ദാരിദ്ര്യത്തിൽ ഇന്ത്യ 45 വർഷം മുൻപുള്ള അവസ്ഥയിൽ; രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ എണ്ണം ഒരു വർഷം കൊണ്ട് ഇരട്ടിയിൽ അധികമായി

ദാരിദ്ര്യത്തിൽ ഇന്ത്യ 45 വർഷം മുൻപുള്ള അവസ്ഥയിൽ; രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ എണ്ണം ഒരു വർഷം കൊണ്ട് ഇരട്ടിയിൽ അധികമായി
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ
Updated on
1 min read

ന്യൂഡൽഹി: ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ആറ് കോടിയിൽ നിന്ന് 13.4 കോടിയായി ഉയർന്നതായി പഠനം.  കോവിഡ് പിടിമുറുക്കിയ ഒരു വർഷം കൊണ്ടാണ് ​രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ എണ്ണം  ഇരട്ടിയായത്. 150 രൂപയോ അതിനു താഴെയോ ദിവസ വരുമാനമുള്ള ആളുകളുടെ എണ്ണമാണ് മഹാമാരിയിൽ കഴിഞ്ഞുപോയ ഒരു വർഷം കൊണ്ട് ഇരട്ടിയായത്. 

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂ റിസർച്ച് സെന്ററാണ് പഠനം നടത്തിയത്. ലോകബാങ്ക് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ​ഗവേഷണം. ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ 45 വർഷം മുൻപുള്ള അവസ്ഥയിലെത്തിയതായും പഠനത്തിൽ പറയുന്നു. 

രാജ്യത്ത് ഏറ്റവും കുറവ് സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയിരുന്ന സമയത്താണ് കോവിഡ് പൊട്ടിപ്പുറപ്പെടുന്നത്. തൊഴിലില്ലായ്മ, വികസന പ്രവർത്തനങ്ങളിലെ പൊതുധനവിനിയോഗം, ഉപഭോഗ ചെലവ് എന്നിങ്ങനെ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിതിയെ സൂചിപ്പിക്കുന്ന ഘടകങ്ങളെല്ലാം പ്രതികൂലമായിരുന്ന 2020-ന്റെ ആദ്യത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. 

കോവിഡും തുടർന്നുണ്ടായ നിയന്ത്രണങ്ങളും ഉപഭോക്താക്കളും പാവപ്പെട്ടവരും ഏറ്റവുമധികമുള്ള ഗ്രാമീണ മേഖലയെ സാരമായി ബാധിച്ചു. അടച്ചിടലിലൂടെ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലില്ലാതായതും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിന്നുപോയതും ഗ്രാമീണ ജീവിതത്തെ സാരമായി ബാധിച്ചതായും പഠനം വിലയിരുത്തുന്നു.

1970-മുതൽ ദാരിദ്ര്യ നിർമാർജനത്തിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന രാജ്യമാണ് ഇന്ത്യ. ദാരിദ്ര്യ നിരക്കിൽ ഏറ്റവുമധികം വർധന കാണിച്ച കാലഘട്ടമാണ് 1951 മുതൽ 1974 വരെയുള്ള വർഷങ്ങൾ. ജനസംഖ്യയിൽ ദരിദ്രരുടെ എണ്ണം 47 ശതമാനത്തിൽ നിന്ന് 56 ശതമാനമായി ഉയർന്നത് ഇക്കാലത്താണ്. ഈ സ്ഥിതിയിൽനിന്ന് 2006-16 എത്തുമ്പോൾ ഇന്ത്യ 27.1 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയെന്ന് 2019-ലെ ആഗോള മൾട്ടിഡയമെൻഷണൽ പോവർട്ടി ഇൻഡക്സ് സൂചിപ്പിക്കുന്നു. 

അതേസമയം, 2019-ൽ 34.6 കോടി (ജനസംഖ്യയുടെ 28 ശതമാനം) ദരിദ്രർ ഇന്ത്യയിലുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. കോവിഡ് ഈ സ്ഥിതി വീണ്ടും രൂക്ഷമാക്കിയെന്നാണ് പുതിയ പഠനം പറയുന്നത്. നഗര പ്രദേശങ്ങളിലും പണം ചെലവിടുന്നത് കുറയുന്നതായും ദാരിദ്ര്യ രേഖയ്ക്ക് താഴെയെത്തുന്നവരുടെ എണ്ണം കൂടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com