിച്ചു തരംതാഴ്ത്തി പറയുന്നതു കേട്ടു. അമ്മ ഇതിനു പോകണ്ട എന്നു പറഞ്ഞുകൊണ്ടാണ് മകള്‍ അന്നു വീട്ടിലെത്തിയത്. പക്ഷേ, അങ്ങനെ നാട്ടുകാരുടെ അഭിപ്രായങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ കഴിയില്ല എന്നാണ് ടീച്ചറുടെ തീരുമാനം. ''ഇതേ കിട്ടുകയുള്ളൂ എന്നു മനസ്സിലാക്കി ഞാന്‍ നേരത്തെ മനസ്സിനെ പാകപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ പറയുന്നത് സംഘടന ആവശ്യപ്പെട്ടിട്ടാണ് ഈ ജോലി നല്‍കിയത് എന്നാണ്. ആര് ആവശ്യപ്പെട്ടു എന്നറിയില്ല. 50 വയസ്സു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെയൊക്കെ നില തെറ്റി. ഒരു തൂപ്പു ജോലിയെങ്കിലും കിട്ടിയെങ്കില്‍ മതിയായിരുന്നു എന്ന് ആ സാഹചര്യത്തില്‍ ആരോ പറഞ്ഞത് സംഘടനക്കാര്‍ സര്‍ക്കാരിനോട് അദ്ധ്യാപകരുടെ നിലപാടായി അവതരിപ്പിച്ചതായിരിക്കും. അത് എല്ലാവരുടേയും അഭിപ്രായമല്ല.'' 

സര്‍വ്വശിക്ഷാ അഭിയാന്റെ കേന്ദ്ര ഫണ്ട് നിര്‍ത്തിയപ്പോള്‍ത്തന്നെ, പത്തു വര്‍ഷം മുന്‍പ് പിരിച്ചുവിടേണ്ടവരായിരുന്നു എന്ന ഓര്‍മ്മ ഉള്ളതുകൊണ്ട് കിട്ടുന്നത് എത്ര ആയാലും അതില്‍ ജീവിക്കുക എന്ന ചിന്തയാണ് ബഹുഭൂരിപക്ഷം പേര്‍ക്കും എന്ന് ഉഷാകുമാരി പറയുന്നു. മികച്ച അദ്ധ്യാപികയ്ക്കുള്ള പല അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ഉഷാകുമാരി. കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു വലിയ സംഭാവന നല്‍കിയ പി.എന്‍. പണിക്കര്‍ക്കൊപ്പം കാന്‍ഫെഡിന്റെ സാക്ഷരതാ പ്രവര്‍ത്തനത്തിലാണ് ആദ്യം പങ്കെടുത്തത്. 1985-'86 കാലയളവിലായിരുന്നു അത്. മികച്ച സാക്ഷരതാ പ്രവര്‍ത്തക എന്ന നിലയില്‍ മുഖ്യമന്ത്രി കെ. കരുണാകരനില്‍നിന്ന് അവാര്‍ഡ് ലഭിച്ചു. നെഹ്രു യുവകേന്ദ്രയില്‍ പ്രവര്‍ത്തിച്ച് അവിടെനിന്നും അംഗീകാരം നേടി. കുടുംബശ്രീയുടെ തുടക്കത്തില്‍ പഞ്ചായത്ത്തല കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. അന്ന് എ.ഡി.എസ്സും സി.ഡി.എസ്സും ഉണ്ടായിരുന്നില്ല. കുടുംബശ്രീയിലേയ്ക്ക് സ്ത്രീകളെ കൊണ്ടുവരാന്‍ തന്നെ വലിയ ബുദ്ധിമുട്ടായിരുന്ന അക്കാലത്ത് കോ-ഓര്‍ഡിനേറ്ററായി മികച്ച പ്രവര്‍ത്തനം നടത്തുമ്പോഴാണ് ഏകാദ്ധ്യാപക വിദ്യാലയത്തില്‍ ജോലി കിട്ടിയത്. പ്രവര്‍ത്തിച്ച മേഖലകളിലൊക്കെ മികവു പ്രകടമാക്കി. അതൊരു നിശ്ചയദാര്‍ഢ്യമായിരുന്നു. ഇനിയും അതു തുടരും എന്നു പറയുന്ന ഈ അദ്ധ്യാപികയ്ക്ക് ആരോടും ഈ മാറ്റത്തിന്റെ പേരില്‍ പരിഭവമില്ല. ഇനിയും ആറു വര്‍ഷം കൂടി സര്‍വ്വീസുണ്ട്. അതുകഴിഞ്ഞു സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് ആഗ്രഹം. കുട്ടികള്‍ക്കുവേണ്ടിയോ മുതിര്‍ന്നവര്‍ക്കുവേണ്ടിയോ അങ്ങനെ എന്തെങ്കിലും ചെയ്യാനാണ് ഇഷ്ടം. പക്ഷേ, നല്ല പ്രായത്തില്‍ കുട്ടികളെ പഠിപ്പിക്കാന്‍ 'കാട്ടില്‍ കയറിയ' ഞങ്ങള്‍ക്കു പെന്‍ഷന്‍ ഉറപ്പാക്കണം. കഴിയുമെങ്കില്‍ സര്‍വ്വീസ് കാലാവധി നീട്ടിത്തരികയും വേണം.

സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ കുട്ടികളെ കണ്ടെത്തി സ്‌കൂളിലെത്തിക്കാന്‍ നിയോഗിക്കപ്പെട്ട വിദ്യാ വാളണ്ടിയര്‍മാരില്‍ ഉഷാകുമാരിയും ഉണ്ടായിരുന്നു. 1996-ല്‍. അമ്പൂരി പഞ്ചായത്തിലെ കൊടുമല വാര്‍ഡിലാണ് കുന്നത്തുമല. ആദിവാസികള്‍ കൂടുതലുള്ള പ്രദേശം. പുഴയ്ക്കപ്പുറവും ഇപ്പുറവുമായാണ് പ്രദേശം. അപ്പുറത്ത് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയുടെ അതിര്‍ത്തിയാണ്. പൂട്ടുമ്പോള്‍ ഏഴു പേരാണ് സ്‌കൂളിലുണ്ടായിരുന്നത്. അവരെ മൂന്നു സ്‌കൂളുകളിലായി ചേര്‍ത്ത് ഹോസ്റ്റലിലാക്കി. ഉള്ള കുട്ടികളെ വെച്ച്, രക്ഷിതാക്കളുടെ സഹകരണത്തോടെ പ്രവേശനോത്സവമൊക്കെ നടത്തുമായിരുന്നു എന്നു പറയുമ്പോള്‍ ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞുവരുന്നുണ്ട്. ഏകാദ്ധ്യാപക വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനു പ്രത്യേക ഫണ്ടൊന്നുമില്ല. പക്ഷേ, മറ്റു സ്‌കൂളുകളിലെ കുട്ടികള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തതിന്റെ വാര്‍ത്തയൊക്കെ ടി.വിയിലും മറ്റും കാണുമ്പോള്‍ ഇവിടുത്തെ കുട്ടികള്‍ക്കു വിഷമമുണ്ടാകരുത് എന്നു ചിന്തിച്ചാണ് ചെയ്യുന്നത്. മാത്രമല്ല, നാലാം ക്ലാസ്സ് കഴിഞ്ഞു മറ്റു സ്‌കൂളില്‍ ചേരുമ്പോഴും എന്റെ സ്‌കൂളില്‍ ഇതൊന്നും നടന്നിട്ടില്ലല്ലോ എന്നു കുട്ടി ചിന്തിച്ചു വിഷമിക്കും. 

ഏകാദ്ധ്യാപക വിദ്യാലയത്തില്‍ ജോലി കിട്ടുമ്പോള്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ജയിച്ചിരുന്നില്ല. പിന്നീട് കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം സ്വയം പഠിച്ച് ഓപ്പണ്‍ സ്‌കൂള്‍ വഴി പ്ലസ് ടു എഴുതിയെടുത്തു. കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ ബി.എ മലയാളം ബിരുദ പഠനത്തിനും ചേര്‍ന്നു. രണ്ടു പേപ്പര്‍ കൂടി എഴുതിയെടുത്താല്‍ ബിരുദധാരിയാകും. അമ്പൂരിയില്‍ ചുമട്ടുതൊഴിലാളിയായ ഭര്‍ത്താവ് മോഹന്‍ അവിടെത്തന്നെ തുടരും. രേഷ്മയും ഉഷാകുമാരിയും വാരാന്ത്യത്തില്‍ അവിടേക്കു പോകണം എന്നാണ് ഇപ്പോഴത്തെ തീരുമാനം. ജോലിയിലെ മാറ്റം കുടുംബജീവിതത്തില്‍ ഉണ്ടാക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളോടു പൊരുത്തപ്പെടാന്‍ ഒരുങ്ങുകയാണ് ഇവര്‍. അക്ഷരം പൂക്കുന്ന കാട്, മൈ സ്റ്റോറി എന്നീ പേരുകളില്‍ ഉഷാകുമാരി ടീച്ചറിന്റെ അദ്ധ്യാപനവും ജീവിതവും ഡോക്യുമെന്ററികളായി പുറത്തു വന്നിട്ടുണ്ട്. ഒരു ജോലി നേരത്തെ ഏല്പിച്ചു, അതുകഴിഞ്ഞപ്പോള്‍ മറ്റൊരു ജോലി എന്ന മട്ടില്‍ കണ്ടാല്‍ യാതൊരുവിധ അപകര്‍ഷതാബോധത്തിന്റേയും കാര്യമില്ല എന്ന് ആശ്വസിക്കാനും ശ്രമിക്കുകയാണ് അവര്‍.

