'ലഹരി മാഫിയയെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കുന്ന വലിയ ഒരു ഘടകം പൊലീസിന് ഉള്ളില്‍ത്തന്നെയുണ്ട്'

മുഖ്യമന്ത്രിയുടേയോ രാഷ്ട്രപതിയുടേയോ പൊലീസ് മെഡല്‍ കിട്ടേണ്ട കാലത്ത് കിട്ടിയത് കള്ളക്കേസുകള്‍, ജയില്‍, സസ്പെന്‍ഷന്‍, വഴിവിട്ട സ്ഥലംമാറ്റം, വധശ്രമം, വീടിനു തീവയ്ക്കല്‍
'ലഹരി മാഫിയയെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കുന്ന വലിയ ഒരു ഘടകം പൊലീസിന് ഉള്ളില്‍ത്തന്നെയുണ്ട്'

പ്രിയപ്പെട്ട അലി അക്ബര്‍,

സ്തുത്യര്‍ഹമായ സേവനം പൊലീസ് വകുപ്പിനുവേണ്ടി സമര്‍പ്പിച്ചുകൊണ്ട് സര്‍വ്വീസില്‍നിന്നും വിരമിക്കുന്ന താങ്കളെ ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. സന്തോഷത്തോടും സമാധാനത്തോടും കൂടിയുള്ള ഒരു ഭാവിജീവിതം താങ്കള്‍ക്ക് ഉണ്ടാകട്ടെയെന്ന് പൊലീസ് വകുപ്പിന്റെ പേരിലും എന്റെ സ്വന്തം പേരിലും ഞാന്‍ ആശംസിക്കുന്നു. നമ്മുടെ പൊലീസ് വകുപ്പിലെ ഏതൊരു ഉദ്യോഗസ്ഥന്റേയും അധികാരപരിധിയില്‍പ്പെട്ട ന്യായമായ ഏതു സഹായത്തിനും എന്നെ സമീപിക്കുന്നതിനു താങ്കള്‍ വൈമുഖ്യം കാണിക്കേണ്ടതില്ല. താങ്കളുടെ പെന്‍ഷന്‍ കാര്യത്തിലും മറ്റും ഏതെങ്കിലും വിധത്തില്‍ തടസ്സം നേരിടുകയാണെങ്കില്‍ താങ്കള്‍ക്ക് എന്റെ ശ്രദ്ധയില്‍ ഏതവസരത്തിലും കൊണ്ടുവരാവുന്നതാണ്. സുദീര്‍ഘമായ പൊലീസ് ജീവിതത്തില്‍നിന്നു ലഭിച്ച അനുഭവ പരിജ്ഞാനവും കര്‍മ്മശേഷിയും വിരമിച്ച ശേഷവും താങ്കള്‍ക്കും സമൂഹത്തിനും പ്രയോജനപ്പെടുത്തുമല്ലോ. താങ്കള്‍ക്ക് ഈ അവസരത്തില്‍ ഞാന്‍ സര്‍വ്വവിധ സൗഭാഗ്യങ്ങളും നേരുന്നു.'' 

അലി അക്ബര്‍ എന്ന സബ് ഇന്‍സ്പെക്ടര്‍ വിരമിച്ചപ്പോള്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ സമ്മാനിച്ച കത്താണിത്. വിരമിക്കുന്ന എല്ലാ പൊലീസുകാര്‍ക്കും നല്‍കുന്ന കത്തിന്റെ പതിവ് ഉള്ളടക്കമാണിതും; ടൈപ്പ് ചെയ്ത കത്തില്‍ പ്രിയപ്പെട്ട... എന്നതിനു ശേഷം പേര് മാത്രം പേനകൊണ്ട് എഴുതിച്ചേര്‍ത്തിരിക്കുന്നതില്‍നിന്ന് അതു മനസ്സിലാകും. എങ്കിലും ഏതു പൊലീസുകാരേയും പോലെ അലി അക്ബറിനും ഈ കത്ത് പ്രിയപ്പെട്ടതാണ്. എല്ലാ ഭാവുകങ്ങളും നേര്‍ന്ന് എറണാകുളം റേഞ്ച് ഐ.ജി എ. ശ്രീനിവാസും നല്‍കി ഒരു കത്ത്. സ്വയം സമര്‍പ്പിച്ചാണ് താന്‍ സ്വന്തം വകുപ്പിനെ സേവിച്ചത് എന്നതില്‍ അദ്ദേഹത്തിനു സംശയമില്ല.

മാറിവരുന്ന ഐ.ജിക്കും എസ്.പിക്കും വ്യക്തിപരമായി കൂടുതല്‍ അടുത്ത് അറിയണമെന്നില്ല; പക്ഷേ, ആലപ്പുഴ ജില്ലയില്‍ ഡി.വൈ.എസ്.പി മുതല്‍ താഴേയ്ക്ക് ബഹുഭൂരിഭാഗം പൊലീസുകാര്‍ക്കും അലി അക്ബറിന്റെ പ്രതിബദ്ധത അറിയാം. അതുകൊണ്ടുമാത്രം പൊലീസിലും പുറത്തും വേട്ടയാടപ്പെട്ടതും അറിയാം. പ്രതിബദ്ധതയുടെ കരുത്തുകൊണ്ടാണ് ഓരോ ചുമതലയിലും സ്വന്തം സാന്നിധ്യം അദ്ദേഹം പതിപ്പിച്ചത്. പൊലീസില്‍ അങ്ങോളമിങ്ങോളമുള്ള നീതിബോധമുള്ള, സത്യസന്ധരായ അനവധി പൊലീസുകാരിലൊരാള്‍. ഒരുപക്ഷേ, സഹപ്രവര്‍ത്തകരാല്‍ പലവട്ടം ഒറ്റുകൊടുക്കപ്പെട്ട അപൂര്‍വ്വം പേരിലൊരാള്‍. അതുകൊണ്ട് സമാധാനവും സന്തോഷവും നിറഞ്ഞ നേരനുഭവങ്ങളല്ല പറയാനുള്ളതിലേറെയും; പകരം, പൊള്ളിക്കുന്ന ഓര്‍മ്മകള്‍. 

''ലഹരി മാഫിയയെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കുന്ന വലിയ ഒരു ഘടകം പൊലീസിന് ഉള്ളില്‍ത്തന്നെയുണ്ട്. അത്തരം പൊലീസുദ്യോഗസ്ഥന്മാര്‍ക്ക് രാഷ്ട്രീയമായും സാമുദായിക മേഖലയിലും ബന്ധമുണ്ട്, അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ മുന്‍പോട്ടു കൊണ്ടുപോകാന്‍ അവര്‍ ശ്രമിക്കും. അതിനെതിരായി നില്‍ക്കുന്ന ഘടകം ഏതായാലും ഏതു ഹീനമാര്‍ഗ്ഗം ഉപയോഗിച്ചും അവര്‍ തകര്‍ക്കും'' -അലി അക്ബര്‍ പറയുന്നു. 

മുഖ്യമന്ത്രിയുടേയോ രാഷ്ട്രപതിയുടേയോ പൊലീസ് മെഡല്‍ കിട്ടേണ്ട കാലത്ത് കിട്ടിയത് കള്ളക്കേസുകള്‍, ജയില്‍, സസ്പെന്‍ഷന്‍, വഴിവിട്ട സ്ഥലംമാറ്റം, വധശ്രമം, വീടിനു തീവയ്ക്കല്‍. പൊലീസില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയ്ക്കു കളങ്കമേല്പിക്കാതെ ജോലി ചെയ്തതു മാത്രമാണ് 'കുറ്റം.' ഓര്‍മ്മകളിലൂടെയുള്ള ആ മടങ്ങിപ്പോക്കില്‍ത്തന്നെ അലി അക്ബറിനു വേദനയുണ്ട്, നടുക്കവും. 

പ്രധാന അന്വേഷണങ്ങള്‍

1991-ല്‍ കോണ്‍സ്റ്റബിളായി പൊലീസില്‍ ചേര്‍ന്ന ആലപ്പുഴ പല്ലന സ്വദേശി സി.എച്ച്. അലി അക്ബറിന്റെ ഔദ്യോഗിക ജീവിതം അവസാനിച്ചത് ആഴ്ചകള്‍ക്കു മുന്‍പു മാത്രമാണ്. മാര്‍ച്ച് 31-ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കര പൊലീസ് സ്റ്റേഷനില്‍നിന്ന് സബ് ഇന്‍സ്പെക്ടറായി വിരമിച്ചു. ''ഹൈവേ റോബറി നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടേയും മുഖ്യമന്ത്രിയുടേയുമൊക്കെ അവാര്‍ഡുകള്‍ കിട്ടി എന്നതാണ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയത്. എന്നെ കുരുക്കുന്നതിനുവേണ്ടിയാണ് മേലുദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും മാഫിയകളും ചേര്‍ന്നു പ്രവര്‍ത്തിച്ചത്.'' ഈ പറയുന്നതിലുണ്ട് അലി അക്ബറിനു പറയാനുള്ളതെല്ലാം. അതിന്റെ വിശദാംശങ്ങളാണ് ഇതുവരെയുള്ള ജീവിതവും പ്രവര്‍ത്തനങ്ങളും: 

''സത്യസന്ധത മുറുകെപ്പിടിച്ചുകൊണ്ടാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. ജയില്‍വാസവും ആറു തവണ വധശ്രമവും വീടിനും വാഹനത്തിനും നേരെ തീവയ്പും മാനസിക സമ്മര്‍ദ്ദം രോഗിയാക്കി മാറ്റുന്ന അവസ്ഥയുമെല്ലാം ഉണ്ടായി. ഞാനെവിടെയെല്ലാം ജോലി ചെയ്‌തോ അവിടുത്തെ ഓഫീസര്‍മാര്‍ക്കും റൈറ്റര്‍മാര്‍ക്കും ഞാന്‍ പിടിച്ച കേസുകളില്‍ മുഖ്യമന്ത്രിയുടേയും മറ്റും അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്; അവരതു വാങ്ങാന്‍ പോകുമ്പോള്‍ താങ്കള്‍ കാരണമാണ് ഞങ്ങള്‍ക്കിത് കിട്ടിയതെന്ന് വന്നു പറഞ്ഞ അനുഭവവുമുണ്ട്. ഡി.വൈ.എസ്.പിയെ ചീത്ത വിളിച്ചു എന്ന കള്ള റിപ്പോര്‍ട്ട് അയച്ച് എന്റെ രണ്ട് ഇന്‍ക്രിമെന്റ് തടഞ്ഞതോടെ അര്‍ഹമായ ലക്ഷക്കണക്കിനു രൂപയാണ് എനിക്കു നഷ്ടമായത്. പെന്‍ഷനിലും അതു ബാധിച്ചു. അപ്പീല്‍ കൊടുത്തിട്ടും പരിഗണിച്ചില്ല. സര്‍വ്വീസില്‍നിന്നുകൊണ്ട് അതിനെതിരെ പോരാടാന്‍ കഴിയാത്തതിലെ ദുഃഖം മനസ്സിലുണ്ട്.'' 

കേരള ആംഡ് പൊലീസ്, ആലപ്പുഴ ജില്ലാ പൊലീസ്, ആലപ്പുഴ ജില്ലയിലെ വിവിധ ലോക്കല്‍ പൊലീസ് സ്റ്റേഷനുകള്‍, ഇടുക്കി, കോട്ടയം ജില്ലകളിലെ സ്റ്റേഷനുകള്‍, സ്റ്റേറ്റ് ക്രൈംബ്രാഞ്ച്, സി.ബി.സി.ഐ.ഡി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, നര്‍ക്കോട്ടിക് സെല്‍, സംസ്ഥാന അടിസ്ഥാനത്തില്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ സ്‌ക്വാഡ്, കല്ലുവാതുക്കല്‍ മദ്യ ദുരന്തം അന്വേഷിക്കുന്നതിന് സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ ടീം, നിധിന്‍ അഗര്‍വാളിന്റേയും എസ്. ശ്രീജിത്തിന്റേയും നേതൃത്വത്തിലുള്ള വിവിധ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമുകള്‍, പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് അന്വേഷിച്ച എ.ഡി.ജി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം, സംസ്ഥാന അടിസ്ഥാനത്തില്‍ രൂപീകൃതമായ ലഹരിവിരുദ്ധ സ്‌ക്വാഡ്, പാലക്കാട്ടെ നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണസംഘം, വിവിധ ക്ഷേത്രങ്ങളില്‍ നടന്ന വിഗ്രഹമോഷണ കേസ് അന്വേഷണസംഘങ്ങള്‍, ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ അബ്കാരി സ്‌ക്വാഡ്, ക്രൈം സ്‌ക്വാഡ് തുടങ്ങിയവ അലി അക്ബര്‍ പ്രവര്‍ത്തിച്ച പ്രധാന ഘടകങ്ങളില്‍പ്പെടുന്നു. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് ലിറ്റര്‍ അനധികൃത വാറ്റു ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി. അനധികൃതമായി രഹസ്യ അറകള്‍ നിര്‍മ്മിച്ച ടാങ്കര്‍ ലോറികളിലും നാഷണല്‍ പെര്‍മിറ്റ് ലോറികളിലും കാറുകളിലുമായി വന്‍തോതില്‍ കയറ്റിക്കൊണ്ടുവന്ന വ്യാജ സ്പിരിറ്റ് കണ്ടെത്തി കേസെടുത്തു. വ്യാപകമായി നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു പ്രതികളെ അറസ്റ്റ് ചെയ്തു. കഞ്ചാവും മറ്റു മയക്കുമരുന്നുകളും കണ്ടെത്തി കേസെടുത്തു. ഏതാനും കൊലക്കേസുകള്‍ തെളിയിച്ചു പ്രതികളെ അറസ്റ്റ് ചെയ്തു; നിരവധി ഭവനഭേദന കേസുകളും മോഷണക്കേസുകളും വാഹന മോഷണക്കേസുകളും പിടിച്ചു. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ മാഫിയ സംഘങ്ങളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരുന്നതിനും സംഘടിത കുറ്റകൃത്യങ്ങള്‍ കണ്ടെത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും കുറ്റവാളികളെ നിയമത്തിന്റെ മുന്‍പില്‍ എത്തിക്കുന്നതിനും പ്രവര്‍ത്തിച്ചു. മന്ത്രിമാരുടേയും മുന്‍ മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും എം.പിയുടേയും എം.പിയുടെ മക്കളുടേയും ഉന്നത നേതാക്കന്മാരുടേയും സ്പിരിറ്റും മറ്റും പിടിച്ചെടുത്തിട്ടുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 

അലി അക്ബര്‍
അലി അക്ബര്‍

പൊലീസിനുള്ളിലെ ലഹരിമാഫിയ

''പൊലീസിനുള്ളില്‍ ലഹരിമാഫിയയുടെ ആളുകളുണ്ട് എന്നത് ഞാന്‍ ആദ്യമായി കായംകുളം കൊറ്റുകുളങ്ങരയില്‍ ഒരു ടാങ്കര്‍ ലോറി പിടിച്ചതു മുതലുള്ള അനുഭവങ്ങളില്‍ വ്യക്തമായിരുന്നു. 1999-ലാണത്. കണ്ടാല്‍ ടാര്‍ കയറ്റി വരികയാണെന്നു തോന്നിക്കുമെങ്കിലും സ്പിരിറ്റുമായിട്ടായിരിക്കും വരുന്നതെന്ന് കിട്ടിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെന്നത്. അതിനു രണ്ടു പൊലീസുകാരുടെ അകമ്പടിയുണ്ടെന്നും അറിഞ്ഞു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെയാണ് വിവരം കിട്ടിയത്. ബൈക്കില്‍ അപ്പോള്‍ത്തന്നെ പോയി. എന്തും വരട്ടെയെന്നു വെച്ച് ബൈക്ക് ലോറിക്ക് കുറുകെ വെച്ചു. ലോറിയിലുള്ളവരോടു താഴെ ഇറങ്ങാന്‍ പറഞ്ഞു. ക്രൈം സ്‌ക്വാഡിലായതുകൊണ്ട് എപ്പോഴും മഫ്തിയിലാണ്. പക്ഷേ, അവിടുത്തെ ആളുകള്‍ക്കൊക്കെ പരിചയമുണ്ട്. ഞാന്‍ ഒറ്റയ്ക്കാണെങ്കിലും അവരുടെ സപ്പോര്‍ട്ടുകൂടി കിട്ടും എന്ന വിശ്വാസവുമുണ്ട്. അന്ന് എന്നെ പ്രധാനമായും നിരുത്സാഹപ്പെടുത്തിയ പൊലീസുദ്യോഗസ്ഥന്റെ പേര് ഇപ്പോള്‍ പറയുന്നില്ല. ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും പറഞ്ഞത് കാലി വണ്ടിയാണ് എന്നാണ്. പി.കെ. ഗോപിനാഥ് എന്ന സത്യസന്ധനായ ഉദ്യോഗസ്ഥനാണ് സി.ഐ. അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. അടുത്തൊരു വീട്ടില്‍നിന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ വിളിച്ചു വിവരം അറിയിച്ചു. രാത്രി എട്ടേമുക്കാലോടെ സി.ഐ വരുന്നതുവരെ ലോറി വഴിയരികില്‍ മാറ്റി ഇട്ടു. പിന്നെ നേരിട്ട വലിയ പ്രശ്‌നം എത്ര ശ്രമിച്ചിട്ടും ടാങ്കറിലെ രഹസ്യ അറ കണ്ടുപിടിക്കാന്‍ പറ്റുന്നില്ല എന്നതാണ്. പക്ഷേ, അറയും സ്പിരിറ്റും ഉണ്ടെന്നു മനസ്സിലായി. കൂടുതല്‍ പരിശോധനയ്ക്കു നില്‍ക്കാതെ ലോറി വിട്ടുകൊടുക്കണം എന്ന് ഡി.വൈ.എസ്.പി നിര്‍ദ്ദേശിച്ചു. ഞങ്ങളുടെ കൂടെ നിന്നാല്‍ എന്തു ബുദ്ധിമുട്ടുവന്നാലും രക്ഷിക്കുമെന്നും അതല്ല കളിക്കാനാണ് ഭാവമെങ്കില്‍ ബുദ്ധിമുട്ടുണ്ടാകും എന്നുമായിരുന്നു അദ്ദേഹത്തിന്റെ താക്കീത്. കഷ്ടപ്പെട്ടു പിടിച്ച വണ്ടി എന്തായാലും വിട്ടുകൊടുക്കുന്നില്ല എന്നുതന്നെ തീരുമാനിച്ചു. വണ്ടിയുടെ ഭാരം ബുക്കില്‍ കാണുന്നത് 7360 കിലോയാണ്. തൂക്കിനോക്കിയാല്‍ അറിയാം കാലിയാണോ അതോ രഹസ്യ അറയില്‍ സ്പിരിറ്റുണ്ടോ എന്ന്. വേ ബ്രിഡ്ജില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഡി.വൈ.എസ്.പി തടസ്സം പറഞ്ഞു. ഒടുവില്‍ ഡി.ഐ.ജിയുടെ അനുമതി വാങ്ങി തൂക്കി നോക്കിയപ്പോള്‍ 8000 കിലോയോളം കൂടുതല്‍. വണ്ടി തിരിച്ചുകൊണ്ടുവന്നു ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവര്‍ സമ്മതിച്ചു, സ്പിരിറ്റുണ്ട്. പക്ഷേ, ആര്‍ക്കുള്ളതാണ് എന്നൊന്നും അയാള്‍ക്കറിയില്ല. അയാളുടെ കയ്യില്‍ അഞ്ചുരൂപയുടെ ഒരു നോട്ട് കൊടുത്തിട്ടുണ്ട്. കായംകുളത്ത് ഒരു സ്ഥലത്ത് വണ്ടി എത്തുമ്പോള്‍ ഒരാള്‍ വന്ന് ആ നോട്ടിലെ നമ്പര്‍ പറയും. വണ്ടി അയാളെ ഏല്പിക്കാനാണ് നിര്‍ദ്ദേശം. ഏതായാലും എല്ലാ സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ച് കേസെടുത്ത് പ്രതികളെ റിമാന്‍ഡ് ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്കകം 12000 ലിറ്റര്‍ സ്പിരിറ്റുമായി മറ്റൊരു ലോറി കൂടി പിടിച്ചു. അതോടെ ഏതുവിധവും എന്നെ പൂട്ടാനുള്ള ശ്രമങ്ങളുണ്ടായി. പലരെക്കൊണ്ടും പലയിടത്തുനിന്നായി പൊലീസ് തലപ്പത്തേക്ക് പരാതി അയപ്പിക്കുകയായിരുന്നു പ്രധാന നീക്കങ്ങളിലൊന്ന്. രണ്ടു ഡി.വൈ.എസ്.പിമാര്‍ ചേര്‍ന്ന് എന്റെ പേരില്‍ അഞ്ച് 'പി.ആര്‍' ഉണ്ടാക്കി. പൊലീസുകാര്‍ക്കെതിരായ പരാതികളുടേയും നടപടികളുടേയും വകുപ്പുതല രേഖയാണത്. അഞ്ചും കള്ളപ്പരാതികളുടെ അടിസ്ഥാനത്തിലാണ്. കൈക്കൂലി ചോദിച്ചു, സഹപ്രവര്‍ത്തകനെ ജാതി വിളിച്ച് ആക്ഷേപിച്ചു, കേസില്ലാതാക്കാന്‍ സ്വര്‍ണ്ണക്കച്ചവടക്കാരനോട് പണം ചോദിച്ചു തുടങ്ങി പലതരം കള്ളക്കേസുകള്‍. കായംകുളം എം.എസ്.എം കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അട്ടിമറിക്കാനുള്ള ചിലരുടെ ശ്രമം തടഞ്ഞതിലെ വിരോധവും കള്ളക്കേസായി മാറി. കോണ്‍ഗ്രസ്സിന്റെ കുപ്രസിദ്ധ ഗൂണ്ടയായിരുന്ന 'പക്കായി'യുടെ നേതൃത്വത്തിലായിരുന്നു ബാലറ്റ് പേപ്പര്‍ വാരാനുള്ള പരിപാടി. ഇക്കാര്യം ഞാന്‍ സി.ഐയോട് പറയുന്നതു കേട്ട, ഈ നീക്കം അറിയാമായിരുന്ന ഡി.വൈ.എസ്.പി പ്രകോപിതനായി എന്നെ പരസ്യമായി തല്ലാനൊരുങ്ങി. സി.ഐ ഇടപെട്ടതുകൊണ്ടാണ് തല്ലു കിട്ടാതിരുന്നത്. ടാങ്കര്‍ ലോറി വിടാന്‍ തയ്യാറാകാതിരുന്നതു മുതലുള്ള വിരോധമായിരുന്നു ഡി.വൈ.എസ്.പിക്ക്. സംഭവത്തെക്കുറിച്ച് ഞാന്‍ എസ്.പിക്ക് പരാതി കൊടുത്തു. പക്ഷേ, എന്നോടു വിരോധമുണ്ടായിരുന്ന മറ്റൊരു പൊലീസുകാരന്റെ ബന്ധുവിനെ തല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കള്ളക്കേസുണ്ടാക്കി എന്നെ സസ്പെന്റ് ചെയ്യിച്ചു. നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ടപ്പോഴാണ് പിന്നീട് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. 

ഇതിനിടെ, കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ലോറി എക്‌സൈസിനു കൈമാറാന്‍ നിര്‍ദ്ദേശമുണ്ടായി. അങ്ങനെ കൈമാറാന്‍ കൊണ്ടുപോകാന്‍ പൊലീസ് ഡ്രൈവര്‍മാര്‍ക്കു പകരം രണ്ടു സ്വകാര്യ ഡ്രൈവര്‍മാരെ ഏല്പിച്ചു. അവര്‍ ഡി.വൈ.എസ്.പിയുടേയും മറ്റും നിര്‍ദ്ദേശപ്രകാരം ടാങ്കറിന്റെ മൂന്നു ടയറുകള്‍ ഊരി മറ്റൊന്നിന് ഇട്ടു; പകരം ഇതില്‍ വേറെ ടയറുകള്‍ ഇട്ടു. അതിന് അവര്‍ക്കു പ്രതിഫലവും കൊടുത്തു. എന്നിട്ട് സ്പിരിറ്റ് ലോറിയുടെ ടയറുകള്‍ ഞാനെടുത്ത് വിറ്റതായി കേസുണ്ടാക്കി. അതിന്റെ തുടര്‍ച്ചയായി ഇടുക്കി ജില്ലയിലേക്കു മാറ്റുകയും ക്രൈം സ്‌ക്വാഡ് പിരിച്ചുവിടുകയും ചെയ്തു. അവധിയെടുത്ത് കോടതിയെ സമീപിച്ചപ്പോള്‍ കോടതി സ്ഥലം മാറ്റം റദ്ദാക്കി. ടയര്‍ മാറ്റിയ കേസ് പിന്നീട് ഒന്നും ചെയ്തില്ല. ഞാനല്ല ചെയ്തത് എന്നു കോടതിയില്‍ തെളിയിച്ചപ്പോള്‍ തെറ്റ് ചെയ്തവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതെ അവരെ രക്ഷിക്കുകയാണ് പൊലീസ് വകുപ്പ് ചെയ്തത്. എന്നെ ഏതു വിധേനയും കുരുക്കുക മാത്രമായിരുന്നു ലക്ഷ്യം. കായംകുളം പട്ടണത്തിലുള്ള ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍നിന്ന് 39 ക്രിമിനല്‍ കേസുകളിലെ പ്രതികളായ മൂന്നു കൊടും കുറ്റവാളികളുമായി വന്ന് വിജിലന്‍സ് ഉദ്യോഗസ്ഥന്മാര്‍ കള്ളക്കേസില്‍ കുടുക്കി വലിച്ചിഴച്ചാണ് കൊണ്ടുപോയത്.'' 

വ്യാജമദ്യം പിടിക്കാനുള്ള സ്‌ക്വാഡ് പിരിച്ചുവിട്ട ശേഷം ദേശീയപാതയിലൂടെ യഥേഷ്ടം സ്പിരിറ്റ് കടത്താന്‍ വഴിയൊരുക്കിയതിന്റെ പ്രത്യാഘാതമായിരുന്നു കുപ്രസിദ്ധമായ കല്ലുവാതുക്കല്‍ മദ്യദുരന്തം എന്ന് അലി അക്ബര്‍ ചൂണ്ടിക്കാട്ടുന്നു. 1999, 2000, 2001, 2004, 2005 കാലഘട്ടങ്ങളില്‍ വമ്പിച്ച തോതില്‍ സ്പിരിറ്റ് പിടിച്ചപ്പോഴൊക്കെ പിടിക്കുന്നവരെ കുടുക്കാന്‍ കായംകുളം കേന്ദ്രീകരിച്ച് തെക്കന്‍ കേരളത്തിലെ മദ്യ ലോബികളും പൊലീസും ഒന്നിച്ചു. കല്ലുവാതുക്കല്‍ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലും ഗോവയിലും മദ്രാസിലുമായിരുന്ന സമയത്ത് ഏകപക്ഷീയമായി തനിക്കെതിരായ പരാതികളില്‍ തന്നെ കുറ്റവാളിയാക്കിയാണ് ശമ്പളത്തില്‍നിന്നു രണ്ട് ഇന്‍ക്രിമെന്റ് തടഞ്ഞത്. സ്പിരിറ്റ് പിടിച്ചതിന് റിവാര്‍ഡ് ഇല്ലെന്നു മാത്രമല്ല, ശിക്ഷിക്കുകയാണ് ചെയ്തത്.'' പൊലീസിലെ താഴെക്കിടയിലുള്ള ദുര്‍ബ്ബലനായ ഒരു ഉദ്യോഗസ്ഥനായിരുന്നിട്ടും ശക്തിയും അധികാരവും സമ്പത്തും എല്ലാമുള്ള പ്രബലരായ മാഫിയകളുടെ പക്ഷം ചേരാതെ നീതിയുടെ പക്ഷത്തുനിന്ന് ആത്മബലവും കരുത്തും ശക്തിയും പ്രചോദനവും നല്‍കി സംരക്ഷിക്കുകയും കരുത്തോടെ മാഫിയകള്‍ക്കെതിരെ മുന്നോട്ടുപോകാന്‍ പ്രചോദനം നല്‍കുകയും ചെയ്തത് ചില മാധ്യമങ്ങളാണ്'' -അലി അക്ബറിന്റെ വാക്കുകള്‍. 

പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ ഓപ്പറേഷനു ലേബര്‍ റൂമിലേക്ക് കയറ്റിയപ്പോള്‍ രക്തം കൊടുക്കാന്‍ സുഹൃത്തുമൊത്ത് നില്‍ക്കുന്ന സമയത്താണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി ജയിലില്‍ അടച്ചത്. തുടര്‍ന്ന് പൊലീസിന്റെ തടവില്‍ വെച്ചിരുന്ന എന്റെ ബന്ധുവിനെ എന്റെ സഹോദരനും ബന്ധുക്കളും ചേര്‍ന്നു തട്ടിക്കൊണ്ടുപോയി എന്നു പറഞ്ഞു വീണ്ടും കേസെടുത്തു. ജയിലില്‍ വെച്ച് കൊല്ലാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെല്ലാം. വിരമിച്ചെങ്കിലും ഏതാണ്ട് 500-ഓളം കേസുകളില്‍ സാക്ഷിയായി കോടതികളില്‍ പോകേണ്ടതായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭീഷണിയും നിലനില്‍ക്കുന്നു. അലി അക്ബറിന്റെ വീടും വാഹനങ്ങളും കത്തിച്ച് കുടുംബത്തെ ഒന്നടങ്കം കൊല്ലാന്‍ ശ്രമിച്ച കേസ് എട്ടു വര്‍ഷമായിട്ടും ഇഴയുകയാണ്. പ്രതികളായ മൂന്ന് അബ്കാരി ഗൂണ്ടകളേയും അറസ്റ്റ് ചെയ്തിരുന്നു. ആദ്യം തൃക്കുന്നപ്പുഴ പൊലീസും പിന്നീട് ഡി.സി.ആര്‍.ബിയും അന്വേഷിച്ച കേസില്‍ കുറ്റപത്രം കൊടുത്തെങ്കിലും വധശ്രമമൊന്നും ചേര്‍ത്തിരുന്നില്ല. മറ്റൊരിക്കല്‍ അലി അക്ബറിനെ കൊല്ലാന്‍ ശ്രമിച്ചതിന് കായംകുളം പൊലീസില്‍ കേസുണ്ട്. 

ശിക്ഷയായി കേസുകള്‍

വിവാദമായ ദേവസ്വം ബോര്‍ഡ് നിയമന തട്ടിപ്പ് പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ മാവേലിക്കര പൊലീസ് സ്റ്റേഷനിലേയും ജില്ലയിലെ മറ്റു വിവിധ സ്റ്റേഷനുകളിലേയും നിരവധി ഉദ്യോഗസ്ഥരുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുള്ളതായി തെളിവുകള്‍ ലഭിച്ചിരുന്നു. ഇവരില്‍നിന്നു പിടിച്ചെടുത്ത ഐഫോണുകളിലും ലാപ്ടോപ്പുകളിലും പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം തെളിയിക്കുന്നതും അവരെ സഹായിക്കുന്നതുമായ തെളിവുകളും കിട്ടി. പൊലീസ് സൊസൈറ്റിയില്‍നിന്നും പൊലീസുകാര്‍ക്കു മാത്രം വിതരണം ചെയ്യുന്ന പൊലീസ് ഡയറികളും പൊലീസുദ്യോഗസ്ഥരുമായി മദ്യപിച്ച് നൃത്തം ചെയ്യുന്നതും തോളില്‍ കയ്യിട്ടും കെട്ടിപ്പിടിച്ചും നില്‍ക്കുന്നതും ഉള്‍പ്പെടെ ഫോട്ടോകളും പ്രതികളില്‍നിന്നു പിടിച്ചെടുത്തു. തുടര്‍ന്ന് ആറ് പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, പ്രതികളുടെ ഉന്നത ബന്ധം ഉപയോഗിച്ച് അവരെ സഹായിച്ച ഉദ്യോഗസ്ഥന്മാരെ വളരെ പെട്ടെന്നുതന്നെ കേസിന്റെ അന്വേഷണം തീരുന്നതിനു മുന്‍പായി തിരിച്ചെടുത്തു. മാത്രമല്ല, അവരെ ചെങ്ങന്നൂര്‍ സബ് ഡിവിഷനിലും കായംകുളത്തും തന്നെ നിയമിക്കുകയും ചെയ്തു. രഹസ്യവിവരങ്ങള്‍ ശേഖരിച്ച് മേലുദ്യോഗസ്ഥരെ അറിയിക്കേണ്ട സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥന്‍ തന്നെ പ്രതികളെ സഹായിച്ചു. ഈ ഉദ്യോഗസ്ഥനേയും സസ്പെന്‍ഡ് ചെയ്‌തെങ്കിലും പെട്ടെന്നുതന്നെ തിരിച്ചെടുക്കുകയാണ് ഉണ്ടായത്. 

''10 കോടി രൂപയേക്കാള്‍ കൂടുതല്‍ തട്ടിയെടുത്തെങ്കിലും നാലുകോടി രൂപയുടെ കേസുകള്‍ മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. സംസ്ഥാനത്ത വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയെങ്കിലും തട്ടിപ്പിനിരയായവരെ വിളിച്ചുവരുത്തരുതെന്ന് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി താക്കീതിന്റെ സ്വരത്തില്‍ നിര്‍ദ്ദേശിച്ചിരുന്നതിനാല്‍ കേസന്വേഷണവുമായി സത്യസന്ധമായി മുന്നോട്ടുപോകാന്‍ റിട്ടയര്‍ ആകുന്നതുവരെ കഴിഞ്ഞിരുന്നില്ല. ഈ കേസിലെ പ്രതികളെ ആദ്യം പിടിച്ച സമയത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എന്നെ കയ്യേറ്റം ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥന്‍ തടഞ്ഞതുകൊണ്ടാണ് ആക്രമണത്തില്‍നിന്നും ഞാന്‍ രക്ഷപ്പെട്ടത്. ഈ വിവരം മേലുദ്യോഗസ്ഥന്മാരെ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും എന്റെ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല; നീതിയും ലഭിച്ചില്ല.''

ആലപ്പുഴയില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ രണ്ടു വര്‍ഷവും നാല് മാസവും ജോലി ചെയ്തു. ഈ കാലയളവില്‍ നിരവധി വിഷയങ്ങള്‍ മുന്‍കൂട്ടി കണ്ടു റിപ്പോര്‍ട്ടുകള്‍ ഗവണ്‍മെന്റിലേക്കു നല്‍കി. ഏറ്റവും നല്ല രീതിയില്‍ വിവരങ്ങള്‍ മുന്‍കൂട്ടി ശേഖരിച്ച് റിപ്പോര്‍ട്ടുകള്‍ അയച്ചതിനു യൂണിറ്റില്‍നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു വര്‍ഷക്കാലം കൂടി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആലപ്പുഴ യൂണിറ്റ് സംസ്ഥാന ഇന്റലിജന്‍സ് എ.ഡി.ജി.പി മുഖാന്തരം മൂന്ന് തവണയെങ്കിലും കത്ത് നല്‍കിയിരുന്നു. എന്നാല്‍, തുടരാന്‍ അനുവദിച്ചില്ല. നിരവധി ഉദ്യോഗസ്ഥന്മാരുടേയും അഴിമതിക്കാരായ രാഷ്ട്രീയ മാഫിയ സംഘങ്ങളുടേയും എല്ലാം ഉറവിടങ്ങള്‍ കണ്ടെത്തി അവരെ സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് അയച്ചതാണ് കാരണമെന്ന് അലി അക്ബര്‍ വിശ്വസിക്കുന്നു. ''എല്ലാത്തരം കുറ്റവാളികളേയും സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഉദ്യോഗസ്ഥന്മാരുടെ പേരില്‍ നടപടികളും വന്നു. അതുമൂലം അവരുടെ സ്വാധീനം മൂലമാണ് എന്നെ എസ്.എസ്.ബിയില്‍ തുടരാന്‍ അനുവദിക്കാതിരുന്നത്.''

സ്ഥലംമാറ്റം ശിക്ഷയായപ്പോള്‍

ഇടുക്കിയിലേക്കുള്ള സ്ഥലംമാറ്റത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ വക്കീലിനെ സ്വാധീനിച്ചും ശത്രുക്കള്‍ അവരുടെ 'കരുത്ത്' കാട്ടി. കേസ് ഇന്നു വരും നാളെ വരും എന്നു പറഞ്ഞ് മൂന്നു മാസമാണ് വക്കീല്‍ നടത്തിയത്. താന്‍ അവധിയില്‍ നില്‍ക്കുകയുമാണ്. അബ്കാരികളുടെ സ്വാധീനത്തിനു വഴങ്ങിയാണ് വക്കീല്‍ തന്നെ ചതിച്ചത്. ഹര്‍ജി ഫയല്‍ ചെയ്തിട്ടുപോലും ഉണ്ടായിരുന്നില്ല. 10,000 രൂപ വാങ്ങുകയും ചെയ്തു. ഇന്നാണെങ്കില്‍ ഹര്‍ജിയുടെ സ്ഥിതി ഓണ്‍ലൈനില്‍ അറിയാന്‍ പറ്റും. വക്കാലത്ത് മറ്റൊരു വക്കീലിനെ ഏല്പിച്ചു. അദ്ദേഹം രണ്ടാം ദിവസം തന്നെ കോടതിയെ സമീപിച്ചു. കോടതി ആ സ്ഥലം മാറ്റം റദ്ദാക്കുകയും ചെയ്തു. ആലപ്പുഴ ജില്ലയില്‍നിന്നു മാറ്റരുതെന്നും ആ ഉത്തരവില്‍ പറഞ്ഞു. അതുമായി ജില്ലാ പൊലീസ് മേധാവിയുടെ അടുത്തു ചെന്നപ്പോള്‍ ആദ്യം ഉത്തരവിന്റെ പകര്‍പ്പ് വാങ്ങാന്‍പോലും തയ്യാറായില്ല. അതുകഴിഞ്ഞ് കൈനടി സ്റ്റേഷനില്‍ നിയമിച്ചു. നീ ഒരു നല്ല തോര്‍ത്തും സോപ്പുമൊക്കെ വാങ്ങിച്ചോ, നിനക്കു പറ്റിയ സ്ഥലത്തേക്കു മാറ്റിത്തരാം എന്നാണ് അന്നത്തെ എസ്.പി ഷംസുദ്ദീന്‍ പറഞ്ഞത്.

അക്കാലത്തൊക്കെ ഏതു കാര്യത്തിലും നീതിക്കൊപ്പം നിന്ന് മാഫിയകള്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്ന ചില സഹപ്രവര്‍ത്തകരുണ്ടായിരുന്നു. മുതുകുളത്തിനടുത്ത് കനകക്കുന്ന് സ്റ്റേഷനിലെ എസ്.ഐ നസീം, കോണ്‍സ്റ്റബിള്‍ പ്രസാദ്, സുരേഷ് തുടങ്ങിയവര്‍. നസീം ഇപ്പോള്‍ എസ്.പിയാണ്. ഈ ടീമിനെ ചിതറിച്ചാല്‍ സ്പിരിറ്റ് ലോബിക്ക് കാര്യങ്ങള്‍ എളുപ്പമാകും എന്ന സ്ഥിതി വന്നിരുന്നു. സ്പിരിറ്റ് കടത്തിനു യാതൊരു തടസ്സവും ഇല്ലാതെയായി. അതിന് ഉന്നത പൊലീസുദ്യോഗസ്ഥരില്‍ ചിലരും കൂട്ടുനിന്നു. പിന്നീട് കല്ലുവാതുക്കല്‍ മദ്യദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ചിലരുടെ മൊഴിയില്‍ത്തന്നെ ഈ ബന്ധം കൂടുതല്‍ വ്യക്തമാവുകയും ചെയ്തു. കൈനടിയില്‍ ജോലി ചെയ്തപ്പോഴാണ് കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം. 

കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന സ്‌ക്വാഡ് പിരിച്ചുവിടുകയും തന്നെ ഉള്‍പ്പെടെ മാറ്റുകയും ചെയ്തില്ലായിരുന്നെങ്കില്‍ 39 പേരുടെ മരണത്തിന് ഇടയാക്കിയ ആ ദുരന്തം ഉണ്ടാകില്ലായിരുന്നു എന്നാണ് അലി അക്ബര്‍ വിശ്വസിക്കുന്നത്. കൈനടിയിലായിരിക്കുമ്പോള്‍ത്തന്നെ കല്ലുവാതുക്കല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ബാംഗ്ലൂരിലേക്ക് അയച്ച സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ഈ ലോബിയെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന ആള്‍ എന്ന നിലയിലാണ്. അന്വേഷണോദ്യോഗസ്ഥനായിരുന്ന ഐ.ജി സിബി മാത്യൂസിനെ കണ്ട് തനിക്ക് അറിയാവുന്ന വിവരങ്ങളെല്ലാം പറഞ്ഞിരുന്നു. അന്ന് കൊല്ലം എസ്.പിയായിരുന്ന മനോജ് ഏബ്രഹാമിനെ കാണാന്‍ നിര്‍ദ്ദേശിച്ചു. ആറ്റിങ്ങല്‍ എസ്.ഐ ഹരീഷ് (അദ്ദേഹം ഇന്നില്ല), ഓച്ചിറ എസ്.ഐ അശ്വകുമാര്‍ എന്നിവരേയും അലി അക്ബറിനേയും ബാംഗ്ലൂരിലേക്ക് അയച്ചു. ആ കേസിലെ നിര്‍ണ്ണായക കണ്ടെത്തലുകള്‍തന്നെ ഈ ടീമിന്റെ അന്വേഷണത്തില്‍ കിട്ടി. ഈ ടീമില്‍ ആരൊക്കെയാണെന്ന വിവരം സിബി മാത്യൂസിനും മനോജ് ഏബ്രഹാമിനും മാത്രമാണ് അറിയാമായിരുന്നത് എന്ന് അലി അക്ബര്‍ പറയുന്നു. ആ കേസ് കഴിഞ്ഞതോടെ കൈനടിയില്‍നിന്ന് കായംകുളത്തേക്ക് മാറ്റം കിട്ടി. അക്കാലത്ത് എസ്.പി നിധിന്‍ അഗര്‍വാളിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ആടു നാസര്‍ എന്ന കുപ്രസിദ്ധ വാഹന മോഷ്ടാവിനെ പിടിച്ചത്. 49 വാഹനങ്ങളാണ് അയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടെടുത്തത്. അതില്‍ ഒരു ഐ.ജിയുടെ വീട്ടില്‍നിന്നു കാണാതായ വാഹനം വരെ ഉണ്ടായിരുന്നു. അങ്ങനിരിക്കെ, ഒരു കെ.പി.സി.സി ഭാരവാഹിയും കായംകുളം നഗരസഭാ ചെയര്‍മാന്റെ മകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗവും ഒരു ഐ.എന്‍.ടി.യു.സി നേതാവിന്റെ മകനും അംബാസിഡര്‍ കാറില്‍ സ്പിരിറ്റുമായി പോയപ്പോള്‍ സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്നു പിടിച്ചു. യു.ഡി.എഫ് മന്ത്രിസഭയാണ് ഭരിക്കുന്നത്. ഒരു മന്ത്രിയുടെ പേരിലാണ് പിടിയിലായ കാറിന്റെ രജിസ്ട്രേഷന്‍. വലിയ ഇടപെടലുകളുണ്ടായി. പക്ഷേ, കേസെടുത്തു. എന്നെ ഏതുവിധവും ഇല്ലാതാക്കുക എന്നത് അവരുടെ ആവശ്യമായി മാറി. അതാണ് വ്യാജ വിജിലന്‍സ് കേസിലെത്തിയത്. ആശുപത്രിക്കു ചുറ്റുമായി മുന്നൂറോളം പൊലീസുകാരെ വിന്യസിച്ചാണ് ആ 'ഓപ്പറേഷന്‍' എന്നതില്‍ നിന്നുതന്നെ, ഈ പൊലീസുകാരനെ കുടുക്കുന്നതിന് പൊലീസിലെ 'അഴിമതി വിരുദ്ധര്‍' എത്ര പ്രാധാന്യം നല്‍കി എന്നു വ്യക്തം. നോട്ടുകള്‍ കയ്യില്‍ പിടിപ്പിക്കാന്‍ അവര്‍ നിയോഗിച്ചവര്‍ക്കു കഴിഞ്ഞില്ല. എന്നിട്ടും അലി അക്ബറിന്റെ ദേഹത്തും വസ്ത്രങ്ങളിലുമുള്‍പ്പെടെ ഫിനോഫ്തിലിന്‍ പൊടി പുരട്ടി. ജീപ്പിലേക്കു കയറ്റുമ്പോള്‍ ഒരു മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞ വര്‍ഗ്ഗീയ പരാമര്‍ശം മാത്രമാണ് തന്നെ തളര്‍ത്തിക്കളഞ്ഞതെന്ന് അലി പറയുന്നു. അത്ര നീചമായിരുന്നു പരാമര്‍ശം. മറ്റൊരാള്‍ പറഞ്ഞത് 'അലിയുഗം' കഴിഞ്ഞു, ഇനി നീ യൂണിഫോം ഇടില്ല എന്നാണ്. മുന്‍പ് അതേ ഓഫീസര്‍ തൃക്കുന്നപ്പുഴ എസ്.ഐ ആയിരിക്കുമ്പോള്‍ അബ്കാരി ബന്ധത്തെക്കുറിച്ച് ആരോപണം നേരിട്ട ആളാണ്. വ്യാജമദ്യം പിടിച്ചില്ലെങ്കില്‍ പണി പോകും എന്ന് അന്നത്തെ എസ്.പി രാജേഷ് ദിവാന്‍ താക്കീത് ചെയ്തപ്പോള്‍ വ്യാജമദ്യ ശേഖരത്തെക്കുറിച്ചു വിവരം നല്‍കുക മാത്രമല്ല, നേരിട്ട് ഒപ്പം പോയി അതു പിടിച്ചെടുക്കാനും സഹായിച്ച ആളാണ് അലി അക്ബര്‍ എന്നതുപോലും മറന്നായിരുന്നു പരാമര്‍ശം. ഏഴു ദിവസം റിമാന്‍ഡില്‍ ജയിലില്‍ കഴിഞ്ഞു. വിജിലന്‍സ് കേസില്‍ സാക്ഷിയായി പക്കായിയെ ഖദറിടീച്ച് കൊണ്ടുവന്നത് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന ത്രിവിക്രമന്‍ തമ്പി. യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്നാണ് പരിചയപ്പെടുത്തിയത്. പക്ഷേ, അയാള്‍ 14 വയസ്സു മുതല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിന്റെ തെളിവുകളാണ് അന്നു കോടതിക്കു മുന്നില്‍ വന്നത്. ആ കേസിന്റെ കാലത്ത് രണ്ടു വര്‍ഷം സര്‍വ്വീസിനു പുറത്തു നിര്‍ത്തിയതിന്റെ മുഴുവന്‍ ആനുകൂല്യങ്ങളോടെയും തിരിച്ചെടുക്കാനാണ് കോടതി വിധിച്ചത്. ആ കേസിലും വക്കീലിനെ അബ്കാരികള്‍ 'റാഞ്ചി'യപ്പോള്‍ ഐ.ജി സിബി മാത്യൂസ് ഏര്‍പ്പെടുത്തിക്കൊടുത്ത വിജയകുമാര്‍ എന്ന അഭിഭാഷകനാണ് കേസ് നടത്തിയത്; ഒരു രൂപ പോലും വാങ്ങാതെ. 

അലി അക്ബര്‍
അലി അക്ബര്‍

അര്‍ഹതയ്ക്കുള്ള അംഗീകാരം

തിരികെ നിയമിച്ചത് ഇടുക്കി ജില്ലയിലെ പെരുവന്താനത്ത്. ആ കാലത്താണ് കോട്ടയത്ത് ചിങ്ങവനത്തിനടുത്ത് കുറിച്ചി അമ്പലത്തിലെ പഞ്ചലോക വിഗ്രഹം മോഷണം പോയത്. ആ കേസ് അന്വേഷിക്കുന്ന സംഘത്തില്‍ അലി അക്ബറിനെ ഉള്‍പ്പെടുത്തി. ആ കേസ് തെളിയിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചത് ചില മേലുദ്യോഗസ്ഥര്‍ക്കു രസിച്ചില്ല. പിടിയിലായ പ്രതിയല്ല യഥാര്‍ത്ഥ പ്രതി എന്നു വരുത്താനായിരുന്നു ശ്രമം. അതു മറികടന്ന് കുറ്റം തെളിയിക്കാന്‍ സഹായിച്ചതില്‍ അന്നത്തെ ഇടുക്കി എസ്.പി വിജയന്റേയും കോട്ടയം എസ്.പി അബ്ദുല്‍ വഹാബിന്റേയും വലിയ പിന്തുണയാണുണ്ടായത്. ഋഷിരാജ് സിംഗിന്റെ സ്പെഷ്യല്‍ സ്‌ക്വാഡില്‍ അംഗമായിരിക്കെ സ്പിരിറ്റ് ലോറിയെക്കുറിച്ച് വിവരം കിട്ടിയിട്ട് രാത്രിയില്‍ അദ്ദേഹത്തിനൊപ്പം കാത്തുനില്‍ക്കുമ്പോഴാണ് സ്‌ക്വാഡ് തന്നെ പിരിച്ചുവിട്ട വിവരം അറിയുന്നത്. ഋഷിരാജ് സിംഗിനെ സി.ബി.ഐയില്‍ നിയമിച്ചത് അറിയിച്ചുകൊണ്ട് എത്തിയ വയര്‍ലെസ് സന്ദേശത്തിലെ അടുത്ത വിവരം സ്‌ക്വാഡ് പിരിച്ചുവിട്ടു എന്നായിരുന്നു. 

രണ്ടു സസ്പെന്‍ഷനില്‍ രണ്ടാമത്തേതിനു കാരണമായ ഡി.വൈ.എസ്.പിയെ ചീത്തവിളിച്ചു എന്ന കേസ് കള്ളക്കേസാണെന്ന് അലി അക്ബര്‍ പറഞ്ഞു. എതിരെ മൊഴി കൊടുത്തത് പൊലീസുകാര്‍ തന്നെ. എം.എസ്.എം കോളേജിലെ വോട്ടെണ്ണലിനിടെ ഡി.വൈ.എസ്.പി തല്ലാന്‍ ശ്രമിച്ചതും അതിന് സി.ഐയും എസ്.ഐയും പ്രിന്‍സിപ്പലും ഉള്‍പ്പെടെ സാക്ഷികളായിരുന്നതും മേലുദ്യോഗസ്ഥര്‍ പരിഗണിച്ചില്ല; അവരെ സാക്ഷിപ്പട്ടികയില്‍ പെടുത്തിയുമില്ല. പകരം പറയാത്ത ചീത്തയുടെ പേരിലായി കേസും നടപടിയും. പിരിച്ചുവിടാനായിരുന്നു നീക്കം. 

ഒടുവില്‍, നിരപരാധിത്വം അറിയാവുന്ന ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടതുകൊണ്ട് രണ്ട് ഇന്‍ക്രിമെന്റ് തടയുന്നതില്‍ 'നിര്‍ത്തി.' മേലുദ്യോഗസ്ഥരോട് എപ്പോഴെങ്കിലും മോശമായി പെരുമാറിയെന്ന് ഈ ഡി.വൈ.എസ്.പിയല്ലാതെ മറ്റാരും പറഞ്ഞിട്ടില്ല. അദ്ദേഹം തന്നെയാണ് അലി അക്ബറിനെതിരെ അഞ്ച് പി.ആറിനും കാരണക്കാരന്‍. അത് അഞ്ചും നിലനിന്നില്ല. ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്ന കേസെടുത്ത സി.ഐ പറഞ്ഞത്, ഞാനൊരു പാപമാണ് ചെയ്യുന്നത് എന്നറിയാം; പക്ഷേ, അത്ര വലിയ സമ്മര്‍ദ്ദമുണ്ട് എന്നാണ്. കള്ളക്കേസുകളുടെ പരമ്പര തന്നെയാണ് ഉണ്ടായത്. നാട്ടിലുമുണ്ടാക്കി പല കേസുകള്‍. ഒടുവില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. 

അലി അക്ബറിന്റെ പരാതിയുടേയും പത്രവാര്‍ത്തകളുടേയും അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. അന്ന് കമ്മിഷന്റെ അന്വേഷണോദ്യോഗസ്ഥന്‍ ജേക്കബ് തോമസ് ആയിരുന്നു. അലി അക്ബര്‍ പൊലീസ് സേനയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്നും അദ്ദേഹത്തിനെതിരായ കേസുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. ആ ജുഡീഷ്യല്‍ അന്വേഷണം നടന്നില്ല. 
മുപ്പതോളം തവണ ഗുഡ് സര്‍വ്വീസ് എന്‍ട്രി കിട്ടിയിട്ടുണ്ട് അലി അക്ബറിന്. അനര്‍ഹമായ അംഗീകാരം കൊതിച്ചിട്ടല്ല. തന്നേക്കാള്‍ കുറഞ്ഞ അര്‍ഹതയുള്ളവര്‍ വാങ്ങുന്ന വാര്‍ത്തയും ചിത്രങ്ങളും കണ്ട് സങ്കടപ്പെട്ടിട്ടുണ്ട്. പക്ഷേ, കിട്ടാതെ പോയ അംഗീകാരങ്ങളുടെ പേരില്‍ പിരിയുന്നതുവരെ ഒരിക്കല്‍പോലും സ്വന്തം ചുമതലകളില്‍ വീഴ്ച വരുത്തിയിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com