

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുഗു ചിത്രം 'ആകാശംലോ ഒക്ക താര' മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ നായികയായെത്തിരിക്കുന്നത്. 'ആകാശംലോ ഒക്ക താര'യുടെ മലയാളം പതിപ്പിൽ സാത്വിക അവതരിപ്പിച്ച കല്പന എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് നടി പ്രിയ വാര്യർ ആണ്.
'ആകാശംലോ ഒക്ക താര'യുടെ ഭാഗമായതിനെക്കുറിച്ച് പ്രിയ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായി മാറുന്നത്. മറ്റൊരു ഭാഷയിൽ ദുൽഖറിന് ലഭിക്കുന്ന അംഗീകാരവും തെലുഗു പ്രേക്ഷകർ ചിത്രം ആഘോഷിക്കുന്നതും കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നുവെന്നും പ്രിയ വ്യക്തമാക്കി. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയ.
"ഒന്നാമതായി, ഇത് ദുൽഖർ സൽമാൻ ചിത്രമാണ് എന്നതു തന്നെയാണ് ഏറ്റവും ആവേശകരമായ ഘടകം. എന്റെ അഭിമുഖങ്ങളിലെ ശബ്ദം ശ്രദ്ധിച്ച ശേഷമാണ് അവർ ഡബ്ബിങ് ട്രയലിന് വിളിച്ചത്. എന്റെ ശബ്ദത്തിലെ അങ്ങനെയൊരു പ്രത്യേകത അവർ തിരിച്ചറിഞ്ഞു എന്നത് വലിയൊരു കാര്യമായി തോന്നി.
കലാകാരിയെന്ന നിലയിൽ നമ്മുടെ പുതിയ തലങ്ങളിലേക്ക് ആളുകൾ ശ്രദ്ധ നൽകുന്നത് ഏറെ കൗതുകകരമാണ്. അങ്ങനെ ട്രയലിൽ പങ്കെടുത്തു, സിനിമയുടെ ഭാഗമായി. സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്. മറ്റൊരു ഭാഷയിൽ ദുൽഖറിന് ലഭിക്കുന്ന അംഗീകാരവും തെലുങ്ക് പ്രേക്ഷകർ ചിത്രം ആഘോഷിക്കുന്നതും കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.
ഡബ്ബിങ് ചിത്രമായി കാണാതെ, മലയാളം സിനിമ പോലെ പ്രേക്ഷകർ സ്വീകരിക്കുന്നതിൽ വലിയ സന്തോഷമുണ്ട്".- പ്രിയ വാര്യർ പറഞ്ഞു. മലയാളത്തിൽ 'സർവ്വം മായ' ആണ് പ്രിയയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates