

കെഎസ് ചിത്രയ്ക്ക് ആരായിരുന്നു എസ് ജാനകിയെന്ന് ചോദിച്ചാല്‍ ഉത്തരം എല്ലാമായിരുന്നുവെന്നാണ്. പാട്ടില്‍ അവര്‍ ചിത്രയ്ക്ക് ഗുരുവായപ്പോള്‍ ജീവിതത്തില്‍ അമ്മ തന്നെയുമായിരുന്നു. തന്നെ അത്രമേല്‍ സ്വാധീനിച്ച, അത്രത്തോളം ചേര്‍ത്തു പിടിച്ചിരുന്ന ജാനകിയമ്മ യാത്രയുകമ്പോള്‍ വിതുമ്പലോടെയല്ലാതെ ചിത്രയ്ക്ക് അവരെ ഓര്‍ക്കാനാകില്ല.
ജാനകിയമ്മ തന്നോട് അവസാനം പറഞ്ഞ വാക്കുകള്‍ ചിത്രയ്ക്ക് ഇപ്പോഴും ഓര്‍മയുണ്ട്. മരിക്കുവോളം ആ വാക്കുകള്‍, പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയൊരു വാക്കിന്റെ വേദനപ്പെടുത്തുന്ന ഓര്‍മയായി ചിത്രയ്‌ക്കൊപ്പമുണ്ടാകും. മാംഗ്ലൂരില്‍ ഒരു സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ചിത്രയ്ക്ക് ജാനകി വോയ്‌സ് മെസേജ് അയക്കുന്നത്. അന്നത് കേള്‍ക്കുമ്പോള്‍ ചിത്ര അറിഞ്ഞിരുന്നില്ല അതാകും അവര്‍ക്കിടയിലെ അവസാന സംഭാഷണമെന്ന്.
'നാന്‍ വരേന്‍ ഒരു നാള്‍' എന്നായിരുന്നു ജാനകിയമ്മ തന്നോട് അവസാനമായി പറഞ്ഞ വാക്കുകളെന്നാണ് ചിത്ര ഓര്‍ക്കുന്നത്. എന്നാല്‍ ആ വാക്ക് പാലിക്കാതെ എസ് ജാനകി യാത്രയായി. ''അമ്മയുടെ പാട്ടുകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ജനിച്ച നാള്‍ മുതല്‍ അവരുടെ ശബ്ദം എനിക്കൊപ്പമുണ്ട്. ഇന്നും, അമ്മയുടെ പാട്ട് കേള്‍ക്കുമ്പോള്‍ അവര്‍ നല്‍കിയ ഭാവങ്ങളെല്ലാം മനസിലേക്ക് വരും. പരമ്പരാഗത രീതിയില്‍ അമ്മയെനിക്ക് ഗുരുവായിരുന്നില്ല. പക്ഷെ അവര്‍ പാടിയ ഓരോ പാട്ടും എനിക്കുള്ള പാഠങ്ങളായി മാറുകയായിരുന്നു'' എന്നാണ് ചിത്ര ജാനകിയെ സ്മരിച്ചു കൊണ്ട് പറഞ്ഞത്.
''മൈക്കിന് മുന്നില്‍ നാണിക്കരുതെന്ന് അമ്മ എന്നോട് പറയുമായിരുന്നു. ബാബുക്ക ജീവിച്ചിരുന്ന സമയത്താണ് പാടാന്‍ ആരംഭിച്ചിരുന്നതെങ്കില്‍ നിനക്ക് ഇനിയും മനോഹരമായ പാട്ടുകള്‍ പാടാന്‍ സാധിക്കുമായിരുന്നുവെന്നും അവര്‍ പറയാറുണ്ടായിരുന്നു'' എന്നും ചിത്ര പറയുന്നു. ജാനകിയുടെ മകന്റെ മരിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ചിത്രയുമായുള്ള അവസാന കൂടിക്കാഴ്ച. അന്ന് ഇരുവരും മണിക്കൂറോളം ഒരുമിച്ചിരുന്ന് സംസാരിച്ചതുമാണ്.
മരിക്കുന്നതിന് കുറച്ച്‌നാള്‍ മുമ്പും ചിത്രയെ തേടി ജാനകിയുടെ ഫോണ്‍ കോള്‍ എത്തിയിരുന്നു. മകന്റെ ജന്മദിനമായ ഡിസംബര്‍ 7 ന് ഒരു പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ആ പരിപാടിയില്‍ ചിത്രയും പാടണമെന്നായിരുന്നു ജാനകിയുടെ ആഗ്രഹം. ''ആ പരിപാടിയുടെ ആവേശത്തിലായിരുന്നു അമ്മ. ഞാന്‍ പാടേണ്ട പാട്ടുകള്‍ ഏതാണെന്നും, ഏത് ഭാഷകളിലൊക്കെയാണ് പാടേണ്ടതെന്നും ലിസ്റ്റ് അയച്ചിരുന്നു. പഠിച്ച ശേഷം വിളിക്കാന്‍ പറഞ്ഞിരുന്നു. വാക്കുകളുടെ ഉച്ചാരണം ശരിയാണോ എന്ന് നോക്കാന്‍'' ചിത്ര ഓര്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates