

ദുബൈ: നാട്ടിലേക്ക് വരുമ്പോൾ ഗൾഫിലെ ഇന്ത്യൻ പ്രവാസികൾ സ്വർണ്ണം കൊണ്ടുവരുന്നത് സാധാരണമാണ്. നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുവരുമ്പോൾ ഒരേ അളവിലും രൂപത്തിലും കൊണ്ടുവന്നാലും ചിലരിൽ നിന്ന് കൂടുതൽ കസ്റ്റംസ് തീരുവ ഈടാക്കും, മറ്റുചിലർ കൊണ്ടുവരുമ്പോൾ അതിൽ കുറവ് വരും. എന്തുകൊണ്ടാണിത്?
നിങ്ങളിൽ നിന്ന് കസ്റ്റംസ് തീരുവ ഈടാക്കുന്നതിന് അടിസ്ഥാനമാക്കുന്നത് സ്വർണ്ണത്തിന്റെ അളവും രൂപവും (അതായത് ആഭരണമാണോ കോയിനാണോ ബിസ്ക്കറ്റ് ആണോ) മാത്രമല്ല. മറ്റ് ചില പ്രധാനപ്പെട്ട കാര്യങ്ങൾ കൂടിയുണ്ട്.
നിങ്ങൾ എത്ര കാലം വിദേശത്ത് ഉണ്ടായിരുന്നു എന്നത് കസ്റ്റംസ് തീരുവ നിശ്ചയിക്കുന്നതിൽ പ്രധാന ഘടകമാകുന്നു. നിങ്ങൾ കൂടുതൽ കാലം വിദേശത്ത് താമസിക്കുമ്പോൾ, കസ്റ്റംസ് നിയമങ്ങളിൽ ചില വ്യത്യാസങ്ങൾ വരുന്നു.
സ്വർണ്ണത്തിന്റെ കാര്യത്തിലാകുമ്പോൾ സ്ത്രീ-പുരുഷ വ്യത്യാസവും നിങ്ങൾക്ക് ലഭിക്കുന്ന ഇളവിൽ ഉണ്ടാകും.
വിദേശത്ത് ഒരു വർഷം താമസിച്ച ശേഷം വരുമ്പോൾ ലഭിക്കുന്ന കസ്റ്റംസ് നികുതിയിളവ് ഇങ്ങനെ
നിങ്ങൾ ഒരു വർഷത്തിലേറെയായി ഇന്ത്യയ്ക്ക് പുറത്താണെങ്കിൽ, നിങ്ങൾക്ക് ചെറിയ തോതിൽ സ്വർണ്ണത്തിന് നികുതി ഇളവ് എന്ന ആനുകൂല്യം ലഭിക്കും - എന്നാൽ അത് സ്വർണ്ണത്തിലുള്ള ആഭരണങ്ങൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ. മാത്രമല്ല ഇതിൽ സ്ത്രീ, പുരുഷ വ്യത്യാസവും ഉണ്ട്.
പുരുഷന്മാർക്ക് 50,000 രൂപ വിലയുള്ള 20 ഗ്രാം വരെ തൂക്കമുള്ള ആഭരണങ്ങൾ കസ്റ്റംസ് നികുതിയില്ലാതെ കൊണ്ടുവരാം
സ്ത്രീകൾക്ക് 1,00,000 രൂപവരെ വിലയുള്ള 40 ഗ്രാം വരെ തൂക്കമുള്ള ആഭരണങ്ങൾ ഇങ്ങനെ കൊണ്ടുവരാം.
നാണയങ്ങൾ, ബാറുകൾ, ബിസ്കറ്റുകൾ എന്നിവയ്ക്ക് ഈ ഇളവ് ബാധകമല്ല.
നിങ്ങളുടെ താമസം ഒരു വർഷത്തിൽ താഴെയാണെങ്കിൽ ഇളവുകൾ മാറും
ആറ് മാസത്തിൽ കൂടുതലും ഒരു വർഷത്തിൽ താഴെയുമാണ് നിങ്ങൾ വിദേശത്ത് താമസിച്ചതെങ്കിൽ
സ്വർണ്ണം കൊണ്ടുവരുമ്പോൾ കസ്റ്റംസ് തീരുവയി 13.75% ഇളവ് (അടിസ്ഥാന കസ്റ്റംസ് തീരുവ + സാമൂഹിക ക്ഷേമ സർചാർജ്).
ഈ നിരക്കിൽ നിങ്ങൾക്ക് ഏത് രൂപത്തിലും (അതായത് ആഭരണമായി മാത്രമല്ല, കോയിനോ ബാറോ ബിസ്ക്കറ്റോ) ഒരു കിലോ വരെ സ്വർണ്ണം കൊണ്ടുവരാം.
ആറ് മാസത്തിൽ താഴെയാണ് വിദേശത്ത് ഉണ്ടായിരുന്നതെങ്കിൽ
നികുതി ഏകദേശം 38.5% വരെ ആകും.
ആഭരണങ്ങൾക്കും നികുതി ഇളവ് ഇല്ല.
നികുതി ഇളവ് പരിധിക്ക് പുറത്തുള്ള അധിക സ്ലാബുകൾ
നിങ്ങൾ ഒരു വർഷത്തിലേറെയായി വിദേശത്താണെങ്കിൽ പോലും, ഇളവ് അനുവദിക്കുന്നതിനായി നിശ്ചയിച്ചുള്ളതിനേക്കാൾ കൂടുതൽ തൂക്കത്തിൽ ആഭരണങ്ങൾ കൊണ്ടുവന്നാൽ അതിന് സ്ലാബ് അടിസ്ഥാനത്തിൽ തീരുവ ചുമത്തും. അതിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും കാര്യത്തിൽ വ്യത്യാസവുമുണ്ട് അത് ഇങ്ങനെയാണ്.
പുരുഷന്മാർ: 20–50 ഗ്രാം: 3% 50–100 ഗ്രാം: 6% 100 ഗ്രാമിൽ കൂടുതൽ: 10% എന്നിങ്ങനെ നികുതി ഈടാക്കും.
സ്ത്രീകൾ: 40–100 ഗ്രാം: 3% 100–200 ഗ്രാം: 6% 200 ഗ്രാമിൽ കൂടുതൽ: 10% എന്നിങ്ങനെയാണ് നികുതി നിരക്ക്.
വിദേശത്തുണ്ടായിരുന്ന കാലയളവ് ഡ്യൂട്ടി നിയമങ്ങൾ മാറ്റുന്നത് ഇങ്ങനെയാണ്
1962 ലെ കസ്റ്റംസ് നിയമങ്ങളും2016ലെ ബാഗേജ് നിയമങ്ങളും അനുസരിച്ചാണ് കസ്റ്റംസ് നികുതി ഏർപ്പെടുത്തുന്നതും ഇളവ് നൽകുന്നതും.
2016 ലെ ബാഗേജ് നിയമങ്ങൾ അനുസരിച്ച് യാത്രക്കാരെ മൂന്ന് വിഭാഗങ്ങളായി തിരിക്കുന്നു:
ആറ് മാസത്തിൽ താഴെ: ആനുകൂല്യമില്ല, ഉയർന്ന ഡ്യൂട്ടി.
ആറ് മാസത്തിന് മുകളിൽ ഒരു വർഷത്തിന് താഴെ: ഒരു കിലോഗ്രാം വരെയുള്ള നികുതി ഇളവ്.
ഒരു വർഷത്തിൽ കൂടുതൽ: സ്വർണ്ണാഭരണത്തിന് നികുതി ഇളവ്, സ്ത്രീ -പരുഷന്മാർക്ക് ഇളവിലെ നിരക്കിലും അളവിലും വ്യത്യാസമുണ്ട്.
സ്വർണ്ണം കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
കസ്റ്റംസ് ക്ലിയറൻസിന് വിധേയമാകേണ്ട സ്ഥലത്ത് നിങ്ങൾ കൊണ്ടുവന്ന സ്വർണ്ണം സംബന്ധിച്ച കൃത്യവും പൂർണ്ണവുമായ വിവരങ്ങൾ നൽകുക.
സ്വർണ്ണത്തിലെ തൂക്കം, സ്വർണ്ണത്തിലെ പരിശുദ്ധിയെ (കാരറ്റ്, ഹാൾമാർക്ക് തുടങ്ങിയവ) കുറിച്ചുള്ള വിവരം, വില എന്നിവയുടെ വിശദാംശങ്ങൾ അടങ്ങിയ ഇൻവോയ്‌സുകൾ ഒപ്പം കരുതുക. കസ്റ്റംസ് ദൈനംദിന അന്താരാഷ്ട്ര സ്വർണ്ണ നിരക്കുകൾ ഉപയോഗിച്ചാണ് തീരുവ തീരുമാനിക്കുന്നത്. എന്നാൽ രസീതുകൾ നിങ്ങൾ വാങ്ങിയ തുകയുടെ നിയമസാധുതയക്ക് തെളിവാകും.
നികുതി അടയ്ക്കുമ്പോൾ ഇന്ത്യൻ നിരക്കുമായി ബന്ധപ്പെട്ട് പണം ലാഭിക്കാൻ വിദേശ കറൻസി അല്ലെങ്കിൽ കുറഞ്ഞ ഇടപാട് ഫീസുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
