കൊൽക്കത്ത : പശ്ചിമബംഗാളിലും അസമിലും നിർണായ നിയമസഭ തെരഞ്ഞെടുപ്പിന് തുടക്കമായി. അസമിലെ 47ഉം ബംഗാളിലെ 30ഉം മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ബംഗാളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 6.30വരെയും അസമില്‍ 7 മുതല്‍ ആറുവരെയുമാണ് പോളിങ്. ഇരു സംസ്ഥാനങ്ങളിലുമായി ആകെ 1.54 കോടി വോട്ടർമാരാണ് ശനിയാഴ്ച സമ്മതിദാനവകാശം വിനിയോഗിക്കുക.
പശ്ചിമ ബംഗാളിലെ പുരുളിയ, ഝാര്‍ഗ്രാം ജില്ലകളിലെയും ബങ്കുര, വെസ്റ്റ് മേദ്‌നിപുര്‍, ഈസ്റ്റ് മേദ്‌നിപുര്‍ എന്നീ ജില്ലകളുടെ ഭാഗങ്ങളിലെയും 73 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ്ബൂത്തിലെത്തുക. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുപ്പത് മണ്ഡലങ്ങളില്‍ 29 ഇടത്തും ബിജെപി മത്സരിക്കുന്നുണ്ട്. ബാക്കിയുള്ള ഒരു മണ്ഡലത്തില്‍ ഓള്‍ ജീര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍(എ.ജെ.എസ്.യു.) ആണ് മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും 29 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്.
ബംഗാളിൽ 191 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തിൽ ജനഹിതം തേടുന്നത്. നക്സല്‍ ഭീഷണി ശക്തമായിരുന്ന ജംഗിള്‍ മഹല്‍ പ്രദേശം നേരത്തെ ഇടതു കോട്ടയായിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും തൃണമൂലിനൊപ്പമായിരുന്നു. എന്നാല്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ മേഖലയിലെ 6ല്‍ 5 സീറ്റും ബിജെപി നേടി. തീപാറുന്ന പോരാട്ടം നടക്കുന്ന ഇവിടം രാഷ്ട്രീയസംഘര്‍ഷങ്ങളാൽ കലുഷിതമാണ്. 10,288 ബൂത്തുകളിലേയ്ക്കായി 684 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
അസമില്‍ അപ്പര്‍ അസമിലെയും സെന്‍ട്രല്‍ അസമിലെയും ഏകദേശം 81 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 47 സീറ്റുകളില്‍ 39 ഇടത്ത് ബിജെപി. മത്സരിക്കുന്നു. കോണ്‍ഗ്രസ് സഖ്യം 43 സീറ്റുകളിലാണ് മത്സരിക്കുന്നത്. എഐഡിയുഎഫ്., രാഷ്ട്രീയ ജനതാദള്‍, എജിഎം., സിപിഐഎം.എല്‍. എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കുന്നുണ്ട്.
മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ റിപുണ്‍ ബോറ എന്നിവര്‍ മല്‍സരരംഗത്തുണ്ട്. ആകെ 264 സ്ഥാനാര്‍ഥികള്‍. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെയും അസമിലെയും മണ്ഡലങ്ങളിലെ ജനങ്ങളോട് വോട്ട് അവകാശം വിനിയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates