

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു. വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. ചര്‍ച്ചയുടെ സമയവും ദൈര്‍ഘ്യവും അടക്കമുള്ള കാര്യങ്ങള്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കാമെന്നും കേന്ദ്രമന്ത്രി റിജിജു ലോക്‌സഭയില്‍ അറിയിച്ചു.
നീറ്റ് വിഷയത്തില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെയാണ് മന്ത്രി റിജിജു ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്. വോട്ടെടുപ്പില്ലാതെ ഹ്രസ്വ സമയം മാത്രമുള്ള, ചട്ടം 193 പ്രകാരമുള്ള ചര്‍ച്ച പ്രതിപക്ഷം നിരസിച്ചിരുന്നു. സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച വേണമെന്നും, നീറ്റ് വിവാദവും പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയും അടക്കം ചര്‍ച്ച ചെയ്യണമെന്നും അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
നീറ്റ് ചോദ്യ ചോര്‍ച്ച, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകള്‍, പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് അതിക്രമം തുടങ്ങിയവ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാരായ രേണുകാ ചൗധരി, സയീദ് നസീര്‍ ഹുസൈന്‍, എഎപി എംപി സഞ്ജയ് സിങ് എന്നിവര്‍ രാജ്യസഭയില്‍അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി നദിമുള്‍ ഹഖും റൂള്‍ 267 പ്രകാരം ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
സമരക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത വസ്ത്രം അണിഞ്ഞാണ് പാര്‍ലമെന്റിലെത്തിയത്. സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംപിമാരും പാര്‍ലമെന്റിന് പുറത്തു നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. പാര്‍ലമെന്റില്‍ പ്രതിപക്ഷം കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യമുന്നയിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് ലോക്‌സഭ രണ്ടുമണി വരെ നിര്‍ത്തിവെച്ചു. ബഹളത്തിനിടെ, ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates