

ജയറാമും ഉർവശിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'പരിമള ആൻഡ് കോ'. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 5 ന് തിയറ്ററുകളിലെത്തുന്നത്. താൻ ഉർവശിയുടെ വലിയൊരു ഫാൻ ആണെന്നും 'ഉള്ളൊഴുക്ക്' എന്ന സിനിമയിലെ പെർഫോമൻസ് കണ്ടിട്ട് ഞാൻ അത്ഭുതപ്പെട്ടു പോയി എന്നും ജയറാം പറഞ്ഞു.
'പരിമള ആൻഡ് കോ'യുടെ റിലീസിനോടനുബന്ധിച്ച് കേരളത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജയറാം. "ഉള്ളൊഴുക്കിലെ ഉർവശിയുടെ പെർഫോമൻസ് കണ്ടിട്ട് ഞാൻ അത്ഭുതപ്പെട്ടു പോയി. എന്തൊരു പെർഫോമൻസ് ആണത്.
അത് ചെയ്തവർ തന്നെയാണോ ഇതിൽ പരിമള ആൻഡ് കോ- യിൽ വന്ന് ഓരോ റിയാക്ഷൻസ് ചെയ്യുന്നതെന്ന് ഞാനിങ്ങനെ നോക്കിയിരിക്കും. ഇങ്ങനെയുള്ളവരോട് നമ്മളറിയാതെ തന്നെ ഫാൻ ആയിപ്പോകും. ഞാൻ ഉർവശിയുടെ വലിയൊരു ഫാൻ ആണ്. അതുകൊണ്ട് തന്നെ അവർ ചെയ്യുന്ന ഓരോ കാര്യങ്ങളും ഞാൻ നോക്കിയിരിക്കും.
അതൊക്കയല്ലേ ഇവരുടെ കൂടെ അഭിനയിക്കുമ്പോൾ നമുക്ക് കിട്ടുന്നത്. കമൽ സാറിന്റെ കൂടെ ഞാനൊരുപാട് സിനിമ ചെയ്തിട്ടുണ്ട്. കമൽ ഹാസൻ സാറിനൊപ്പം അഭിനയിക്കുമ്പോൾ പല ഷോട്ടുകളിലും ഞാൻ എന്റെ ഡയലോഗ് മറന്നു പോകും. കാരണം കുട്ടിക്കാലം മുതലേ നമ്മൾ ഇവരെയൊക്കെ സ്ക്രീനിൽ കാണുന്നതല്ലേ. അപ്പോൾ ഞാൻ ഒരു അതിശയം പോലെ നോക്കിയിരിക്കും.
അങ്ങനെ മലയാളത്തിൽ തന്നെ എത്രയോ പേരുടെ കൂടെ എനിക്ക് അഭിനയിക്കാൻ അവസരം കിട്ടി. തിലകൻ ചേട്ടനൊപ്പം 'വീണ്ടും ചില വീട്ടുകാര്യങ്ങളിൽ' അഭിനയിക്കുമ്പോൾ ഞാൻ എന്റെ ഡയലോഗ് മറന്നു പോകും. ചേട്ടാ, സോറി ഒരു പ്രാവശ്യം കൂടി എടുക്കാം എന്ന് ഞാൻ പറയും. ആ മുഖത്ത് നോക്കിയിരിക്കുമ്പോൾ എന്റെ ഡയലോഗേ ഞാൻ മറന്നു പോകും.
അത്രയും ബ്രില്യന്റ് ആയിട്ടുള്ള ആൾക്കാർ അല്ലേ അവരൊക്കെ. ഈ കാലഘട്ടത്തിൽ അവരുടെയൊക്കെ കൂടെ അഭിനയിക്കാൻ പറ്റിയതാണ് ഏറ്റവും വലിയ സന്തോഷം. ഓരോന്നും ആസ്വദിക്കുന്നു".- ജയറാം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates