

അബുദാബി: സ്കൂളുകളിൽ സുരക്ഷ, വിദ്യാർത്ഥികളുടെ അച്ചടക്കം, സൗകര്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവരുടെ യാത്ര സംബന്ധിച്ച് നയങ്ങൾ അബുദാബി വിദ്യാഭ്യാസ വകുപ്പ് (അബുദാബി എജ്യൂക്കേഷൻ ആൻഡ് നോളജ് ഡിപ്പാർട്ടമെന്റ്-Adek- അഡെക്) പുതുക്കി നിശ്ചയിച്ചു.
പുതുക്കിയ നയം അനുസരിച്ച്, സ്കൂളിലേക്കും തിരിച്ചുമുള്ള ഗതാഗത സമയത്ത് സ്കൂളുകൾ എല്ലാ വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കണം. നിങ്ങൾ ഒരു രക്ഷിതാവോ വിദ്യാർത്ഥിയോ ആണെങ്കിൽ, ഈ പുതിയ യാത്രാ നയം വ്യക്തമായും അറിഞ്ഞിരിക്കേണ്ടതുണ്ട്.
സ്കൂൾ ബസ് യാത്രയിൽ ഓരോ വിദ്യാർത്ഥിയുടെയും സുരക്ഷയ്ക്ക് സ്കൂളുകൾക്ക് ഉത്തരവാദിത്തമുണ്ട്, സ്കൂളുകൾ കുട്ടികളെ സ്കൂളിൽ കൊണ്ടുവരാനും തിരികെ വിടാനുമായി മറ്റൊരു സർവീസ് ഉപയോഗിച്ചാലും ഈ ഉത്തരവാദിത്തം സ്കൂളുകളിൽ നിക്ഷിപ്തമാണ്.
ബസ് ഉൾപ്പടെയുള്ള പൊതുഗതാഗത സൗകര്യങ്ങളിലും കാൽനടയാത്രയിലും സുരക്ഷ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത് ഇതിൽ ഉൾപ്പെടുന്നു. 11 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഇപ്പോൾ ബസ് സൂപ്പർവൈസർമാരെ ആവശ്യമുണ്ട്, ഇത് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ആവശ്യമാണെന്ന് അഡക് പറയുന്നു.
15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവരുടെ സഹായമില്ലാതെ സ്കൂളിൽ നിന്ന് തിരികെ പോകാനോ സ്കൂളിലേക്ക് വരാനോ ഇനി മുതൽ അനുവാദമില്ല. രക്ഷിതാവോ രക്ഷിതാക്കൾ നിയമിക്കുന്ന മുതിർന്നയാളോ കുട്ടികളെ ബസിൽ കൊണ്ടുവിടുന്ന സ്ഥലത്ത് (ഡ്രോപ്പ്-ഓഫ് പോയിന്റ്) ഉണ്ടായിരിക്കണം. അവർ ഇല്ലെങ്കിൽ, മറ്റ് വിദ്യാർത്ഥികളെ ഇറക്കിയ ശേഷം കുട്ടിയെ സ്കൂളിലേക്ക് തിരികെ കൊണ്ടുപോകും.
15 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള സഹോദരങ്ങൾക്ക്, രക്ഷിതാക്കൾ ഒപ്പിട്ട സമ്മതപത്രം സ്കൂളിൽ നൽകിയാൽ മാത്രമേ മുതിർന്നയാളുടെ സ്ഥാനത്ത് ഇളയ സഹോദരങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ അനുവാദമുള്ളൂ.
സമ്മതപത്രത്തിൽ ഇനിപ്പറയുന്ന കാര്യങ്ങൾ വ്യക്തമാക്കിയിരിക്കണം:
മൂത്ത സഹോദരങ്ങൾക്ക് ഇളയ കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനുള്ള പക്വതയുണ്ടെന്ന് രക്ഷിതാക്കൾക്ക് ഉറപ്പുണ്ടാകണം
മൂത്ത കുട്ടിയെ ഏൽപ്പിക്കുന്ന ഉത്തരവാദിത്തത്തെക്കുറിച്ച് രക്ഷിതാക്കൾ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ടാകണം. മാത്രമല്ല. താൻ ചെയ്യുന്ന കാര്യത്തിലെ ഗൗരവം മുതിർന്ന കുട്ടിക്ക് അറിയാമെന്നും രക്ഷിതാക്കൾ ഉറപ്പാക്കണം.
ഈ നയം മൂലമുണ്ടാകുന്ന എന്തെങ്കിലും സംഭവങ്ങൾക്ക് സ്കൂളുകൾ ഉത്തരവാദിയായിരിക്കില്ല.
സ്കൂൾ ബസ് സൗകര്യം ഉപയോഗിക്കാത്ത കുട്ടികളുടെ കാര്യത്തിൽ:
വിദ്യാർത്ഥികൾക്ക് (9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ, അതായത് 14 മുതൽ 17 അല്ലെങ്കിൽ 18 വയസ്സ് വരെ പ്രായമുള്ളവർ) സൈക്കിളുകൾ അല്ലെങ്കിൽ സ്കൂട്ടറുകൾ പോലുള്ള സ്കൂൾ ബസ് ഇതര ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് സ്കൂളിലേക്ക് പോകുന്നവരുണ്ട്. ഇവരുടെ കാര്യത്തിൽ. സ്കൂളിന്റെ മേൽനോട്ടം ക്യാമ്പസിൽ മാത്രമേ ആരംഭിക്കൂ. അതിനാൽ, രക്ഷിതാക്കൾ അവരുടെ ഉത്തരവാദിത്തങ്ങൾ അംഗീകരിക്കുന്ന ഒരു സമ്മതപത്രത്തിൽ ഒപ്പിടണം.
സ്കൂൾ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമുള്ളതാണ്
വിദ്യാർത്ഥികളെ അല്ലാതെ മറ്റാരെയും കൊണ്ടുപോകുന്നതിന് സ്കൂൾ ബസുകൾ ഉപയോഗിക്കാൻ കഴിയില്ല. സീറ്റ് ബെൽറ്റുകൾ, അഗ്നിശമന ഉപകരണങ്ങൾ, പ്രഥമശുശ്രൂഷ കിറ്റുകൾ എന്നിവ പോലുള്ള പ്രത്യേക സുരക്ഷാ, സാങ്കേതിക ആവശ്യകതകൾ നിറവേറ്റുന്നുണ്ടെങ്കിൽ, ഫീൽഡ് ട്രിപ്പുകളിൽ ടൂറിസ്റ്റ് ബസുകൾ ഉപയോഗിക്കാം.
ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ വ്യക്തമാക്കിയിട്ടുള്ളത് പ്രകാരം, ഒരു സ്‌കൂൾ ബസിനുള്ള പരമാവധി യാത്രാ ദൂരം എന്നത് ആദ്യ പിക്ക്-അപ്പ് മുതൽ അവസാന ഡ്രോപ്പ്-ഓഫ് പോയിന്റ് വരെയുള്ള സമയം 60 മിനിറ്റിൽ അതായത് ഒരു മണിക്കൂറിൽ കൂടുതലാകാൻ പാടില്ല.
നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ വിദ്യാർത്ഥികളെ കയറ്റുകയും ഇറക്കുകയും ചെയ്യുകയുള്ളൂ. ഡ്രോപ്പ്-ഓഫ് പോയിന്റിൽ നിർദ്ദിഷ്ട പ്രായത്തിന് താഴെയുള്ള വിദ്യാർത്ഥിയെ സ്വീകരിക്കാൻ രക്ഷിതാവ് ഉണ്ടെന്ന് ബസ് സൂപ്പർവൈസർ ഉറപ്പാക്കണം. രക്ഷിതാവ് സ്ഥലത്തില്ലെങ്കിൽ, അവർ വിദ്യാർത്ഥിയെ സ്കൂളിലേക്ക് തിരികെ കൊണ്ടെത്തിക്കണം.
ഡ്രൈവർമാരും ബസ് സൂപ്പർവൈസർമാരും ഐടിസി പെർമിറ്റുകൾ കൈവശം വയ്ക്കുകയും രജിസ്റ്റർ ചെയ്യുകയും വേണം. 11 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഒരു സൂപ്പർവൈസർ നിർബന്ധമാണ്, മുതിർന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ ആൺകുട്ടികൾ മാത്രമുള്ളതല്ല ബസ് സർവീസ് എങ്കിൽ വനിതാ സൂപ്പർവൈസർമാരെ മാത്രമേ നിയമിക്കാവൂ.
സ്കൂളുകളിലെ ഗതാഗത നിയന്ത്രണം
സ്കൂളുകൾ സുരക്ഷിതമായി കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും ഒരു പദ്ധതി തയ്യാറാക്കണം.
തിരക്കേറിയ സമയങ്ങളിൽ ദൈനംദിന ഗതാഗത പ്രവർത്തനങ്ങൾ പരിശീലനം ലഭിച്ച ഒരു സ്റ്റാഫ് ടാസ്‌ക് ഫോഴ്‌സ് കൈകാര്യം ചെയ്യണം.
സ്കൂളുകൾ ബസുകൾക്കും ജീവനക്കാരുടെ വാഹനങ്ങൾക്കും നിയുക്ത പാർക്കിങ് സ്ഥലങ്ങൾ നൽകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates