ന്യൂഡല്‍ഹി: കോടതിയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന പ്രസംഗം നടത്തിയ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് സുപ്രിം കോടതി സ്വമേധയാ കേസെടുക്കണമെന്ന്ആവശ്യപ്പെട്ട് മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്. ശിവ് ശങ്കര്‍ മേനോന്‍, വിനോദ് ഖന്ന, കെ പി ഫാബിയാന്‍, ജി ബാലഗോപാല്‍, സുശീല്‍ ദ്യൂബെ തുടങ്ങി വിരമിച്ച ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരടങ്ങിയ 49 പേരാണ് കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള കത്തില്‍ ഒപ്പിട്ടിട്ടുള്ളത്.
കോടതിയെയും ഭരണഘടനയെയും ജനാധിപത്യ മതേതര മൂല്യങ്ങളെയും സംരക്ഷിക്കുമെന്ന പേരിലാണ് ഓരോ സര്‍ക്കാരും അധികാരത്തിലേറുന്നതെന്നും രാജ്യത്തുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതിനുള്ള ഉത്തരവാദിത്വം ഉണ്ടെന്നും വിരമിച്ച ഉദ്യോഗസ്ഥരായ ഇവര്‍ വ്യക്തമാക്കി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ നടത്തിയ നിരുത്തരവാദപരമായ പ്രസംഗത്തില്‍ നടപടി സ്വീകരിക്കണമെന്നും വിശദീകരണം തേടണമെന്നും പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും കത്തില്‍
ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രാവര്‍ത്തികമാക്കാനാവാത്ത വിധികള്‍ പുറപ്പെടുവിക്കരുതെന്നായിരുന്നു അമിത്ഷാ കോടതികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശമെന്നും സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ച സംസ്ഥാന ഭരണകൂടത്തെ വെല്ലുവിളിക്കുകയും ചെയ്തു. ഭരണഘടനയോടുള്ള കൂറ് പുലര്‍ത്താത്തതും അതിന്റെ അന്തസത്തയെ ഉള്‍ക്കൊള്ളാത്തതുമായ പ്രസംഗമാണ് പൊതുജനമധ്യത്തില്‍ നടത്തിയതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രാതിനിധ്യ നിയമത്തെ ലംഘിക്കുന്നതാണ് അമിത്ഷായുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അംഗീകാരം റദ്ദാക്കാനുള്ള അധികാരം നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നും നയതന്ത്രജ്ഞരടങ്ങിയ അവര്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates