

അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ പ്രേമം നിവിന്‍ പോളിയുടെ കരിയറിലെ വഴിത്തിരിവ് ചിത്രമാണ്. നിവിന്റെ മാത്രമല്ല ചിത്രത്തിലെ നായികമാരുടേയും ജീവിതം മാറ്റി മറിച്ച സിനിമയാണ് പ്രേമം. ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികമാരായ സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റിയന്‍ എന്നിവരുടെ അരങ്ങേറ്റ ചിത്രമായിരുന്നു പ്രേമം.
ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ അനുപമയും നിവിനും ഒരുമിച്ചെത്തുന്ന ആലുവപ്പുഴയുടെ തീരത്ത് എന്ന ഗാനം വലിയ ഹിറ്റായിരുന്നു. എന്നാല്‍ ചിത്രം റിലീസായപ്പോള്‍ അനുപമയ്ക്ക് പ്രശംസയേക്കാളും ലഭിച്ചത് ട്രോളുകളായിരുന്നു. ചിത്രത്തിലെ അനുപമയുടെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞുപോയെന്നതായിരുന്നു ട്രോളന്മാര്‍ കണ്ട കുറ്റം.
അന്ന് സൈബര്‍ ആക്രമണങ്ങളില്‍ തകര്‍ന്നു പോയ അനുപമ തെലുങ്കിലേക്ക് ചേക്കേറുകയായിരുന്നു. ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് അനുപമ പരമേശ്വരന്‍ എന്ന നായിക. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രേമത്തിന് പിന്നാലെ നേരിടേണ്ടി വന്ന ട്രോളുകളെക്കുറിച്ച് അനുപമ മനസ് തുറക്കുന്നുണ്ട്.
''എന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും അപ്പുറത്തുള്ള ലോകമായിരുന്നു സിനിമ. അതുകൊണ്ടു തന്നെ ആഗ്രഹിക്കുകയോ അതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്തില്ല. പ്രേമത്തിന്റെ കാസ്റ്റിങ് കോള്‍ കണ്ട് സിഎംഎസ് കോളേജില്‍ എന്റെ ക്ലാസ്‌മേറ്റായിരുന്ന അര്‍ച്ചനയാണ് ഫോട്ടോകളെടുത്ത് അയച്ചത്. ഓഡിഷനില്‍ പങ്കെടുത്തു. സിനിമയിലേക്ക് എന്‍ട്രിയും കിട്ടി. എന്നിട്ടും കൂട്ടുകാരോട് അതേക്കുറിച്ച് പറഞ്ഞിരുന്നില്ല. സിനിമയില്‍ അവസരം കിട്ടിയാലും നമ്മളുടെ വേഷം കട്ട് ചെയ്യാനും സാധ്യതയുണ്ടല്ലോ. വന്നു കഴിഞ്ഞു പറയാമെന്ന് കരുതിയത് അതുകൊണ്ടാണ്'' അനുപമ പറയുന്നു.
''ആലുവാപ്പുഴയുടെ തീരത്ത്' പാട്ട് പുറത്തിറങ്ങിക്കഴിഞ്ഞ് എല്ലാവരും കരുതിയത് മേരിക്കു സിനിമയിലും പാട്ടിലെപ്പോലെ തന്നെ വലിയ റോള്‍ ഉണ്ടാകുമെന്നാണ്. സിനിമയില്‍ മൂന്ന് നായികമാരുണ്ടായിരുന്നല്ലോ. എന്റെ റോള്‍ വളരെ ചെറുതും. നല്ല കളിയാക്കല്‍ കിട്ടി. ട്രോള്‍ തുടങ്ങുന്ന സമയമായിരുന്നു അത്. ഇതിനാണോ ഇവള്‍ ഇത്രയും തള്ളിയതും അഹങ്കരിച്ചതും എന്നുള്ള സമീപനം ആയിരുന്നു പലര്‍ക്കും. അതുപോരെ ആ പ്രായത്തില്‍ തകര്‍ന്നു പോകാന്‍'' താരം പറയുന്നു.
''വീട്ടില്‍ അച്ഛന്‍ പരമേശ്വരനും അമ്മ സുനിതയും സിനിമാ ലോകം തീരെ പരിചയമില്ലാത്തവരാണ്. അവര്‍ക്കും എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. നല്ല റോള്‍ വന്നാലെ ഇനി മലയാളം സിനിമ ചെയ്യൂ എന്നു ചിന്തിച്ചപ്പോഴാണ് തെലുങ്കില്‍ നിന്നും ത്രിവിക്രം ശ്രീനിവാസ് വിളിക്കുന്നത്. നല്ല സംവിധായകനാണ് അദ്ദേഹം. അങ്ങനെ തെലുങ്കില്‍ പോയി. ഭാഷ പഠിച്ചെടുത്തു നന്നായി പെര്‍ഫോം ചെയ്തു പേരെടുത്തിട്ടു മലയാളത്തില്‍ തിരികെ വരാം എന്ന് തീരുമാനിച്ചു'' എന്നും അനുപമ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates