'2024-ല്‍ ജയിച്ചിരിക്കും എന്നാണ് അവകാശവാദം, അതിനാണ് കുറച്ചുമുന്‍പേ തന്നെ ഇറങ്ങിത്തിരിച്ചിരിക്കുന്നത്'

'2024-ല്‍ ജയിച്ചിരിക്കും എന്നാണ് അവകാശവാദം, അതിനാണ് കുറച്ചുമുന്‍പേ തന്നെ ഇറങ്ങിത്തിരിച്ചിരിക്കുന്നത്'

പ്രഭാരി കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തെ കൂടെ നിര്‍ത്തിയും വിശ്വാസത്തിലെടുത്തും മാത്രം പ്രവര്‍ത്തിച്ചാല്‍ മതി എന്ന വ്യക്തമായ നിര്‍ദ്ദേശം ജാവഡേക്കറിനു കിട്ടുകയും ചെയ്തു

2022 സെപ്റ്റംബര്‍ മുതല്‍ കേരളത്തില്‍ ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള പ്രഭാരിയായ പ്രകാശ് ജാവഡേക്കറിനു തൊട്ടുമുന്‍പ് കോയമ്പത്തൂര്‍ മുന്‍ എം.പി സി.പി. രാധാകൃഷ്ണന്‍ ആയിരുന്നു ആ ചുമതലയില്‍. കേരളത്തിലെ ക്രൈസ്തവസഭാ നേതാക്കളെ ബി.ജെ.പിയുമായി അടുപ്പിക്കാന്‍ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ചര്‍ച്ചകളും ഇടപെടലുകളും തുടങ്ങിവെച്ചു, കേരളത്തെ നന്നായി അറിയാവുന്ന മുന്‍ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ്. ആ ചര്‍ച്ചകളുടെ ഭാഗമായി ആര്‍.എസ്.എസ്സിന്റെ മുതിര്‍ന്ന നേതാവ് രാംലാല്‍ 2022 മെയ് ആദ്യം കേരളത്തില്‍ വന്നു. രാംലാലിന്റെ വരവിനു മുന്നോടിയായി സി.പി. രാധാകൃഷ്ണനും കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി ജോണ്‍ ബര്‍ളയും തിരുവനന്തപുരത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയസ് ക്ലിമ്മീസ് ഉള്‍പ്പെടെ വിവിധ സഭാ മേലധ്യക്ഷന്മാരെ കണ്ട് ചര്‍ച്ചയ്ക്ക് കളമൊരുക്കി. അടുത്ത ഘട്ടം ഡല്‍ഹിയിലാകാം എന്ന ധാരണയാണ് ഒന്നാംഘട്ട ചര്‍ച്ചകളില്‍ ഉണ്ടായത്. തങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും നേരിട്ടു ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട് എന്ന് സഭാനേതാക്കള്‍ അറിയിച്ചതായിരുന്നു കാരണം. അതിന്റെ അടിസ്ഥാനത്തില്‍ വൈകാതെ തന്നെ ഡല്‍ഹി ചര്‍ച്ചയ്ക്ക് തീയതി തീരുമാനിച്ചു. ക്ഷണം കിട്ടിയതനുസരിച്ച് ചില പ്രധാന ക്രൈസ്തവ സഭാ നേതാക്കള്‍ ഡല്‍ഹിക്കു പോയി. സി.പി. രാധാകൃഷ്ണനും ആര്‍.എസ്.എസ് സമ്പര്‍ക്ക പ്രമുഖ് രാംലാലിനും പുറമേ കേരളത്തില്‍നിന്ന് ആര്‍.എസ്.എസ്സിന്റെ ചില നേതാക്കളും ജോണ്‍ ബര്‍ളയും ഈ ചര്‍ച്ചയുടെ ഭാഗമാകാന്‍ എത്തി. ഉച്ചയ്ക്കുശേഷമാണ് കൂടിക്കാഴ്ചയ്ക്കു സമയം നിശ്ചയിച്ചിരുന്നത്. പക്ഷേ, രാവിലെ സി.പി. രാധാകൃഷ്ണന് ഒരു വിളി വന്നു. അതിലെ വിവരം അമ്പരപ്പിക്കുന്നതായിരുന്നു: അദ്ദേഹത്തെ കേരളത്തിന്റെ ചുമതലയില്‍നിന്നു മാറ്റിയിരിക്കുന്നു. ആ ചര്‍ച്ചയുടെ ഗതി എന്തായെന്ന് അറിയില്ല. എന്തായാലും കേരളത്തില്‍ ബി.ജെ.പിയുടെ ഗ്രൂപ്പിസവും പോരും അവസാനിപ്പിച്ച് ഐക്യമുണ്ടാക്കാനും കേരളത്തില്‍ പാര്‍ട്ടിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുതകുന്ന വിഭാഗങ്ങളെ കൂടെ കൊണ്ടുവരാനും 2020 നവംബറില്‍ നിയോഗിച്ച സി.പി. രാധാകൃഷ്ണനെ സംസ്ഥാനത്തെ പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്റെ ആവശ്യപ്രകാരം നീക്കുകയായിരുന്നു. സംസ്ഥാന നേതാക്കള്‍ക്ക് രാഷ്ട്രീയ നേട്ടം അവകാശപ്പെടാന്‍ സാധിക്കാത്ത വിധം, ആര്‍.എസ്.എസ്സിനെ മാത്രം മുഖവിലയ്‌ക്കെടുത്ത് ക്രൈസ്തവസഭാ നേതാക്കളുമായി ചര്‍ച്ച നടത്തിയതും കേരളത്തിലെ ഔദ്യോഗിക വിഭാഗത്തിന്റെ ആളായി മാറാന്‍ തയ്യാറാകാതിരുന്നതുമായിരുന്നു കാരണം. അതിന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റേയും ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന്റേയും പിന്തുണ കിട്ടുകയും ചെയ്തു. സി.പി. രാധാകൃഷ്ണനെ 2023 ഫെബ്രുവരിയില്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിച്ചു. 

മുന്‍ കേന്ദ്രമന്ത്രിയും ദേശീയ വക്താവുമായ പ്രകാശ് ജാവഡേക്കറും തുടക്കത്തില്‍ സ്വന്തം നിലയ്ക്ക് ചില നീക്കങ്ങളൊക്കെ നടത്തിയിരുന്നു. പക്ഷേ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇക്കാര്യത്തിലെ എതിര്‍പ്പ് വി. മുരളീധരനേയും ബി.എല്‍. സന്തോഷിനേയും നേരിട്ടുതന്നെ അറിയിച്ചു. വിഷയം ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ മാത്രമല്ല, അമിത് ഷായുടെ തന്നെ മുന്നിലെത്തി. പ്രഭാരി കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തെ കൂടെ നിര്‍ത്തിയും വിശ്വാസത്തിലെടുത്തും മാത്രം പ്രവര്‍ത്തിച്ചാല്‍ മതി എന്ന വ്യക്തമായ നിര്‍ദ്ദേശം ജാവഡേക്കറിനു കിട്ടുകയും ചെയ്തു. അതിനുശേഷം നടത്തിയ കൂട്ടായ കരുനീക്കങ്ങളുടെ ഫലമാണ് ഈസ്റ്റര്‍ ദിനത്തില്‍ ബിഷപ്പുമാരുമായും അല്‍മായരുമായും കേരളനേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചകളും പ്രധാനമന്ത്രിയുടെ കൊച്ചി കൂടിക്കാഴ്ചയും. സി.പി. രാധാകൃഷ്ണന്‍ നടത്തിയ ശ്രമങ്ങളും അത് നിന്നു പോയതും സഭാനേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രിയുമായി കേരളത്തില്‍തന്നെ ചര്‍ച്ചയ്ക്ക് അവസരമുണ്ടാക്കാം എന്ന വാഗ്ദാനമാണ് അതിനു നല്‍കിയ മറുപടി. അതു പാലിക്കുകയും ചെയ്തു. ഇനി അമിത്ഷായുമായാണ് അടുത്ത കൂടിക്കാഴ്ച. പക്ഷേ, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കാന്‍ കഴിയാതിരുന്നതും നിവേദനമായി നല്‍കിയതുമായ കാര്യങ്ങളില്‍ ഒരു മറുപടി സഭാനേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. അത് റബ്ബറിന്റെ വിലയിടിവു പരിഹരിക്കുന്ന കാര്യമല്ല; മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് സുഗമമായി വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമല്ല. രാജ്യത്തു വിവിധ ഇടങ്ങളില്‍ ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന കായിക ആക്രമണങ്ങളും വിശ്വാസം പ്രചരിപ്പിക്കുന്നതിലെ തടസ്സങ്ങളും അത്തരം വിവിധ സംഭവങ്ങളില്‍ കൊടുത്ത പരാതികളിലെ തുടര്‍ നടപടികളുടെ കാര്യവുമാണ്. അതായത്, ചിലയിടങ്ങളിലെങ്കിലും സ്വസ്ഥവും സമാധാനവുമായി ജീവിക്കുന്നതിന് തീവ്രസ്വഭാവമുള്ള സംഘപരിവാര്‍ സംഘടനകള്‍ തടസ്സമാകുന്ന കാര്യമാണ്. പുറമേ പറയുന്നതുപോലെ ക്രൈസ്തവസഭാ നേതൃത്വം ബി.ജെ.പിയുമായി നിരുപാധിക സൗഹൃദമുണ്ടാക്കാനും റബ്ബറിനു വില കൂട്ടിയാല്‍ 'എം.പിയെ കൊടുക്കാനും' തയ്യാറായി ഇരിക്കുകയല്ല എന്നാണ് ആ നിവേദനങ്ങള്‍ വ്യക്തമാക്കുന്നത്. മാര്‍ ആലഞ്ചേരിയേയും ബിഷപ്പ് പാംപ്ലാനിയേയും പോലെ ചുരുക്കം ചിലരുടെ മാത്രം മനോഭാവമാണ് അത്. എന്നാല്‍, ഒരു സമുദായം എന്ന നിലയില്‍ സുരക്ഷിതരായി വിശ്വാസപരമായ സ്വാതന്ത്ര്യവും അസ്തിത്വവും നിലനിര്‍ത്തി ജീവിക്കാന്‍ നിങ്ങളുടെ പിന്തുണയും സംരക്ഷണവും എത്രത്തോളമുണ്ട് എന്നതുതന്നെയാണ് വിവിധ സഭകളുടെ ചോദ്യത്തിന്റെ കാതല്‍. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിനു ഭരണാധികാരികളുടെ കാവല്‍ ആണ് സഭകളുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ പരസ്യമായി വരും ദിവസങ്ങളില്‍ എന്തു പറയും എന്നത് ബി.ജെ.പിയുടെ കേരള നയതന്ത്രത്തില്‍ നിര്‍ണ്ണായകമാകാന്‍ പോവുകയാണ്. ബാക്കിയെല്ലാം, യുവം എന്ന പേരില്‍ സംവാദത്തിനു വിളിച്ചിട്ട് പൊതുയോഗമാക്കി മാറ്റിയതും റോഡ് ഷോയുമൊക്കെ മാധ്യമശ്രദ്ധ നേടാനും ഓളം സൃഷ്ടിക്കാനും ഒരുക്കിയ പുറം പരിപാടികള്‍ മാത്രം. അകത്തു നടന്ന ചര്‍ച്ചകളുടെ തുടര്‍ചലനങ്ങളിലാണ് കാര്യം. 

കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മത മേലധ്യക്ഷൻമാരുമായി ചർച്ച നടത്തുന്നു
കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മത മേലധ്യക്ഷൻമാരുമായി ചർച്ച നടത്തുന്നു

അജന്‍ഡയുടെ അര്‍ത്ഥം 

യഥാര്‍ത്ഥത്തില്‍ കേരളത്തിലും ക്രൈസ്തവ സമുദായത്തെ ലക്ഷ്യം വെച്ചു നീങ്ങണം എന്ന ആലോചന 2022-ല്‍ തുടങ്ങിയതല്ല. 2018-ല്‍ തന്നെ അത്തരം ആലോചനകള്‍ക്കു തുടക്കം കുറിച്ചിരുന്നു. ''തൊണ്ണൂറ് ശതമാനവും ക്രൈസ്തവരുള്ള നാഗാലാന്‍ഡില്‍ ബി.ജെ.പിക്ക് പന്ത്രണ്ട് സ്ഥാനാര്‍ത്ഥികളെ ക്രൈസ്തവ സമുദായത്തില്‍നിന്നു ജയിപ്പിക്കാമെങ്കില്‍ ഇരുപത് ശതമാനം ക്രൈസ്തവരുള്ള കേരളത്തില്‍ എന്തുകൊണ്ട് ജയിപ്പിക്കാന്‍ പറ്റില്ല? അതുകൊണ്ട് ബി.ജെ.പി ഇങ്ങനെയാണ്, ഈ സംസ്ഥാനം ഇങ്ങനെയാണ് എന്നു കാണുതിനു പകരം വിവിധ സംസ്ഥാനങ്ങളില്‍ അതതു സംസ്ഥാനത്തെ സാഹചര്യമനുസരിച്ച് അതത് സംസ്ഥാനത്തെ എല്ലാ പാര്‍ട്ടികളും സമീപനം മാറ്റേണ്ടിവരും എന്നു മനസ്സിലാക്കുകയാണ് വേണ്ടത്. കേരളത്തിലെ കോണ്‍ഗ്രസ്സും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സും വേറെയാണ്. കര്‍ണാടകത്തിലെപ്പോലും കോണ്‍ഗ്രസ് വേറെയാണ്. അതുകൊണ്ട് കേരളത്തിലെ സാഹചര്യത്തില്‍ ഈ പാര്‍ട്ടികള്‍ക്കെല്ലാം ചെറിയ വ്യത്യാസങ്ങളോടുകൂടി സമീപനമെടുക്കേണ്ടിവരും.'' ഇത് 2018 മാര്‍ച്ചില്‍ രാജ്യസഭാംഗമായപ്പോള്‍ മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വി. മുരളീധരന്‍ പറഞ്ഞതാണ്. മറ്റൊന്നുകൂടി അദ്ദേഹം പറഞ്ഞു: ''ക്രൈസ്തവ സമുദായം എപ്പോഴും, ആരാണ് അധികാരത്തിലുള്ളതെങ്കില്‍പോലും ദേശീയ രാഷ്ട്രീയത്തിന് അനുസൃതമായ ഒരു സമീപനമാണ് എടുക്കുന്നത്. കേരളത്തില്‍ കേരളത്തിന്റേതായ സവിശേഷതകള്‍ ഉണ്ടാകുമായിരിക്കും. മുസ്ലിം സമുദായം പൂര്‍ണ്ണമായും അങ്ങനെയല്ല.'' ഇതില്‍ എല്ലാമുണ്ട്. ഈസ്റ്റര്‍ നയതന്ത്രത്തിന്റെ തുടര്‍ച്ച എന്തുകൊണ്ട് പെരുന്നാള്‍ നയതന്ത്രമായി മാറുന്നില്ല എന്നതിനു മറുപടിയുമുണ്ട്. മുസ്ലിം സമുദായം ദേശീയതലത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയോട് എടുക്കുന്ന സമീപനം പൂര്‍ണ്ണമായും അംഗീകരിക്കാത്ത ധാരാളം ആളുകളുണ്ട് എന്നും കേരളത്തിലും സാഹചര്യം മാറുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചെങ്കിലും അതിലല്ല ബി.ജെ.പിക്കു പ്രതീക്ഷ വയ്ക്കാനുള്ളത് എന്നു മനസ്സിലാക്കിത്തന്നെയാണ് പിന്നീടുള്ള നീക്കങ്ങള്‍ ഉണ്ടായത്. അതിന്റെ ഒരു പ്രധാന ഘട്ടമായാണ് ഇപ്പോഴത്തെ നീക്കത്തെ ബി.ജെ.പി കാണുന്നത്. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണയെങ്കിലും ജയിക്കാനും അത് ഇവിടെ രാഷ്ട്രീയ സ്വാധീനം മെച്ചപ്പെടുത്തുന്നതിന് അവസരമാക്കാനുമുള്ള ബി.ജെ.പിയുടെ ശ്രമങ്ങളിലാണ് ഇപ്പോള്‍ സംസ്ഥാന രാഷ്ട്രീയം ചുറ്റിത്തിരിയുന്നത്. അക്കാര്യത്തിലെങ്കിലും ബി.ജെ.പി വിജയിച്ചിരിക്കുന്നു. വന്ദേ ഭാരതിന്റെ പൊടുന്നനെയുള്ള വരവ് ഉള്‍പ്പെടെ അടുത്തടുത്തുണ്ടായ കുറേ കാര്യങ്ങളില്‍ ബി.ജെ.പിയുടെ കേരള അജന്‍ഡയുടെ ചടുലനീക്കങ്ങള്‍ പ്രകടം. ലോക്സഭയില്‍ ഒരു സീറ്റെങ്കിലും നേടാനും അത് നിയമസഭയില്‍ കൂടുതല്‍ വിജയങ്ങള്‍ക്കുള്ള ചവിട്ടുപടിയാക്കാനുമാണ് ശ്രമം. തങ്ങളെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന കേരളത്തിന്റെ മനസ്സില്‍ എങ്ങനേയും ഇടമുറപ്പിക്കുക എന്നത് ബി.ജെ.പിയുടെ ഏറ്റവും പ്രധാന കാര്യപരിപാടികളിലൊന്നും അഭിമാനപ്രശ്‌നവുമായി മാറിയിട്ടു കുറേയായി. ഇത്തവണ നേട്ടമുണ്ടാക്കും എന്ന് 2014-ലും 2019-ലും ഉറച്ചു വിശ്വസിക്കുകയും ചെയ്തു. 2014-ലേക്കാള്‍ 2019-ല്‍ വോട്ടുനില മെച്ചപ്പെടുത്തി; പക്ഷേ, ജയിച്ചില്ല. 2024-ല്‍ ജയിച്ചിരിക്കും എന്നാണ് അവകാശവാദം. അതിനാണ് കുറച്ചുമുന്‍പേ തന്നെ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തില്‍ ഒരു വിഭാഗത്തിനു സ്വീകാര്യരായി മാറുക, അതുവഴി അവര്‍ക്കു സ്വാധീനിക്കാന്‍ കഴിയുന്ന വോട്ടുകള്‍ അനുകൂലമാക്കുക, ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുകളും ഈ പിന്തുണയും ചേര്‍ത്ത് വിജയിക്കുക - അതാണ് ഇത്തവണത്തെ കേരള പരിപാടിയുടെ 'ഒറ്റവരി.' അതു വിശദീകരിച്ചു പറയുമ്പോള്‍ എന്തൊക്കെയാണ് രാഷ്ട്രീയ ചര്‍ച്ചകളില്‍ വരിക?
 
സംസ്ഥാന പ്രസിഡന്റില്‍ പ്രതീക്ഷവെച്ചു മാത്രം നീങ്ങുന്നത് ബി.ജെ.പി അവസാനിപ്പിച്ചു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഒരുപാട് പരീക്ഷണങ്ങള്‍ നടത്തിയിട്ടും കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ റിസള്‍ട്ട് കാണിക്കാന്‍ കഴിഞ്ഞില്ല എന്ന് മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരനെക്കുറിച്ച് കേന്ദ്ര നേതൃത്വത്തിന് അഭിപ്രായമുണ്ടായിരുന്നു. അദ്ദേഹത്തെ പൊടുന്നനെ പ്രസിഡന്റ് മാറ്റിയതിനു കാരണവും മറ്റൊന്നായിരുന്നില്ല. കുമ്മനം പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ ജനരക്ഷായാത്രയെ അമിത്ഷാ വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. അദ്ദേഹവും അതിന്റെ ഭാഗമായി മാറിയിരുന്നു. തലസ്ഥാനത്ത് പാളയം മുതല്‍ കിഴക്കേക്കോട്ട വരെ അമിത് ഷാ യാത്രയ്‌ക്കൊപ്പം നടക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരുടെ പടയാണ് അന്ന് കേരളത്തിലേക്ക് വന്നത്. മറ്റേത് സംസ്ഥാനത്തേക്കാള്‍ കേരളത്തോടു താല്പര്യം പ്രകടിപ്പിച്ചെങ്കിലും അതിനൊഴുക്കിയ പണത്തിനും വിയര്‍പ്പിനും ഫലമുണ്ടായില്ല. അപ്പോള്‍ മാത്രമല്ല, പിന്നീടു പി.എസ്. ശ്രീധരന്‍ പിള്ളയ്ക്കും പദവി വേണ്ടവിധം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്നുതന്നെയാണ് വിലയിരുത്തല്‍. ബി.ഡി.ജെ.എസ്സിന്റെ പടലപിണക്കങ്ങള്‍, പി.സി. ജോര്‍ജ്ജിനെപ്പോലെ രാഷ്ട്രീയ വിശ്വാസ്യത ഇല്ലാത്തവരുടെ വരവ് ഇതൊക്കെ അന്ന് ഗുണത്തേക്കാള്‍ ദോഷം ചെയ്തു. സംഘടനാ സെക്രട്ടറിയാണ് ഇത്തരം സാഹചര്യങ്ങളില്‍ ഫലപ്രദമായി ഇടപെടേണ്ടത്. എന്നാല്‍, അന്ന് സംഘടനാ സെക്രട്ടറി ആയിരുന്ന എം. ഗണേഷ് വേണ്ടവിധം ഇടപെടുന്നില്ല എന്ന വിമര്‍ശനം ബി.ജെ.പിക്കുള്ളില്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന സെക്രട്ടറി നളിന്‍കുമാര്‍ കട്ടീല്‍ ഇങ്ങോട്ടു കാര്യമായി വരാറുമില്ലായിരുന്നു. അദ്ദേഹം കര്‍ണാടകയില്‍ സംസ്ഥാന പ്രസിഡന്റാകാന്‍ പോകുന്ന തിരക്കിലായിരുന്നു. അതു നേടിയെടുക്കുകയും ചെയ്തു. 

ഗ്രൂപ്പു പോരും വ്യക്തിപരമായ നേതാക്കള്‍ക്കിടയിലെ തമ്മിലടിയും കേരളത്തില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി എന്ന വിലയിരുത്തലിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം അമിത്ഷാ എത്തിച്ചേര്‍ന്നത്. അതാകട്ടെ, കൃത്യമായ കുറേ കണക്കുകളുടെ അടിസ്ഥാനത്തിലുമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയ ഘട്ടത്തില്‍ കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് പ്രധാന മണ്ഡലങ്ങളില്‍ വിജയസാധ്യത ഇല്ലാത്തവരെ മത്സരിപ്പിച്ചു എന്ന വിമര്‍ശനമുണ്ടായി. തിരുവനന്തപുരത്ത് കുമ്മനം രാജേശഖരന്‍, തൃശൂരില്‍ സുരേഷ് ഗോപി, പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ എന്നിവരെ നിര്‍ത്തിയതാണ് ഇതില്‍ പ്രധാനം. 2014-ല്‍ പാലക്കാട് മികച്ച പ്രകടനം നടത്തിയ ശോഭാ സുരേന്ദ്രനെ ആറ്റിങ്ങലിലേക്ക് മാറ്റിയതാണ് മറ്റൊന്ന്. സുരേഷ് ഗോപി തിരുവനന്തപുരത്തും കെ. സുരേന്ദ്രന്‍ കാസര്‍കോട്ടും മത്സരിച്ചിരുന്നെങ്കില്‍ ഫലം വേറെയാകുമായിരുന്നു എന്നും ആറന്മുള പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ കുമ്മനത്തിനായിരുന്നു ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ വിജയസാധ്യതയെന്നുമുള്ള വാദം അന്നുമിന്നുമുണ്ട്. 

മുതിര്‍ന്ന നേതാവായ ഒ. രാജഗോപാലിനെ വിശ്വാസത്തിലെടുക്കാതേയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ചോദിക്കാതേയുമാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്. നേമത്തെ ജയം വഴി കേരളത്തില്‍ ആദ്യമായി നിയമസഭാ പ്രാതിനിധ്യം കൊണ്ടുവന്ന രാജഗോപാലിന്റെ അനുഭവ സമ്പത്ത് സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല. കുമ്മനത്തെ മിസോറാം ഗവര്‍ണര്‍ സ്ഥാനത്തു നിന്നു രാജിവയ്ക്കാന്‍ അനുവദിച്ചതും അദ്ദേഹത്തെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചതും രാജഗോപാല്‍ എതിര്‍ത്തിരുന്നു. എന്നാല്‍, കുമ്മനമോ മറ്റു നേതാക്കളോ അതു കേള്‍ക്കാന്‍ തയ്യാറായില്ല. ഉറപ്പായും ജയിക്കും എന്നു പറഞ്ഞാണ് ആ തീരുമാനത്തെ ന്യായീകരിച്ചത്. പക്ഷേ, ഫലം വന്നപ്പോള്‍ രാജഗോപാല്‍ പറഞ്ഞതു ശരിയായി മാറുകയും ചെയ്തു. 

കൊച്ചിയിൽ നടന്ന യുവം പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊച്ചിയിൽ നടന്ന യുവം പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളമെന്നാല്‍ 

കേരളത്തിലെ രാഷ്ട്രീയം നരേന്ദ്ര മോദിയും അമിത്ഷായും ജെ.പി. നദ്ദയും ഉള്‍പ്പെടെ ബി.ജെ.പിയുടെ കേന്ദ്ര നേതാക്കള്‍ക്ക് അറിവും പരിചയവുമുള്ള രാഷ്ട്രീയത്തില്‍നിന്നു തികച്ചും വ്യത്യസ്തമാണ് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പു ഫലങ്ങള്‍ മാത്രമല്ല, പാര്‍ട്ടിയും അവര്‍ പിടിക്കുന്നിടത്ത് നില്‍ക്കാതിരിക്കുന്നത് അതുകൊണ്ടാണ്. കേരളത്തിലെ പാര്‍ട്ടി സംവിധാനവും നേതൃത്വവും അമിത്ഷായുടെ നീക്കങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ പ്രാപ്തമല്ല. കേരളത്തിന്റെ രാഷ്ട്രീയ സവിശേഷതയാണ് കാരണം. ബി.ജെ.പിക്കുപോലും ഇവിടെ വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് അടിത്തറയുണ്ടാക്കാന്‍ കഴിയില്ല. ഇടക്കാലത്ത് കേരളത്തിലും വെറുപ്പിന്റെ രാഷ്ട്രീയം പച്ചയായി പറയാനും സാമുദായിക ധ്രുവീകരണത്തിനും ശ്രമിച്ചുനോക്കിയ ബി.ജെ.പി ഇപ്പോള്‍ ആ രീതി മാറ്റിവെച്ചിരിക്കുന്നത് ഈ തിരിച്ചറിവുമൂലമാണ്. നേമം കേരളത്തിലെ ഗുജറാത്താണ് എന്നാണ് ബി.ജെ.പി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവകാശപ്പെട്ടത്. പക്ഷേ, അവിടെ തോറ്റു. ഇപ്പോള്‍ അത്തരം വര്‍ത്തമാനങ്ങള്‍ പറയുന്നുമില്ല. 2020-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നേമത്ത് മേല്‍ക്കൈ നിലനിര്‍ത്താന്‍ കഴിഞ്ഞതായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ ആത്മവിശ്വാസത്തിനു കാരണം. പക്ഷേ, 2016-ലെ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഏഴ് നിയമസഭാമണ്ഡലങ്ങളില്‍ മൂന്നിടത്ത് 2021-ലെ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു അവര്‍. എന്നിട്ടും പത്തില്‍ കുറയാത്ത സീറ്റുകളില്‍ ജയിക്കുമെന്നായിരുന്നു അവകാശവാദം. 35 സീറ്റുകളില്‍ ജയിക്കുമെന്നും കേരളം ഭരിക്കുമെന്നുമുള്ള കെ. സുരേന്ദ്രന്റെ വര്‍ത്തമാനം അന്നുമിന്നും കേരളം കാര്യമായെടുത്തിട്ടില്ല. 2026-ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്ന് ദേശീയ നേതൃത്വത്തെ വിശ്വസിപ്പിച്ചാണ് 2021-ലെ തെരഞ്ഞെടുപ്പില്‍ ആവേശം കാണിച്ചത്. പക്ഷേ, ഒന്നുമുണ്ടായില്ല. 

കാസര്‍കോട്, മഞ്ചേശ്വരം, മലമ്പുഴ, പാലക്കാട്, ചാത്തന്നൂര്‍, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് 2016-ല്‍ രണ്ടാമതെത്തിയത്. അതിനുശേഷമാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിഖ്യാതമായ ശബരിമല സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ചത്, 2018 സെപ്റ്റംബര്‍ 28-ന്. അത് രാഷ്ട്രീയമായും സംഘടനാപരമായും ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത് ബി.ജെ.പിയാണ്. ഇത് നമുക്കു സുവര്‍ണ്ണാവസരമാണ് എന്ന് അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പ്രവര്‍ത്തകയോഗത്തില്‍ പറഞ്ഞത് വെറുതെ ആയിരുന്നില്ല, പക്ഷേ, 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ശബരിമല പ്രക്ഷോഭത്തിന്റെ ഫലം കൊയ്യാന്‍ കഴിഞ്ഞില്ല. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ മത്സരിച്ചത് ആ പ്രക്ഷോഭത്തിന്റെ ഭാഗമായി ആഴ്ചകളോളം ജയിലില്‍ കഴിഞ്ഞ കെ. സുരേന്ദ്രനാണ്. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങള്‍ 'എ പ്ലസ്' മണ്ഡലങ്ങളായി പ്രഖ്യാപിച്ച് പ്രത്യേക ശ്രദ്ധ നല്‍കി. പക്ഷേ, മുന്‍പേ രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തൊഴികെ ഒരിടത്തും രണ്ടാംസ്ഥാനത്തുപോലും എത്താന്‍ കഴിഞ്ഞില്ല. അതിനുശേഷമാണ് മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത്. 2016-ല്‍ 89 വോട്ടിനു മാത്രം മുസ്ലിം ലീഗിലെ പി.ബി. അബ്ദുറസാഖിനോടു തോറ്റ മഞ്ചേശ്വരത്ത് മത്സരിക്കാതെ കെ. സുരേന്ദ്രന്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍പെട്ട കോന്നിയില്‍ മത്സരിച്ചു. ജയിച്ചില്ല; മൂന്നാം സ്ഥാനത്താവുകയും ചെയ്തു. രവീശതന്ത്ര കുണ്ടാറിനെ നിര്‍ത്തി മഞ്ചേശ്വരം പിടിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടാം സ്ഥാനം മാത്രമാണ് നിലനിര്‍ത്താന്‍ കഴിഞ്ഞത്. 2016-ല്‍ കുമ്മനം രാജശേഖരന്‍ കെ. മുരളീധരനുമായി ഇഞ്ചോടിഞ്ചു മത്സരിച്ച് രണ്ടാമതെത്തിയ വട്ടിയൂര്‍ക്കാവില്‍ ജില്ലാ പ്രസിഡന്റായിരുന്ന എസ്. സുരേഷ് മത്സരിച്ചു. 2016-ല്‍ ടി.എന്‍. സീമ മത്സരിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തു പോയ എല്‍.ഡി.എഫ് തിരുവനന്തപുരത്തെ ജനകീയ മേയറായിരുന്ന വി.കെ. പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കി വിജയം നേടി. ബി.ജെ.പി മൂന്നാമതായി. 

തിരുവനന്തപുരത്തുനിന്ന് എം.പിയാകാന്‍ കുമ്മനം രാജിവച്ച ഒഴിവിലാണ് പി.എസ്. ശ്രീധരന്‍ പിള്ളയെ മിസോറാമില്‍ ഗവര്‍ണറാക്കിയത്. പകരം കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി. സുരേന്ദ്രന് ഈ ലോക്സഭാ തെരഞ്ഞെടുപ്പു വരെ കാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്. റിസള്‍ട്ട് കാണിക്കേണ്ടിവരും. ക്രൈസ്തവസഭകളുമായുള്ള ചര്‍ച്ചകളും നീക്കുപോക്കു ശ്രമങ്ങളും ജോണി നെല്ലൂരിനെക്കൊണ്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിക്കുന്നതും മുന്‍ എം.എല്‍.എ മാത്യു സ്റ്റീഫനെ അതിന്റെ ഭാഗമാക്കുന്നതുമെല്ലാം ബി.ജെ.പിയുടെ ഈ റിസള്‍ട്ടുണ്ടാക്കല്‍ ശ്രമത്തിന്റെ ഭാഗമാണ്. കേരള കോണ്‍ഗ്രസ് നേതാവ് വിക്ടര്‍ ടി. തോമസ് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്സില്‍നിന്നും കേരള കോണ്‍ഗ്രസ്സില്‍നിന്നും മാത്രമല്ല, സി.പി.എമ്മില്‍നിന്നും നേതാക്കള്‍ വരുമെന്നാണ് വാദം. പക്ഷേ, ഒന്നാംനിര നേതാക്കളോ രണ്ടാം നിരയിലെ പ്രധാനികളോ ബി.ജെ.പിയിലേക്ക് ഇപ്പോഴും പോകുന്നില്ല. കെ. മുരളീധരനുമായി ചര്‍ച്ച നടന്നതു ശരിയാണ്. പക്ഷേ, കെ. കരുണാകരന്റെ മകനെ സംഘിയാക്കാനാകില്ല എന്ന് മാധ്യമങ്ങളോടു പറഞ്ഞ് ചര്‍ച്ചയുടെ വാതില്‍ അടയ്ക്കുകയാണ് മുരളീധരന്‍ ചെയ്തത്. എ.കെ. ആന്റണിയുടെ മകന്‍ എന്നതിനപ്പുറം കോണ്‍ഗ്രസ്സില്‍ ഒന്നുമല്ലാതിരുന്ന അനില്‍ ആന്റണിയെക്കൊണ്ട് എന്തു രാഷ്ട്രീയ നേട്ടം ഉണ്ടാകും എന്ന് കേരളത്തിനു കാണിച്ചുകൊടുക്കുക എന്നത് ബാധ്യതയായി മാറുകയാണ് ബി.ജെ.പിക്ക്. 

നടിമാരായ അപർണ ബാലമുരളിയും നവ്യ നായരും മോദിക്കൊപ്പം യുവം വേദിയിൽ 
നടിമാരായ അപർണ ബാലമുരളിയും നവ്യ നായരും മോദിക്കൊപ്പം യുവം വേദിയിൽ 

ജയമാകാത്ത വോട്ടുവര്‍ദ്ധന 

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 'എ പ്ലസ്' മണ്ഡലങ്ങളില്‍ ബി.ജെ.പി നേടിയ വോട്ടുവിഹിതം ഇങ്ങനെയാണ്: തിരുവനന്തപുരം - കുമ്മനം രാജശേഖരന്‍: 316142 (31.3%), പത്തനംതിട്ട - കെ. സുരേന്ദ്രന്‍: 297396 (28.97%), തൃശൂര്‍ - സുരേഷ് ഗോപി: 293822 (28.2%), പാലക്കാട് - സി. കൃഷ്ണകുമാര്‍: 218556 ( 21.26%), കാസര്‍കോട് - രവീശ തന്ത്രി കുണ്ടാര്‍: 176049 (16%). 'സി കാറ്റഗറി'യായി കണക്കാക്കിയ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ 248081 വോട്ടു നേടി (24.69%). രണ്ടാമത് എത്തിയത് തിരുവനന്തപുരത്തു മാത്രം. അവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി.ഐയിലെ സി. ദിവാകരന്‍ മൂന്നാമതായി. തിരുവനന്തപുരത്തും തൃശൂരും പത്തനംതിട്ടയിലും ക്രൈസ്തവ വോട്ടുകളുടെ ആനുകൂല്യം കിട്ടിയാല്‍ ജയിക്കാം എന്ന പ്രതീക്ഷവയ്ക്കുന്നുണ്ട് ബി.ജെ.പി. പക്ഷേ, അതു കടന്ന പ്രതീക്ഷയാണുതാനും. കുറച്ചൊന്നും വോട്ടു കിട്ടിയാല്‍ പോരാ എന്നതാണ് കാരണം. ഒറ്റ വോട്ടിനെങ്കിലും ഒരിടത്തെങ്കിലും ജയിക്കുക എന്ന തീപാറുന്ന ശ്രമത്തിനാണ് അമിത്ഷായുടെ നിര്‍ദ്ദേശം. രണ്ടാമതെത്തുന്നതിന്റെ കണക്കുകള്‍ കേള്‍ക്കേണ്ട എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. രണ്ടാമതെത്തിയാല്‍ പാര്‍ലമെന്റില്‍ എത്താന്‍ കഴിയുമോ എന്നാണ് ചോദ്യം. ഒരു വര്‍ഷംകൂടി മാത്രം രാജ്യസഭാ കാലാവധിയുള്ള വി. മുരളീധരനോടും തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു കാണിക്കാനാണ് നിര്‍ദ്ദേശം. ഇനിയൊരു ഭരണത്തുടര്‍ച്ച കിട്ടിയാല്‍ കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് ആരെയും മന്ത്രിയാക്കുന്നത് ദേശീയ നേതൃത്വത്തിന്റെ പരിഗണനയില്‍ ഇല്ല. 

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 138 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പിക്ക് 6.03 ശതമാനം വോട്ടുകളാണ് കിട്ടിയത് (പത്തുലക്ഷത്തി അന്‍പത്തിമൂന്നായിരത്തി അറുന്നൂറ്റി അന്‍പത്തിനാല് വോട്ട്). വോട്ടുലഭ്യതയിലെ നാലാം സ്ഥാനമായിരുന്നു അത്. സി.പി.ഐ (8.72% : പതിനഞ്ചു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി നാനൂറ്റി എഴുപത്തിയെട്ട്), കോണ്‍ഗ്രസ് (26.40%: നാല്‍പത്തിയാറു ലക്ഷത്തി പതിനായിരത്തി മുന്നൂറ്റി ഇരുപത്തിയെട്ട്), സി.പി.ഐ (എം) 28.18%: നാല്‍പത്തിയൊന്‍പതു ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി മുന്നൂറ്റി അന്‍പത്തിനാല്) എന്നീ ദേശീയ പാര്‍ട്ടികളാണ് ബി.ജെ.പിയേക്കാള്‍ കൂടുതല്‍ വോട്ടു നേടിയത്. എന്നാല്‍, സംസ്ഥാന പാര്‍ട്ടിയായ മുസ്ലിം ലീഗിന് ബി.ജെ.പിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടി (7.92%: പതിമൂന്നു ലക്ഷത്തി എണ്‍പത്തിമൂവായിരത്തി അറുന്നൂറ്റിയെഴുപത്). 

ഇടതുമുന്നണി 91 സീറ്റു നേടി അധികാരത്തിലെത്തിയ 2016-ല്‍ ബി.ജെ.പിക്ക് എല്‍.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐക്കാള്‍ വോട്ടുകള്‍ കിട്ടി. സംസ്ഥാനത്തു മൂന്നാമത്തെ വലിയ പാര്‍ട്ടിയായി മാറുകയും ചെയ്തു. 19 എം.എല്‍.എമാരുള്ള സി.പി.ഐക്ക് 8.1% (പതിനാറു ലക്ഷത്തി നാല്‍പത്തിമൂവായിരത്തി എണ്ണൂറ്റി എഴുപത്തിയെട്ട്) വോട്ടുകളാണ് കിട്ടിയത്. എന്നാല്‍, ബി.ജെ.പിക്ക് ഇരുപത്തിയൊന്നു ലക്ഷത്തി ഇരുപത്തിയൊന്‍പതിനായിരത്തി എഴുന്നൂറ്റി ഇരുപത്തിയാറ് വോട്ടു (10.5%) കിട്ടി. അന്‍പത്തിമൂന്നു ലക്ഷത്തി അറുപത്തയ്യായിരത്തി നാനൂറ്റി എഴുപത്തിരണ്ട് (26.5%) വോട്ടു കിട്ടിയ സി.പി.ഐ (എം), നാല്‍പ്പത്തിയേഴു ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി മൂന്ന് (23.7%) വോട്ടു നേടിയ കോണ്‍ഗ്രസ് എന്നിവ മാത്രമാണ് ബി.ജെ.പിക്കു മുകളില്‍. മുസ്ലിം ലീഗിനു വോട്ടുകൂടിയെങ്കിലും സീറ്റുകളും വോട്ടു ശതമാനവും കുറഞ്ഞു (പതിനാലു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അറുപത്തിനാല് (7.4%). 2011ല്‍ 20 സീറ്റ്, 2016-ല്‍ പതിനെട്ട്. അതായത് മുന്നണി അടിസ്ഥാനത്തിലല്ലാതെ ഒറ്റക്കൊറ്റയ്ക്കു നോക്കിയാല്‍ ബി.ജെ.പിയായി കേരളത്തിലെ മൂന്നാമത്തെ വലിയ കക്ഷി,
2016-ലെ നിയമസഭാ, 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പുകളേക്കാള്‍ 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞത് സുരേന്ദ്രനെതിരെ മറ്റു ഗ്രൂപ്പുകള്‍ക്ക് ആയുധമായിരുന്നു. 2016-ല്‍ 14.96 ശതമാനവും 2019-ല്‍ 15.64 ശതമാനവും വോട്ടാണ് എന്‍.ഡി.എ എന്ന നിലയില്‍ നേടിയത്. 2020-ല്‍ അത് 14.52% ആയി കുറഞ്ഞു. 2021-ല്‍ ബി.ജെ.പിയെ കൂടാതെ ഇരു മുന്നണികള്‍ക്കും സംസ്ഥാന ഭരണം സാധ്യമാകില്ലെന്നും കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ വി. മുരളീധരനും കെ. സുരേന്ദ്രനും കഴിഞ്ഞു. അതിനു ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന്റെ പിന്തുണയും കിട്ടി. അവകാശവാദങ്ങള്‍ പൊളിഞ്ഞുപോയ സാഹചര്യത്തില്‍ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം മുന്‍കൈ എടുത്തു മാറ്റുമെന്നാണ് പാര്‍ട്ടിയിലെ എതിരാളികള്‍ പ്രതീക്ഷിച്ചത്. അതുണ്ടായില്ല. കാലാവധി കഴിഞ്ഞിട്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പാര്‍ട്ടിയെ നയിക്കാന്‍ ഏല്പിച്ചിരിക്കുകയുമാണ്. ഇത് സുരേന്ദ്രനു നല്‍കുന്ന അധിക ഉത്തരവാദിത്വവും സമ്മര്‍ദ്ദവും ചെറുതല്ല. ക്രൈസ്തവ വോട്ടുകളില്‍ മുറുകെപിടിച്ചു നീങ്ങുന്നത് ഈ ഉത്തരവാദിത്വം നിറവേറ്റാന്‍ കൂടിയാണ്. അതിനു ദേശീയ നേതൃത്വം പരമാവധി പിന്തുണ നല്‍കുകയും ചെയ്യുന്നു. വലിയ തോല്‍വിയാണ് ഫലമെങ്കില്‍ കുമ്മനത്തിനോ ശ്രീധരന്‍ പിള്ളയ്‌ക്കോ കിട്ടിയതുപോലെ ഗവര്‍ണര്‍ സ്ഥാനം സുരേന്ദ്രനു കിട്ടാനിടയില്ല. പിന്നെന്ത് എന്ന വലിയ ചോദ്യമുണ്ട് സുരേന്ദ്രനു മുന്നില്‍.

യുവം പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മോദിക്ക് ഉപഹാരം നൽകുന്നു
യുവം പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മോദിക്ക് ഉപഹാരം നൽകുന്നു

ആരുടെ കാല്‍ക്കീഴിലെ മണ്ണ്?

എല്‍.ഡി.എഫിന് തുടര്‍ഭരണം കിട്ടുന്നതോടെ അടുത്ത അഞ്ചു വര്‍ഷംകൂടി പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുന്ന യു.ഡി.എഫ് തകരും എന്ന് ബി.ജെ.പി രണ്ടു വര്‍ഷം മുന്‍പേ പ്രതീക്ഷ വച്ചിരുന്നു. കോണ്‍ഗ്രസ്സില്‍നിന്നു വന്‍തോതില്‍ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൊഴിഞ്ഞു പോക്കുണ്ടാകും. അവരില്‍ വലിയൊരു വിഭാഗത്തെ ബി.ജെ.പിയില്‍ എത്തിക്കാന്‍ കഴിയും എന്നും അവര്‍ കരുതി. യു.ഡി.എഫില്‍ മുസ്ലിംലീഗിനു കൂടുതല്‍ മേധാവിത്വം ഉണ്ടാകുമെന്നും അത് കോണ്‍ഗ്രസ്സിലെ ഹിന്ദു, ക്രിസ്ത്യന്‍ സമുദായ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ ബി.ജെ.പി അനുകൂല മനോഭാവം ഉണ്ടാക്കുമെന്നുമായിരുന്നു വിലയിരുത്തല്‍. തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്നതോടെ സി.പിഎ.മ്മിനും ഇടതുമുന്നണി ഘടകകക്ഷികള്‍ക്കും സംഘടനാപരമായ ക്ഷീണം ബാധിക്കുമെന്നും ഇതും ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കും അധികാരത്തിലേക്കുള്ള വരവിനും കളമൊരുക്കുമെന്നും കണക്കുകൂട്ടി. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഒന്നിലധികം പേരെ പാര്‍ലമെന്റില്‍ എത്തിക്കാനും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പു നടത്താനും കഴിയും എന്ന തിയറി അങ്ങനെ രൂപപ്പെട്ടതാണ്. 

കേരളത്തില്‍ പരാജയപ്പെട്ട വര്‍ഗ്ഗീയ രാഷ്ട്രീയ പരീക്ഷണം വേറൊരു രൂപത്തില്‍ പുറത്തെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. അത് പോപ്പുലര്‍ ഫ്രണ്ട് നിരോധനം ചൂണ്ടിക്കാട്ടിയുള്ള രാഷ്ട്രീയമാണ്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. മുസ്ലിം തീവ്രവാദ സംഘടനയെ നിരോധിച്ചു എന്ന പ്രചാരണം ദേശീയ തലത്തില്‍തന്നെ നേട്ടത്തിന് ഉപയോഗിക്കും എന്നത് സ്വാഭാവികം. കേരളത്തിലും അതിന്റെ പ്രതിഫലനമുണ്ടാകും. ഇവിടെ സി.പി.എം പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമാക്കുന്നത് ക്രൈസ്തവ സമുദായത്തിനിടയില്‍ തങ്ങള്‍ക്കു ഗുണം ചെയ്യും എന്നാണ് ബി.ജെ.പി കരുതുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ കക്ഷിരാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടിന്റെ പാര്‍ട്ടി എസ്.ഡി.പി.ഐയും മുസ്ലിം വര്‍ഗ്ഗീയ രാഷ്ട്രീയം ശക്തമാക്കുന്നു എന്ന പ്രചാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിലും അവര്‍ നടത്തിയിരുന്നു. 

കൊച്ചിയില്‍ റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി റോഡിലിറങ്ങി നടന്നതും തിരുവനന്തപുരത്ത് കേരളത്തിനു പദ്ധതികള്‍ പ്രഖ്യാപിച്ചതും വോട്ടാകണമെന്നില്ല. അത് ബി.ജെ.പി നേതൃത്വത്തിനു നന്നായി അറിയാം. പക്ഷേ, കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ജീവിതത്തില്‍ വലിയ പ്രാധാന്യമുള്ള ക്രൈസ്തവ സമുദായത്തിന്റെ പിന്തുണ വന്‍തോതില്‍ നേടാനായാല്‍ അത് രാജ്യത്തെവിടെയും ആ പാര്‍ട്ടി നേടിയ രാഷ്ട്രീയ നേട്ടത്തേക്കാള്‍ വലുതായിരിക്കും. ആ പിന്തുണ വോട്ടായി മാറുകയും ആ വോട്ടുകള്‍ ജയത്തിന് ഇടയാക്കുകയും വേണം. ഇളകുക യു.ഡി.എഫിന്റെ, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ അടിത്തറയാണ്. ''കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോവുകയാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം'' എന്ന് കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കളിലൊരാളായ കെ.സി. ജോസഫ് ഉന്നയിച്ച സ്വയംവിമര്‍ശനത്തെ ഈ അടിസ്ഥാനത്തിലാണ് മനസ്സിലാക്കേണ്ടത്. എ ഗ്രൂപ്പിലെ പ്രധാനികളിലൊരാളും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഏറ്റവും അടുപ്പമുള്ളവരിലൊരാളുമാണ് കെ.സി. ജോസഫ് എന്നതിനുമുണ്ട് പ്രാധാന്യം. കേരളത്തിലെ കോണ്‍ഗ്രസ്സില്‍ എ ഗ്രൂപ്പാണ് ക്രൈസ്തവ സമുദായവുമായി പാര്‍ട്ടിയെ അടുപ്പിച്ചു നിര്‍ത്തുന്നത്. ബി.ജെ.പി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ മുന്‍പെന്നത്തേക്കാള്‍ ആ സമുദായത്തിനുള്ളില്‍ ചലനമുണ്ടാക്കുന്നു എന്ന് കോണ്‍ഗ്രസ്സിലെ ക്രൈസ്തവ നേതാക്കള്‍ക്കുള്ള ആശങ്കയാണ് കെ.സി. ജോസഫിലൂടെ പുറത്തുവന്നത്. പക്ഷേ, അതൊരു കുത്തിത്തിരിപ്പു വര്‍ത്തമാനമായി തെറ്റിദ്ധരിച്ച് വിമര്‍ശിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ചെയ്തത്. യാഥാര്‍ത്ഥ്യബോധമില്ലാത്ത ഈ സമീപനം ബി.ജെ.പിക്കാണ് ഗുണം ചെയ്യുക. 

വിമോചനസമരകാലം മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ഇപ്പോള്‍ പ്രത്യേകമായി സി.പി.എമ്മിനോട് ക്രൈസ്തവ സമുദായത്തിനുള്ളത് വിരോധവും അകല്‍ച്ചയുമാണ് എന്ന പ്രചരണം ഒരുഭാഗത്ത് നടക്കുന്നുണ്ട്. അതു മറികടക്കാനുള്ള ഉത്തരവാദിത്വമാണ് സി.പി.എമ്മിനുള്ളത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com