

ബംഗളൂരു: 89 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ ബിജെപി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ കര്‍ണാടക മന്ത്രി ബി നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചു. വാത്മീകി ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ഡെവലപ്മെന്റ് കോര്‍പ്പറേഷനിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നത്.
കോര്‍പ്പറേഷന്‍ അക്കൗണ്ട്സ് ഓഫിസര്‍ പി ചന്ദ്രശേഖരന്റെ ആത്മഹത്യയെത്തുടര്‍ന്ന് 2024 മെയ് മാസത്തിലാണ് അഴിമതി പുറത്തുവന്നത്. അനധികൃത ഫണ്ട് കൈമാറ്റത്തെക്കുറിച്ച് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വലിയ തുകകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും നാഗേന്ദ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു.
നേരത്തെ സിദ്ധരാമയ്യ മന്ത്രിസഭയില്‍ ട്രൈബല്‍ വെല്‍ഫെയര്‍ മന്ത്രിയായിരുന്ന നാഗേന്ദ്ര, വിവാദത്തെ തുടര്‍ന്ന് 2024 ജൂണില്‍ രാജി വെച്ചിരുന്നു. പിന്നീട് ഡികെ. ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആഗസ്റ്റ് 3നാണ് വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 1 മുതല്‍ 10 വരെ റായ്ച്ചൂര്‍ മുതല്‍ ബല്ലാരി വരെ 10 ദിവസത്തെ പദയാത്ര നടത്തുമെന്ന് കര്‍ണാടക ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാഗേന്ദ്രയുടെ രാജി സന്നദ്ധത. അതേസമയം, ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates