

ന്യൂഡല്‍ഹി: ചൈനയില്‍നിന്ന് പാകിസ്ഥാനിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പല്‍ മുംബൈയില്‍ സുരക്ഷാ സേന തടഞ്ഞു. പാകിസ്ഥാന്റെ ആണവായുധ പദ്ധതിക്ക് ഉപയോഗിക്കാന്‍ സാധ്യതയുള്ള സാമഗ്രികള്‍ കടത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് നവഷേവാ തുറമുഖത്ത് വച്ച് കപ്പല്‍ തടഞ്ഞത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഇറ്റാലിയന്‍ നിര്‍മിത കംപ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍ (സിഎന്‍സി) മെഷീന്‍ അടക്കമുള്ള സാധനസാമഗ്രികളാണ് കപ്പലില്‍ നിന്ന് പിടിച്ചെടുത്തത്. തുടര്‍ന്ന് ഡിആര്‍ഡിഒ സംഘവും പരിശോധന നടത്തി. പാകിസ്ഥാന്റെ മിസൈല്‍ വികസന പരിപാടിയ്ക്ക് നിര്‍ണായക ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ സിഎന്‍സി യന്ത്രം ഉപയോഗിച്ചേക്കാമെന്നാണ് ഡിആര്‍ഡിഒയുടെ പ്രാഥമിക വിലയിരുത്തല്‍.
ജനുവരി 23നു നടന്ന സംഭവം ഇന്നാണ് അധികൃതര്‍ പുറത്തുവിട്ടത്. മാള്‍ട്ടയുടെ പതാകയുള്ള കപ്പലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. 'ഷാങ്ഹായ് ഗ്ലോബല്‍ ലോജിസ്റ്റിക്‌സി'ല്‍ നിന്ന് സിയാല്‍കോട്ടിലുള്ള 'പാകിസ്ഥാന്‍ വിങ്‌സി'ലേക്ക് അയച്ച സാധനസാമഗ്രികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
രാജ്യാന്തര സമാധാനത്തിനുള്ള 1996ലെ വസനാര്‍ കരാര്‍ പ്രകാരം നിരോധിച്ച സാങ്കേതികവിദ്യകളില്‍ ഒന്നാണ് സിഎന്‍സി മെഷീനുകള്‍. സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കരുതെന്നാണ് കരാറില്‍ നിര്‍ദേശിക്കുന്നത്. കരാറില്‍ ഇന്ത്യ ഉള്‍പ്പെടെ 42 രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്.
സുരക്ഷാ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍, 22,180 കിലോഗ്രാം ഭാരമുള്ള ചരക്ക് കയറ്റി അയച്ചത് തയ്യുവാന്‍ മൈനിംഗ് ഇംപോര്‍ട്ട് ആന്‍ഡ് എക്സ്പോര്‍ട്ട് കമ്പനി ആണെന്നും ഇത് പാകിസ്ഥാനിലെ കോസ്മോസ് എന്‍ജിനീയറിങ്ങിന് വേണ്ടിയുള്ളതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയത്തെ തുടര്‍ന്ന് തുറമുഖ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചൈനയില്‍ നിന്ന് പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്ന ഇത്തരം സൈനിക നിലവാരമുള്ള വസ്തുക്കള്‍ ഇന്ത്യന്‍ തുറമുഖ ഉദ്യോഗസ്ഥര്‍ പിടികൂടുന്നത് ഇത് ആദ്യ സംഭവമല്ല. 2020 ഫെബ്രുവരിയില്‍ 'ഇന്‍ഡസ്ട്രിയല്‍ ഡ്രയര്‍' എന്ന മറവില്‍ ചൈന പാകിസ്ഥാന് ഓട്ടോക്ലേവ് വിതരണം ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞിരുന്നു.2022 മാര്‍ച്ച് 12 മുതല്‍ പാകിസ്ഥാന്‍ പ്രതിരോധ വിതരണക്കാരായ കോസ്‌മോസ് എന്‍ജിനീയറിങ് നിരീക്ഷണപ്പട്ടികയിലുണ്ട്. ഇറ്റാലിയന്‍ നിര്‍മ്മിത തെര്‍മോഇലക്ട്രിക് ഉപകരണങ്ങളുടെ കയറ്റുമതി ഇന്ത്യ തടഞ്ഞതോടെയാണ് കമ്പനിയെ നിരീക്ഷിക്കാന്‍ തുടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
