'ചൈനയെ വളയാന്‍ ഇന്ത്യയെ അമേരിക്ക ഉപയോഗിക്കുന്നു; സോഷ്യലിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായ കടന്നാക്രമണം നടത്തുന്നു'

ചൈന ഏറ്റവും കരുത്തുറ്റ രാഷ്ട്രമെന്ന തരത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്
M V Govindan
എം വി ഗോവിന്ദന്‍ ഫയൽ
Updated on
2 min read

തൃശൂര്‍: ചൈന അടക്കമുള്ള സോഷ്യലിസ്റ്റ് ശക്തികള്‍ക്കെതിരായി സാമ്രാജ്യത്വ താത്പര്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഭരണസംവിധാനങ്ങള്‍ ശക്തമായ കടന്നാക്രമണം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ക്യൂബ, ചൈന, വിയത്‌നാം, ലാവോസ്, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരായി ശക്തമായ കടന്നാക്രമണമാണ് ഇവരുടെ അജണ്ട. ക്യൂബയെ അമേരിക്ക ശക്തമായി ഉപരോധിക്കുകയാണ്. ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വീകരിച്ച് സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുധ്യം രൂക്ഷമായ തലത്തിലേക്ക് നീങ്ങുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയെ സംബന്ധിച്ചിടത്തോളം, ട്രംപ് ആയാലും ബൈഡന്‍ ആയാലും എടുത്തുകൊണ്ടിരിക്കുന്ന നിലപാട് വലിയ വ്യത്യാസമില്ല. ചൈനയെ വളഞ്ഞുവെക്കുക എന്നുള്ളതാണ്. ചൈനയെ വളയാന്‍ വേണ്ടി ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ ത്രിരാഷ്ട്ര സഖ്യത്തെ രൂപപ്പെടുത്തി പട്ടാള പ്രദര്‍ശനം ഉള്‍പ്പെടെ നടത്തി ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജനകീയ ജനാധിപത്യ വിപ്ലവവും സോഷ്യലിസം ശക്തിപ്പെടുത്തലും നടത്തിക്കൊണ്ടിരിക്കുന്ന ചൈനയ്ക്കു നേരെ ശക്തമായ കടന്നാക്രണമാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്. അതിനൊപ്പം ചേരുന്നവരാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

ആഗോളവത്കരണത്തിന്റെ ഭാഗമായി അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ രാജ്യങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ കെട്ടിയേല്‍പ്പിച്ച സാമ്പത്തിക നയങ്ങളും നിലപാടുകളും ട്രംപ് കീഴ്‌മേല്‍ അട്ടിമറിച്ചിരിക്കുന്നു. അമേരിക്കയിലേക്ക് വരുന്ന ചരക്കിന് 25 ശതമാനം തീരുവ വര്‍ധിപ്പിക്കാന്‍ ട്രംപ് തീരുമാനിച്ചിരിക്കുകയാണ്. ഇതിനോട് ശക്തമായ തിരിച്ചടിയാണ് ചൈന നല്‍കിയത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തങ്ങളും തീരുവ ചുമത്തുമെന്ന് ചൈന വ്യക്തമാക്കി. അമേരിക്ക തീരുവ വര്‍ധിപ്പിക്കുന്നതോടെ ഗ്ലോബല്‍ വില്ലേജ് എന്ന സമീപനം തന്നെ പോയല്ലോയെന്ന് ഗോവിന്ദന്‍ പറഞ്ഞു.

ചൈന ഏറ്റവും കരുത്തുറ്റ രാഷ്ട്രമെന്ന തരത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എഐ സാങ്കേതികവിദ്യ ഉള്‍പ്പെടെ രാജ്യത്തിന് എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന നിലപാട് സ്വീകരിച്ച് ചൈന മുന്നേറുകയാണ്. വളരെ വേഗം തന്നെ ചൈനയ്ക്ക് ലോകസാമ്പത്തിക വ്യവസ്ഥയില്‍ പ്രബലമായ കരുത്ത് തെളിയിച്ച് മുമ്പോട്ടേക്ക് പോകാനാകുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

ലോകത്ത് തീവ്രവലതുപക്ഷ ശക്തികള്‍ക്ക് കൂടുതല്‍ മുന്‍കൈ ലഭിക്കുന്നു എന്നത് പ്രശ്‌നമാണ്. ട്രംപ് അമേരിക്കയില്‍ അധികാരത്തില്‍ വന്നതോടു കൂടി, എന്തൊക്കെ ചെയ്യുമെന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കാത്ത തരത്തിലാണ് സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണ രീതി. പഴയ ധാരണകളെയെല്ലാം കീഴ്‌മേല്‍ മറിച്ച്, സ്വേച്ഛാധിപത്യ രീതി ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ തുടങ്ങിയിരിക്കുകയാണ്.

ഇന്ത്യയിലെ നരേന്ദ്രമോദി അടക്കം തീവ്രവലതുപക്ഷത്തിന്റെ കൂട്ടുകക്ഷികളായി മാറുകയാണ്. ഇന്ത്യയിലേക്ക് നാടു കടത്തുന്ന ഇന്ത്യന്‍ പൗരന്മാരുടെ കൈകളും കാലുകളും ചങ്ങല കൊണ്ട് ബന്ധിച്ചാണ് 105 പേരെ പഞ്ചാബിലേക്ക് അയച്ചത്. കേട്ടുകേള്‍വിയില്ലാത്ത രീതിയാണത്. അമേരിക്കയുടെ രീതിയാണ് അതെന്നാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി പറഞ്ഞത്. മെക്‌സിക്കോ ഉള്‍പ്പെടെ ഇന്ത്യയേക്കാള്‍ ചെറിയ, ആത്മാഭിമാനമുള്ള ഒരു രാജ്യവും ഈ നടപടിക്ക് വിധേയപ്പെട്ടില്ല. ശക്തമായ പ്രതിരോധമാണ് ആ രാജ്യങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ ഈ സംഭവത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഒരക്ഷരം പറഞ്ഞിട്ടില്ല.

അമേരിക്കയിലേക്ക് പോകാനൊരുങ്ങുകയാണ് മോദി. എന്തു ചെയ്താലും എന്തു പറഞ്ഞാലും ഒരു പ്രശ്‌നവുമില്ലാതെ, അനുസരണയോടെ നില്‍ക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് നാം കാണുന്നത്. ഇന്ത്യന്‍ പൗരന്മാരെ അപമാനപ്പെടുത്തുന്നതാണെന്ന് ഇന്ത്യ ഒറ്റക്കെട്ടായി പറഞ്ഞപ്പോഴാണ്, വിദേശകാര്യ സെക്രട്ടറി പ്രതിഷേധിക്കുന്നു എന്നു പറഞ്ഞത്. ആയിരക്കണക്കിന് ആളുകളെ ഇനിയും നാടു കടത്തുമെന്നാണ് പറയപ്പെടുന്നത്. അതിനോട് ഭൃത്യജോലി പോലെ സഹകരിച്ചുനിന്നാല്‍ ജനാധിപത്യശക്തികള്‍ക്ക് ശക്തമായ പ്രതിഷേധം ഉയര്‍ത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com