

ഫുജൈറ: ഗുരുതരമായ ഹൃദയാഘാതത്തെത്തുടർന്ന് ഏകദേശം 40 മിനിറ്റോളം ഹൃദയമിടിപ്പ് നിലച്ചുപോയ രോഗിയെ ഫുജൈറ ആശുപത്രിയിലെ ഡോക്ടർമാർ വിജയകരമായി ജീവതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ഒരുപക്ഷേ ലോകത്ത് അധികം സംഭവിച്ചിട്ടില്ലാത്ത ഒന്നാകാം ജീവിതത്തിലേക്ക് ഇങ്ങനെയൊരു തിരിച്ചുവരവ്.
പെട്ടെന്നുള്ള ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സ്ത്രീയെയാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഡോക്ടർമാരുൾപ്പെടുന്ന മെഡിക്കൽ സംഘം നടത്തിയ കൂട്ടായ പ്രവർത്തനമാണ് രോഗിയുടെ ജീവൻ രക്ഷിച്ചത്.
നൂതനമായ പുനർ-ഉത്തേജന സാങ്കേതിക വിദ്യകൾ (advanced resuscitation techniques) ഉപയോഗിച്ച് രോഗിയുടെ ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കാൻ ഒരു പ്രത്യേക മെഡിക്കൽ സംഘം അക്ഷീണം പ്രയത്നിച്ചു, അതുവഴി നീണ്ടുനിൽക്കുന്ന സങ്കീർണതകളില്ലാതെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്ന് ആശുപത്രിയുടെ മേൽനോട്ടമുള്ള എമിറേറ്റ്സ് ഹെൽത്ത് സർവീസസ് അറിയിച്ചു.
ഫുജൈറ ആശുപത്രിയുടെ സന്നദ്ധതയ്ക്കും മെഡിക്കൽ സ്റ്റാഫിന്റെ വൈദഗ്ധ്യത്തിനും തെളിവായി ഈ കേസിനെ ആശുപത്രി ഡയറക്ടർ ഡോ. അഹമ്മദ് ഉബൈദ് അൽ ഖാദിമിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
"ഗുരുതരമായ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ ടീം വർക്കിന്റെയും വേഗത്തിലുള്ള പ്രതികരണത്തിന്റെയും മനോഭാവമാണ് ഈ വിജയം പ്രതിഫലിപ്പിക്കുന്നത്, നൂതനവും സുരക്ഷിതവുമായ ആരോഗ്യ സംരക്ഷണം നൽകുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണിത്," അദ്ദേഹം പറഞ്ഞു.
എമർജെൻസി, കാർഡിയോളജി ടീമുകൾ തമ്മിലുള്ള വേഗത്തിലുള്ള ഏകോപനം നിർണായകമാണെന്ന് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. തയീർ ഖാസിം പറഞ്ഞു.
"ദീർഘനേരം ഹൃദയസ്തംഭനം അനുഭവപ്പെട്ടെങ്കിലും, സംയോജിത പ്രതികരണം രോഗിയെ രക്ഷിക്കാനും സങ്കീർണതകളില്ലാതെ പൂർണ്ണമായ രോഗമുക്തി നേടാനും സഹായിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.
2017 ൽ സമാനമായ സംഭവം നോർത്ത് കരോലീനയിൽ സംഭവിച്ചതായി ബി ബി സി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 40 മിനിട്ട് നേരം ഹൃദയം നിലച്ചുപോയ മനുഷ്യനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചതാണ് ആ സംഭവം. 2017 ജൂണിലായിരുന്നു ആ സംഭവം. ജൂൺ 26 ന് ഷാർലറ്റിലെ തന്റെ വീടിനടുത്ത് ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നതിനിടെ 36 കാരനായ ജോൺ ഓഗ്ബേണിന് ഹൃദയാഘാതം സംഭവിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
