

ജൂനിയർ എൻടിആറും സംവിധായകൻ ത്രിവിക്രമും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങളിൽപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്ററാണ് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. 'ഭഗവാൻ മുരുകൻ ജനിച്ചത് ഉത്തരേന്ത്യയി'ലാണ് എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്ററാണ് വിവാദമായി മാറിയിരിക്കുന്നത്.
സിനിമയ്ക്കെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ തമിഴ്‌നാടിന്റെ വിശ്വാസപാരമ്പര്യത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് നാം തമിഴർ കക്ഷി നേതാവ് സീമാൻ പറഞ്ഞു. മുരുക പുരാണവുമായും വേലുമായും ബന്ധപ്പെട്ടതാണ് സിനിമയെന്ന സൂചന പോസ്റ്ററിലുണ്ട്. 'വടക്ക് ജനിച്ചു, തെക്ക് ആരാധിക്കപ്പെട്ട്, ഇപ്പോൾ പ്രപഞ്ചത്തിന്റേതാകാൻ പോകുന്നു' എന്നാണ് പോസ്റ്റർ പങ്കുവച്ച് അണിയറപ്രവർത്തകർ ക്യാപ്ഷൻ കുറിച്ചത്.
മുരുകൻ ജനിച്ചത് വടക്കാണെന്ന സൂചനയാണ് തമിഴ്‌നാട്ടുകാരെ ചൊടിപ്പിച്ചത്. 'ശിവപുത്രൻ. പാർവ്വതിയുടെ അഹങ്കാരം. നിത്യനായ സൈന്യാധിപൻ. ഒരിക്കൽ കൂടി ത്രിവിക്രമിനൊപ്പം' എന്നാണ് പോസ്റ്റർ പങ്കുവച്ച് ജൂനിയർ എൻടിആർ കുറിച്ചത്. 'ഗോഡ് ഓഫ് വാർ' എന്നാണ് ചിത്രത്തിന്റെ പേര് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
നൂറ്റാണ്ടുകളായി തമിഴ് വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഭഗവാൻ മുരുകനെന്നും അതിനെ ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും സീമാൻ പറഞ്ഞു. തമിഴ് വികാരം വ്രണപ്പെടുത്തുന്ന ഈ ചിത്രം തമിഴ്‌നാട്ടിൽ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന് നിരോധനം ഏർപ്പെടുത്തണമെന്ന് സീമാൻ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു.
സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകൾ സംസ്ഥാനത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കരുത് എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം, കാർത്തികേയനെന്ന പേരിലും സുബ്രഹ്മണ്യനെന്ന പേരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മുരുകൻ ആരാധിക്കപ്പെടുന്നുണ്ടെന്ന് സിനിമയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
'മുരുകനെ തമിഴ് ദൈവം എന്ന വിളിക്കുന്നത് നിർത്തൂ. ഏതൊക്കെയോ സംസ്ഥാനത്ത് നിന്നുള്ള ആളുകൾ മുരുകൻ തങ്ങളുടെ ദൈവമാണെന്ന് നിലവിളിക്കുന്നു. ഒന്നാമതായി അദ്ദേഹം ഒരു ഹിന്ദു ദൈവമാണ്. അദ്ദേഹം ഹിമാലയത്തിലാണ് ജനിച്ചത്. താരകാസുരനെ വധിക്കാൻ അദ്ദേഹം ദക്ഷിണ ഭാഗത്തേക്ക് (തമിഴ്നാട്) വന്നു.
മുരുകൻ തമിഴ് ദൈവമാണെങ്കിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളായ ശിവനും പാർവ്വതിയും ആരാണ്...? ദയവായി മുരുകനെ തമിഴ് ദൈവം എന്ന് വിളിക്കുന്നത് നിർത്തുക. ഒന്നാമതായി അദ്ദേഹം ഒരു ഹിന്ദു ദൈവമാണ്. ദൈവങ്ങളെ പ്രദേശങ്ങളുമായി കൂട്ടിച്ചേർക്കരുത്. കൂടുതൽ വ്യക്തത വേണമെങ്കിൽ പുരാണങ്ങൾ വായിക്കുക'.- എന്നാണ് ചിത്രത്തെ അനുകൂലിക്കുന്ന പലരും കുറിച്ചിരിക്കുന്നത്.
എന്നാൽ വിവാദങ്ങൾ ആളിക്കത്തുമ്പോഴും ചിത്രത്തിന്റെ നിർമാതാക്കൾ മൗനം പാലിക്കുകയാണ്. സംഭവത്തിൽ ഔദ്യോഗികമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates