

ന്യൂഡല്‍ഹി: ഒരു രാഷ്ട്രീയ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ പരാമര്‍ശിച്ചതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇറ്റാലിയന്‍ എംബസി. ആഭ്യന്തര രാഷ്ട്രീയ വാചകക്കസര്‍ത്തുകളിലേക്ക് വിദേശ നേതാക്കളെ വലിച്ചിഴയ്ക്കരുതെന്ന് എംബസി അഭിപ്രായപ്പെട്ടു. രാഹുലിന്റെ പരാമര്‍ശങ്ങളില്‍ ഇറ്റാലിയന്‍ എംബസി കടുത്ത ആശങ്കയും ശക്തമായ വിയോജിപ്പും പ്രകടിപ്പിച്ചു.
എന്താണ് രാഹുലിന്റെ പരാമര്‍ശം?
വ്യാഴാഴ്ച നടന്ന രച്നാത്മക് കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനിലാണ് രാഹുല്‍ഗാന്ധിയുടെ വിവാദമായ പരാമര്‍ശം ഉണ്ടായത്. വിദേശ രാഷ്ട്രത്തലവന്മാരെ കെട്ടിപ്പിടിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ രീതിയെവിമര്‍ശിച്ചുകൊണ്ട്, നരേന്ദ്ര മോദിയുടെ നയതന്ത്ര ശൈലിയെയാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്. വേദിയില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ ആലിംഗനം ചെയ്തശേഷമായിരുന്നു രാഹുലിന്റെ പ്രസ്താവന.
'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ ആശയം എവിടെ നിന്നാണ് ലഭിച്ചതെന്ന് എനിക്കറിയില്ല. വിചിത്രമായ ആശയങ്ങള്‍ ആളുകളുടെ തലയില്‍ കയറുന്നു. ഇതാണ് വിദേശനയമെന്ന് പ്രധാനമന്ത്രി കരുതുന്നു' സന്ദീപ് ദീക്ഷിതിനെ കെട്ടിപ്പിടിച്ചശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. താൻ മെലോണി ആണെന്ന് കരുതിയാണോ കെട്ടിപ്പിടിച്ചതെന്ന് സന്ദീപ് ദീക്ഷിത് രാഹുലിനോട് ചോദിച്ചു. 'താന്‍ ഇതുവരെ ആ ഘട്ടത്തില്‍ എത്തിയില്ലെന്ന്' രാഹുല്‍ മറുപടിയും നല്‍കി. ഇതാണ് പിന്നീട് വിവാദമായത്.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അപക്വമാണെന്ന് ബിജെപി വിമര്‍ശിച്ചു. നിര്‍ഭാഗ്യകരവും നിന്ദ്യവുമായ പരാമര്‍ശമാണത്. പ്രതിപക്ഷ നേതാവ് പദവിയിലിരിക്കുന്ന, പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ല അത്തരം പരാമര്‍ശങ്ങളെന്നും ബിജെപി വക്താവ് സഞ്ജു വര്‍മ കുറ്റപ്പെടുത്തി. എന്നാല്‍ രാഹുല്‍ ഗാന്ധി ഇറ്റലി പ്രധാനമന്ത്രിയെ അപമാനിച്ചിട്ടില്ലെന്നും, ജോര്‍ജിയ മെലോണിയുടെ പേര് രാഹുല്‍ പരാമര്‍ശിച്ചിട്ടു പോലുമില്ലെന്നും കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates