

കൊച്ചി: കള്ളപ്പണ നിക്ഷേപത്തിൽ 25 കോടി രൂപ പിഴ അടച്ച് നടൻ കൂടിയായ നിർമാതാവ്. വിദേശത്തുനിന്ന് വൻതുക കൈപ്പറ്റിയതിന്റെ രേഖകൾ കേന്ദ്ര ഏജൻസികൾക്കു ലഭിച്ചതോടെയാണ് നിർമാണ കമ്പനി പിഴ അടച്ചത്. ഈ നടൻ ഉൾപ്പടെ അഞ്ച് നിർമാതാക്കൾ ആദായനികുതി വകുപ്പിന്റേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും നിരീക്ഷണത്തിലാണ്.
മലയാള സിനിമയിലേക്ക് വിദേശത്തുനിന്ന് വൻതോതിൽ കള്ളപ്പണം ഒഴുകുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ഏജൻസികൾ. നിരീക്ഷണത്തിലുള്ള നാല് നിർമാതാക്കളേയും ഇഡി ചോദ്യം ചെയ്യും. സമീപകാലത്തു മലയാളത്തിൽ കൂടുതൽ മുതൽ മുടക്കിയ നിർമാതാവിനെ ആദായനികുതി വകുപ്പു രണ്ടുദിവസമായി ചോദ്യം ചെയ്യുന്നുണ്ട്. ഈ നിർമാതാവിനെ ബിനാമിയാക്കി മലയാള സിനിമയിൽ കള്ളപ്പണം നിക്ഷേപിക്കുന്നതായുള്ള ആരോപണം പരിശോധിക്കാനാണിത്.
ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ആശയങ്ങളുടെ പ്രചാരണത്തിനുള്ള ‘പ്രൊപ്പഗാണ്ട’ സിനിമകളുടെ നിർമാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വിദേശകള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിർമാണ വേളയിലാണ് ഏറ്റവും അധികം ലഹരിമരുന്ന് ഷൂട്ടിങ് ലൊക്കേഷനുകളിൽ എത്തുന്നതെന്നും കേന്ദ്ര ഏജൻസികൾക്കു മൊഴി ലഭിച്ചിട്ടുണ്ട്.
മലയാളത്തിലെ പുതിയ സിനിമകളുടെ ഇതിവൃത്തം സൂക്ഷ്മമായി പരിശോധിക്കാനും രഹസ്യാന്വേഷണ ഏജൻസികൾക്കു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദേശം ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന 3 നിർമാതാക്കൾക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി നോട്ടിസ് നൽകി. ഇവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്മാരുടെ മൊഴിയും രേഖപ്പെടുത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates