കുറ്റവാളികള്‍ രക്ഷപ്പെടുന്ന സ്ഥിതി മാറണം, ഉറപ്പാക്കേണ്ടത് കുട്ടികളുടെ സുരക്ഷ

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പോക്സോ കേസുകളുടേയും കുറ്റപത്രം നല്‍കുന്ന കേസുകളുടേയും ശിക്ഷിക്കപ്പെടുന്ന കേസുകളുടേയും അനുപാതത്തില്‍ വലിയ വ്യത്യാസമാണുള്ളത്
കുറ്റവാളികള്‍ രക്ഷപ്പെടുന്ന സ്ഥിതി മാറണം, ഉറപ്പാക്കേണ്ടത് കുട്ടികളുടെ സുരക്ഷ

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ കേരളം കര്‍ക്കശ ശിക്ഷ ഉറപ്പാക്കുന്നു എന്നു തോന്നിപ്പിക്കുന്ന വിധമാണ് ഇടയ്ക്കിടെ പുറത്തുവരുന്ന പോക്സോ കേസ് ശിക്ഷാ വിധികള്‍. ദേശീയ ശരാശരി പരിശോധിക്കുമ്പോള്‍ കേരളത്തില്‍ ശിക്ഷിക്കപ്പെടുന്ന പോക്സോ കേസ് പ്രതികളുടെ എണ്ണം കൂടുതലാണുതാനും. പക്ഷേ, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പോക്സോ കേസുകളുടേയും കുറ്റപത്രം നല്‍കുന്ന കേസുകളുടേയും ശിക്ഷിക്കപ്പെടുന്ന കേസുകളുടേയും അനുപാതത്തില്‍ വലിയ വ്യത്യാസമാണുള്ളത്. ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണം കുത്തനെ താഴേയ്ക്കാണ്. പോക്സോ (POCSO - Protection of Children from Sexual Offences Act 2012) നിലവില്‍ വന്നിട്ട് പതിനൊന്നു വര്‍ഷം കഴിഞ്ഞു. 2005-ലെ വിവരാവകാശ നിയമം, സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് തൊഴില്‍സ്ഥലങ്ങളില്‍ ആഭ്യന്തര പരാതി സമിതി (ഐ.സി.സി: ഇപ്പോള്‍ ഐ.സി) നിര്‍ബ്ബന്ധമാക്കിയ 2005-ലെ കേന്ദ്ര നിയമം എന്നിവയോടുള്ള അരമനസ്സുപോലെ തന്നെ പോക്സോയുടെ കാര്യത്തിലും. മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ ഇവിടെ സ്ഥിതി മെച്ചമാണ് എന്നതുമാത്രം ചൂണ്ടിക്കാട്ടാനാണ് കേരളത്തിനു കഴിയുന്നത്.

2023-ല്‍ ആദ്യത്തെ രണ്ടുമാസം മാത്രം കേരളത്തിലെ 20 പൊലീസ് ജില്ലകളിലുമായി രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുകള്‍ 830. തിരുവനന്തപുരം സിറ്റി 29, റൂറല്‍ 62, കൊല്ലം സിറ്റി 21, റൂറല്‍ 51, പത്തനംതിട്ട 34, ആലപ്പുഴ 45, കോട്ടയം 24, ഇടുക്കി 37, എറണാകുളം സിറ്റി 29, റൂറല്‍ 64, തൃശൂര്‍ സിറ്റി 36, റൂറല്‍ 29, പാലക്കാട് 70, മലപ്പുറം 97, കോഴിക്കോട് സിറ്റി 25, റൂറല്‍ 43, വയനാട് 40, കണ്ണൂര്‍ സിറ്റി 23, റൂറല്‍ 41, കാസര്‍കോട് 30. ഇവയ്ക്കു പുറമേ റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളുമുണ്ട്. ഏപ്രില്‍ മൂന്നിനു പുതുക്കിയ വിവരമാണിത്. 2022-ല്‍ 4586 കേസുകളാണ് പോക്സോ പ്രകാരം രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്തു മാത്രം 592 കേസുകള്‍. രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ല: 555 കേസുകള്‍. 2021-ല്‍ 3559 കേസുകള്‍; മലപ്പുറം ജില്ലയിലാണ് കൂടുതല്‍: 460. തിരുവനന്തപുരത്ത് 436. 2020-ല്‍ ആകെ കേസുകള്‍ 3056; തിരുവനന്തപുരത്ത് 358, മലപ്പുറത്ത് 387. 2019-ല്‍ ആകെ കേസുകള്‍ 3640; തിരുവനന്തപുരത്ത് 466, മലപ്പുറത്ത് 448. എടുത്ത കേസുകളുടെ കണക്കല്ലാതെ ശിക്ഷ വാങ്ങിക്കൊടുത്ത കേസുകളുടെ കണക്ക് പൊലീസ് അപ്പപ്പോള്‍ പ്രസിദ്ധീകരിക്കുന്നില്ല. കേസുകള്‍ കെട്ടിക്കിടക്കുന്നതും ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ എണ്ണം അഭിമാനാര്‍ഹമായ വിധം ഉയര്‍ന്നതല്ലാത്തതുമാണ് പ്രധാന കാരണങ്ങള്‍. 2016-ല്‍ 2131 കേസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ഷം ഫെബ്രുവരി വരെ മാത്രം 832-ഉം കഴിഞ്ഞ വര്‍ഷം 4586-ഉം. കുറ്റവാളികള്‍ക്കു വേഗത്തില്‍ കടുത്ത ശിക്ഷ ഉറപ്പാക്കിയാല്‍ മാത്രമാണ് സമാന കുറ്റകൃത്യങ്ങള്‍ പെരുകാതിരിക്കുക എന്ന സിദ്ധാന്തം വാക്കില്‍ മാത്രം. കേരളത്തില്‍ 56 പോക്സോ കോടതികളുണ്ടായിരിക്കെ 28 എണ്ണത്തിനുകൂടി 2022 ഒടുവില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുറമേ എല്ലാ ജില്ലയിലും ഓരോ സെഷന്‍സ് കോടതി പോക്സോ കോടതിയായി പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. എന്നിട്ടും കേസുകളില്‍ തീര്‍പ്പ് വൈകുന്നത് പൊലീസ് അന്വേഷണം വേണ്ടവിധം വേഗത്തിലാകാത്തതുകൊണ്ടു കൂടിയാണ്. ഫൊറന്‍സ് റിപ്പോര്‍ട്ട് കിട്ടുന്നതിലെ കാലതാമസവും ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 2016-ല്‍ നിന് 2019 വരെ കൂടിക്കൂടി വന്ന ശേഷം 2020-ലും '21-ലും നേരിയ കുറവ് കാണിച്ചെങ്കിലും 2022-ല്‍ കുത്തനെ കൂടിയതായി പൊലീസ് തന്നെ പുറത്തുവിട്ട സ്ഥിതിവിവര ഗ്രാഫ് വ്യക്തമാക്കുന്നു. 2023-ല്‍ ബാക്കിയുള്ള കാലയളവില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള ജാഗ്രത പൊലീസിനുണ്ട് എന്നാണ് വാദം. പക്ഷേ, ഫലമുണ്ടാകണമെങ്കില്‍ അറസ്റ്റിലായ കുറ്റവാളികള്‍ക്കു മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കണം. 

ശിക്ഷിക്കപ്പെടുന്ന പോക്സോ കേസ് പ്രതികളുടെ എണ്ണം കുറയുന്നു എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി വ്യക്തമാക്കുന്നു. 2016 മുതല്‍ 2021 ഒക്ടോബര്‍ മൂന്നു വരെയുള്ള കാലയളവില്‍ 17198 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 14496 എണ്ണത്തില്‍ മാത്രമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 417 കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ആകെ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുകളില്‍ ശിക്ഷ കിട്ടിയത് 2.87 ശതമാനത്തില്‍ മാത്രം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയാണിത്. 

2016-ല്‍ 196 കേസുകളില്‍ മാത്രം പ്രതികള്‍ ശിക്ഷിക്കപ്പെട്ടു (8.34%). 2017ല്‍ ഇത് 4.88 ശതമാനമായി കുറഞ്ഞു. കുറ്റപത്രം നല്‍കിയ 2536 കേസുകളില്‍ 124 എണ്ണത്തില്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2018-ല്‍ ഇത് വീണ്ടും കുറഞ്ഞ് 2.23 ശതമാനമായി. 2993 കേസുകളില്‍ കുറ്റപത്രം നല്‍കിയെങ്കിലും ശിക്ഷിക്കപ്പെട്ടത് 67 കേസുകളില്‍. 2019-ല്‍ 3368 കേസുകളില്‍ കുറ്റപത്രം നല്‍കി. ശിക്ഷിക്കപ്പെട്ടത് 24 കേസുകളില്‍ (0.71%). 2020ല്‍ 2581 കേസുകളില്‍ കുറ്റപത്രം നല്‍കിയെങ്കിലും വെറും ആറ് കേസുകളില്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്( 0.23%). 2021 ഒക്ടോബര്‍ മൂന്ന് വരെ 2501 കേസുകളെടുത്തു; 992 എണ്ണത്തില്‍ കുറ്റപത്രം നല്‍കി. 

കേരളവും മറ്റു സംസ്ഥാനങ്ങളും 

പോക്സോ കേസുകളിലെ ശിക്ഷാനിരക്കില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളം മുന്നിലാണ്. ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 20.5 ശതമാനത്തില്‍ മാത്രമാണ് തെളിവില്ലാതെ പ്രതി രക്ഷപ്പെടുന്നത്. ലോകബാങ്കിന്റെ ഡേറ്റ എവിഡന്‍സ് ഫോര്‍ ജസ്റ്റിസ് റിഫോംസുമായി ചേര്‍ന്ന് വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി എന്ന സന്നദ്ധസംഘടന 2022 നവംബറില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം. പോക്സോയ്ക്ക് പത്തുവര്‍ഷം തികയുന്ന പശ്ചാത്തലത്തിലായിരുന്നു പഠനം. കേസുകളില്‍ വിധി വരാന്‍ വൈകുന്നു എന്നും പഠനത്തിലുണ്ട്. വേഗത്തില്‍ വിധി വരുന്നതില്‍ ബംഗാളും ഹരിയാനയുമാണ് മുന്നില്‍. പോക്സോ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിന്റെ ദേശീയ ശരാശരി 14.03 ശതമാനം മാത്രമാണ്. 43.44 ശതമാനം കേസുകളില്‍ പ്രതികളെ കുറ്റമുക്തരാക്കി. ആന്ധ്രപ്രദേശില്‍ ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ ഏഴിരട്ടി കുറ്റമുക്തരാകുന്നു. ബംഗാളില്‍ ഇത് അഞ്ചിരട്ടിയാണ്. പഠനത്തിനായി പരിഗണിച്ച 138 വിധികളില്‍ 22.9 ശതമാനം കേസുകളിലും പ്രതിക്ക് ഇരയെ പരിചയമുണ്ടായിരുന്നു. 37 ശതമാനം കേസുകളില്‍ പ്രതി കുടുംബാംഗമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്ത കേസുകള്‍ 18 ശതമാനമാണ്. 44 ശതമാനം കേസുകളില്‍ പ്രതിയും പരാതിക്കാരിയും തമ്മിലുള്ള ബന്ധം വ്യക്തമായിട്ടില്ല. പീഡനത്തിന് ഇരയായവരില്‍ 10 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള 17.8 ശതമാനവും 15-നും 18-നും ഇടയില്‍ പ്രായമുള്ളവര്‍ 28 ശതമാനവുമാണ്. 11.6 ശതമാനം പ്രതികള്‍ 19-നും 25-നും ഇടയില്‍ പ്രായമുള്ളവരും 10.9 ശതമാനം 25-നും 35-നും ഇടയില്‍ പ്രായമുള്ളവരുമാണ്. 

വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയുടെ കീഴില്‍ ജസ്റ്റിസ്, ആക്സസ് ആന്റ് ലോവറിംഗ് ഡിലേയ്സ് ഇന്‍ ഇന്ത്യ (ജല്‍ദി) എന്ന പേരിലുള്ള പ്രോജക്റ്റിലെ ഗവേഷകരായ അപൂര്‍വ്വ, ആദിത്യ രാജന്‍, ലോകബാങ്ക് പദ്ധതിയായ ഡേറ്റ എവിഡന്‍സ് ഫോര്‍ ജസ്റ്റിസ് റിഫോംസിലെ ഗവേഷകന്‍ സന്ദീപ് ഭൂപതിരാജു, ജോര്‍ജ് ടൗണ്‍ സര്‍വ്വകലാശാലയിലെ എഡ്മണ്ട് എ വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വ്വീസ് അസോസിയേറ്റ് പ്രൊഫസര്‍ ഷറീന്‍ ജോഷി, ഡേറ്റ എവിഡന്‍സ് ഫോര്‍ ജസ്റ്റിസ് റിഫോംസിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡാനിയേല്‍ എല്‍ ചെന്‍ എന്നിവരാണ് പഠനസംഘത്തിലുണ്ടായിരുന്നത്. 2022 നവംബര്‍ 14-നാണ് പോക്സോ നിലവില്‍ വന്നിട്ട് പത്ത് വര്‍ഷം തികഞ്ഞത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെതിരായ ചരിത്രപരമായ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അതിന്റെ ഫലപ്രാപ്തി രാജ്യത്ത് എത്രത്തോളമുണ്ട് എന്നും മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. 

പോക്സോ കേസുകള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യത്തെ അഞ്ചു ജില്ലകളില്‍ കേരളത്തിലെ ഒരു ജില്ലയുമില്ല. നാംചി (സിക്കിം), ന്യൂഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, മേദക് (തെലങ്കാന), വെസ്റ്റ് ഗാരോ ഹില്‍സ് (മേഘാലയ) എന്നിവയാണ് ആ ജില്ലകള്‍. ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം പോക്സോ കേസുകള്‍ കെട്ടിക്കിടക്കുന്നത്; 2012 നവംബറിനും 2022 ഫെബ്രുവരിക്കും ഇടയില്‍ എടുത്ത ആകെ കേസുകളുടെ നാലില്‍ മൂന്നും (77.77%) കെട്ടിക്കിടക്കുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ തീര്‍പ്പാക്കിയത് തമിഴ്നാടാണ്: 2012 നവംബറിനും 2021 ഫെബ്രുവരിക്കും ഇടയില്‍ എടുത്ത കേസുകളില്‍ 80.2 ശതമാനവും തീര്‍പ്പാക്കി. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ചുവരുന്നു എന്നാണ് പൊതുപ്രവണത. എങ്കിലും കൊവിഡ് പിടിമുറുക്കിയ കാലത്ത് അത് കുത്തനേ കൂടി. 2019-'20 കാലയളവില്‍ 24,863 കേസുകളാണ് തീര്‍പ്പാകാതെ വന്നത്. 2012 നവംബര്‍ 2021 ഫെബ്രുവരി കാലയളവില്‍ ഏറ്റവുമധികം കേസുകള്‍ കെട്ടിക്കിടക്കുന്നതായി കണ്ട അഞ്ച് ജില്ലകളില്‍ നാലും യു.പിയിലാണ്. ഒന്ന് ബംഗാളിലും.

ശിക്ഷിക്കപ്പെടുന്നവരേക്കാള്‍ കുറ്റമുക്തരാക്കപ്പെടുന്നവരുടെ എണ്ണമാണ് കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും കൂടുതല്‍. പക്ഷേ, കേരളത്തില്‍ മാത്രം ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണവും കുറ്റമുക്തരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം വളരെ വലുതല്ല. ഇവിടെ 20.5 ശതമാനം കേസുകളില്‍ പ്രതികളെ വെറുതേ വിടുമ്പോള്‍ 16.49 ശതമാനം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നു. 399664 കേസുകള്‍ പരിശോധിച്ചു; 486 ജില്ലാ കോടതികളും 28 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പഠനസംഘം സന്ദര്‍ശിച്ചു.

അനുഭവങ്ങള്‍, ഇടപെടലുകള്‍ 

ലൈംഗിക പീഡനക്കേസുകളില്‍ പ്രതി തന്നെ അതിജീവിതയെ വിവാഹം ചെയ്തതുകൊണ്ട് പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കിയ അഞ്ചു വിധികള്‍ ഹൈക്കോടതി തന്നെ പിന്‍വലിച്ചത് കേരളത്തിലാണ്; 2021 ഏപ്രില്‍ 29-ന്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തി സിംഗിള്‍ ബെഞ്ച് വിധികള്‍ പിന്‍വലിക്കുകയായിരുന്നു. പരാതിക്കാരിയെ താന്‍ വിവാഹം ചെയ്‌തെന്നും അതുകൊണ്ട് പോക്സോ കേസ് റദ്ദാക്കണം എന്നും ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജിയിലായിരുന്നു നേരത്തേ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്. ദമ്പതികളുടെ ക്ഷേമം കണക്കിലെടുക്കുന്നു എന്നാണ് ഈ ഹര്‍ജി അനുവദിക്കുന്നതിനു കാരണമായി പറഞ്ഞത്. സമാനമായ അഞ്ച് കേസുകളിലായിരുന്നു ഒരേ സ്വഭാവമുള്ള നടപടി. എന്നാല്‍, ലൈംഗിക പീഡനം ഉള്‍പ്പെടെ ഗുരുതര സ്വഭാവമുള്ള കേസുകള്‍ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കരുത് എന്ന സുപ്രീംകോടതിയുടെ മുന്‍വിധി പരിഗണിച്ചില്ല എന്നു വിലയിരുത്തിയാണ് ഈ വിധികള്‍ റദ്ദാക്കിയത്. പരാതിക്കാരിയും പ്രതിയും തമ്മില്‍ ഒത്തുതീര്‍പ്പായാല്‍ പോക്സോ കേസ് റദ്ദാക്കാന്‍ കോടതിക്കു കഴിയുമോ എന്നു പിന്നീട് 2022 ഓഗസ്റ്റില്‍ മുസ്ലിം യൂത്ത് ലീഗ് നേതാവും അദ്ധ്യാപകനുമായ ഹഫ്സല്‍ റഹ്മാന്‍ പ്രതിയായ കേസ് റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി ചോദിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സമൂഹ മനസ്സാക്ഷി കണക്കിലെടുക്കുമ്പോള്‍ പോക്സോ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തു. 

പോക്സോ കേസില്‍ പ്രതിയാകുന്ന അദ്ധ്യാപകനെതിരെ അച്ചടക്കനടപടിയെടുക്കാന്‍ കോടതിവിധി വരുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്ന സുപ്രധാന വിധി പുറപ്പെടുവിച്ചതും കേരള ഹൈക്കോടതിയാണ്; 2022 ഒക്ടോബറില്‍. വിധി വരട്ടെ എന്ന നിലപാടെടുത്ത് പ്രതിയെ ജോലിയില്‍ തുടരാന്‍ അനുവദിക്കുന്ന സമീപനം പല അദ്ധ്യാപകരുടേയും കാര്യത്തില്‍ മാനേജ്മെന്റുകള്‍ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് കോടതി സംശയരഹിതമായി വിശദീകരിച്ചത്. വിചാരണ പൂര്‍ത്തിയായില്ല എന്നത് നടപടിയെടുക്കാതിരിക്കാന്‍ കാരണമാക്കാന്‍ പാടില്ല.

അച്ഛന്‍ കുട്ടിയെ ലൈംഗിക ചൂഷണം ചെയ്യുന്നുവെന്ന തരത്തിലുള്ള കള്ളപ്പരാതികള്‍, കുടുംബ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് കൂടിവരുന്നു എന്നു ചൂണ്ടിക്കാട്ടാന്‍ നിര്‍ബ്ബന്ധിതമായതും കേരള ഹൈക്കോടതിയാണ്. 2019 മേയില്‍ ആയിരുന്നു അത്. ഇത്തരം പരാതികളില്‍ പോക്സോ നിയമപ്രകാരം എടുക്കുന്ന കേസിലെ അന്വേഷണ വിവരങ്ങളും കേസ് സാഹചര്യവും കുടുംബ കോടതികള്‍ സൂക്ഷ്മമായി വിലയിരുത്തണം എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കുട്ടിയുടെ അച്ഛനെതിരെ അമ്മയുടെ വീട്ടുകാര്‍ പോക്സോ പ്രകാരം നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് കെ. ഹരിലാലും ജസ്റ്റിസ് ടി.വി. അനില്‍ കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. അമ്മ മരിച്ച കുട്ടിയുടെ സംരക്ഷണ അവകാശം അച്ഛനു നല്‍കിയ ഒറ്റപ്പാലം കുടുംബകോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. അമ്മയുടെ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ കോടതിയില്‍ വെച്ചു കാണാനും അനുമതി നല്‍കി. 2015-ല്‍ കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച ഹര്‍ജി കുടുംബകോടിതിയില്‍ വന്നപ്പോള്‍ കുഞ്ഞിനു രണ്ട് വയസ്സായിരുന്നു. കുട്ടിയോട് അച്ഛന്റെ ഭാഗത്തുനിന്നു മോശം പെരുമാറ്റം ഉണ്ടായതിനു തെളിവില്ല എന്നാണ് അന്ന് കോടതി നിരീക്ഷിച്ചത്. പോക്സോ നിയമപ്രകാരം അച്ഛനെതിരെ പൊലീസ് കേസെടുത്തു എന്നതുകൊണ്ടുമാത്രം ലൈംഗിക ചൂഷണം നടന്നതായി കണക്കാക്കരുത് എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. കേസിലെ സാഹചര്യം കൂടുതല്‍ മനസ്സിരുത്തി വിലയിരുത്തിയില്ലെങ്കില്‍ അച്ഛന്‍ കള്ളപ്പരാതിക്ക് ഇരയാകും എന്നും കോടതി പറഞ്ഞു.

കുട്ടികള്‍ക്കെതിരായ ക്രൂരമായ അതിക്രമങ്ങളില്‍ വധശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി കൊണ്ടുവന്ന് പോക്സോ നിയമം കര്‍ക്കശമാക്കാന്‍ 2018 ഡിസംബറില്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 2019 ഓഗസ്റ്റ് ഒന്നിന് പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെയാണ് പാര്‍ലമെന്റ് ഇതു പാസ്സാക്കിയത്. പ്രകൃതിദുരന്തങ്ങളില്‍ അകപ്പെട്ട കുട്ടികളെ പീഡിപ്പിക്കല്‍, നേരത്തെ ലൈംഗികശേഷി നേടാന്‍ കുട്ടികളില്‍ രാസവസ്തുക്കള്‍ കുത്തിവെക്കല്‍, കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവയുടെ ചിത്രീകരണം പ്രചരിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. പീഡനത്തിന് ഇരയാകുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ക്രൂരമായി ബലാത്സംഗത്തിനു വിധേയരായി കൊല്ലപ്പെട്ട കത്വ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധം കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിനു പ്രേരണയായി.

തിരിച്ചടി കിട്ടുമ്പോള്‍ 

പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നാല്‍പത്തിരണ്ടുകാരന് അതേ പെണ്‍കുട്ടിയെ രണ്ടാമതും പീഡിപ്പിച്ച കേസില്‍ മറ്റൊരു ജീപര്യന്തം തടവുശിക്ഷ കിട്ടിയ അപൂര്‍വ്വ സംഭവം തിരുവനന്തപുരത്തുണ്ടായി. വെഞ്ഞാറമ്മൂട് സ്വദേശി സ്റ്റീഫനാണ് കുറ്റവാളി. 2013-ല്‍ കുട്ടിയെ പീഡിപ്പിച്ചതിനു വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റീഫനെതിരെ കേസെടുത്തു. നാലു മാസം റിമാന്റില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങി. കുട്ടിയുടെ നഗ്‌നചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രണ്ടു വര്‍ഷത്തിനിടെ പല തവണ പീഡിപ്പിച്ചു. കുട്ടി ഇക്കാര്യം സ്‌കൂളിലെ അദ്ധ്യാപികയെ അറിയിച്ചു; അവര്‍ പൊലീസിലും. തുടര്‍ന്ന് 2016 ജനുവരിയില്‍ പൊലീസ് വീണ്ടും ഇയാളെ പ്രതിയാക്കി കേസെടുത്തു. ആദ്യത്തെ കേസില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിച്ചു ജയിലില്‍ കഴിയുമ്പോഴാണ് 2019 ജനുവരിയില്‍ രണ്ടാമത്തെ കേസില്‍ ശിക്ഷ വിധിച്ചത്; ജീവപര്യന്തം കഠിനതടവും അന്‍പതിനായിരം രൂപ പിഴയും. 

മലപ്പുറം ജില്ലയിലെ തിരൂരില്‍ വിധി കേട്ട പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്നു താഴേയ്ക്കു ചാടി. 2023 ജനുവരി 23-നായിരുന്നു സംഭവം. 18 വര്‍ഷം തടവുശിക്ഷ കിട്ടിയ കോട്ടക്കല്‍ ആട്ടീരി സ്വദേശി പുല്‍പാട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (27) ആണ് തിരൂര്‍ പ്രത്യേക അതിവേഗ കോടതി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്നു താഴേയ്ക്കു ചാടിയത്. മരിച്ചില്ല, പരുക്കേറ്റു; കോടതിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചതിനു വേറൊരു കേസ് കൂടി തലയില്‍ വന്നു. 2014-ല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈലില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. വിവിധ വകുപ്പുകളിലായി 18 വര്‍ഷം കഠിനതടവും 65000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 20 മാസം കൂടി കഠിനതടവ് അനുഭവിക്കണം.

2022 ഡിസംബര്‍ 15-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് അതിവേഗ പോക്സോ കോടതി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിച്ച പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം സ്വദേശി ദേവരാജനാണ് വിധിക്കു പിന്നാലെ കോടതി വളപ്പില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്.  പോക്സോ കേസില്‍ 48 വര്‍ഷം തടവുശിക്ഷ കിട്ടിയ പ്രതി കീടനാശിനി കഴിച്ചു മരിക്കാന്‍ ശ്രമിച്ച സംഭവം ഇരിങ്ങാലക്കുട പോക്സോ കോടതി വളപ്പിലാണ് ഉണ്ടായത്, 2021 ജൂണ്‍ 21-ന്. 2018-ല്‍ വലപ്പാട് പൊലീസ് എടുത്ത കേസില്‍ തൃശൂര്‍ നാട്ടിക സ്വദേശി 62-കാരന്‍ ഗണേശനെയാണ് ശിക്ഷിച്ചത്. പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. 

അബ്ദുല്‍ ജബ്ബാര്‍ ആത്മഹത്യയ്ക്കു ശ്രമിച്ച അന്നുതന്നെയാണ്, അഞ്ചു വയസ്സുകാരിയെ ലൈംഗികമായി അപമാനിച്ച കേസിലെ പ്രതി മലപ്പുറം ജില്ലയിലെ വേങ്ങര കണ്ണമംഗലം പടപ്പറമ്പ് കാഞ്ഞോളി പടിക്കല്‍ സുജിത്തിനെ (24) മഞ്ചേരി പോക്സോ അതിവേഗ കോടതി അഞ്ചു വര്‍ഷം കഠിനതടവിനു വിധിച്ചത്. അന്‍പതിനായിരം രൂപ പിഴയും നല്‍കണം.. സ്‌കൂളില്ലാത്ത ദിവസം ബന്ധുവീട്ടില്‍ ടി വി കാണുകയായിരുന്ന കുട്ടിയെ ബന്ധുവിന്റെ സുഹൃത്ത് സുജിത്ത് പീഡിപ്പിക്കുകയായിരുന്നു. 

ഹൈക്കോടതി ജാമ്യം അനുവദിച്ച പോക്സോ കേസ് പ്രതി വിധി വരുന്ന ദിവസം മുങ്ങിയ സംഭവവും ഉണ്ടായി. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് സംഭവം. 14 വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി കഴുത്തില്‍ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി റൂഹുല്‍ അമീന്‍ (32) ആണ് എറണാകും പോക്സോ കോടതിയില്‍ ഹാജരാകാതിരുന്നത്. 2021 ജൂണില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡിലായിരുന്നു. വിധി വരുന്നതിനു രണ്ടു ദിവസം മുന്‍പാണ് നേരത്തെ അനുവദിച്ച ജാമ്യത്തിലെ നടപടികള്‍ പൂര്‍ത്തിയാക്കി ജാമ്യക്കാര്‍ ഇയാളെ പുറത്തിറക്കിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, വിചാരണ നടന്നുകൊണ്ടിരിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. വിചാരണയുടെ തല്‍സ്ഥിതി കീഴ്കോടതിയില്‍നിന്ന് ഹൈക്കോടതി തേടിയിരുന്നുമില്ല.

വീട്ടുമുറ്റത്ത് സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിചയം മുതലെടുത്ത് സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് അടൂര്‍ അതിവേഗ പ്രത്യേക കോടതി 23 വര്‍ഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും വിധിച്ചത് കഴിഞ്ഞ മാസം 25നാണ്. പള്ളിക്കല്‍ വാക്കയില്‍ പ്ലാവിള വിനോദ് (52) ആണ് കുറ്റക്കാരന്‍. പോക്സോ കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ തെളിവെടുപ്പിനു കൊണ്ടുപോകുന്നതിനിടെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു പ്രതിയായ പൊലീസുകാരനും കേരളത്തിലുണ്ട്. വയനാട് അമ്പലവയലിലെ പൊക്സോ കേസിലെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ എ.എസ്.ഐ.ടി.ജി ബാബുവാണ് കേസില്‍പെട്ടത്. 2022 നവംബറിലാണ് സംഭവം. 

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒന്‍പതു വര്‍ഷം കഴിഞ്ഞാണ് അതിവേഗ സ്പെഷ്യല്‍ കോടതിയുടെ വിധി വന്നത്. പ്രതി ലാല്‍പ്രകാശിന് എട്ടു വര്‍ഷം കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷ. പതിന്നാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. 2013 മെയ് മൂന്നിനാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് വിവാഹം വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. രക്ഷിതാക്കള്‍ പേട്ട പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ ഭാഗത്തുനിന്നു കാര്യമായ അന്വേഷണം ഉണ്ടായില്ല. 12 ദിവസം കഴിഞ്ഞ് പെണ്‍കുട്ടി ഒരു ഫോണില്‍നിന്ന് വീട്ടില്‍ വിളിച്ചതോടെയാണ് പൊലീസും രക്ഷിതാക്കളും ചേര്‍ന്നു പെണ്‍കുട്ടിയെ രക്ഷിച്ചത്. 

പീഡനത്തിന് ഇരയായ ഭിന്നശേഷിക്കാരുടെ കൃത്യമായ കണക്ക് സ്ത്രീകളുടേയും ട്രാന്‍സ്ജെന്‍ഡേഴ്സിന്റേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി സാമൂഹികനീതി വകുപ്പിനോട് ചോദിച്ചിരുന്നു, 2022 മാര്‍ച്ചില്‍ ജില്ല തിരിച്ചുള്ള കണക്ക് നല്‍കുകയും ചെയ്തു. എന്നാല്‍, ഇതില്‍ എത്ര കേസുകളെടുത്തു, എത്രയെണ്ണത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു, നിലവില്‍ വിചാരണ നടക്കുന്ന കേസുകളെത്ര തുടങ്ങിയ വിവരങ്ങളൊന്നും സഭാസമിതി ചോദിച്ചില്ല; സാമൂഹിക നീതിവകുപ്പ് നല്‍കിയുമില്ല. ഈ ചോദ്യവും മറുപടിയും നിലവിലെ സമിതിയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ (ഏഴാമത് റിപ്പോര്‍ട്ട്, 2023 മാര്‍ച്ച് 20) ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പോക്‌സോ നിയമം

ഇന്ത്യന്‍ പീനല്‍ കോഡ് 1860 ഭേദഗതി ചെയ്താണ് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തിയത്. 2012-ലാണ് പോക്‌സോ (POCSO - Protection of Children from Sexual Offences Act 2012) രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ലിംഗവ്യത്യാസമില്ലാതെ 18 വയസ്സിനു താഴെയുള്ള എല്ലാവര്‍ക്കും ലൈംഗികാതിക്രമത്തില്‍നിന്നു സംരക്ഷണം നല്‍കുന്നതിനുള്ളതാണ് ഈ നിയമം. കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്കു കടുത്ത ശിക്ഷയാണ് പോക്‌സോ നിയമത്തിലുള്ളത്. 2019-ലെ ഭേദഗതി പ്രകാരം 16 വയസ്സിനു താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ വരെ വിധിക്കാമെന്നും ഉത്തരവുണ്ടായി. പ്രകൃതിദുരന്തങ്ങളില്‍ അകപ്പെട്ട കുട്ടികളെ പീഡിപ്പിക്കല്‍, നേരത്തെ ലൈംഗികശേഷി നേടാന്‍ കുട്ടികളില്‍ രാസവസ്തുക്കള്‍ കുത്തിവെക്കല്‍, കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവയുടെ ചിത്രീകരണം പ്രചരിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. പീഡനത്തിന് ഇരയാകുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകള്‍.

പെട്ടുപോകരുത് കുട്ടികള്‍ 

സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമക്കേസുകള്‍ കൂടി വരികയാണെന്നും ഇതു തടയാന്‍ കൗമാരക്കാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും അടുത്തയിടെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പോക്‌സോ കേസിനെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ശരിയായ തിരിച്ചറിവില്ലാതെയാണ് കൗമാരക്കാര്‍ ലൈംഗികബന്ധങ്ങളിലേര്‍പ്പെട്ട് സ്വന്തം ജീവിതം നശിപ്പിക്കുന്നതെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിരീക്ഷിച്ചു. പാഠ്യപദ്ധതിയിലൂടെത്തന്നെ ബോധവല്‍ക്കരണം നടത്തുന്നതിനുള്ള വഴികള്‍ വിദ്യാഭ്യാസ വകുപ്പും സി.ബി.എസ്.ഇ.യും കെല്‍സ (കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി)യും തേടണം.

അടുത്തകാലത്തായി കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ഒരു പോക്‌സോ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ''അനന്തരഫലങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ സ്‌കൂളുകളില്‍നിന്നുതന്നെ ബോധവല്‍ക്കരണം തുടങ്ങേണ്ടത് അനിവാര്യമാണ്. കേസുകളെക്കുറിച്ചും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ധാരണ കുട്ടികളിലുണ്ടാക്കണം. അവര്‍ പ്രതികളാകാതിരിക്കാനും ഇരകളാകാതിരിക്കാനും ഇത് വളരെ അത്യാവശ്യമാണ്. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍നിന്നു സംരക്ഷിക്കുന്നതിനായുള്ള പോക്‌സോ പ്രാബല്യത്തില്‍ വന്ന് പത്തു വര്‍ഷം പിന്നിടുമ്പോഴും നിയമത്തെക്കുറിച്ച് ആളുകള്‍ക്ക് അവബോധമില്ലാത്തതാണ് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനും പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനും കാരണം'' -കോടതി അഭിപ്രായപ്പെട്ടു.

അദ്ധ്യാപകനും പുരോഹിതനും പോക്സോയില്‍ 

സ്വന്തം കുട്ടികളെപ്പോലെ കാണേണ്ട വിദ്യാര്‍ത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അദ്ധ്യാപകന്‍ അറസ്റ്റിലായതാണ് സംസ്ഥാനത്ത് ഏറ്റവും ചര്‍ച്ചയായ പോക്സോ കേസ്. മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ റിട്ടയേഡ് അദ്ധ്യാപകനും നഗരസഭാ കൗണ്‍സിലറുമായ കെ.വി. ശശികുമാറാണ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായത്. ഗണിത അദ്ധ്യാപകനായിരുന്ന ശശികുമാര്‍ 2022 മാര്‍ച്ചിലാണ് വിരമിച്ചത്. വിരമിക്കല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ട ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിനിയാണ് അദ്ധ്യാപകനെതിരെ ആദ്യം ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. ശശികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തായിരുന്നു വെളിപ്പെടുത്തല്‍. തുടര്‍ന്ന്, ഇതേ അദ്ധ്യാപകനില്‍നിന്നു ദുരനുഭവമുണ്ടായ കൂടുതല്‍ കുട്ടികള്‍ തുറന്നു പറഞ്ഞു. സെന്റ് ജെമ്മാസിലെ നിരവധി പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയും കമന്റുകളിലൂടെയും തുറന്നു പറഞ്ഞത്. പിന്നീട് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പൊലീസില്‍ പരാതി നല്‍കി.

30 വര്‍ഷത്തിലേറെ സര്‍വ്വീസിലുണ്ടായിരുന്ന ശശികുമാര്‍ യു.പി. ക്ലാസ്സുകളിലെ പെണ്‍കുട്ടികളെയാണ് ഉപദ്രവിച്ചിരുന്നത്. ലൈംഗികാതിക്രമമാണ് നേരിട്ടതെന്നുപോലും തിരിച്ചറിയാനുള്ള പ്രായമാകാത്തവരായിരുന്നെങ്കിലും ചിലര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, പരാതിപ്പെട്ടവരെ ഭീഷണിപ്പെടുത്തുകയായിരുന്നു സ്‌കൂള്‍ മാനേജ്മെന്റിന്റെ രീതി. പരാതിയുമായെത്തുന്ന മാതാപിതാക്കളെ കേസുമായി പോകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പിന്മാറാന്‍ നിര്‍ബ്ബന്ധിച്ചു. പന്ത്രണ്ട് കേസുകളാണ് ശശികുമാറിനെതിരെ എടുത്തത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യമെടുത്ത പ്രതിക്കു വിദേശത്തേക്ക് യാത്ര ചെയ്യാനും ഹൈക്കോടതി അനുമതി നല്‍കി. മതപണ്ഡിതനായ ചിറയന്‍കീഴിലെ എ.എം. നൗഷാദ് ബാഖവിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഏറ്റ ചില മതപഠന ക്ലാസ്സുകള്‍ ഉണ്ടെന്നും ഇതില്‍ പങ്കെടുക്കാന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

മനാമയിലും ഷാര്‍ജയിലും നടക്കുന്ന മതപരിപാടിയില്‍ പങ്കെടുക്കാനാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടത്. വിചാരണ കോടതിയില്‍ 50,000 രൂപ കെട്ടിവയ്ക്കണം. തിരിച്ചെത്താന്‍ സമയപരിധി നിര്‍ദ്ദേശിക്കുകയും എത്തിയാലുടന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഇളവ് അനുവദിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് തൃശൂര്‍ ചെറുതുരുത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് നൗഷാദ് ബാഖവി.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com