കുട്ടികളുടെ കാര്യത്തിലുള്ള ശ്രദ്ധ കാരണം സ്വന്തം മക്കളെ ശ്രദ്ധിച്ചില്ല എന്ന 'കുറ്റപ്പെടുത്തല്‍' അവരില്‍നിന്നുതന്നെ കേള്‍ക്കേണ്ടിവന്നത് ഒന്നോ രണ്ടോ വട്ടമല്ല. സ്‌കൂളിലെ കുട്ടികളേയും സ്വന്തം മക്കളായി കരുതി, അവര്‍ക്ക് ഒരു കാര്യത്തിലും മുട്ട് വരാതിരിക്കാന്‍ ശ്രദ്ധിച്ചു. പുലര്‍ച്ചെ നാലു മണിക്ക് എണീറ്റു വീട്ടുകാര്യങ്ങള്‍ ചെയ്യും. കൃത്യം ഏഴരയ്ക്ക് കടവില്‍ എത്തിയേ പറ്റൂ. ഏഴരയ്ക്ക് കടവില്‍ എത്തിയില്ലെങ്കില്‍ വള്ളം പിന്നീട് വരുമ്പോള്‍ താമസിക്കും. സ്‌കൂളില്‍ എത്തുമ്പോള്‍ വൈകുകയും ചെയ്യും. വൈകി ഇറങ്ങിയാല്‍പ്പിന്നെ ഓട്ടമാണ്. ആ വെപ്രാളത്തോടെ കയറ്റം കയറിയാല്‍ സ്വതവേയുള്ള ശ്വാസംമുട്ടല്‍ കൂടും. സാവധാനം, വേവലാതിപ്പെടാതെ നടന്നു കയറിയാല്‍ കുഴപ്പമില്ല. അതു കഴിയണമെങ്കിലും നേരത്തേ ഇറങ്ങണം. സ്വന്തം വയ്യായ്കയേക്കാള്‍ പ്രധാനം തന്റെ കുട്ടികള്‍ കാത്തുനില്‍ക്കും എന്ന ചിന്തയാണ്. മക്കള്‍ക്കു ഭക്ഷണം കൊടുത്താലും ഇല്ലെങ്കിലും കൃത്യസമയത്തു പുറപ്പെടുമായിരുന്നു; അന്ന് ഏറ്റവുമധികം അതിന്റെ പേരില്‍ അമ്മയോട് പരിഭവിക്കുകയും പിണങ്ങുകയും ചെയ്ത രേഷ്മയ്ക്ക് ഇപ്പോള്‍ അമ്മയുടെ സമര്‍പ്പണ മനോഭാവത്തെക്കുറിച്ച് അഭിമാനമാണ്. അത് രേഷ്മ ഉഷാകുമാരിയോട് ഏറ്റുപറയുകയും ചെയ്തിട്ടുണ്ട്. രേഷ്മയ്ക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് അമ്മ അദ്ധ്യാപികയായത്. അന്നു മുതല്‍ തന്റെ 'കഷ്ടകാലവും' തുടങ്ങി എന്ന് ഇന്നു തമാശ പറയാന്‍ രേഷ്മയ്ക്കു കഴിയുന്നുണ്ട്. പക്ഷേ, രേഷ്മയുടെ കുട്ടിക്കാലം മുഴുവന്‍ അമ്മയുടെ ഒന്നാമത്തെ പരിഗണന സ്‌കൂളിലെ കുട്ടികളും അവര്‍ തന്നില്‍ വയ്ക്കുന്ന പ്രതീക്ഷയുമായിരുന്നു. എന്നിട്ടാണ് ഇപ്പോഴിങ്ങനെ എന്ന സങ്കടമുണ്ട് ആ മകള്‍ക്കും. 

ഇങ്ങനെയൊക്കെയാണെങ്കിലും പ്രകൃതിയുമായി അത്രയേറെ ഇടപഴകി ജീവിക്കാന്‍ കഴിഞ്ഞതുകൊണ്ട്, അദ്ധ്യാപക ജോലിക്കാലം ആഘോഷമാക്കാന്‍ കഴിഞ്ഞു എന്നാണ് ഉഷാകുമാരി പറയുന്നത്. കാടിനൊപ്പം, പ്രകൃതിയുടെ മിടിപ്പുകള്‍ക്കൊപ്പം ജീവിക്കുന്ന മനുഷ്യരുടെ കൂടെ ജിവിക്കാന്‍ കഴിയുന്നതുതന്നെ സന്തോഷമാണ്. അവരുടെ വിശ്വാസവും സ്‌നേഹവും കൂടി വാരിക്കോരി കിട്ടിയാല്‍പ്പിന്നെ പറയുകയും വേണ്ട. ആ ഭാഗ്യം തനിക്കു കിട്ടി എന്നു ടീച്ചര്‍ പറയുന്നു. ആ പ്രദേശവും ആളുകളും നന്മകൊണ്ട് ടീച്ചറെ പിന്തുടരുക തന്നെയാണ്.

ഈ റിപ്പോർട്ട് കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com