

സിനിമാ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ നടി കൃതി സനോണ്‍. സിനിമയ്ക്ക് അകത്തും പുറത്തും പുരുഷന്മാര്‍ക്കാണ് കൂടുതല്‍ പ്രാധാന്യമെന്നാണ് കൃതി സനോണ്‍ പറയുന്നത്. കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും സെറ്റിലെ സമീപനങ്ങളിലും വരെ ഈ വിവേചനം പ്രകടമാണെന്നും കൃതി സനോണ്‍ ആരോപിക്കുന്നു. ലില്ലി സിങിന് നല്‍കിയ അഭിമുഖത്തിലാണ് കൃതിയുടെ പ്രതികരണം.
''ഞാന്‍ കരിയര്‍ ആരംഭിച്ച കാലത്ത് സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നിര്‍വചനങ്ങളുണ്ടായിരുന്നില്ല. അവര്‍ എന്ത് ചെയ്യുന്നുവെന്നോ എവിടെ നിന്നാണ് വരുന്നതെന്നോ ആരാണ് അച്ഛനും അമ്മയുമെന്നോ എങ്ങനെയാണ് അവളുടെ കുടുംബം എന്നൊന്നും അറിയില്ല. ചിലപ്പോള്‍ കാമുകി എന്ന് മാത്രമാകും. അത് ഇപ്പോള്‍ മാറുന്നുണ്ട്. സ്ത്രീകള്‍ തങ്ങള്‍ക്കായി ശക്തമായ വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നു. പക്ഷെ മിക്ക സിനിമകളും ഇപ്പോഴും പുരുഷ കേന്ദ്രീകൃതമാണ്. മാറ്റമുണ്ടാകുന്നുണ്ടെന്ന് പറയാം'' കൃതി പറയുന്നു.
''സ്ത്രീകളോടും പുരുഷന്മാരോടുമുള്ള പെരുമാറ്റത്തില്‍ വ്യത്യാസമുണ്ട്. പ്രത്യേകിച്ചും തുടക്കകാലത്ത്. ഞാന്‍ വന്ന സമയത്താണ് കൂടുതലും അത് കണ്ടിട്ടുള്ളത്'' എന്നാണ് കൃതി പറയുന്നത്. ''ഞാന്‍ എപ്പോഴും സംവിധായകരോട് ചോദ്യങ്ങള്‍ ചോദിക്കും. എന്നും അങ്ങനെയായിരുന്നു. ഞാന്‍ തിയേറ്റര്‍ ചെയ്യുകയോ അഭിനയം പഠിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു ഏക വഴി. ഒരു പുരുഷന്‍ ചോദിക്കുമ്പോള്‍ അവന്‍ സിനിമയില്‍ ഇടപെടുകയാണെന്ന് പറയും. ഞാന്‍ എന്തെങ്കിലും നിര്‍ദ്ദേശിക്കുമ്പോള്‍ നീ അമിതമായി വിശകലനം ചെയ്യുകയാണ് എന്നും. നടന്‍ പറഞ്ഞാല്‍ അങ്ങനെ ചെയ്യാമെന്നാകും പറയുക. അതേ കാര്യം തന്നെയാകും ഞാനും പറഞ്ഞത്. അത് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്'' താരം പറയുന്നു.
''മുതിര്‍ന്ന നടന്മാരാണെങ്കില്‍ മനസിലാക്കാം. സീനിയര്‍ നടനല്ലെങ്കിലും അങ്ങനെയാണ്. എഡികള്‍ സെറ്റിലേക്ക് നടിമാരെയാണ് ആദ്യം വിളിക്കുക. നടന്മാര്‍ റെഡിയാണോ എന്ന് നോക്കില്ല. അവര്‍ റെഡിയല്ലെങ്കില്‍ പിന്നെ എന്തിനാണ് എന്നെ സെറ്റിലേക്ക് വിളിച്ചു വരുത്തുന്നത്. നടിമാരേക്കാള്‍ നടന്മാരുടെ കൃത്യനിഷ്ടയുടെ കാര്യത്തില്‍ ആളുകള്‍ക്ക് കുറച്ചധികം ഭയമുണ്ടെന്ന സത്യം ആരും മനസിലാക്കുന്നത് പോലുമില്ല. നടിമാരെ ടേക്കണ്‍ ഫോര്‍ ഗ്രാന്റഡ് ആക്കും'' എന്നും കൃതി പറഞ്ഞു.
ഇതിനിടെ തനിക്കുണ്ടായൊരു അനുഭവം ലില്ലി സിങും പങ്കുവെക്കുന്നുണ്ട്. അനീസ് ബസ്മി ഒരുക്കിയ, 2011 ല്‍ പുറത്തിറങ്ങിയ താങ്ക് യു എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ലില്ലിയും ഉണ്ടായിരുന്നു. ചിത്രത്തിലെ നായിക സോനം കപൂര്‍ ആയിരുന്നു. തനിക്ക് ബാത്ത് റൂമില്‍ പോകണമെന്ന് സോനം പറഞ്ഞപ്പോള്‍ അക്ഷയ് കുമാര്‍ വരുന്നത് വരെ കാത്തു നില്‍ക്കാനായിരുന്നു പറഞ്ഞത്. അദ്ദേഹം വന്ന് ഒരുമിച്ചുള്ള ഷോട്ട് എടുത്ത ശേഷം പോകാമെന്നാണ് പറഞ്ഞത്. അങ്ങനെ കാത്തിരിക്കേണ്ടി വന്നത് 20 മിനുറ്റാണെന്നും ലില്ലി പറയുന്നു. അന്ന് താന്‍ ആരാണെന്ന് പോലും അറിയാത്ത സോനം കപൂര്‍, അടുത്തു നിന്ന തന്നോടായി നോക്കൂ, ഇത് പുരുഷന്മാരുടെ ലോകമാണ് എന്ന് പറഞ്ഞതായും ലില്ലി ഓര്‍ക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates