

കണ്ണൂര്‍: തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചെന്ന് തുറന്ന് സമ്മതിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കുറച്ചു കൂടി ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമായിരുന്നു. ശക്തമായ മത്സരം കാഴ്ചവെക്കുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ പാളിച്ചയുണ്ടായിയെന്നും രാഗേഷ് പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യില്‍ ഏരിയ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംഭവിച്ച വീഴ്ച ജനങ്ങളോട് തുറന്നുപറയാന്‍ പാര്‍ട്ടിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ മാറിനില്‍ക്കണമെന്നും, അതിനുപകരം പുതിയൊരു വനിതാ സ്ഥാനാര്‍ത്ഥി വരണമെന്നും പാര്‍ട്ടി സ്വതന്ത്രമായി തീരുമാനിച്ചതാണ്. ഈ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ശ്യാമള ടീച്ചറെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. മുസ്ലിം ലീഗിന് വലിയ സ്വാധീനമുള്ള, ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ കൂടുതല്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിയേണ്ടതായിരുന്നു. കെ കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു.
തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സിപിഎം മുന്‍ നേതാവ് ടി കെ ഗോവിന്ദനെതിരെ രൂക്ഷവിമര്‍ശനമാണ് കെ കെ രാഗേഷ് ഉയര്‍ത്തിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വരെയുളള വലിയ പദവികള്‍ നല്‍കിയിട്ടും ഗോവിന്ദന്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയാണ് ചെയ്തത്. ടി.കെ ഗോവിന്ദന്‍ ഒരു വര്‍ഗവഞ്ചകനാണ്. തളിപ്പറമ്പിന്റെ ബ്രൂട്ടസാണ് ഗോവിന്ദനെന്നും കെ കെ രാഗേഷ് ആരോപിച്ചു.
ശ്യാമള ടീച്ചര്‍ക്ക് പകരം മറ്റൊരാളായിരുന്നു സ്ഥാനാര്‍ത്ഥിയെങ്കിലും, സ്ഥാനമോഹം കാരണം ഗോവിന്ദന്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിക്കുമായിരുന്നു. കൂട്ടത്തില്‍ നിന്ന് പിന്നില്‍ കുത്തിയ ഗോവിന്ദനെ പാര്‍ട്ടി ഒരിക്കലും മറക്കില്ല. അത് എക്കാലവും പാര്‍ട്ടി ഓര്‍ത്തുവെക്കും. പാര്‍ട്ടിക്കൊപ്പം നിന്ന് പാര്‍ട്ടിക്കാരുടെ നെഞ്ചത്ത് കഠാര കയറ്റിയ ഈ ഒറ്റുകാരനെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും കെ കെ രാഗേഷ് യോഗത്തില്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates