

കൊച്ചി: കൊച്ചിയില്‍ മിസ് കേരളയും മിസ് കേരള റണ്ണര്‍ അപ്പും അടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. എസിപി ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. മോഡലുകളുടെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്നും, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം ആവശ്യപ്പെട്ടിരുന്നു.
പാലാരിവട്ടം പൊലീസാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. പൊലീസിന്റെ അന്വേഷണത്തില്‍ നിരവധി വീഴ്ചകളുണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ മദ്യക്കുപ്പി ഉണ്ടായിട്ടും മരിച്ചവരുടെ രക്തസാംപിള്‍ പരിശോധിക്കാതിരുന്നത് വന്‍ വീഴ്ചയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മോഡലുകള്‍ രാത്രി യാത്ര തിരിച്ച ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പൊലീസ് ഉടന്‍ തിരച്ചില്‍ നടത്താതിരിക്കുകയും, സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കാതിരുന്നതും ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ഒമ്പതു ദിവസത്തിന് ശേഷമാണ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഹോട്ടലിനെ സമീപിച്ചത്. ഇത് തെളിവ് നശിപ്പിക്കപ്പെടാന്‍ അവസരമൊരുക്കിയതായും ആരോപണം ഉയര്‍ന്നിരുന്നു.
ഡിവിആര്‍ കണ്ടെടുക്കാനായില്ല
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ പൊലീസിന് കണ്ടെടുക്കാനായില്ല. ഡിവിആര്‍ കായലിലെറിഞ്ഞ് നശിപ്പിച്ചു എന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് തെളിവു നശിപ്പിച്ചതിന് ഹോട്ടല്‍ ഉടമ റോയ് ജെ വയലാറ്റ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബര്‍ 31 ന് പുലര്‍ച്ചെ ഒരുമണിയോടെ അപകടം അറിഞ്ഞ ഉടന്‍ തന്നെ ഹോട്ടലിലെ ഡിജെ ഹാളില്‍ നിന്ന് ഹോട്ടല്‍ ഉടമ റോയ് ജോസഫ് രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ ഊരിമാറ്റിയതായി പൊലീസ് സ്ഥിരീകരിച്ചു. ജീവനക്കാരനായ അനില്‍ മുഖേനയാണ് ഹാര്‍ഡ് ഡിസ്‌കുകള്‍ മാറ്റിയത്. പൊലീസിന് റോയ് നല്‍കിയത് വ്യാജ ഹാര്‍ഡ് ഡിസ്‌കുമാണ്. ഹോട്ടലില്‍ സിസിടിവി സ്ഥാപിച്ചവരുമായി വാട്‌സ്ആപ്പിലൂടെ ആശയവിനിമയം നടത്തിയാണ് അനില്‍ ഹോര്‍ഡ് ഡിസ്‌കുകള്‍ ഊരിമാറ്റി റോയിയുടെ ഡ്രൈവര്‍ക്ക് കൈമാറിയതെന്ന് പൊലീസ് സൂചിപ്പിക്കുന്നു.
കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നെന്ന് സൈജു
അതിനിടെ, മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഓടിച്ചിരുന്ന സൈജു തങ്കച്ചന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി സൈജു പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിക്കുന്നത് താന്‍ വിലക്കിയിരുന്നു. താന്‍ മോഡലുകളെ പിന്തുടര്‍ന്നതല്ല, കാക്കനാട്ടെ വീട്ടിലേക്ക് പോകുകയായിരുന്നു എന്നും സൈജു പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഹോട്ടലില്‍ നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ നിന്ന് മൊഴിയെടുക്കുകയാണ്. ഒക്ടോബര്‍ 31 ന് രാത്രി നമ്പര്‍ 18 ഹോട്ടലില്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ആറുപേരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. പാര്‍ട്ടിക്കിടെ എന്താണ് സംഭവിച്ചത്, മോഡലുകളും മറ്റാരെങ്കിലും തമ്മില്‍ പാര്‍ട്ടിക്കിടെ തര്‍ക്കമുണ്ടായോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. അന്നേദിവസം രജിസ്റ്ററില്‍ പേരുവെക്കാതെ ഹോട്ടലില്‍ തങ്ങിയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates