ദുബൈ: ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി ദുബൈ പൊലീസ്. കേണൽ സമീറ അബ്ദുള്ള അൽ അലിയെന്ന വനിതാ ഉദ്യോഗസ്ഥയ്ക്കാണ് ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. 1956-ൽ സേന സ്ഥാപിതമായതിന് ശേഷം ഇത് ആദ്യമായാണ് ഒരു വനിതയ്ക്ക് ഇത്രയധികം പ്രാധാന്യമുള്ള പദവിയിൽ നിയമനം നൽകുന്നത്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് നിയമനം.
ദുബൈ പൊലീസ് സേനയുടെ ഭാഗമായ എല്ലാ സ്ത്രീകൾക്കും അഭിമാനിക്കാൻ കഴിയുന്ന അംഗീകാരമാണ് തനിക്ക് ലഭിച്ചതെന്ന് ബ്രിഗേഡിയർ സമീറ അബ്ദുള്ള അൽ അലി പറഞ്ഞു. ഈ അംഗീകാരം ഭരണകൂടത്തിനും, സേനയിലുള്ള സ്ത്രീകൾക്ക് അവർ നൽകുന്ന പിന്തുണയ്ക്കും സമർപ്പിക്കുന്നതായി അവർ വ്യക്തമാക്കി.
അച്ചടക്കവും,ആത്മാർത്ഥമായ സേവനവുമാണ് കരിയറിനെയും കുടുംബജീവിതത്തെയും ഒരുമിച്ച് കൊണ്ട് പോകാൻ സഹായിച്ചതെന്നും, ടീമിലെ അംഗങ്ങളോട് നിങ്ങളുടെ കഴിവിൽ വിശ്വാസം വേണമെന്നും പരിശ്രമം കൊണ്ട് എന്തും സാധ്യമാക്കാൻ കഴിയുമെന്നും താൻ പറയാറുണ്ടെന്നും കേണൽ സമീറ അബ്ദുള്ള അൽ അലി പറയുന്നു. ദുബൈ പൊലീസിൽ കഴിഞ്ഞ 31 വർഷത്തിലധികമായി സേവനമനുഷ്ഠിച്ച് വരുകയാണ് ബ്രിഗേഡിയർ സമീറ അബ്ദുള്ള.
യു എ ഇ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഷുറൻസിൽ ബിരുദം നേടിയ ശേഷം 1994 ൽ ആണ് ഇവർ ദുബൈ പൊലീസിൽ ചേരുന്നത്. തുടക്കത്തിൽ രണ്ട് സ്റ്റാഫ് അംഗങ്ങളുള്ള ഒരു ചെറിയ ഓഫീസിലായിരുന്നു പൊലീസ് ഇൻഷുറൻസ് യൂണിറ്റിന്റെ പ്രവർത്തനം. പിന്നീട് ഈ യൂണിറ്റിനെ ഒരു പൂർണ്ണ വകുപ്പാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചത് ബ്രിഗേഡിയർ സമീറ അബ്ദുള്ളയായിരുന്നു.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂവിൽ പുരുഷന്മാർ മാത്രമുള്ള ഒരു ടീമിനെ നയിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥ കൂടിയാണ് ഇവർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates