

ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ ഗെയ്ല്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഇ എസ് രംഗനാഥനെ സിബിഐ അറസ്റ്റ് ചെയ്തു. മലയാളി കൂടിയായ ഇയാള്‍, ഗെയ്‌ലിന്റെ പെട്രോ കെമിക്കല്‍ ഉല്‍പന്നങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കു വിലകുറച്ചു നല്‍കുന്നതിന് അരക്കോടിയിലേറെ രൂപ കൈക്കൂലി വാങ്ങിയെന്നാണു കേസ്. കേസില്‍ ഗുരുഗ്രാമില്‍ താമസിക്കുന്ന മലയാളിയായ എന്‍ രാമകൃഷ്ണന്‍ നായരും അറസ്റ്റിലായി. രംഗനാഥനു വേണ്ടി കൈക്കൂലി പണം കൈപ്പറ്റിയതു രാമകൃഷ്ണനാണെന്നു സിബിഐ കണ്ടെത്തി.
കേരളത്തില്‍ ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് ചുക്കാന്‍ പിടിച്ചവരിലൊരാളാണ് പാലക്കാട് സ്വദേശിയായ രംഗനാഥന്‍. ഇദ്ദേഹത്തിന്റെ ഓഫിസിലും നോയിഡയിലെ വീട്ടിലുമായി നടന്ന റെയ്ഡില്‍ 1.29 കോടിയോളം രൂപയും 1.25 കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. ഡല്‍ഹിയിലും മുംബൈയിലും ഉള്‍പ്പെടെ 8 ഇടത്ത് സിബിഐ റെയ്ഡ് നടത്തിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ കയ്യില്‍ നിന്ന് ഒന്നരക്കോടിയില്‍പരം രൂപയും പിടിച്ചെടുത്തു. 9 പേരാണു പ്രതികള്‍.
ഡല്‍ഹി പീതംപുരയിലെ പവന്‍ ഗൗര്‍, വ്യവസായിയും ഡല്‍ഹിയിലെ റിഷഭ് പോളികെം എന്ന സ്വകാര്യ കമ്പനി ഡയറക്ടറുമായ രാജേഷ് കുമാര്‍ എന്നിവരാണ് സ്വകാര്യ കമ്പനികള്‍ക്കു വേണ്ടി ഇടനിലക്കാരായത്. രഹസ്യവിവരത്തെ തുടര്‍ന്നു സിബിഐ അേേന്വഷണത്തില്‍ ഗൗറും രാജേഷ് കുമാറുമാണ് ആദ്യം കുടുങ്ങിയത്. രംഗനാഥനു വേണ്ടി കൈപ്പറ്റിയതായി പറയുന്ന 10 ലക്ഷം രൂപയും പിടികൂടി. പിന്നാലെ, രാമകൃഷ്ണന്‍ നായര്‍, ആദിത്യ ബന്‍സല്‍, സൗരഭ് ഗുപ്ത എന്നിങ്ങനെ 3 പേര്‍ കൂടി പിടിയിലായി.
ഇടനിലക്കാര്‍ കഴിഞ്ഞ ഡിസംബറിലാണ് രംഗനാഥനെ നോയിഡയിലെ വീട്ടിലെത്തി കണ്ടതും ഇടപാടിനെക്കുറിച്ചു സംസാരിച്ചതും. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ ധാരണയിലെത്തി. തുടര്‍ന്ന് ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ കൂടിക്കാഴ്ച നടന്നു. ഡിസംബര്‍ 17നു സ്വകാര്യ കമ്പനികളില്‍ നിന്നു കോഴപ്പണം കൈപ്പറ്റിയ ഇടപാടുകാര്‍ രംഗനാഥനെ ബന്ധപ്പെട്ടു. അദ്ദേഹം നിര്‍ദേശിച്ചതനുസരിച്ചു രാമകൃഷ്ണനാണ് 40 ലക്ഷം രൂപ കൈപ്പറ്റിയത്. ഡിസംബര്‍ 20നു കരാര്‍ അനുവദിക്കാന്‍ ഇടനിലക്കാര്‍ രംഗനാഥനെ ബന്ധപ്പെട്ടപ്പോള്‍ മുംബൈയില്‍ നിന്നു മടങ്ങിയെത്തിയ ശേഷം ഒപ്പിടാമെന്ന് അറിയിച്ചു. സമാന ഇടപാടുകള്‍ക്കാണു ഗുപ്ത, ബന്‍സല്‍ എന്നിവരെ ഇടനിലക്കാര്‍ ബന്ധിപ്പിച്ചതെന്നും സിബിഐ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തടയല്‍ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണു സിബിഐ കേസെടുത്തത്. അറസ്റ്റിലായ 6 പ്രതികളെയും കോടതി 6 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. മികവിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വയംഭരണാധികാരങ്ങളോടെ, മഹാരത്‌ന വിഭാഗത്തില്‍പെടുത്തിയ പൊതുമേഖലാ സ്ഥാപനമാണു ഗെയ്ല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates