കൊല്‍ക്കത്ത : നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലും ആസാമിലും ഇന്ന് വോട്ടെടുപ്പിന് തുടക്കമാകും. ബംഗാളില്‍ 30 സീറ്റുകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. അസാമില്‍ 47 മണ്ഡലങ്ങളും ഇന്ന് ബൂത്തിലെത്തും. ആകെ 1.54 കോടി വോട്ടർമാരാണ് ശനിയാഴ്ച സമ്മതിദാനവകാശം വിനിയോഗിക്കുക.
ബംഗാളില്‍ ഇടതുപക്ഷ ശക്തികേന്ദ്രങ്ങളായിരുന്ന പുരുളിയ, ബങ്കുര, ജാര്‍ഗ്രാം, പൂര്‍വ മേദിനിപ്പൂര്‍, പശ്ചിമ മേദിനിപ്പൂര്‍ ജില്ലകളാണ് ആദ്യ ഘട്ടത്തില്‍ വോട്ടു രേഖപ്പെടുത്തുക. സുരക്ഷയ്ക്കായി 684 കമ്പനി അർധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ആയിരത്തിൽപരം പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.
ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പ്രചാരണത്തിനെത്തി. പ്രചാരണത്തിനിടെ പരിക്കേറ്റ കാലുമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയായ മമത ബാനര്‍ജി പ്രചാരണത്തിന് ഇറങ്ങിയത്. ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പുറമെ, ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യവും മല്‍സരരംഗത്തുണ്ട്.
അസമില്‍ ഭരണകക്ഷിയായ ബിജെപി-എജിപി സഖ്യം, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മഹാസഖ്യം, പുതുതായി രൂപീകരിച്ച അസം ജതിയ പരിഷത്ത് (എജെപി) എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാണ് മിക്ക സീറ്റുകളിലും. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മജൂലിയില്‍ നിന്ന് ജനവിധി തേടുന്നു.
മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, സ്പീക്കർ ഹിതേന്ദ്രനാഥ് ഗോസ്വാമി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ റിപ്പുൻ ബോറ, നിരവധി മന്ത്രിമാർ ഉൾപ്പെടെ ഒട്ടേറ പ്രമുഖർ ജനവിധി തേടുന്നുണ്ട്. 126 സീറ്റുള്ള അസാമില്‍ മൂന്നു ഘട്ടമായും, പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്ക് എട്ടു ഘട്ടവുമായാണ് വോട്ടെടുപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates