

ധർമരാജ് ഷെട്ടി സംവിധാനം ചെയ്ത 'അക്ക' എന്ന വെബ് സീരീസിലെ കഥാപാത്രം നടി പൂർണിമ ഇന്ദ്രജിത്തിന് ഏറെ പ്രശംസകൾ നേടി കൊടുത്തിരുന്നു. ദേവകി എന്ന ശക്തമായ കഥാപാത്രത്തെയാണ് പൂർണിമ സീരീസിൽ അവതരിപ്പിച്ചത്. സ്ത്രീകൾ ഭരിക്കുന്ന ഒരു ഗ്യാങ്‌സ്റ്റർ സാമ്രാജ്യത്തിന്റെ കഥയാണ് സീരീസ് പറയുന്നത്.
ഇപ്പോഴിതാ സീരീസിന് തന്റെ മക്കളിൽ നിന്നും പങ്കാളിയിൽ നിന്നും ലഭിച്ച പിന്തുണയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ദ് ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയാണ് പൂർണിമ. "എന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം കുറേ കാലമായി 'അക്ക'യുടെ ഷൂട്ടിങ്ങെന്നും പറഞ്ഞ് ഞാൻ പോകുന്നതാണ് അവർ കാണുന്നത്. അതുകൊണ്ട് അവർക്കിതൊരു നീണ്ട യാത്രയായിരുന്നു.
അവരിതിന്റെ ഭാഗമല്ലെങ്കിലും എന്റെ ആ യാത്രയുടെ സാക്ഷികളായിരുന്നു. അതുകൊണ്ടു തന്നെ അവർ ഭയങ്കര എക്സൈറ്റഡായിരുന്നു. ടീസറും ട്രെയ്‌ലറുമൊക്കെ വന്നപ്പോഴും മക്കൾ രണ്ടു പേരും നല്ല സന്തോഷത്തിലായി. പിന്നെ ഇന്ദ്രൻ ഭയങ്കര സപ്പോർട്ടീവാണ്. 'അക്ക' കണ്ടപ്പോൾ അദ്ദേഹം ഭയങ്കര ഹാപ്പിയായി. ഇന്ദ്രൻ തന്നെ എന്നോട് ഇങ്ങോട്ട് പറഞ്ഞതാണ് ‘എനിക്ക് പ്രീമിയർ ഷോയ്ക്ക് വരണം’ എന്ന്.
എന്റെ ടീമിനോട് പുള്ളിയും കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അവരും എക്സൈറ്റഡായി. സീരീസ് കണ്ടതിന് ശേഷം എന്നെ ആദ്യം അഭിനന്ദിച്ചതും ഇന്ദ്രനാണ്". - പൂർണിമ പറഞ്ഞു. മക്കളുടെ സുഹൃത്തുക്കളും അധ്യാപകരുമൊക്കെ അവരോട് സീരീസിനെക്കുറിച്ചും എന്റെ കഥാപാത്രത്തെക്കുറിച്ചും പറയുന്നതൊക്കെ വളരെ സന്തോഷത്തോടെ തന്നോട് വന്ന് അവർ പറയാറുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
ഒപ്പം അവർ തന്നെ വിമർശിക്കാറും കളിയാക്കാറുമുണ്ടെന്നും താരം വ്യക്തമാക്കി. പരസ്പരം കളിയാക്കാനുള്ളൊരു സ്‌പെയ്സ് തങ്ങൾക്കിടയിലുണ്ടെന്നും പൂർണിമ പറഞ്ഞു. "ഞങ്ങൾ എപ്പോഴും അങ്ങനെ തന്നെയാണ്. കുട്ടികൾ അവരുടെ അച്ഛനും അമ്മയും ചെയ്യുന്ന കാര്യങ്ങൾ കൗതുകത്തോടെ നോക്കി കാണുന്നവരാണ്. അതെപ്പോഴും അങ്ങനെ തന്നെയുണ്ടാവട്ടെ എന്നാണ് എല്ലാ പേരന്റിസ്‌നെയും പോലെ ഞാനും പ്രാർത്ഥിക്കുന്നത്".- പൂർണിമ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates