

ന്യൂഡല്‍ഹി: ശിവന്‍ പാവപ്പെട്ടവരുടെ ദൈവവും ശ്രീരാമന്‍ സമ്പന്നരുടെ ദൈവവുമാണെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം വിവാദത്തില്‍. ഡല്‍ഹിയില്‍ ഒരു പരിപാടിക്കിടെയാണ്, ബിജെപി പതിവായി ഉപയോഗിക്കുന്ന 'ജയ് ശ്രീറാം' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടി രേവന്ത് റെഡ്ഡിയുടെ പ്രസ്താവന. രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
'ജയ് ശ്രീറാം' എപ്പോഴും ഉരുവിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും എന്തുകൊണ്ട് 'ഹര്‍ ഹര്‍ മഹാദേവ്' എന്ന് ഇതേപോലെ ഉരുവിടുന്നില്ലെന്ന് രേവന്ത് റെഡ്ഡി ചോദിച്ചു. 'ഞങ്ങള്‍ ദ്രാവിഡരാണ്. അവര്‍ ആര്യന്മാരാണ്. ഞങ്ങള്‍ ശിവഭക്തരാണ്, അതേസമയം അവര്‍ രാമഭക്തരാണ്.' രേവന്ത് റെഡ്ഡി പറഞ്ഞു. ശിവനെ 'പാവപ്പെട്ടവരുടെ ദൈവമെന്നും' രാമനെ 'സമ്പന്നരുടെ ദൈവമെന്നും' തെലങ്കാന മുഖ്യമന്ത്രി വിശേഷിപ്പിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയുന്നത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചടി നേരിടേണ്ടിവരുന്നത്, ഭഗവാന്‍ ശ്രീരാമനെ ബിജെപി കൈക്കലാക്കിയത് കൊണ്ടാണ്. ദക്ഷിണേന്ത്യയില്‍ ആരാധിക്കപ്പെടുന്നത് ശിവനാണ്. ശിവന്‍ പാവപ്പെട്ടവരുടെ ദൈവവും രാമന്‍ സമ്പന്നരുടെ ദൈവവുമാണ്. ബിജെപി സമ്പന്നരുടെ പാര്‍ട്ടിയാണെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള രാഷ്ട്രീയ സംസ്‌കാരങ്ങളില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന വാദത്തെ പിന്തുണച്ചുകൊണ്ടായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശങ്ങള്‍. ലോക്സഭാ മണ്ഡല പുനര്‍നിര്‍ണ്ണയ നടപടികളിലും രേവന്ത് റെഡ്ഡി ആശങ്ക പ്രകടിപ്പിച്ചു. ജനസംഖ്യാനുപാതികമായി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നും തെലങ്കാന മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് രേവന്ത് റെഡ്ഡി നടത്തുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ശിവന്റെയും രാമന്റെയും പേരില്‍ വേര്‍തിരിവ് ഉണ്ടാക്കാനാണ് രേവന്തിന്റെ നീക്കമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബന്‍ഡി സഞ്ജയ് കുമാര്‍ ആരോപിച്ചു. ബിജെപി നേതാക്കള്‍ ശിവനെ സ്മരിക്കാറില്ലെന്ന രേവന്തിന്റെ വാദവും കേന്ദ്രമന്ത്രി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള ബന്ധവും വേമുലവാഡ ക്ഷേത്രസന്ദര്‍ശനവും സഞ്ജയ് ചൂണ്ടിക്കാട്ടി.
മുസ്ലിം എന്നാല്‍ കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസ് എന്നാല്‍ മുസ്ലിം എന്നും നേരത്തെ പറഞ്ഞിരുന്നയാളാണ് രേവന്ത് റെഡ്ഡി. അദ്ദേഹം ഇപ്പോള്‍ ശ്രീരാമനും ശിവനും ഇടയില്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുകയാണ്. ഭഗവാന്മാരായ ശിവനെയും ശ്രീരാമനെയും തെക്കും വടക്കുമായി വേര്‍തിരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം മനസ്സിലാക്കണം. മതപരവും പ്രാദേശികവുമായ സ്വത്വങ്ങളെ കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി സഞ്ജയ് കുമാര്‍ കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates