

മോഹന്‍ലാലിന്റെ ക്ലാസിക് ചിത്രമാണ് കിരീടം. 37 വര്‍ഷത്തിന് ശേഷം കിരീടം വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇതിനിടെ കിരീടത്തിന് ചെലവായ തുകയും തിയേറ്ററില്‍ നിന്നും തിരിച്ചുകിട്ടിയ കണക്കുമൊക്കെ തുറന്നു പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
''കിരീടത്തിന്റെ നിര്‍മാണ ചെലവ് 23 ലക്ഷം രൂപയായിരുന്നു. ഞാന്‍ 25-26 ദിവസമാണ് ഷൂട്ട് ചെയ്യാനെടുത്തത്. ലോഹി എഴുതാന്‍ ഒരാഴ്ചയില്‍ താഴെയാണ് സമയമെടുത്തത്. സെവന്‍ ആര്‍ട്‌സ് എന്ന കമ്പനി 27.5 ലക്ഷത്തിന് ചിത്രത്തിന്റെ ഔട്ട് റൈറ്റ് വാങ്ങുകയായിരുന്നു. നിര്‍മാതാവിനെ സംബന്ധിച്ച് പടം ഇറങ്ങും മുമ്പേ നാലര ലക്ഷം രൂപ ലാഭമുണ്ടാക്കാന്‍ പറ്റി. പിന്നീട് സിനിമ ഇറങ്ങിയ ശേഷം സാറ്റലൈറ്റും വിഡിയോ കാസറ്റും ഓഡിയോ കാസറ്റുമൊക്കെ കച്ചോടം ഉണ്ടായിരുന്നു. മറ്റ് ഭാഷകളിലേക്ക് റീമേക്ക് പോയി.'' സിബി പറയുന്നു.
''എന്റെ കണക്കില്‍, ആ 27.5 ലക്ഷം കൂടാതെ എങ്ങനെ പോയാലും 40-45 ലക്ഷം രൂപയും നിര്‍മാതാവിന് കിട്ടിക്കാണും. തിയേറ്ററിലെ കളക്ഷന്‍ വിതരണക്കാരന് മാത്രമുള്ളതാണ്. അതില്‍ നിര്‍മാതാവിന് അവകാശമില്ല. അയാള്‍ക്കും 40-45 ലക്ഷം കിട്ടിയിട്ടുണ്ട്. അങ്ങനെ അന്നത്തെ മൊത്തം വരുമാനം 80-90 ലക്ഷം രൂപയാണ്. ഇന്നത്തെ കാലത്ത് അതേ സിനിമയെടുക്കാന്‍ 23 ലക്ഷം എന്നത് 23 കോടിയോ മുപ്പത് കോടിയോ ആകും. കളക്ഷനും കോടി ക്ലബ്ബുകളിലേക്കായിരിക്കും'' എന്നും അദ്ദേഹം പറയുന്നു.
ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രതിഫലം എത്രയായിരുന്നുവെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്. ''മോഹന്‍ലാലിന്റെ പ്രതിഫലം നാല് ലക്ഷം രൂപയാണ്. അന്ന് നാലര ലക്ഷമൊക്കെയാണ് അദ്ദേഹത്തിന് കിട്ടുന്നത്. സൗഹൃദത്തിന്റെ പുറത്ത് നാല് ലക്ഷം ആക്കിയതാണെന്ന് അന്ന് ഉണ്ണി പറഞ്ഞിരുന്നു'' എന്നാണ് സിബി മലയില്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates