

വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോൾ ഹ്യൂമർ റോളുകളിലൂടെ മലയാളികളുടെ കയ്യടി വാരിക്കൂട്ടുകയാണ് നടൻ സുരേഷ് കൃഷ്ണ. നിവിൻ പോളി നായകനായെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റാ'ണ് സുരേഷ് കൃഷ്ണയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ബൈജു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സുരേഷ് എത്തിയത്.
ഹ്യൂമർ വേഷങ്ങളെക്കുറിച്ച് സുരേഷ് കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. "മന:പൂർവം കൊണ്ടുവന്നതല്ല ഈ മാറ്റം. മറിച്ച്, കാലത്തിനനുസരിച്ച് സിനിമ മാറുന്നു. അപ്പോൾ അതിനനുസരിച്ച് പുതിയ അഭിനേതാക്കൾ കടന്നുവരുകയും കഥാപാത്രങ്ങളെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.
ഞാൻ സിനിമയിലെത്തിയ കാലത്ത് വില്ലന് ചുവന്ന കണ്ണുകളും മുഖത്ത് ഉണ്ണിയും പ്രത്യേകതരം മീശയും കൃതാവും തുടങ്ങി വ്യത്യസ്തമായ രൂപഭാവങ്ങൾ വേണമായിരുന്നു. എന്നാൽ ഇന്ന് നമുക്കിടയിൽ കാണുന്ന സാധാരണക്കാരനെ തന്നെയാണ് വില്ലനായി അവതരിപ്പിക്കുന്നത്. സിനിമയിൽ സംഭവിച്ച ഇത്തരം മാറ്റങ്ങൾക്കൊപ്പം എനിക്കും സഞ്ചരിക്കാൻ കഴിഞ്ഞു എന്നതാണ് വാസ്തവം.
ഇന്നത്തെ പ്രേക്ഷകരുടെ അഭിരുചികളും മാറി. ഒരു അഭിനേതാവ് എന്ന നിലയിൽ മാറ്റങ്ങൾ അനിവാര്യമാണ്. മുൻപ് ചില കഥാപാത്രങ്ങളിൽ അതിഭാവുകത്വത്തോടെ അഭിനയിച്ചിട്ടുമുണ്ട്. അന്ന് സംവിധായകർ അത്തരത്തിൽ അഭിനയിപ്പിക്കുന്നതും പ്രേക്ഷകർ അത് അംഗീകരിക്കുന്നതുമായിരുന്നു പതിവ്.
എന്നാൽ ഇന്ന് സ്വാഭാവികമായ അഭിനയം മതി എന്നതാണ് പൊതുവേ നിലനിൽക്കുന്ന അഭിനയരീതി". - കേരള കൗമുദി വാരാന്ത്യത്തിന് നൽകിയ അഭിമുഖത്തിൽ സുരേഷ് കൃഷ്ണ പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates