

അന്തരിച്ച പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹന് അനുശോചനം രേഖപ്പെടുത്തി മോഹൻലാലും മമ്മൂട്ടിയും. തന്റെ ഇഷ്ട ഫോട്ടോഗ്രാഫറും പ്രിയപ്പെട്ട ജേഷ്ഠസഹോദരനുമായിരുന്നു കൊല്ലം മോഹനെന്ന് മോഹൻലാൽ കുറിച്ചു. മാര്‍ത്താണ്ഡത്തിന് സമീപം ട്രെയിനില്‍ നിന്ന് വീണായിരുന്നു കൊല്ലം മോഹൻ അന്തരിച്ചത്.
തമിഴ്നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയിൽവേ സ്റ്റേഷനു സമീപം കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. "ഒരുകാലത്ത്, നാന സിനിമ വാരികയിലൂടെ പുറത്തു വരുന്ന ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന സിനിമ പ്രേമികൾ ധാരാളം ഉണ്ടായിരുന്നു. താരവിശേഷങ്ങളും ചിത്രങ്ങളും നിറഞ്ഞ ഓർമകളുടെ കാഴ്ച വസന്തം.
ആ ചിത്രങ്ങൾക്ക് ദൃശ്യചാരുതയേകിയ കൊല്ലം മോഹൻ എന്ന അതുല്യ പ്രതിഭ, എനിക്ക് മോഹൻ ചേട്ടനാണ്. എന്‍റെ ഇഷ്ട ഫോട്ടോഗ്രാഫർ കൂടിയായിരുന്നു മോഹൻ ചേട്ടൻ. സെറ്റിലും പുറത്തും ഒട്ടേറെ രസകരമായ അനുഭവങ്ങൾ നിറഞ്ഞ നാളുകൾ. നേരിൽ കാണുമ്പോൾ ചേർത്ത് പിടിച്ചു സംസാരിക്കുന്ന രീതി. എന്നെ കുറിച്ചുള്ള 'സചിത്ര' പുസ്തകം ഞങ്ങളുടെ ആത്മ ബന്ധത്തിന്‍റെ കഥ കൂടിയാണ്.
ചേട്ടന്‍റെ കാമറ കണ്ണുകൾ നിശ്ചലമായാലും മലയാളിയുടെ മനസ്സിൽ നിന്നും മായില്ല. അദ്ദേഹം പകർത്തിയ ഒട്ടേറെ വർണ്ണ ചിത്രങ്ങൾ. എന്‍റെ പ്രിയപെട്ട ജേഷ്ഠ സഹോദരന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു".- മോഹൻലാൽ കുറിച്ചു. കൊല്ലം മോഹന് ആദരാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടിയും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
മാർത്താണ്ഡത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം പോകുന്നതിനിടെ ട്രെയിനിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. കൊല്ലത്തുനിന്ന് യാത്ര തിരിച്ച ബന്ധുക്കൾക്കൊപ്പം തിരുവനന്തപുരത്തു നിന്നാണ് മോഹൻ ട്രെയിനിൽ കയറിയത്. എന്നാൽ മാർത്താണ്ഡത്ത് ട്രെയിൻ ഇറങ്ങിയപ്പോൾ അദ്ദേഹത്തെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് കുഴിത്തുറയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
1980-കൾ മുതൽ 'നാന', 'കുങ്കുമം', 'കേരള ശബ്ദം' തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫറാണ് മോഹനൻ നായർ എന്ന കൊല്ലം മോഹൻ. മധു, ജയൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, ഉർവശി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങളുടെയും അവിസ്മരണീയമായ ചിത്രങ്ങൾ അദ്ദേഹം പകർത്തിയിട്ടുണ്ട്.
'മതിലുകൾ', 'മുഖാമുഖം', 'കലിക' തുടങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ച അദ്ദേഹം ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനെക്കുറിച്ച് ഒരു സചിത്ര പുസ്തകവും കൊല്ലം മോഹൻ രചിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates