

വൻ കൊട്ടിഘോഷങ്ങൾക്ക് പുറമേ തിയറ്ററുകളിലെത്തിയ ചിത്രമാണ് ദിലീപ് അഭിനയിച്ച 'ബാന്ദ്ര'. എന്നാൽ മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാനാകാതെ ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് വിടവാങ്ങേണ്ടി വന്നു. അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ പരാജയപ്പെട്ടതോടെ ഒടിടി പ്ലാറ്റ്ഫോമുകളും എടുക്കാൻ തയ്യാറായില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷം സീ5 ലൂടെ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്.
ഒടിടിയിലെത്തി ആദ്യ ദിനം തന്നെ വൻ ട്രോളുകളാണ് ചിത്രത്തിന് നേരെ ഉയരുന്നത്. ഓരോ സീനും ട്രോളൻമാർ ആഘോഷമാക്കുകയാണ്. ചിത്രത്തിന്റെ ടെയ്‌ൽ എൻഡ് സീനാണ് ഏറ്റവും ട്രോളിന് ഇരയായിരിക്കുന്നത്. താൻ മരിച്ചു എന്ന് ലോകത്തെ വിശ്വസിപ്പിച്ച നായകൻ, ടെയ്‌ൽ എൻഡ് സീനിൽ മറ്റൊരു നാട്ടിൽ മറ്റൊരു ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് ചിത്രം അവസാനിപ്പിച്ചിരിക്കുന്നത്.
മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ രണ്ട് സിനിമകളുടെ ടെയ്ല്‍ എന്‍ഡ് സീന്‍ ഒരു മാറ്റവുമില്ലാതെ അങ്ങനെ തന്നെ അടിച്ചു മാറ്റിയാണ് ബാന്ദ്രയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ ടെയ്ല്‍ എന്‍ഡ് സീനിന്റെ സ്റ്റേജ് സെറ്റിങ്ങും കുറുപ്പിന്റെ ക്ലൈമാക്‌സില്‍ ദുല്‍ഖറിന്റെ ഗെറ്റപ്പും 'ബാന്ദ്ര'യുടെ അണിയറപ്രവര്‍ത്തകര്‍ നൈസായി അടിച്ചു മാറ്റിയെന്നാണ് ട്രോളന്മാരുടെ കണ്ടെത്തൽ.
'ആല അപ്പൂപ്പൻ ഫ്രം ബാന്ദ്ര... ലൂസിഫർ + കുറുപ്പ് ക്ലൈമാക്സ് എടുത്ത് ഒരു പേട്ടൻ ഉക്രി പടം' എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. "ലൂസിഫർ' ഫ്രം മീഷോ, 'ഇത് ലൂസിഫറിന്റെ സ്പൂഫ് ചെയ്ത പോലെ ഉണ്ടല്ലോ', 'ആരെങ്കിലും അരുൺ ഗോപിക്ക് നല്ലൊരു സ്ക്രിപ്റ്റ് കൊടുക്ക്... അവസാനത്തെ ടെയ്‌ൽ എൻഡ് ഒക്കെ ചിരിപ്പിച്ച് കൊന്ന് കയ്യിൽ തന്നു'. 'കുന്നംകുളം ലൂസിഫർ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചിരിക്കുന്നത്.
ഏതോ വിദേശ രാജ്യത്ത് നാലഞ്ച് വണ്ടികളുടെയും പത്തിരുപത് ആളുകളുടെയും അകമ്പടിയോടെയാണ് ആല ഭായ്‌യുടെ റീ എന്‍ട്രി കാണിച്ചിരിക്കുന്നത്. 'ലൂസിഫറി'ലെ പൃഥ്വിരാജിന് പകരം ചെമ്പന്‍ വിനോദിനെയും ഷൈന്‍ ടോമിനെയുമാണ് കൊണ്ടുവന്നിരിക്കുന്നത്. താടിയും മുടിയും നീട്ടി വളര്‍ത്തിയ ഗെറ്റപ്പില്‍ ദിലീപിനെ കാണിക്കുമ്പോള്‍ സാന്റാ ക്ലോസിനെ ഓര്‍മ വരുന്നുണ്ടെന്നും പലരും പരിഹസിക്കുന്നു.
1980കളില്‍ ബോംബൈ നഗരത്തെ നിയന്ത്രിച്ച അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന ആല ഭായ്‌യുടെ കഥയാണ് 'ബാന്ദ്ര'. ഉദയ്കൃഷ്ണയുടെ ഒട്ടും അപ്‌ഡേറ്റഡല്ലാത്ത കഥയും ദിലീപ് അടക്കം സകല താരങ്ങളുടെയും പെര്‍ഫോമന്‍സും ചിത്രത്തെ പിന്നോട്ടടിച്ചു. വരും ദിവസങ്ങളില്‍ ആല ഭായ് ഇനിയും എയറിലാകുമെന്ന് തന്നെയാണ് പലരും കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates