

അബുദാബി: 2025-2026 അധ്യയന വർഷം സ്കൂൾ തുറക്കാനുള്ള അവസാന ഘട്ട നടപടികളിലാണ് യു എ ഇ. 10 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് യു എ ഇയിലെ വിവിധ സ്കൂളുകളിലായി പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്നത്. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പാണ് സർക്കാർ കുട്ടികൾക്ക് സന്തോഷകരമായ വാർത്ത പ്രഖ്യാപിച്ചിരിക്കുന്നത്.
യു എ ഇ യിൽ ഈ അക്കാദമിക വർഷത്തിലാണ് രണ്ടാംപാദ പരീക്ഷ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഒരു അക്കാദമിക് വർഷത്തില്‍ മൂന്ന് ടേം പരീക്ഷകളാണ് യു എ ഇയിലെ സ്കൂളുകളിൽ കേന്ദ്രീകൃതമായി നടത്തുന്നത്. ഇനി മുതൽ ഒന്നും മൂന്നും സെമസ്റ്ററുകളിൽ മാത്രമേ കേന്ദ്രീകൃത പരീക്ഷകൾ നടത്തുകയുള്ളൂ. അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പുതിയ നയം ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സമ്മർദ്ദം കുറയ്ക്കുന്നതിനും മൂല്യനിർണ്ണയ രീതികൾ നവീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള തീരുമാനത്തെ അടിസ്ഥാനമാക്കിയാണ്, വിദ്യാഭ്യാസ മന്ത്രാലയം രണ്ടാം ടേം പരീക്ഷകൾ ഇനി മുതൽ നടത്തേണ്ടതില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റദ്ദാക്കിയത്. ഇതിന് പകരം വർഷം മുഴുവനും വിദ്യാർത്ഥികളുടെ പ്രകടനം പ്രതിഫലിപ്പിക്കുന്ന തുടർച്ചയായ മൂല്യനിർണ്ണയത്തിനായിരിക്കും ഊന്നൽ നൽകുക. രണ്ടാം ടേം പരീക്ഷ നിർത്തലാക്കുന്നതിനൊപ്പം സ്കൂളുകളിൽ തന്നെ നടത്തുന്ന സമഗ്രമായ മൂല്യനിർണ്ണയം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി മുഹമ്മദ് അൽ ഖാസിമിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
"വിദ്യാർത്ഥികളുടെ കഴിവുകൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും കൂടുതൽ പിന്തുണ നൽകുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് ഈ മാറ്റത്തിന് കാരണം," അദ്ദേഹം പറഞ്ഞു.
പുതുക്കിയ നയത്തിന് അനുസൃതമായി സെമസ്റ്ററുകളിലെ പഠനഭാരം കുറയ്ക്കുകയും വിദ്യാർത്ഥികളുടെ ക്ഷേമത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നു. ഇതിനനുസൃതമായി പഠനനിലവാരും പഠനരീതികളും മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പുതിയ സംവിധാനം സ്കൂൾ പ്രവർത്തനങ്ങലെ കൂടുതൽ സർഗാത്മകമാക്കുന്നവയാണ്. വിദ്യാർത്ഥികളുടെ കഴിവുകൾ വിലയിരുത്തലിനായുള്ള രീതികൾ വൈവിധ്യവൽക്കരിക്കുന്നു, പഠന നിലവാരവും അധ്യാപന രീതികളും മെച്ചപ്പെടുത്തുന്നു, വിദ്യാർത്ഥികളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നു, പുതുക്കിയ നയത്തിന് അനുസൃതമായി സെമസ്റ്റർ ഭാരം ക്രമീകരിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
ജനസംഖ്യാ വളർച്ചയെ ഉൾക്കൊള്ളുന്നതിനും ആധുനികവും നൂതനവുമായ പഠന അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമായി വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും രാജ്യത്തുടനീളം ഒമ്പത് പുതിയ സ്കൂളുകൾ തുറക്കുകയും ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സാറ അൽ അമിരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാർത്ഥികളുടെ കഴിവുകൾ വെളിപ്പെടുത്താൻ കഴിയുന്ന, സമഗ്രവും തുടർച്ചയായതുമായ ഒരു വിലയിരുത്തൽ സമീപനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ മൂല്യനിർണ്ണയ സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അൽ അമിരി വിശദീകരിച്ചു.
യു എ ഇ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ 520 സ്കൂളുകളിലായി 2,80,000 കുട്ടികൾ പഠിക്കുന്നുണ്ട്. പുതുതായി കാൽലക്ഷത്തോളം വിദ്യാർത്ഥികൾ സ്കൂളിൽ ചേർന്നിട്ടുണ്ട്. 800 ലധികം പുതിയ അദ്ധ്യാപകരും ഇത്തവണ സ്കൂളുകളിലെത്തും.ഏകദേശം 47,000 ലാപ്ടോപ്പുകൾ വിതരണം ചെയ്തിട്ടുണ്ട്, 10 ദശലക്ഷത്തിലധികം പാഠപുസ്തകങ്ങൾ അച്ചടിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates